ന്യൂസിലാന്‍ഡില്‍ പോണ്‍ നിരോധിക്കാന്‍ സര്‍ക്കാര്‍. സ്‍കൂളുകളിലും പൊതുസ്ഥലങ്ങളിലുമടക്കം വൈ ഫൈയില്‍ പോണ്‍സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനാവും തുടക്കത്തിലെ ശ്രമമെന്നാണ് കരുതുന്നത്. കൗമാരക്കാരും വിദ്യാര്‍ത്ഥികളും അശ്ലീല സൈറ്റുകള്‍ക്ക് അടിമകളാകുന്നുവെന്ന പഠനഫലങ്ങളുടേയും മറ്റും തുടര്‍ച്ചയാണ് നീക്കം. ഫാമിലി ഫസ്‍റ്റ് അടക്കമുള്ള യാഥാസ്ഥിതിക ക്രിസ്‍ത്യന്‍ സംഘടനകളാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. എന്നാല്‍, ഇതെത്രത്തോളം നടപ്പില്‍ വരുമെന്നത് കാത്തിരുന്നു തന്നെ കാണേണ്ടിവരും. 

ആഭ്യന്തര വകുപ്പും കുട്ടികളുടെ വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രി ട്രെസി മാര്‍ട്ടിന്‍ പറയുന്നത്, അടുത്ത വര്‍ഷം നടക്കേണ്ട തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പോണ്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദിഷ്‍ട നയം പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുമെന്നാണ്. സ്‍കൂളുകളിലെയടക്കം വൈ ഫൈ, ഇന്‍റര്‍നെറ്റ് സൗകര്യങ്ങളുമുപയോഗപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ നിരന്തരം അശ്ലീല ദൃശ്യങ്ങള്‍ കാണുന്നുവെന്ന വിവരവും സര്‍ക്കാരും സംഘടനയും ഗൗരവത്തിലെടുത്തിട്ടുണ്ട്. സ്‍കൂളുകള്‍, പൊതുസ്ഥലങ്ങളായ എയര്‍പോര്‍ട്ടുകള്‍, ലൈബ്രറികള്‍ എന്നിവയിലെ വൈ-ഫൈ സേവനങ്ങളില്‍ നിന്നടക്കം അശ്ലീല സൈറ്റുകള്‍ ലഭ്യമാകുന്നത് തടയും. ഇങ്ങനെ പോണ്‍ തടയുന്നതിന് താന്‍ പ്രാഥമിക പരിഗണന നല്‍കുന്നുവെന്നും അത് നടപ്പില്‍ വന്നുകാണണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്നും മന്ത്രി ട്രെസി പറഞ്ഞു. 

2018 -ൽ ചീഫ് സെൻസർ ഡേവിഡ് ഷാങ്ക്സിന്‍റെ ഓഫീസ് നടത്തിയ ഗവേഷണത്തിൽ ന്യൂസിലാന്‍ഡില്‍ 75 ശതമാനം ആൺകുട്ടികളും, 14 -നും 17 -നും ഇടയിൽ പ്രായമുള്ള 58 ശതമാനം പെൺകുട്ടികളും ഓൺലൈനിൽ അശ്ലീല വീഡിയോ കാണുന്നതായി കണ്ടെത്തി. മാസത്തില്‍ ഒരു തവണയെങ്കിലും അശ്ലീല വീഡിയോ കാണുന്ന 69 ശതമാനം ആണ്‍കുട്ടികളുടെയും സ്വഭാവത്തില്‍ അധികാരമോ, അക്രമവാസനയോ കാണുന്നുണ്ട്. അതില്‍ തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കൗമാരക്കാര്‍ പറയുന്നത്, ദൃശ്യങ്ങളില്‍ കണ്ടത് തങ്ങള്‍ ബന്ധത്തില്‍ അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നാണ്. 

നീക്കം ശരിയായ ദിശയിലേക്കോ?

ഇതിനെ എതിര്‍ത്തും അനുകൂലിച്ചും ഒരുപാട് അഭിപ്രായങ്ങള്‍ മുന്നോട്ട് വരുന്നുണ്ട്. ഇത് എത്രത്തോളം നടപ്പിലാകുമെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഇത് തികച്ചും ശരിയായ ദിശയിലുള്ളൊരു നീക്കമാണെന്നും ഇതിനെ സ്വാഗതം ചെയ്യുന്നുവെന്നുമാണ് കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ആഞ്ചെല റെനി പറയുന്നത്. സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും വലിയ അടിമത്തം ഈ അശ്ലീല കാഴ്‍ചകളിലാണെന്നും അതിനെതിരെ ആരുമൊന്നും ചെയ്യുന്നില്ലെന്നും റെനി കുറ്റപ്പെടുത്തുന്നു. ഈ കണക്കുകള്‍ കണ്ണ് തുറപ്പിക്കുന്നതാണ്. ആളുകള്‍ വളരെ ചെറുപ്രായത്തില്‍ തന്നെ ഇത്തരം അശ്ലീലദൃശ്യങ്ങള്‍ കണ്ടുതുടങ്ങുന്നുവെന്നും അവര്‍ പറയുന്നുണ്ട്. 

ഇത്തരം ദൃശ്യങ്ങളുണ്ടാക്കുന്ന മാനസികവും ശാരീരികവുമായ പ്രശ്‍നങ്ങളെ കുറിച്ചും ബന്ധങ്ങളിലുണ്ടാക്കുന്ന വിള്ളലുകളെ കുറിച്ചും കുട്ടികളോട് സംവദിക്കുന്നതിനായി ഓക്‌ലൻഡിലെ വിവിധ സെക്കന്‍ഡറി സ്‍കൂളുകളിലേക്ക് പോകാന്‍ തയ്യാറായിരുന്നതായി കൗണ്‍സിലറായ റെനി പറയുന്നുണ്ട്. പക്ഷേ, സ്‍കൂളധികൃതര്‍ തന്നെ അതിന് അനുവദിച്ചിരുന്നില്ല. അവര്‍ക്ക് ഈ അശ്ലീല ദൃശ്യങ്ങളുണ്ടാക്കുന്ന ദൂഷ്യഫലങ്ങളെ കുറിച്ച് ധാരണയില്ലാത്തതിനാലാകാം അത്. എന്തായാലും, സ്‍കൂളധികൃതര്‍ വിദ്യാര്‍ത്ഥികള്‍ ഈ ദൃശ്യങ്ങള്‍ക്ക് അടിമകളാകാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട് എന്നും അവര്‍ പറയുന്നു. 

സ്വാഭാവികമായും അടുപ്പമോ, ലൈംഗിക ബന്ധമോ ആസ്വദിക്കാന്‍ കഴിയാത്ത തരത്തിലേക്ക് ഒരാളെ മാറ്റാന്‍ ഈ തുടര്‍ച്ചയായ അശ്ലീല ദൃശ്യങ്ങള്‍ കാണല്‍ കാരണമാകുമെന്നും റെനി ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളായാലും പുരുഷന്മാരായാലും തുടര്‍ച്ചയായി പോണ്‍ കാണുന്നവര്‍ക്ക് സാധാരണരീതിയിലുള്ള ശാരീരികബന്ധത്തിന് സാധിക്കുന്നില്ലായെന്നും അവര്‍ പറയുന്നു. നിയമവിരുദ്ധമായി ഇത്തരം അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിക്കപ്പെടുകയും കാണപ്പെടുകയും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. പ്രത്യേകിച്ച് കൗമാരക്കാരുടെ കാര്യത്തില്‍ അത് ആശങ്കാജനകമാണ്. എന്നും അവര്‍ പറയുന്നു.

ഏതായാലും ന്യൂസിലാന്‍ഡില്‍ സര്‍ക്കാര്‍ പോണ്‍ നിരോധിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുക തന്നെയാണെന്നാണ് മനസിലാക്കാനാവുന്നത്. യു കെ നേരത്തെ സമാനമായ രീതിയില്‍ നിയമനിര്‍മ്മാണത്തിന് ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, അവര്‍ക്കത് ഉപേക്ഷിക്കേണ്ടി വരികയായിരുന്നു.