സംഭവത്തിൽ ഏറെ അസ്വസ്ഥയായ സ്ത്രീ മാല ‌കഴുത്തിൽ ഉണ്ടെന്ന് ഉറപ്പാക്കുന്നു. എന്നാൽ കള്ളൻ അപ്പോഴും അവിടെ നിന്ന് പോകുന്നില്ല. അയാൾ വീണ്ടും അവർക്ക് അരികിലെത്തി സംസാരിക്കുകയും വീണ്ടും വീണ്ടും ക്ഷമാപണം നടത്തുകയും ചെയ്യുന്നു.

കാൽനടയാത്രക്കാരിയായ ഒരു സ്ത്രീയെ കൊള്ളയടിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ശേഷം ക്ഷമാപണം നടത്തുന്ന ‌കള്ളന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. തായ്‍ലാൻഡിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. മോഷണം പരാജയപ്പെട്ടെങ്കിലും ക്ഷമാപണം നടത്തിയ കള്ളന് ഇരയാക്കപ്പെട്ട സ്ത്രീ പണം നൽകിയാണ് പറഞ്ഞയച്ചത്. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

സിസിടിവി ദൃശ്യങ്ങളിൽ ഒരു സ്ത്രീ റോഡിലൂടെ നടന്നു നീങ്ങുന്നത് കാണാം. ഈ സമയം അവരുടെ സമീപത്തായി തന്നെ ഹെൽമറ്റ് ധരിച്ച ഒരു യുവാവിനെയും കാണാം. പെട്ടെന്ന് യുവാവ് ആ സ്ത്രീയുടെ കഴുത്തിൽ ഉണ്ടായിരുന്ന മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുന്നു. പക്ഷേ അതിൽ അയാൾ ദയനീയമായി പരാജയപ്പെടുന്നു. താൻ പിടിക്കപ്പെട്ടു എന്ന് മനസ്സിലായതോടെ കള്ളൻ കൈകൂപ്പി സ്ത്രീയോട് ക്ഷമാപണം നടത്തുന്നു.

സംഭവത്തിൽ ഏറെ അസ്വസ്ഥയായ സ്ത്രീ മാല ‌കഴുത്തിൽ ഉണ്ടെന്ന് ഉറപ്പാക്കുന്നു. എന്നാൽ കള്ളൻ അപ്പോഴും അവിടെ നിന്ന് പോകുന്നില്ല. അയാൾ വീണ്ടും അവർക്ക് അരികിലെത്തി സംസാരിക്കുകയും വീണ്ടും വീണ്ടും ക്ഷമാപണം നടത്തുകയും ചെയ്യുന്നു. ഒടുവിൽ സഹതാപം തോന്നിയ ആ സ്ത്രീ കള്ളന് പണം നൽകുന്നു. 100 തായ് ബാത്ത് ആണ് ഇരയാക്കപ്പെട്ട സ്ത്രീ കള്ളന് നൽകിയത്. ഇന്ത്യൻ കറൻസിയിൽ ഏകദേശം 300 രൂപയോളം വരുമിത്.

View post on Instagram

വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കള്ളന്റെ ദയനീയാവസ്ഥയെക്കുറിച്ച് നിരവധി പേരാണ് സഹതപിച്ചത്. അതോടൊപ്പം തന്നെ ആക്രമണത്തിന് ഇരയായിട്ടും കള്ളനോട് ക്ഷമിക്കാനും പണം നൽകാനും തയ്യാറായ സ്ത്രീയുടെ വലിയ മനസ്സിനെയും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിനന്ദിച്ചു. കള്ളന്റെ ദയനീയാവസ്ഥ കൊണ്ടായിരിക്കാം മോഷണത്തിന് ശ്രമിച്ചതെന്നും കുറ്റബോധവും ലജ്ജയും ഉള്ളതുകൊണ്ടാണ് അയാൾ ക്ഷമ പറഞ്ഞതെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.