രോഹിത്തിന്റെ അച്ഛന് ഒരു പച്ചക്കറി മാർക്കറ്റിലായിരുന്നു ജോലി. പന്ത്രണ്ടാം ക്ലാസിന് ശേഷം നീറ്റിന് തയ്യാറെടുക്കുന്നതിനായി രോഹിത് കോളേജ് പഠനം ഉപേക്ഷിക്കുകയായിരുന്നു.
ജാർഖണ്ഡിലെ ജംഷഡ്പൂരിൽ നിന്നുള്ള വളരെ പ്രചോദനാത്മകമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. ഒരു വണ്ടിയിൽ മൊബൈൽ ഫോൺ കവറുകൾ വിൽക്കുന്ന യുവാവ് നീറ്റ് യുജി പരീക്ഷയിൽ 549 മാർക്ക് നേടി. യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ ആളുകളുടെ ഹൃദയത്തെ സ്പർശിക്കുന്നത്.
അഖിലേന്ത്യാ തലത്തിൽ 12,484 -ാം റാങ്കാണ് രോഹിത് കുമാർ എന്ന യുവാവ് നേടിയിരിക്കുന്നത്. ജാർഖണ്ഡിലെ ഒരു സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശനം നേടാനാവുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ രോഹിത് കുമാർ.
ഫിസിക്സ് വാലായാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ, ഫൗണ്ടറും സിഇഒയുമായ അലഖ് പാണ്ഡെ കുമാറിനെ അഭിനന്ദിക്കാൻ അവൻ മൊബൈൽ കവർ വിൽക്കുന്ന സ്ഥലത്ത് എത്തുകയായിരുന്നു. 2025 -ലെ നീറ്റിന് വേണ്ടി പരിശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം നൽകുന്ന ഫിസിക്സ് വാലായുടെ ഉമ്മീദ് ബാച്ചിന്റെ ഭാഗമായിരുന്നു താനെന്നും രോഹിത് വെളിപ്പെടുത്തി.
രോഹിത്തിന്റെ അച്ഛന് ഒരു പച്ചക്കറി മാർക്കറ്റിലായിരുന്നു ജോലി. പന്ത്രണ്ടാം ക്ലാസിന് ശേഷം നീറ്റിന് തയ്യാറെടുക്കുന്നതിനായി രോഹിത് കോളേജ് പഠനം ഉപേക്ഷിക്കുകയായിരുന്നു. കൊവിഡിന്റെ സമയത്ത് ഒരു മെഡിക്കൽ സ്റ്റോറിൽ അവൻ ജോലി ചെയ്തിരുന്നു. അങ്ങനെയാണ് മെഡിക്കൽ രംഗം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നത്.
നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമയത്തും, താൻ ദിവസം മുഴുവനും തന്റെ സ്റ്റാളിൽ ഫോൺ കവറുകൾ വിറ്റുവെന്നും പിന്നീടാണ് പുലർച്ചെ 3 മണി വരെ പരീക്ഷയ്ക്കായി പഠിച്ചിരുന്നത് എന്നും രോഹിത് പാണ്ഡെയോട് പറഞ്ഞു. മൂന്ന് മണി വരെ ഇരുന്ന് പഠിച്ചിട്ടും പിറ്റേന്ന് രാവിലെ 7 മണിക്ക് ഉണർന്ന് അവൻ ഫോൺ കവറുകൾ വിൽക്കാനായി പോവുമായിരുന്നു.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ രോഹിത്തിനെ അഭിനന്ദിച്ചു കൊണ്ട് കമന്റുകൾ നൽകിയിരിക്കുന്നത്.


