Asianet News MalayalamAsianet News Malayalam

ബ്രിട്ടനിലെ ഏറ്റവും ഭീകരനായ ശിശുപീഡകൻ, ഒടുവിൽ ജയിലിൽ കൊല്ലപ്പെട്ടത് ഗിത്താർ കമ്പികൊണ്ട് കഴുത്തുഞെരിക്കപ്പെട്ട്

റിച്ചാർഡിന്റെ ജീവനെടുത്ത സഹതടവുകാരനായ ഒരു ഇരുപത്തൊമ്പതുകാരൻ കൊന്നിട്ടും കലി തീരാതെ റിച്ചാർഡിന്റെ വായിലേക്ക് നാലഞ്ച് കോണ്ടങ്ങൾ കുത്തിക്കയറ്റുക കൂടി ചെയ്തു എന്നാണു പൊലീസ് പറഞ്ഞത്.

Richard Huckle Most Cruel Pedophile of Briton who got killed in prison attack
Author
UK, First Published Sep 15, 2020, 2:06 PM IST

റിച്ചാർഡ് ഹക്കിൾ എന്നത് ബ്രിട്ടനിലെ ഏറ്റവും ക്രൂരനായ ശിശുപീഡകന്റെ പേരാണ്. ആറുമാസം മുതൽ പന്ത്രണ്ടുവയസ്സുവരെ പ്രായമുള്ള ഇരുനൂറിലധികം കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്ന് കരുതപ്പെടുന്ന ഈ നികൃഷ്ടജീവിയെ  2014 -ലാണ് പൊലീസ് പിടികൂടുന്നത്. 

വിചാരണക്കാലത്ത്  കോടതിയിൽ, 71 കേസുകളിൽ നടത്തിയ കുറ്റസമ്മതത്തിന്റെ പേരിൽ 22 ജീവപര്യന്തം തടവുശിക്ഷകൾ വിധിച്ച് 2016 മുതൽ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. അവസാനകാലം വരെയും താൻ പ്രവർത്തിച്ച അപരാധങ്ങളുടെ പേരിൽ തെല്ലും കുറ്റബോധം അയാളെ അലട്ടിയിരുന്നില്ല. കഴിഞ്ഞ ജനുവരിയിലാണ് ഇയാൾക്കെതിരെ സ്വന്തം സെല്ലിൽ വച്ചു തന്നെ ആക്രമണം ഉണ്ടായതും, അതിൽ അയാൾ കൊല്ലപ്പെട്ടതും. 

കഴുത്തിൽ ഗിത്താർ കമ്പികൾ കൊണ്ട് കഴുത്ത് ഞെരിച്ചും, ജയിലിൽ നിന്നുതന്നെ സംഘടിപ്പിച്ച ഏതോ ലോഹക്കഷ്ണം മൂർച്ച വരുത്തി ഉണ്ടാക്കിയ കത്തികൊണ്ട് വയറ്റിൽ തുരുതുരെ കുത്തിയും റിച്ചാർഡിന്റെ ജീവനെടുത്ത സഹതടവുകാരനായ ഒരു ഇരുപത്തൊമ്പതുകാരൻ കൊന്നിട്ടും കലി തീരാതെ റിച്ചാർഡിന്റെ വായിലേക്ക് നാലഞ്ച് കോണ്ടങ്ങൾ കുത്തിക്കയറ്റുക കൂടി ചെയ്തു എന്നാണു പൊലീസ് പറഞ്ഞത്.

തന്റെ പത്തൊമ്പതാമത്തെ വയസ്സിൽ അധ്യാപകനായി മലേഷ്യയിലേക്ക് പോകാൻ അവസരം കിട്ടിയപ്പോഴാണ് റിച്ചാർഡ് ആദ്യമായി ഒരു പീഡനം നടത്തുന്നത്. ക്വലാലംപുരിലെ പാവപ്പെട്ട ക്രിസ്തീയ മതവിശ്വാസികൾക്കിടയിൽ അയാൾ ഇംഗ്ലീഷ് അധ്യാപകനായി നടിച്ചെത്തി അവിടത്തെ കുട്ടികളെ പീഡിപ്പിച്ചുകൊണ്ടിരുന്നു. 

മലേഷ്യൻ കുടിയേറ്റക്കാർ താമസിച്ചിരുന്ന പ്രദേശങ്ങളിൽ ചുറ്റിക്കറങ്ങി തന്റെ ഇരകളെ കണ്ടെത്തിയിരുന്ന റിച്ചാർഡ് ആൺകുട്ടികളെന്നോ പെൺകുട്ടികൾ എന്നോ വ്യത്യാസമില്ലാതെ ഒറ്റയ്ക്ക് കിട്ടുന്ന കുട്ടികളെ പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നു. ഒരിക്കൽ നാപ്കിൻ ധരിപ്പിച്ച് ഉറക്കിക്കിടത്തിയിരുന്ന ആറുമാസം മാത്രം പ്രായമുണ്ടായിരുന്ന ഒരു കുഞ്ഞും ഇയാളുടെ പീഡനത്തിനിരയായിരുന്നു. ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ആയിരുന്ന ഇയാൾ, പൊലീസിന്റെ പിടിയിൽ പെടാതെ എങ്ങനെ ശിശുപീഡനം തുടരാം എന്നുള്ളത് സംബന്ധിച്ച ടെക്നിക്കുകൾ ഡാർക്ക് വെബ്ബിലെ 'ദ ലവ് സോൺ' (TLZ) എന്ന കൂട്ടായ്‌മ വഴി സഹ പീഡോഫൈലുകൾക്ക് കൈമാറിയിരുന്നു. അതിനായി 'പീഡോ വിക്കി ഗൈഡ്' എന്നപേരിൽ ഒരു സചിത്ര മാനുവൽ തന്നെ ഇയാൾ തയ്യാറാക്കിയിട്ടുണ്ടായിരുന്നു. പാവപ്പെട്ട, അഭയാർത്ഥി കുടുംബങ്ങളിലെ കുട്ടികളെ ലക്ഷ്യമിടുന്നതാണ് സുരക്ഷിതം എന്നാണ്   ഗ്രൂപ്പിൽ ഇയാൾ വീമ്പടിച്ചത്. 

 

Richard Huckle Most Cruel Pedophile of Briton who got killed in prison attack

 

 

ഒമ്പതിനായിരത്തിലധികം അംഗങ്ങളുണ്ടായിരുന്ന TLZ വെബ്‌സൈറ്റ് കേന്ദ്രീകരിച്ച് യുകെ പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഈ സീരിയൽ റേപ്പിസ്റ്റിനുമേൽ പിടി വീഴുന്നത്. പിടികൂടുമ്പോൾ ഇയാളിൽ നിന്ന് താൻ അന്നോളം പ്രവർത്തിച്ച ശിശുപീഡനങ്ങളുടെ അക്കമിട്ട ലിസ്റ്റും, അതാത് പീഡനങ്ങൾ വിശദമായി വിവരിച്ചുകൊണ്ടുള്ള ഡയറിക്കുറിപ്പുകളും ഒക്കെ അന്വേഷകർ കണ്ടെടുത്തിരുന്നു. ഇയാളിൽ നിന്ന് പിടിച്ചെടുത്ത കംപ്യൂട്ടറിന്റെ ഹാർഡ് ഡിസ്‌കിൽ നിന്ന് ശിശുപീഡനങ്ങളുടെ ഇരുപത്തിനായിരത്തിൽ പരം ഫോട്ടോകളും പൊലീസ് കണ്ടെടുത്തിരുന്നു അതിൽ തന്റെ പീഡനങ്ങൾക്ക് അയാൾ ഒന്നുമുതൽ പത്തുവരെയുള്ള റേറ്റിങ് സ്കോറുകളും നൽകിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇരകൾക്കൊപ്പം നിന്ന് ചിത്രങ്ങൾ എടുത്ത് അവ ഡാർക്ക് വെബ്ബിൽ വിറ്റു ബിറ്റ് കോയിനുകൾ സമ്പാദിക്കുന്ന പതിവും റിച്ചാർഡിനുണ്ടായിരുന്നു.

സ്ഥിരമായി ഇയാൾ ലക്‌ഷ്യം വെച്ചിരുന്നത് അനാഥരായ കുഞ്ഞുങ്ങളെയാണ്. അവർക്കുവേണ്ടി കേസ് നടത്താൻ ആരുമുണ്ടാവില്ല എന്ന സുരക്ഷിതത്വ ബോധമാണ് ഇയാളെ നയിച്ചിരുന്നത്. തന്റെ ഇരകളിൽ ഏതെങ്കിലും ഒരാളെ അവർക്ക് പ്രായ പൂർത്തിയാവുമ്പോൾ വിവാഹം കഴിക്കാനും, ഒരു അനാഥാലയം തുടങ്ങാനും ഒക്കെ റിച്ചാർഡ് ഹക്കിളിന് പരിപാടിയുണ്ടായിരുന്നു. അതൊക്കെ സാക്ഷാത്കരിക്കപ്പെടും മുമ്പ് അയാൾ പിടിയിലാവുകയായിരുന്നു.

റിച്ചാർഡ് ചെയ്ത കുറ്റകൃത്യത്തിന്റെ ക്രൂരസ്വഭാവം നിമിത്തം അയാളുടെ ജീവൻ ജയിലിൽ അടച്ച അന്നുമുതൽ തന്നെ അപകടത്തിൽ ആയിരുന്നു എങ്കിലും, മൂന്നുവർഷം ജയിലിനുള്ളിൽ കഴിഞ്ഞ ശേഷമാണ് അയാൾക്കുനേരെ വധശ്രമം ഉണ്ടായതും,  കഴിഞ്ഞ ജനുവരിയിൽ അയാൾ കൊല്ലപ്പെടുന്നതും. 

Follow Us:
Download App:
  • android
  • ios