കുഞ്ഞുങ്ങളെ കാണാതാവുന്ന വാര്‍ത്തകള്‍ ഓരോ ദിവസവും കൂടിവരുന്നു. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് ദേവനന്ദ എന്ന കുഞ്ഞിനെ വീട്ടില്‍നിന്ന് കാണാതാവുന്നതും അവളുടെ ജീവനില്ലാത്ത ശരീരം അടുത്തുള്ള പുഴയില്‍നിന്നും കിട്ടുന്നതും. ലോകത്തെല്ലായിടത്തും ഓരോ ദിവസവും അനേകമനേകം കുഞ്ഞുങ്ങളെ കാണാതാവുന്നു. അവരുടെ അമ്മയും അച്ഛനും ഉറ്റവരുമെല്ലാം അവര്‍ക്കായി കാത്തിരിക്കുന്നു, ഇന്നല്ലെങ്കില്‍ നാളെ തന്‍റെ കുഞ്ഞ് പടികടന്നുവരുമെന്ന പ്രതീക്ഷയില്‍ ഓരോ വേനലും മഴയും അവര്‍ തള്ളിനീക്കുന്നു.  

അങ്ങനെ, 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്‍ടപ്പെട്ടുപോയൊരു മകനെ കണ്ടെത്തിയാല്‍ ഒരമ്മയുടെ സന്തോഷമെന്തായിരിക്കും? അത്തരം ഒരവസ്ഥയിലാണ് ഈ മാതാവും. ഇന്തോനേഷ്യയിലെ കുടിയേറ്റക്കാരനായ തൊഴിലാളിയാണവന്‍, ഇവാന്‍. 15 വര്‍ഷം മുമ്പ് സ്വന്തം അമ്മയില്‍നിന്നും സഹോദരങ്ങളില്‍നിന്നും വേര്‍പെട്ടുപോയവന്‍. ഇന്ന് അവരെ കണ്ടെത്താനായതിന്‍റെ സന്തോഷത്തിലാണവന്‍. ഇതാണ് ഇവാന്‍റെ ജീവിതം.

ഇവാന്‍റെ അച്ഛനും അമ്മയും നിയമപരമായി വേര്‍പിരിഞ്ഞതാണ്. പിതാവിന്‍റെ കൂടെ മലേഷ്യയിലായിരുന്നു ഇവാന്‍ കഴിഞ്ഞിരുന്നത്. കുട്ടിയായിരിക്കുമ്പോള്‍ വീട്ടില്‍ ഒരു വഴക്കുണ്ടായതിനെത്തുടര്‍ന്ന് അവന്‍ ഓടിപ്പോയി. അവന്‍റെ കയ്യില്‍ ആരുടെയും ഫോണ്‍ നമ്പറോ അഡ്രസോ ഒന്നും തന്നെയുണ്ടായിരുന്നില്ല. യാതൊരുതരത്തിലുള്ള തിരിച്ചറിയല്‍ രേഖകളുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവന് അവരിലേക്കൊന്നും എത്തിച്ചേരാനുമായില്ല. ഓരോ ദിവസവും തന്‍റെ വീട്ടുകാരെ ഓര്‍ത്തും സങ്കടപ്പെട്ടും അവന്‍ കഴിഞ്ഞു, ശരിക്കും പറഞ്ഞാല്‍ ഒരനാഥനെപ്പോലെ... 

അങ്ങനെയിരിക്കെയാണ് ബിബിസി -യിലെ കുടിയേറ്റത്തൊഴിലാളികളുടെ ജീവിതത്തെ കുറിച്ച് പറയുന്നൊരു ഡോക്യുമെന്‍ററിയില്‍ ഇവാന്‍റെ ജീവിതം പ്രസിദ്ധീകരിക്കപ്പെട്ടത്. 'അമ്മയെ കുറിച്ചോര്‍ക്കുമ്പോഴൊക്കെ താന്‍ തകര്‍ന്നുപോകും. അവരെവിടെയാണെന്ന് തനിക്കറിയില്ല. എങ്ങനെയാണവരെ തിരഞ്ഞുകണ്ടുപിടിക്കേണ്ടതെന്നും തനിക്കറിയില്ല. എങ്ങനെയെങ്കിലും എനിക്കവരെയൊന്നു കാണണം...' ഇവാന്‍ കരഞ്ഞുകൊണ്ട് പറയുന്നത് ആ റിപ്പോര്‍ട്ടില്‍ കാണാം. ഏതായാലും ആ ഒറ്റ റിപ്പോര്‍ട്ട് കൊണ്ട് ഇവാന് അവന്‍റെ നഷ്‍ടപ്പെട്ട അമ്മയെയും സഹോദരങ്ങളെയും തിരികെ കിട്ടി. അതിന് കാരണമായതോ ഇവാന്‍റെ രണ്ടാനച്ഛന്‍ ഇചാല്‍ ബിന്‍ ജനാരുവും. അദ്ദേഹമാണ് യുട്യൂബില്‍ ഇവാനെ കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കാണുന്നത്. മകനെ നഷ്‍ടമായ തന്‍റെ ഭാര്യ ഹനയുടെ ദുഖം അദ്ദേഹം എന്നും കാണുന്നുണ്ടായിരുന്നു. കൂടെ അയാളും വേദനിച്ചിരുന്നു. അവള്‍ക്ക് തന്‍റെ കുഞ്ഞിനെ കണ്ടെത്താനാകണേയെന്ന് അയാളും കൂടെ പ്രാര്‍ത്ഥിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് യാദൃച്ഛികമായി ബിബിസി -യുടെ റിപ്പോര്‍ട്ട് അദ്ദേഹം കാണുന്നതും അത് ഇവാന്‍ തന്നെയാണ് എന്ന് അദ്ദേഹത്തിന് തോന്നുന്നതും. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അവരോട് അപ്പോള്‍ തന്നെ പറഞ്ഞു, അവളുടെ മകനെപ്പോലൊരു യുവാവിനെ യൂട്യൂബില്‍ കണ്ടുവെന്ന്. അവരെ വീഡിയോ കാണിച്ചിട്ട് അദ്ദേഹം അവരോട് ചോദിച്ചു, ഇതാണോ നീ അന്വേഷിച്ചു നടക്കുന്ന മകന്‍ എന്ന്. അതേയെന്നായിരുന്നു ആ മാതാവിന്‍റെ മറുപടി.

അവനിലേക്കെത്തിച്ചേരാന്‍ ഉടനെ തന്നെ അവര്‍ ബിബിസി -യിലേക്ക് ഫോണ്‍ വിളിച്ചു. അത് തന്‍റെ ഭാര്യയുടെ മകനാണെന്നും അവര്‍ക്ക് അവനെ കാണണമെന്നും അറിയിച്ചു. അങ്ങനെയാണ് ആ കൂടിക്കാഴ്‍ചയ്ക്ക് വേദിയൊരുങ്ങുന്നത്. അവന്‍റെ വീട്ടിലെത്തിയാണ് അവനെ അവര്‍ സന്ദര്‍ശിച്ചത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ആ അമ്മയും മകനും തമ്മില്‍ കാണുന്നത്. അവനെ കണ്ടമാത്രയില്‍ തന്നെ അവര്‍ ഓടിച്ചെന്നവനെ കെട്ടിപ്പിടിച്ചു, എന്‍റെ പൊന്നുമോനേ, എന്നും വിളിച്ച് പൊട്ടിക്കരഞ്ഞു. ഈ ഒരൊറ്റ നിമിഷത്തിനായാണ് താന്‍ കാത്തിരുന്നതെന്ന് പറഞ്ഞു. ഇവാനും കരച്ചിലടക്കാനാവുന്നുണ്ടായിരുന്നില്ല. 15 വര്‍ഷങ്ങളായി താന്‍ തന്‍റെ അമ്മയ്ക്കായി കാത്തിരിക്കുകയാണെന്നായിരുന്നു അവന്‍ കരച്ചിലിനിടയില്‍ പറഞ്ഞത്. അമ്മയുടെയും മകന്‍റെയും ആ കൂടിച്ചേരലിനിടയില്‍ കരച്ചിലടക്കാന്‍ പാടുപെടുന്ന മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു, അവന്‍റെ രണ്ടാനച്ഛന്‍. ഒടുവില്‍ ഇവാന്‍ അദ്ദേഹത്തെ ആലിംഗനം ചെയ്‍തപ്പോള്‍ ആ മനുഷ്യനും ആനന്ദം കൊണ്ട് കരഞ്ഞുപോയി. 

ഇവാന്‍ അമ്മയുടെ സഹായത്തോടെ ഒരു ജനന സര്‍ട്ടിഫിക്കറ്റും പിന്നീട് പാസ്പോര്‍ട്ടും സംഘടിപ്പിച്ച് ഇന്തോനേഷ്യയിലെ തന്‍റെ വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. ഓരോ കൂടിച്ചേരലുകളും എത്ര സന്തോഷമാണ് അല്ലേ...

(കടപ്പാട്: ബിബിസി വീഡിയോ)