ഇന്ത്യയിലെ ഓൺലൈൻ ഡെലിവറി വേഗതയിൽ അത്ഭുതം പ്രകടിപ്പിച്ച് യുഎസ് ഫൗണ്ടര്‍. സ്വിഗ്ഗി, ബ്ലിങ്കിറ്റ് പോലുള്ള സേവനങ്ങൾ 6 മിനിറ്റിനുള്ളിൽ ഓർഡറുകൾ എത്തിക്കുമെന്നും യുഎസിൽ ഒരു മണിക്കൂർ വരെ എടുക്കുന്നുവെന്നുമാണ് പോസ്റ്റില്‍ പറയുന്നത്.
ഇക്കാര്യത്തിൽ ശരിക്കും ഇന്ത്യ അത്ഭുതപ്പെടുത്തുന്നത്, എന്തായിരിക്കാം കാരണം, പോസ്റ്റുമായി യുഎസ് ഫൗണ്ടർ
ഇന്ത്യയിലെത്താറുള്ള പല വിദേശികളും ശരിക്കും അമ്പരക്കുന്ന ചില കാര്യങ്ങൾ ഇന്ത്യയിലുണ്ട്. സംഗതി പല വികസിത രാജ്യങ്ങളിൽ നിന്നുമാണ് ഇവർ എത്തുന്നതെങ്കിലും ഇക്കാര്യങ്ങളിൽ നമ്മുടെ രാജ്യമായ ഇന്ത്യയെ തോല്പിക്കാൻ ആർക്കും സാധിക്കില്ല എന്നാണ് അവരുടെ അഭിപ്രായം. അതിൽ എല്ലാവരും പുകഴ്ത്താറുള്ള ഒരു കാര്യമാണ് ഇന്ത്യയിലെ ഡെലിവറി സ്പീഡ്. നിരവധി ഓൺലൈൻ ഡെലിവറി ആപ്പുകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. സ്വിഗി, ബ്ലിങ്കിറ്റ് തുടങ്ങിയവയൊക്കെ അതിന് ചില ഉദാഹരണങ്ങൾ മാത്രമാണ്. ഇന്ത്യയിലെ ഡെലിവറിയിലെ വേഗതയെ പുകഴ്ത്തിക്കൊണ്ട് അനേകം പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ അതുപോലെ ഫൗണ്ടറായ ജെയിംസ് ബ്ലണ്ട് ഷെയർ ചെയ്തിരിക്കുന്ന ഒരു പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഓരോ തവണ താൻ ഇന്ത്യ സന്ദർശിക്കുമ്പോഴും ഇന്ത്യയിലെ ഓൺലൈൻ ഡെലിവറി സ്പീഡ് തന്നെ അത്ഭുതപ്പെടുത്താറുണ്ട്, വേറെ എവിടെയും ഇത് കാണാറില്ല. എന്താണ് ഇതിന് കാരണം എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹം എക്സിൽ (ട്വിറ്റർ) പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. 'ഓരോ തവണയും ഞാൻ ഇന്ത്യ സന്ദർശിക്കുമ്പോൾ അവിടെ എപ്പോഴും വേറിട്ടുനിൽക്കുന്ന ഒരു കാര്യമുണ്ട്. അത് ഇന്ത്യയിലെ ഡെലിവറി സ്പീഡാണ്. @Swiggy, @letsblinkit -ലൊക്കെ നിങ്ങൾ എന്തെങ്കിലും ഓർഡർ ചെയ്താൽ 6 മിനിറ്റിനുള്ളിൽ തന്നെ അത് നിങ്ങളുടെ വാതിൽക്കൽ എത്തിയിരിക്കും. ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി' എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
അതേസമയം, യുഎസിൽ, ഈബർ ഈറ്റ്സ് ഓർഡർ ലഭിക്കാൻ ഒരു മണിക്കൂർ എങ്കിലും എടുക്കും, എന്തായിരിക്കാം കാരണം എന്നും പോസ്റ്റിൽ ചോദിച്ചിരിക്കുന്നതായി കാണാം. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. തൊഴിലാളികളെ എളുപ്പത്തിൽ ലഭ്യമാകുന്നതും, നിയമങ്ങളും, ജനസംഖ്യ കൂടുതലുള്ളതും ഒക്കെ ഇതിന് കാരണമായിരിക്കാം എന്ന് ആളുകൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ അതേ അനുഭവം ഉണ്ടായതായിട്ടാണ് മറ്റ് പലരും പറഞ്ഞത്. എന്നാൽ, വേറെ ചിലർ ഇന്ത്യയിലെ ഭക്ഷണത്തെ പുകഴ്ത്തി കൊണ്ടാണ് കമന്റ് നൽകിയത്.


