Asianet News MalayalamAsianet News Malayalam

മരുഭൂമിയിൽ മരുപ്പച്ച തീർക്കാനുള്ള പോരാട്ടത്തിലാണ് ഈ ദമ്പതികൾ!

അടുത്തുള്ള പട്ടണത്തിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലാണ് ഇരുവരും താമസിക്കുന്നത്. അവരുടെ കുട്ടികൾ അവരോട് കൂടുതൽ സൗകര്യങ്ങളുള്ള ഒരു വീട്ടിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടും അവർ അതിന് വഴങ്ങിയില്ല. കാരണം മറ്റൊന്നുമല്ല, അവരുടെ ശ്രമങ്ങളെ പാതിവഴിയ്ക്ക് ഉപേക്ഷിച്ച് പോകാൻ അവർക്ക് മനസ്സ് വന്നില്ല. 

retired couple fighting the desertification
Author
Badain Jaran Desert, First Published Apr 20, 2021, 12:42 PM IST

നമ്മൾ പലപ്പോഴും തരിശായി കിടക്കുന്ന ഭൂമിയെ കാടാക്കി മാറ്റിയ അനേകം വ്യക്തികളുടെ വിജയഗാഥകൾ കേട്ടിട്ടുണ്ടാകും. എന്നാൽ, ഒരു മരുഭൂമിയെ മരുപ്പച്ചയാക്കി മാറ്റിയ കഥകൾ അപൂർവമായി മാത്രമേ കേൾക്കാൻ കഴിയൂ. വടക്കൻ ചൈനയിലെ ഇന്നർ മംഗോളിയ സ്വയംഭരണ പ്രദേശത്തെ ഒരു വൃദ്ധ ദമ്പതികൾ സമീപത്തുള്ള മരുഭൂമിയുടെ ഒരു ഭാഗം മരുപ്പച്ചയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. ചൈനയിലെ മൂന്നാമത്തെ വലിയ മരുഭൂമിയായ ബദൈൻ ജരാൻ മരുഭൂമിയുടെ അരികിലുള്ള ഒരു ഗ്രാമത്തിലാണ് എഴുപതുകാരനായ തുബുബാത്തും ഭാര്യയും താമസിക്കുന്നത്. 2002 -ൽ വിരമിച്ചതിനുശേഷം ദമ്പതികൾ 657 ഏക്കർ മരുഭൂമിയിൽ മരങ്ങൾ നട്ടുപിടിപ്പിച്ചു. അതിനായി അവർ 20 വർഷത്തോളം ചെലവഴിച്ചു.

അവർക്ക് മുൻപ് പലരും മരുഭൂമിയോട് യുദ്ധം ചെയ്ത് പരാജയപ്പെട്ട് പിൻവാങ്ങിയിരുന്നു. എന്നാൽ, തബൂബാതുവിന് എന്തെങ്കിലും മാറ്റം വരുത്താൻ കഴിയുമോ എന്നറിയാൻ ആഗ്രഹം തോന്നി. വെറും 50 മരങ്ങൾ നട്ടുപിടിപ്പിച്ചാണ് അദ്ദേഹം തുടങ്ങിയത്. എന്നാൽ, ഇപ്പോൾ അദ്ദേഹം പ്രതിവർഷം ആയിരക്കണക്കിന് തൈകൾ നട്ടുപിടിപ്പിക്കുന്നു. പതിനായിരക്കണക്കിന് വരൾച്ചയെ പ്രതിരോധിക്കുന്ന മരങ്ങളാണ് അവിടെ പന്തലിച്ച് കിടക്കുന്നത്. വിരമിച്ച ഈ ദമ്പതികൾ മരുഭൂമിയിലെ അവരുടെ വനത്തെ പതുക്കെ പതുക്കെ വളർത്തുകയായിരുന്നു. അവർ തങ്ങൾക്ക് ലഭിക്കുന്ന പെൻഷനെ മാത്രം ആശ്രയിച്ചാണ് ജീവിക്കുന്നത്.

1983 -ൽ തുബുബാതു തന്റെ ജന്മനാടായ ഗുരാനെയിൽ‌ ജോലി ചെയ്യുന്നതിനായി മടങ്ങി. അന്ന് പച്ചപ്പ് നിറഞ്ഞ ഒരു പ്രദേശമായിരുന്നു അത്. പക്ഷേ, 1980 -കളിലെ മണൽക്കാറ്റ് പലപ്പോഴും ഗുരാനെയെ ബാധിച്ചു. ഗുരാനേ തടാകം ചുരുങ്ങിക്കൊണ്ടിരുന്നു. "പരിസ്ഥിതിയുടെ ഈ നാശം എന്നെ സങ്കടപ്പെടുത്തി ” അദ്ദേഹം ഓർക്കുന്നു. തുബുബട്ടു വിരമിച്ച ശേഷം, 2002 -ൽ, ഗുരാനയിലെ മരുഭൂമീകരണത്തിനെതിരെ പോരാടാൻ അദ്ദേഹവും ഭാര്യയും തീരുമാനിച്ചു. 1.33 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മരുഭൂമിയുടെ ഒരു ഭാഗത്ത് അവർ മരങ്ങൾ നടാൻ തുടങ്ങി.

retired couple fighting the desertification

ആദ്യം അവർ നട്ട മരങ്ങളുടെ അതിജീവന നിരക്ക് കുറവായിരുന്നു. അതിനാൽ, മരുഭൂമിയിൽ എങ്ങനെ മരങ്ങൾ നട്ടുപിടിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള പുസ്തകങ്ങൾ അവർ വാങ്ങുകയും വായിക്കുകയും ചെയ്തു. അവർ പ്രൊഫഷണലുകളുടെ സഹായം തേടി.  താമസിയാതെ, മരുഭൂമിയിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനുള്ള രീതികളും സാങ്കേതികതകളും അവർ പഠിച്ചു. ഏതൊക്കെ മരങ്ങൾ നട്ട് പിടിപ്പിക്കും എന്നാലോചിച്ചപ്പോൾ, വരൾച്ചയെ പ്രതിരോധിക്കുന്ന ഇനങ്ങളായ സാക്സൗൾ മരങ്ങൾ (ഹാലോക്സൈലോൺ), മരുഭൂമിയിലെ സിസ്താഞ്ചെ എന്നിവ നട്ടുവളർത്താമെന്ന് അവർ തീരുമാനിച്ചു. മരങ്ങൾ നനയ്ക്കാനായി അവർ കിലോമീറ്ററുകളോളം നടന്ന് വെള്ളം കൊണ്ടുവന്നു. സാധാരണയായി വസന്തകാലത്ത് നല്ല കാറ്റാണ് അവിടെ. അതിനാൽ കാറ്റ് ശക്തമല്ലാത്ത സമയത്ത് അവർ മരങ്ങൾ നട്ടു. വേനൽക്കാലമായിരുന്നു സാക്സോൾ മരങ്ങൾ നനയ്ക്കാനുള്ള സീസൺ. വൃക്ഷങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കുന്നതിന്, അവർ വർഷത്തിൽ മൂന്ന് തവണയെങ്കിലും മരങ്ങൾ നനച്ചു.

കഴിഞ്ഞ 18 വർഷത്തിനിടയിൽ, അവർ തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ദശലക്ഷം യുവാൻ വൃക്ഷത്തൈകൾക്കായി ചെലവഴിച്ചു. കിലോമീറ്ററുകളോളം പരന്ന് കിടക്കുന്ന മരുഭൂമിയുടെ 80 ശതമാനത്തിലധികം വരുന്ന സ്ഥലത്ത് അവർ മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അടുത്തുള്ള പട്ടണത്തിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലാണ് ഇരുവരും താമസിക്കുന്നത്. അവരുടെ കുട്ടികൾ അവരോട് കൂടുതൽ സൗകര്യങ്ങളുള്ള ഒരു വീട്ടിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടും അവർ അതിന് വഴങ്ങിയില്ല. കാരണം മറ്റൊന്നുമല്ല, അവരുടെ ശ്രമങ്ങളെ പാതിവഴിയ്ക്ക് ഉപേക്ഷിച്ച് പോകാൻ അവർക്ക് മനസ്സ് വന്നില്ല. എന്നാൽ, അവരുടെ ഈ ഭ്രാന്ത് കണ്ട് സ്വന്തം അയൽക്കാരും, കൂട്ടുകാരും അവരെ പരിഹസിച്ചു. പക്ഷേ, അവരുടെ ദൗത്യത്തിൽ നിന്ന് പിന്തിരിയാൻ അവർ തയ്യാറല്ല. അവർ പരാജയപ്പെട്ടേക്കാം, എന്നിരുന്നാലും തന്നെക്കൊണ്ടാവും വിധം പ്രയത്നിക്കാൻ അവർ ശ്രമിക്കുന്നു. അവരുടെ കഥ നിരവധി ആളുകളെ സ്പർശിച്ചു, കൂടാതെ പലരും മരങ്ങൾ നട്ടുപിടിപ്പിക്കാൻ സഹായിക്കുന്നതിനായി ഗുരാനെ സന്ദർശിച്ചിട്ടുണ്ട്. തുബബാറ്റുവും ഭാര്യയും ഇതുവരെ 70,000 മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.  
 

മരുഭൂമി പച്ചപ്പുള്ളതാക്കുന്നതിന് പുറമെ, ഒരു കിലോഗ്രാമിന് 100 യുവാൻ (15.5 ഡോളർ) വരെ വില കിട്ടുന്ന ഒരു പ്രശസ്തമായ ഔഷധ സസ്യമായ സിസ്താഞ്ചെയും തുബുബാറ്റു മരുഭൂമിയിൽ അദ്ദേഹം നട്ട് പിടിപ്പിക്കുന്നു. മരുഭൂമിയിലെ കഠിനമായ കാലാവസ്ഥ അവരുടെ ആരോഗ്യത്തെ വളരെയധികം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അവർ ഇരുവരും ഗുരുതരമായ ആരോഗ്യ സാഹചര്യങ്ങളുമായി പൊരുതുകയാണ്, പക്ഷേ, മരുഭൂമിക്കെതിരായ പോരാട്ടം ഉപേക്ഷിക്കാൻ അവർ അപ്പോഴും വിസമ്മതിക്കുന്നു. 

Follow Us:
Download App:
  • android
  • ios