14 വയസ്സിന് മുകളിലുള്ള കുട്ടികളെ മുതിർന്നവർക്കൊപ്പം ഹോട്ടലിൽ അനുവദിക്കും. ഈ ഹോട്ടലിലേക്കുള്ള യാത്ര വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ല.
അതിഥികൾക്ക് ഭൂഗർഭ ഖനിയിൽ ഉറങ്ങാൻ സാധിക്കുന്ന ഹോട്ടൽ യുകെയിൽ പ്രവർത്തനം ആരംഭിക്കുന്നു. 'ലോകത്തിലെ ഏറ്റവും ആഴമേറിയ ഹോട്ടൽ' എന്നാണ് ഇത് അറിയപ്പെടുന്നത്. ഡീപ് സ്ലീപ്പ് ഹോട്ടൽ എന്നാണ് ഈ ഹോട്ടലിന്റെ പേര്. ഇവിടെ അതിഥികൾക്കായി മുറികൾ ഒരുക്കിയിരിക്കുന്നത് 1,375 അടി താഴ്ച്ചയിലാണ്. വെയിൽസിലെ സ്‌നോഡോണിയ പർവതനിരകൾക്ക് താഴെ സ്ഥിതി ചെയ്യുന്ന ഈ ഹോട്ടൽ ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും ആഴമേറിയതാണെന്ന് മെട്രോ റിപ്പോർട്ട് ചെയ്തു. ഗോ ബിലോ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഹോട്ടൽ. ഇവിടെ അതിഥികൾക്ക് അവരുടെ താമസസ്ഥലത്ത് എത്താൻ ഉപേക്ഷിക്കപ്പെട്ട മൈനിലൂടെ താഴേക്ക് യാത്ര ചെയ്യണം.
കമ്പനി വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നാല് സ്വകാര്യ ട്വിൻ ബെഡ് ക്യാബിനുകളും ഡബിൾ ബെഡ് ഉള്ള ഒരു റൊമാന്റിക് ഗ്രോട്ടോയും ആണ് ഭൂഗർഭ ഖനിയിൽ അതിഥികൾക്കായുള്ളത്. ഒരു സ്വകാര്യ ക്യാബിനിൽ രണ്ടുപേർക്കുള്ള ഒറ്റ രാത്രി താമസത്തിന് ഏകദേശം 36,000 രൂപയും ഗ്രോട്ടോയിൽ രണ്ട് പേർക്ക് 57,000 രൂപയുമാണ് വില. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച രാവിലെ വരെയാണ് ഇവിടം മുൻകൂട്ടിയുള്ള ബുക്കിങ്ങിലൂടെ അതിഥികൾക്കായി തുറന്നു നൽകുക.
മാംസം, വെജിറ്റേറിയൻ, വീഗൻ എന്നിവയാണ് സന്ദർശകർക്കായി ഹോട്ടലിൽ ലഭ്യമായ ഭക്ഷണങ്ങൾ. ഇതിന് പുറമേ താമസക്കാർക്ക് പുറത്തുനിന്നും ഭക്ഷണങ്ങൾ ഹോട്ടലിൽ കൊണ്ടുവരാവുന്നതാണ്. 14 വയസ്സിന് മുകളിലുള്ള കുട്ടികളെ മുതിർന്നവർക്കൊപ്പം ഹോട്ടലിൽ അനുവദിക്കും. ഈ ഹോട്ടലിലേക്കുള്ള യാത്ര വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ല. 45 മിനിറ്റോളം ട്രക്കിംഗ് നടത്തിയാൽ മാത്രമേ ലോകത്തിലെ ഏറ്റവും ആഴമേറിയ ഉപേക്ഷിക്കപ്പെട്ട സ്ലേറ്റ് ഖനിയിൽ എത്തിച്ചേരാൻ സാധിക്കും. വീണ്ടും ഖനിക്കുള്ളിലൂടെ 60 മിനിറ്റോളം യാത്ര ചെയ്യണം. ഇതിനായി പ്രത്യേക ബൂട്ട്, ഹെൽമെറ്റ്, ലൈറ്റ് എന്നിവ ലഭിക്കും.
