Asianet News MalayalamAsianet News Malayalam

ലേലത്തിനുവച്ച പോസ്റ്റുകാർഡുകൾ വാങ്ങും, ഉടമയെ അന്വേഷിച്ച് കണ്ടെത്തി നൽകും, 70 വർഷത്തിലധികം പഴക്കമുള്ള കാർഡ് വരെ

ഫ്രിമെറ്റ് കാർ എന്നായിരുന്നു അവരുടെ പേര്. ആ ഒരു വയസുകാരിയ്ക്ക് ഇപ്പോൾ പ്രായം 75.  ആ പോസ്റ്റ് കാർഡ് അയച്ചത് അവരുടെ അച്ഛന്റെ മാതാപിതാക്കളാണെന്ന് അവർ പറഞ്ഞു. ആ സമയത്ത് അവർ അമ്മയുടെയും അച്ഛന്റെയും കൂടെ അമ്മയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. 

reuniting old post cards with owners
Author
Crewe, First Published Sep 24, 2021, 3:50 PM IST
  • Facebook
  • Twitter
  • Whatsapp

ലോക്ക്ഡൗൺ സമയത്ത് കീമോതെറാപ്പിയുടെ ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുകയാണ് സ്റ്റു പ്രിൻസ്. ദിവസങ്ങൾ നീളുന്ന വേദനയിലും, പിരിമുറുക്കത്തിനിടയിലും മനസ്സിന് അല്പം സന്തോഷം ലഭിക്കാനാണ് പ്രിൻസ് തന്റെ പുതിയ ദൗത്യം ഏറ്റെടുത്തത്. ഓൺലൈനിൽ ലേലത്തിന് വച്ചിരിക്കുന്ന പഴയ പോസ്റ്റ്കാർഡുകൾ വാങ്ങി അതിന്റെ യഥാർത്ഥ ഉടമയ്ക്ക് കൈമാറുക എന്നതായിരുന്നു അത്. അങ്ങനെ പ്രിൻസ് വീട്ടിൽ രണ്ടായിരത്തിലധികം പോസ്റ്റ് കാർഡുകൾ ശേഖരിച്ചു. പക്ഷേ, അതിന്റെ ഉടമകളെ കണ്ടെത്തുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാലും പതിറ്റാണ്ടുകളായി കുഴിച്ചിട്ട ഓർമ്മകൾ വീണ്ടും പൂവിടാനും, ഒരുപാട് പേർക്ക് അവരുടെ പ്രിയപ്പെട്ട ഭൂതകാലം തിരിച്ച് നൽകാനും അദ്ദേഹത്തിന് ഇതിലൂടെ സാധിക്കുന്നു.  

അതിലൊരു പോസ്റ്റുകാർഡ് രണ്ടാം ലോക മഹായുദ്ധം അവസാനിച്ച് ഒരു വർഷത്തിനുശേഷമുള്ളതായിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും അത് ഇപ്പോഴും തിളക്കമാർന്നതും വർണ്ണാഭമായും കാണപ്പെട്ടു. അതിന്റെ മുൻവശത്ത് ഒരു തൊട്ടിലിൽ ഉറങ്ങിക്കിടക്കുന്ന മുയലിന്റെ പടമുണ്ടായിരുന്നു. പുറകുവശത്ത് ജോർജ്ജ് രാജാവിന്റെ മുഖമുള്ള ഒരു സ്റ്റാമ്പ്. 1946 സെപ്റ്റംബർ 27 എന്ന് രേഖപ്പെടുത്തിയിരുന്നു. അതിലെ വിലാസം വളരെ വ്യക്തവും, വടിവൊത്തതുമായിരുന്നു. കൂടാതെ ഭംഗിയായി എഴുതിയ ഒരു സന്ദേശവും അതിനൊപ്പം ഉണ്ടായിരുന്നു. "ഞങ്ങളുടെ സ്നേഹനിധിയായ കൊച്ചുമകൾക്ക്, നിനക്ക് പിറന്നാൾ ആശംസകൾ. നിന്റെ ഭാവി സന്തോഷകരവും സമാധാനപരവുമാകട്ടെ. "

ഓൺലൈൻ ലേല സൈറ്റുകളിൽ നിന്ന് നിരവധി പോസ്റ്റ്കാർഡുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും, ഇത് അദ്ദേഹത്തെ വല്ലാതെ ആകർഷിച്ചു. Reuniting Postcards With Families എന്ന പേരിൽ അദ്ദേഹം ഒരു ഫെയ്സ്ബുക്ക് പേജ് ആരംഭിച്ചിട്ടുണ്ട്. അതിൽ അദ്ദേഹം പോസ്റ്റ്കാർഡുകളുടെ ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യുന്നു. ആ പേജിൽ ഈ കാർഡിന്റെ ഒരു ഫോട്ടോ അദ്ദേഹം പോസ്റ്റ് ചെയ്തു. പോസ്റ്റുകാർഡിൽ പറയുന്ന ഒരു വയസ്സുകാരിയെ ഒരിക്കൽ കൂടി കണ്ടുമുട്ടാൻ അദ്ദേഹം ആഗ്രഹിച്ചു. എന്നാൽ അധികം താമസിയാതെ അദ്ദേഹത്തിന് ഒരു സന്ദേശം ലഭിച്ചു: "ആളെ കണ്ടെത്തി."  

ഈ കാർഡുകളുടെ ഉടമകളെ കണ്ടെത്താൻ അദ്ദേഹത്തിനെ സഹായിക്കുന്ന നിരവധി ആളുകളുണ്ട്. അതിൽ ആറോളം സജീവ ഗവേഷകരുണ്ടെന്നും പ്രിൻസ് പറയുന്നു. അവരുടെ സഹായത്താൽ 2020 ൽ ഫേസ്ബുക്ക് പേജ് ആരംഭിച്ചതിനുശേഷം നൂറുകണക്കിന് കാർഡുകൾ അതിന്റെ ഉടമകളുടെ അടുക്കൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പ്രിൻസിന്റെ ഗവേഷകരിലൊരാളാണ് പോസ്റ്റ്കാർഡിൽ പറയുന്ന ആ ഒരു വയസ്സുകാരിയെയും കണ്ടെത്തിയത്. അങ്ങനെ ഇമെയിൽ അദ്ദേഹം അവരുമായി ബന്ധപ്പെട്ടപ്പോൾ അവർ പറഞ്ഞു: "ആ കാർഡ് എന്റേതാണ്, ആ കുഞ്ഞ് ഞാനാണ്."

ഫ്രിമെറ്റ് കാർ എന്നായിരുന്നു അവരുടെ പേര്. ആ ഒരു വയസുകാരിയ്ക്ക് ഇപ്പോൾ പ്രായം 75.  ആ പോസ്റ്റ് കാർഡ് അയച്ചത് അവരുടെ അച്ഛന്റെ മാതാപിതാക്കളാണെന്ന് അവർ പറഞ്ഞു. ആ സമയത്ത് അവർ അമ്മയുടെയും അച്ഛന്റെയും കൂടെ അമ്മയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. അവരുടെ മുത്തശ്ശനും മുത്തശ്ശിയും കിഴക്കൻ യൂറോപ്പിൽ നിന്നുള്ള ജൂത അഭയാർഥികളായിരുന്നു. പോളിഷ് ഇടനാഴി എന്നറിയപ്പെടുന്ന പോമറേനിയയിലെ ഒരു പ്രദേശത്തതായിരുന്നു വീട്. കാർഡ് അവരുടെ ചെറുപ്പകാല ഓർമകളെ തിരികെ കൊണ്ടുവന്നു. ഏകദേശം 50 വർഷം മുമ്പാണ് മുത്തച്ഛൻ മരിച്ചത്. മുത്തശ്ശനും മുത്തശ്ശിക്കും ഇംഗ്ലീഷ് എഴുതാൻ അറിയില്ലായിരുന്നുവെന്നും, പോസ്റ്റ്കാർഡ് എഴുതിയത് മറ്റൊരാളുടെ സഹായത്താലാണ് എന്നും ഫ്രിമെറ്റ് പറഞ്ഞു. "ഇത് എഴുതിയത് എന്റെ അമ്മായിയാണ്. അമ്മായിയുടെ കൈയ്യക്ഷരം എനിക്ക് നന്നായി അറിയാം," അവർ പറയുന്നു.

ആ പോസ്റ്റ്കാർഡ് ഇത്രയും ദൂരം യാത്രചെയ്ത് തന്റെ പക്കലെത്തിയതോർത്ത് ഫ്രിമെറ്റിന് ഇപ്പോഴും ആശ്ചര്യം വിട്ടുമാറുന്നില്ല. ഇത് എങ്ങനെ ലേലത്തിന് എത്തിയെന്ന് അവർക്ക് അറിയുന്നില്ല. മുത്തച്ഛൻ മരിച്ചപ്പോൾ മുത്തച്ഛന്റെ വീട് വൃത്തിയാക്കിയതായി അവർ ഓർക്കുന്നു. എന്നാൽ അന്നൊന്നും ഇത് കണ്ടില്ലായിരുന്നെന്ന് ഫ്രിമെറ്റ് പറഞ്ഞു. ഈ കണ്ടെത്തൽ അവർക്ക് വളരെ പ്രിയപ്പെട്ടതാണ്. കാരണം തന്റെ കുടുംബത്തിന്റെ ചരിത്രത്തെക്കുറിച്ച് വളരെ കുറച്ച് രേഖകൾ മാത്രമാണ് ബാക്കിയുള്ളതെന്ന് അവർ പറഞ്ഞു.   

Follow Us:
Download App:
  • android
  • ios