‘ലണ്ടൻ തനിക്ക് ആത്മവിശ്വാസവും സുഹൃത്തുക്കളെയും തന്നെത്തന്നെയും നൽകി. ഇന്ത്യയിലേക്ക് തിരികെ വരിക എന്ന തീരുമാനം എളുപ്പമായിരുന്നില്ല. ഇവിടെ നിന്നും പോയ ഞാനല്ല തിരികെ വരുന്നത്.’
അഞ്ച് വർഷം ലണ്ടനിൽ കഴിഞ്ഞ ശേഷം നാട്ടിലേക്ക് തിരികെ വരുന്ന ഒരു കണ്ടന്റ് ക്രിയേറ്ററുടെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ജിഗീഷ ഗുപ്ത എന്ന യുവതിയാണ് പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. കൗമാരപ്രായത്തിൽ ഒന്നുമറിയാതെ ലണ്ടനിലേക്ക് പോയ താൻ ആത്മാവിൽ അഗ്നി വഹിക്കുന്ന ഒരു സ്ത്രീയായി സ്വന്തം നാട്ടിലേക്ക് തിരികെ വന്നിരിക്കുന്നു എന്നാണ് അവൾ പറയുന്നത്.
'19 വയസ്സുള്ളപ്പോഴാണ് താൻ ഇന്ത്യ വിട്ടത്, ഞാൻ ആരാണ് എന്നുപോലും തിരിച്ചറിയാനാവാതെ എന്റെ സ്യൂട്ട്കേസിനേക്കാൾ വലിയ സ്വപ്നങ്ങളുമായിട്ടായിരുന്നു ആ യാത്ര. ലണ്ടൻ എന്നെ സ്വാഗതം ചെയ്തുവെന്ന് മാത്രമല്ല, അത് എന്നെ വളർത്തുകയും ചെയ്തു. ആദ്യത്തെ മഞ്ഞുകാല രാത്രികളുടെ ഏകാന്തതയിലൂടെ, എന്റെ ട്രൈബിനെ കണ്ടെത്തിയതിന്റെ സന്തോഷങ്ങളിലൂടെ, എന്നെ ഉല്പതിഷ്ണുത എന്താണെന്ന് പഠിപ്പിച്ച ഹൃദയവേദനയിലൂടെ, വർഷങ്ങൾക്ക് മുമ്പ് നേടിയ അസാധ്യമെന്ന് തോന്നിയ വിജയങ്ങളിലൂടെയൊക്കെ. ഞാൻ ട്യൂബിൽ (ലണ്ടൻ അണ്ടർഗ്രൗണ്ട്) കരഞ്ഞിട്ടുണ്ട്, ചെറിയ ഫ്ലാറ്റുകളിൽ നൃത്തം ചെയ്തിട്ടുണ്ട്, എന്നെയും എന്നെ ഞാനാക്കിത്തീർത്ത മറ്റുള്ളവരെയും തകർക്കുന്ന ജോലികൾ ചെയ്തിട്ടുണ്ട്. ഒരേസമയം തന്നെ എനിക്ക് ഗൃഹാതുരത്വവും ഒരു പുതിയ വീട് കണ്ടെത്തിയത് പോലെയും അനുഭവപ്പെട്ടു' എന്നും തന്റെ ലണ്ടൻ ജീവിതത്തെ കുറിച്ച് എന്നും ജിഗീഷ കുറിക്കുന്നു.
'ലണ്ടൻ തനിക്ക് ആത്മവിശ്വാസവും സുഹൃത്തുക്കളെയും തന്നെത്തന്നെയും നൽകി. ഇന്ത്യയിലേക്ക് തിരികെ വരിക എന്ന തീരുമാനം എളുപ്പമായിരുന്നില്ല. ഇവിടെ നിന്നും പോയ ഞാനല്ല തിരികെ വരുന്നത്. രണ്ട് സംസ്കാരം ഉള്ളിൽ ചുമന്നുകൊണ്ടാണ് തന്റെ മടക്കം. കണ്ണുകളിൽ നക്ഷത്രവുമായി പോയ പെൺകുട്ടി, ഹൃദയത്തിൽ അഗ്നിയുള്ള സ്ത്രീയായി തിരികെ വരുന്നു' എന്നും യുവതി കുറിച്ചു. ഇന്ത്യയും ലണ്ടൻ തന്നെ സ്വീകരിച്ചതുപോലെ തിരികെ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജിഗിഷ കുറിക്കുന്നു. ഇന്ത്യയിലേക്ക് അവളെ തിരികെ സ്വാഗതം ചെയ്തുകൊണ്ടും, സമാനമായ അനുഭവം പങ്കുവച്ചുകൊണ്ടും പലരും ഒരുപാടുപേർ പോസ്റ്റിന് കമന്റുകൾ നൽകിയിട്ടുണ്ട്.


