അതേസമയം, പ്രദീപ് യഥാർത്ഥത്തിൽ ഉത്തരാഖണ്ഡിലെ അൽമോറ ജില്ലക്കാരനാണ്. അവന്റെ അച്ഛൻ കുൻവർ സിംഗ് മെഹ്‌റ ഒരു കർഷകനാണ്. മൂത്ത സഹോദരൻ പങ്കജ് മെഹ്‌റ നോയിഡയിലെ അതേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അമ്മയുടെ ആരോഗ്യനില വഷളായതോടെ കുടുംബത്തിന്റെ സാമ്പത്തികനില തകരാറിലായി.
സൈന്യത്തിൽ ചേരാനുള്ള അടങ്ങാത്ത മോഹവുമായി അർദ്ധരാത്രി 10 കിലോമീറ്ററോളം ഓടി പരിശീലനം നടത്തിയ 19 -കാരന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. സംവിധായകൻ വിനോദ് കാപ്രി(Vinod Kapri) പങ്കുവെച്ച വീഡിയോ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ ബോളിവുഡ് സെലിബ്രിറ്റികൾ, സൈനിക ഉദ്യോഗസ്ഥർ, രാഷ്ട്രീയനേതാക്കൾ, സാമൂഹ്യ പ്രവർത്തകർ എന്നിവർ പ്രദീപ് മെഹ്റ(Pradeep Mehra)യെ പുകഴ്ത്തുകയും, അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ അക്കൂട്ടത്തിൽ സഹായവുമായി മുന്നോട്ട് വന്നിരിക്കയാണ് റിട്ട. ലെഫ്റ്റനൻറ് ജനറൽ സതീഷ് ദുവ(Lt. Gen. Satish Dua).
“അവന്റെ ആവേശം അഭിനന്ദനാർഹമാണ്. റിക്രൂട്ട്‌മെന്റ് ടെസ്റ്റുകളിൽ അവനെ സഹായിക്കുന്നതിന്, കുമയോൺ റെജിമെന്റിന്റെ കേണൽ, ഈസ്റ്റേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ റാണ കലിത എന്നിവരുമായി ഞാൻ ആശയവിനിമയം നടത്തിയിട്ടുണ്ട്. തന്റെ റെജിമെന്റിലേക്ക് തെരഞ്ഞെടുക്കാൻ ആവശ്യമായ എല്ലാം പരിശീലനവും അദ്ദേഹം അവന് നൽകും. ജയ് ഹിന്ദ്” റിട്ട. ജനറൽ ഒരു ട്വീറ്റിൽ പറഞ്ഞു.
തെഹ്‌രിയിലെ പാർലമെന്റ് അംഗം വിജയ് ലക്ഷ്മിയും 50,000 രൂപ ധനസഹായം വാഗ്ദാനം ചെയ്തു. കൂടാതെ, നോയിഡ പൊലീസ് കമ്മീഷണറും അവന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രദീപ് സഹോദരനൊപ്പം സെക്ടർ 49 ബറോല ഗ്രാമത്തിലാണ് താമസിക്കുന്നത്. അവൻ ജോലി ചെയ്യുന്നത് നോയിഡയിലെ മക്‌ഡൊണാൾഡിലാണ്. ഇന്ത്യൻ സൈന്യത്തിൽ ചേരണമെന്നുള്ളത് അവന്റെ വളരെ കാലമായുള്ള ആഗ്രഹമാണ്. എന്നാൽ കുടുംബത്തിന്റെ ചുമതല അവന്റെയും സഹോദരന്റെയും ചുമലിലാണ്. അതുകൊണ്ട് തന്നെ ജോലി ഉപേക്ഷിച്ച് പരിശീലനത്തിന് പോകാൻ അവന് സാധിക്കില്ല. എന്നാൽ എന്നെങ്കിലും താൻ സൈന്യത്തിൽ ചേരുമെന്ന് അവന് ഉറപ്പുണ്ട്. അതിനായാണ് അവൻ എന്നും ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള പത്ത് കിലോമീറ്റർ ദൂരം ഓടി സ്വയം പരിശീലിക്കുന്നത്.
അതേസമയം, പ്രദീപ് യഥാർത്ഥത്തിൽ ഉത്തരാഖണ്ഡിലെ അൽമോറ ജില്ലക്കാരനാണ്. അവന്റെ അച്ഛൻ കുൻവർ സിംഗ് മെഹ്‌റ ഒരു കർഷകനാണ്. മൂത്ത സഹോദരൻ പങ്കജ് മെഹ്‌റ നോയിഡയിലെ അതേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അമ്മയുടെ ആരോഗ്യനില വഷളായതോടെ കുടുംബത്തിന്റെ സാമ്പത്തികനില തകരാറിലായി. അമ്മയുടെ ചികിത്സക്കും മറ്റും അവർ ബുദ്ധിമുട്ടി. പ്രദീപ് ഗവൺമെന്റ് ഇന്റർ കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പൂർത്തിയാക്കിയ സമയമായിരുന്നു അത്. രോഗിയായ അമ്മയുടെ മരുന്നിനും അവന്റെ പഠനത്തിനുമായിട്ടാണ് നാട് ഉപേക്ഷിച്ച് പ്രദീപ് ചേട്ടൻ താമസിക്കുന്ന നഗരത്തിലെത്തി. ലോക്ക് ഡൗൺ സമയത്ത് തിരികെ നാട്ടിൽ പോയ പ്രദീപ് വീണ്ടും തിരികെ എത്തി കഴിഞ്ഞ മൂന്ന് മാസമായി സെക്ടർ 16 ൽ സ്ഥിതി ചെയ്യുന്ന മക്‌ഡൊണാൾഡിൽ ജോലി ചെയ്യുകയാണ്.
ആളുകൾ തനിക്ക് സഹായം നൽകുന്നതിൽ സന്തോഷമുണ്ടെന്ന് പ്രദീപ് മെഹ്‌റ പറഞ്ഞു. പട്ടാളത്തിൽ ചേർന്ന് രാജ്യത്തെ സേവിക്കുക എന്നതാണ് തന്റെ സ്വപ്നമെന്നും അവൻ പറയുന്നു. രണ്ട് വർഷം മുമ്പാണ് അവൻ സേനയിൽ ചേരാനുള്ള ആദ്യ ശ്രമം നടത്തിയത്. റിക്രൂട്ട്‌മെന്റ് ടെസ്റ്റ് പാസാക്കുന്നതിന് ഒരു ഉദ്യോഗാർത്ഥി 5 മിനിറ്റിനുള്ളിൽ 1.6 കിലോമീറ്റർ ഓടണമായിരുന്നു. എന്നാൽ അവന് അതിന് കഴിഞ്ഞില്ല. തുടർന്നാണ് ദിവസവും പത്ത് കിലോമീറ്റർ ഓടി പരിശീലിക്കാൻ അവൻ ആരംഭിച്ചത്.
