വലിച്ചെറിഞ്ഞ 1.5 ലക്ഷം പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ഒരു ഫ്ലോട്ടിംഗ് ദ്വീപ്, പിന്നിൽ ഒറ്റ മനുഷ്യന്റെ പ്രയത്നം!
കൂടാതെ ചെമ്പരത്തി പൂക്കളും ഇഞ്ചിയും അടക്കം കൃഷി നട്ടുവളർത്തുന്നുണ്ട്. ദ്വീപ് പതുക്കെ സ്വയം പര്യാപ്തത കൈവരിക്കുകയാണ് എന്നാണ് റിച്ചാർഡ് പറയുന്നത്.

വളരെ വ്യത്യസ്തമായ പലതും ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്. ചിലവ നമുക്ക് കാണുമ്പോൾ തന്നെ ആശ്ചര്യം തോന്നും. ചിലത് നമുക്ക് വളരെ ഉപകാരപ്രദമായ പലതും ആയിരിക്കും. അതുപോലെ വളരെ വ്യത്യസ്തമായ ഒന്നാണ് ഇപ്പോൾ ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കുന്നത്. അത് ഒരു ദ്വീപാണ്. ഈ ദ്വീപ് നിർമ്മിച്ചിരിക്കുന്നത് 1.5 ലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ടാണ്.
റിപ്പോർട്ടുകൾ പ്രകാരം ഈ ബോട്ടിലുകളുടെ സഹായത്തോടെ നിർമ്മിച്ചിരിക്കുന്ന വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഈ ദ്വീപ് ഇപ്പോൾ ഒരു ടൂറിസ്റ്റ് അട്രാക്ഷനാണ്. റിച്ചാർഡ് സോവ എന്ന മെക്സിക്കോയിൽ നിന്നുള്ള ഒരാളാണ് ഈ ഫ്ലോട്ടിംഗ് ദ്വീപ് നിർമ്മിച്ചത്. ഏകദേശം 1,50,000 പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചാണ് ദ്വീപ് നിർമ്മിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആളുകൾ ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്ന കുപ്പികളാണ് അതിന് വേണ്ടി ഉപയോഗപ്പെടുത്തിയത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇനി, ഈ ദ്വീപിൽ എന്തൊക്കെയാണ് ഉള്ളത് എന്നല്ലേ? ഒരു വീടും മറ്റ് സൗകര്യങ്ങളും ദ്വീപിൽ ഉണ്ട് എന്ന് പറയുന്നു. അതുപോലെ ഒരു പൂന്തോട്ടവും ഈ ദ്വീപിൽ ഉണ്ട്. ആറര വർഷം മുമ്പാണ് താൻ ഈ ഫ്ലോട്ടിംഗ് ബോട്ട് പണിതത്. മാരിടൈം അതോറിറ്റി ഇതിനെ ഒരു എക്കോളജിക്കൽ ബോട്ടായും അംഗീകരിച്ചിട്ടുണ്ട് എന്ന് റിച്ചാർഡ് മാധ്യമങ്ങളോട് പറയുന്നു.
റിച്ചാർഡ് ദ്വീപിൽ കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മരങ്ങളുടെ വേരുകൾ അടിയിലേക്ക് വളരുകയും ദ്വീപ് കൂടുതൽ ശക്തിയുള്ളതായി മാറുകയും ചെയ്തിരിക്കുന്നു. കൂടാതെ ചെമ്പരത്തി പൂക്കളും ഇഞ്ചിയും അടക്കം കൃഷി നട്ടുവളർത്തുന്നുണ്ട്. ദ്വീപ് പതുക്കെ സ്വയം പര്യാപ്തത കൈവരിക്കുകയാണ് എന്നാണ് റിച്ചാർഡ് പറയുന്നത്.
വീടിന് മുകളിൽ സോളാർ പാനൽ ഘടിപ്പിച്ചിട്ടുണ്ട്. ഇവിടുത്തേക്ക് ആവശ്യമായ ഊർജ്ജം ഈ സോളാറിൽ നിന്നും കിട്ടും. അതുപോലെ, പ്ലാസ്റ്റിക് ബോട്ടിൽ കൊണ്ട് നിർമ്മിച്ച ഒരു ബോട്ടും ഇവിടെ ഉണ്ട്. 13 വർഷം ബിൽഡറായി ജോലി ചെയ്ത ആളാണ് റിച്ചാർഡ് സോവ.