പശ്ചിമാഫ്രിക്കയിൽ വിദ്യാഭ്യാസ പാരമ്പര്യം ആരംഭിച്ചതിന്റെ ബഹുമതി ധനികനായ ഈ രാജാവിനുണ്ട്. എന്നിരുന്നാലും അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ കഥ പടിഞ്ഞാറൻ ആഫ്രിക്കയ്ക്ക് പുറത്ത് അധികം അറിയപ്പെടുന്നില്ല.

ചരിത്രം ഇതുവരെ കണ്ടതില്‍വച്ച് ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യന്‍ ആരാണ്? അത് ഇന്ന് ജീവിച്ചിരിക്കുന്ന ഒരാളല്ല. പകരം നേരത്തെ ജീവിച്ചിരുന്ന ഒരു രാജാവിന് ഇന്ന് നാം കാണുന്ന ധനികരേക്കാളും ധനമുണ്ടായിരുന്നു എന്നാണ് പറയുന്നത്. അയാളാണ് ലോകത്തിലിതുവരെ ജീവിച്ചിരുന്നവരിൽ ഏറ്റവും ധനികനായിരുന്നത് എന്ന് പറയപ്പെടുന്നു. അയാളുടെ പേരാണ് മന്‍സ മൂസ. പതിനാലാം നൂറ്റാണ്ടില്‍ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ മാലി ഭരിച്ചിരുന്ന രാജാവായിരുന്നു മന്‍സാ മൂസ. മൻസ എന്നാൽ രാജാവ് എന്നാണ് അർത്ഥം.

“മൂസയുടെ സമ്പത്തിനെക്കുറിച്ചുള്ള വിവരണങ്ങൾ ഇന്നും അത്ഭുതപ്പെടുത്തുന്നതാണ്. അദ്ദേഹം യഥാർത്ഥത്തിൽ എത്ര ധനികനും ശക്തനുമായിരുന്നുവെന്ന് മനസ്സിലാക്കുക തന്നെ അസാധ്യമാണ്” കാലിഫോർണിയ സർവകലാശാലയിലെ ഹിസ്റ്ററി അസോസിയേറ്റ് പ്രൊഫസർ റുഡോൾഫ് ബുച്ച് വെയർ ബിബിസിയോട് പറഞ്ഞിരുന്നു. ഒരാള്‍ക്കും വിവരിക്കാന്‍ പോലും പറ്റാത്തത്രയും ധനികനായിരുന്നു മന്‍സാ മൂസ എന്ന് ജേക്കബ് ഡേവിഡ്സണ്‍ 2015 ലെ മണി.കോമില്‍ എഴുതിയിരുന്നു. 2012 -ൽ യുഎസ് വെബ്‌സൈറ്റായ സെലിബ്രിറ്റി നെറ്റ് വർത്ത് അദ്ദേഹത്തിന്റെ സ്വത്ത് 400 ബില്യൺ ഡോളറായി കണക്കാക്കിയിരുന്നു. എന്നാല്‍, സാമ്പത്തിക ചരിത്രകാരന്മാർ പറയുന്നത് ഏതെങ്കിലും കണക്കിൽ ഒതുക്കാനാവുന്ന ഒന്നല്ല മന്‍സാ മൂസയുടെ സമ്പത്ത് എന്നാണ്. ഇന്നൊന്നും എണ്ണിപ്പോലും തിട്ടപ്പെടുത്താനാവാത്തത്രയും സ്വർണം അദ്ദേഹത്തിനുണ്ടായിരുന്നു.

ആരാണ് മന്‍സാ മൂസ?

ഭരണാധികാരികളുടെ ഒരു കുടുംബത്തില്‍ 1280 -ലാണ് മന്‍സാ മൂസ ജനിച്ചത്. 1312 വരെ അദ്ദേഹത്തിന്‍റെ സഹോദരന്‍ മന്‍സാ അബൂബക്കര്‍ ആയിരുന്നു രാജ്യത്തെ ഭരണാധികാരി. പിന്നീട്, ഒരു യാത്ര പോകുന്നതിനായി അദ്ദേഹം സ്ഥാനമൊഴിഞ്ഞു. പതിനാലാം നൂറ്റാണ്ടിലെ സിറിയൻ ചരിത്രകാരനായ ഷിബാബ് അൽ-ഉമാരി പറയുന്നതനുസരിച്ച്, അബൂബക്കറിന് അറ്റ്ലാന്റിക് സമുദ്രത്തിൽ യാത്ര ചെയ്യാനും അതിന്‍റെ അപ്പുറം എന്താണ് എന്ന് അറിയാനും അതിയായ ആഗ്രഹമുണ്ടായിരുന്നു. രണ്ടായിരം കപ്പലുകളും ആയിരക്കണക്കിന് പുരുഷന്മാരും സ്ത്രീകളും അടിമകളുമായി അദ്ദേഹം ഒരു യാത്ര ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. ഒരിക്കലും മടങ്ങി വരില്ലെന്നുറപ്പിച്ച യാത്ര ആയിരുന്നു അത്. അമേരിക്കന്‍ ചരിത്രകാരനായ ഇവാന്‍ വാന്‍ സെര്‍ട്ടിമ അബൂബക്കറും സംഘവും സൌത്ത് അമേരിക്കയില്‍ എത്തിയിരിക്കാം എന്ന് പറയുന്നുണ്ട്. പക്ഷേ, അതിന് തെളിവില്ല. 

എന്തായാലും സഹോദരന്‍ യാത്ര പുറപ്പെട്ടതോടെ ഭരണം മന്‍സാ മൂസ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ഭരണത്തിനു കീഴിൽ മാലി രാജ്യം ഗണ്യമായി വളർന്നു. ടിംബക്റ്റു ഉൾപ്പെടെ 24 നഗരങ്ങൾ അദ്ദേഹം പിടിച്ചെടുത്തു. അറ്റ്ലാന്റിക് സമുദ്രം മുതൽ ഇന്നത്തെ നൈജർ വരെ ഏകദേശം 2,000 മൈൽ വരെ ഈ രാജ്യം വ്യാപിച്ചു. ഇപ്പോഴത്തെ സെനഗൽ, മൗറിറ്റാനിയ, മാലി, ബർകിന ഫാസോ, നൈജർ, ഗാംബിയ, ഗ്വിനിയ-ബിസൌ, ഗ്വിനിയ, ഐവറി കോസ്റ്റ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇത്രയും വലിയ പ്രദേശം കയ്യില്‍ വന്നതോടെ സ്വര്‍ണം അടക്കമുള്ള വിഭവങ്ങളും വന്നു ചേര്‍ന്നു. ബ്രിട്ടീഷ് മ്യൂസിയം പറയുന്നത് കണക്കനുസരിച്ച് അന്ന് ലോകത്താകെയുണ്ടായിരുന്ന സ്വര്‍ണത്തിന്‍റെ പകുതിയും മന്‍സാ മൂസയുടെ കീഴിലായിരുന്നു എന്നാണ്. ഇതെല്ലാം രാജാവിന്റേതായിരുന്നു. 

മക്കയിലേക്കുള്ള യാത്ര

എന്നാല്‍, ഇത്രയധികം സമ്പത്തുണ്ടായിരുന്നെങ്കിലും മാലി സാമ്രാജ്യം അന്ന് അറിയപ്പെട്ടിരുന്നില്ല. യൂറോപ്യയിലൊന്നും തന്നെ ഈ സമ്പത്തിനെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. എന്നാൽ, ഒരു യാത്ര അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ കാരണമായി. മന്‍സാ മൂസ ഒരു വിശ്വാസി ആയിരുന്നു. അദ്ദേഹം സഹാറ മരുഭൂമിയും ഈജിപ്തും താണ്ടി മക്കയിലേക്ക് ഒരു തീര്‍ത്ഥയാത്ര നടത്താന്‍ തീരുമാനിച്ചു. 60,000 പുരുഷന്മാരുമൊത്താണ് അദ്ദേഹം യാത്ര തിരിച്ചത്. സര്‍വസന്നാഹങ്ങളോടും കൂടിയായിരുന്നു യാത്ര. തന്‍റെ രാജ്യത്തെ ഉദ്യോഗസ്ഥര്‍, സൈനികര്‍, കലാകാരന്മാര്‍, വ്യാപാരികള്‍, ഒട്ടകം, 12,000 അടിമകള്‍, ഭക്ഷണത്തിനായി വേണ്ടത്ര ആടുകള്‍ എന്നിവയെല്ലാമായിട്ടായിരുന്നു ആ യാത്ര. ഒരു നഗരം തന്നെ മരുഭൂമിയിലൂടെ നീങ്ങുന്നത് പോലെ ഒരു യാത്ര. എല്ലാ നിവാസികളും സ്വർണ്ണ അലങ്കാരങ്ങളും മികച്ച പേർഷ്യൻ സിൽക്കും ധരിച്ച ഒരു നഗരം. നൂറ് ഒട്ടകങ്ങൾ ഉണ്ടായിരുന്നു, ഓരോ ഒട്ടകവും നൂറുകണക്കിന് പൗണ്ട് ശുദ്ധമായ സ്വർണ്ണം വഹിച്ചിരുന്നു. അത് ഒരു കാഴ്ച തന്നെയായിരുന്നു.

യാത്രാസംഘം കെയ്‌റോയിലെത്തിയപ്പോൾ ആ കാഴ്ച കൂടുതൽ സമൃദ്ധമായി. അവിടെ അവർക്ക് അവരുടെ സമ്പത്ത് ശരിക്കും കാണിക്കാൻ കഴിഞ്ഞു. മന്‍സാ മൂസയുടെ യാത്ര കെയ്റോയിലെ ജനങ്ങള്‍ എക്കാലവും ഓര്‍ക്കുന്ന ഒന്നായി മാറി. 12 വര്‍ഷങ്ങള്‍ക്ക് ശേഷം കെയ്റോയിലെത്തിയ അല്‍ ഉമാരി, കെയ്റോയിലെ ജനങ്ങള്‍ മന്‍സാ മൂസയെ എത്രമാത്രം ഓര്‍ക്കുന്നുവെന്ന് വിവരിക്കുകയുണ്ടായി. കെയ്‌റോയിൽ അദ്ദേഹം കാണുന്നവർക്കെല്ലാം എന്നതുപോലെ സ്വർണം നൽകി എന്ന് പറയപ്പെടുന്നു. ഇങ്ങനെ സ്വർണം നൽകി നൽകിയുള്ള മൂന്നുമാസത്തെ താമസം ഈ മേഖലയിൽ 10 വർഷമായിട്ടുണ്ടായിരുന്ന സ്വർണത്തിന്റെ വില ഇടിയാനും സമ്പദ്‌വ്യവസ്ഥയെ തകർക്കാനും കാരണമായി എന്നാണ് പറയപ്പെടുന്നത്. യുഎസ് ആസ്ഥാനമായുള്ള ടെക്നോളജി കമ്പനിയായ സ്മാർട്ട്അസെറ്റ് ഡോട്ട് കോം കണക്കാക്കുന്നത് സ്വർണത്തിന്റെ മൂല്യത്തകർച്ച മൂലം മൻസ മൂസയുടെ തീർത്ഥാടനം മിഡിൽ ഈസ്റ്റിലുടനീളം 1.5 ബില്യൺ ഡോളർ സാമ്പത്തിക നഷ്ടത്തിന് കാരണമായി എന്നാണ്. 

തീര്‍ത്ഥാടനം കഴിഞ്ഞ് തിരികെ വരുമ്പോഴും അദ്ദേഹം ഈജിപ്തിലൂടെ കടന്നുപോയി. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ സഹായിക്കുന്നതിനായി അധിക പലിശ നിരക്കില്‍ സ്വര്‍ണം നല്‍കിയതായി പറയപ്പെടുന്നു. ഇത് മന്‍സാ മൂസയോട് സ്വന്തം രാജ്യത്തെ ജനങ്ങളില്‍ അതൃപ്തിയുണ്ടാക്കി. സമ്പത്തിന്‍റെ കുറേ ഭാഗം രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് വേണ്ടി ചെലവഴിച്ചത് അവരില്‍ അദ്ദേഹത്തെ കുറിച്ചുള്ള മതിപ്പ് കുറയുന്നതിന് കാരണമായി. 

മൻസ മൂസ തന്റെ തീർത്ഥാടന വേളയിൽ ധാരാളം സ്വർണം ചെലവഴിച്ചു എന്നതിൽ സംശയമില്ല. എന്നാൽ, ഈ അമിതമായ ഔദാര്യമാണ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. മൻസ മൂസ, മാലിയെയും തന്നെയും ലോകമാപ്പിൽ ഉൾപ്പെടുത്തുകയായിരുന്നു അക്ഷരാർത്ഥത്തിൽ. 1375 -ലെ കറ്റാലൻ അറ്റ്ലസ് ഭൂപടത്തിൽ ഒരു ആഫ്രിക്കൻ രാജാവിന്റെ ചിത്രമുണ്ട്. ടിംബക്റ്റുവിന്റെ മുകളിൽ ഒരു സ്വർണ്ണ സിംഹാസനത്തിൽ ഇരിക്കുന്ന, കയ്യിൽ ഒരു സ്വർണ്ണ കഷ്ണം പിടിച്ചിരിക്കുന്ന ചിത്രം. അത് അദ്ദേഹത്തിന്‍റേതാണ് എന്ന് പറയപ്പെടുന്നു. ടിംബക്റ്റുവിലേക്ക് രാജ്യത്തിനകത്തുനിന്നും പുറത്ത് നിന്നും ഒട്ടേറെപ്പേര്‍ എത്തിയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ, ലോകത്തിന്‍റെ അറ്റത്തുള്ള മറഞ്ഞുപോയ സ്വർണനഗരം എന്ന ഐതിഹ്യപരമായ ഒരു പദവി അത് വഹിച്ചു. 

മക്കയില്‍ നിന്ന് നിരവധി ഇസ്ലാമിക പണ്ഡിതന്മാരുമായിട്ടാണ് മൻസ മൂസ മടങ്ങിയത്. മുഹമ്മദ് നബിയുടെ നേരിട്ടുള്ള പിൻ‌ഗാമികളെന്ന് കരുതുന്നവര്‍, അൻഡാലുഷ്യൻ കവിയും വാസ്തുശില്പിയുമായ അബു എസ് ഹഖ് എസ് സഹേലി എന്നിവരെല്ലാം അതില്‍ പെടുന്നു. കവിക്ക് 200 കിലോ സ്വര്‍ണമാണ് മന്‍സാ മൂസ പാരിതോഷികമായി നല്‍കിയത് എന്നാണ് കരുതുന്നത്. അതും അന്നത്തെ കാലത്ത്. കലയും ആര്‍ക്കിടെക്ചറും പരിപോഷിപ്പിക്കുന്നതിനായി സാഹിത്യത്തിനും സ്കൂള്‍ നിര്‍മ്മിക്കാനും ലൈബ്രറികളും പള്ളികളും നിര്‍മ്മിക്കാനും അദ്ദേഹം മുന്‍കയ്യെടുത്തു പരിശ്രമിച്ചു. ടിംബക്റ്റു വളരെ പെട്ടെന്ന് തന്നെ വിദ്യാഭ്യാസകേന്ദ്രമായി മാറി. ലോകത്തിന്‍റെ പല ഭാഗത്തുനിന്നും വിദ്യാഭ്യാസം നേടാനായി ആളുകള്‍ ഇവിടെ എത്തി. പിന്നീടത് സങ്കോര്‍ സര്‍വകലാശാല ആയി മാറി. 

പശ്ചിമാഫ്രിക്കയിൽ വിദ്യാഭ്യാസ പാരമ്പര്യം ആരംഭിച്ചതിന്റെ ബഹുമതി ധനികനായ ഈ രാജാവിനുണ്ട്. എന്നിരുന്നാലും അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ കഥ പടിഞ്ഞാറൻ ആഫ്രിക്കയ്ക്ക് പുറത്ത് അധികം അറിയപ്പെടുന്നില്ല. 1337 -ൽ 57 -ാമത്തെ വയസില്‍ മൻസ മൂസ മരിച്ചതിനുശേഷം, അദ്ദേഹത്തിന്റെ പുത്രന്മാർക്ക് ഭരണം അവകാശമായി ലഭിച്ചു. എന്നാല്‍, ഭരിക്കാനറിയാതിരുന്ന അവരാല്‍ സാമ്രാജ്യം നശിച്ചു തുടങ്ങി. യൂറോപ്യന്മാരുടെ അധിനിവേശം കൂടി ഉണ്ടായതോടെ ആ നാശം പൂര്‍ണമായി. അളവില്ലാത്ത സമ്പത്ത് കൊള്ളയടിക്കാനായി യൂറോപ്യന്മാർ അവിടം കീഴടക്കുകയായിരുന്നു.

ഏതായാലും, ഇന്നും സാമ്പത്തിക ചരിത്രകാരന്മാർ പറയുന്നത്, ചരിത്രത്തിൽ ഏറ്റവും ധനികൻ മൻസാ മൂസ തന്നെ ആയിരുന്നു എന്നാണ്.