ഈ പോസ്റ്റ് ഓൺലൈനിൽ വലിയ വിമർശനങ്ങൾക്കിടയാക്കി. കൊൽക്കത്തയിലെ റോഡുകളുടെയും ഡ്രെയിനേജ് സംവിധാനങ്ങളുടെയും ശോച്യാവസ്ഥയാണ് പലരും ചൂണ്ടിക്കാട്ടിയത്.
കൊൽക്കത്തയിലെ വെള്ളക്കെട്ടിൽ കുടുങ്ങിപ്പോയ ഒരു റോൾസ് റോയ്‌സ് ഗോസ്റ്റ് (Rolls-Royce Ghost) കാറിൻറെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഉള്ളതുകൊണ്ട് സന്തോഷിക്കണമെന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട് വ്യാപകമായ വിമർശനമാണ് ഉയരുന്നത്.
നീലയും വെള്ളയും നിറത്തിലുള്ള ആഡംബര കാർ വഴിയരികിൽ വെള്ളക്കെട്ടിൽ കുടുങ്ങിക്കിടക്കുന്നത് വീഡിയോയിൽ കാണാം. വാഹനത്തിൻറെ ബോണറ്റിൽ ഏതാനും മരച്ചില്ലകൾ വെച്ചിരിക്കുന്നതായും ദൃശ്യങ്ങളിൽ കാണാം. വെള്ളക്കെട്ടിലൂടെ മറ്റ് വാഹനങ്ങൾ പോകുമ്പോഴും ഈ കാർ അവിടെ ഉപേക്ഷിക്കപ്പെട്ട നിലയിലാണുള്ളത്. ഈ വീഡിയോയ്ക്ക് നൽകിയിട്ടുള്ള കുറിപ്പ് ഇങ്ങനെയാണ് 'നിങ്ങൾക്കുള്ളതിൽ സന്തോഷിക്കുക... എല്ലാവരും സുരക്ഷിതരായിരിക്കട്ടെ.'
ഈ പോസ്റ്റ് ഓൺലൈനിൽ വലിയ വിമർശനങ്ങൾക്കിടയാക്കി. കൊൽക്കത്തയിലെ റോഡുകളുടെയും ഡ്രെയിനേജ് സംവിധാനങ്ങളുടെയും ശോച്യാവസ്ഥയാണ് പലരും ചൂണ്ടിക്കാട്ടിയത്. 'കൊൽക്കത്തയിലെ റോഡുകളുടെ ദുരവസ്ഥ' എന്ന് ഒരാൾ അഭിപ്രായപ്പെട്ടപ്പോൾ, 'നമുക്ക് ഒരുപാട് ആഡംബര കാറുകൾ ഇറക്കുമതി ചെയ്യാനുണ്ട്, എന്നിട്ടും റോഡുകൾ കുഴികളും ഗതാഗതക്കുരുക്കും നിറഞ്ഞതാണ്' എന്ന് മറ്റൊരാൾ കുറിച്ചു. ലോകം ഇത്രയേറെ പുരോഗതി പ്രാപിച്ചിട്ടും ഗതാഗതയോഗ്യമായ റോഡുകൾ ഇല്ലാത്തത് പരിതാപകരം ആണെന്ന് ചിലർ അഭിപ്രായപ്പെട്ടു. റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിൽ വിട്ടുവീഴ്ച വരുത്താത്ത ഭരണാധികാരികളെയാണ് ഇനി വേണ്ടതെന്നും ചിലർ കുറിച്ചു. ഒരു മഴ പെയ്താൽ പോലും വാഹനങ്ങളുമായി റോഡിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും ആളുകൾ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി കൊൽക്കത്തയിൽ കനത്ത മഴ പെയ്യുന്നുണ്ട്. ഇത് നഗരത്തിൽ വ്യാപകമായ വെള്ളപ്പൊക്കത്തിനും വലിയ നാശനഷ്ടങ്ങൾക്കും കാരണമായി. പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ മഴക്കെടുതിയാണിതെന്ന് അധികൃതർ അറിയിച്ചു. വെള്ളപ്പൊക്കത്തിൽ ഇതുവരെ ഏകദേശം 10 പേർ മരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.


