ഹൈദരാബാദിലെ അനധികൃത ബേക്കറിയിൽ റെയ്ഡ്. കേക്കുകളും ബണ്ണുകളും നിർമ്മിക്കാൻ ചീഞ്ഞ മുട്ടകളും മാരകമായ രാസവസ്തുക്കളും ഉപയോഗിക്കുന്നതായി കണ്ടെത്തി. 'മധുര മീനാക്ഷി ഫുഡ് കമ്പനി' എന്ന സ്ഥാപനമാണ് പൊലീസ് പൂട്ടിച്ചിരിക്കുന്നത്. 

ഹൈദരാബാദിലെ കാറ്റേഡനിൽ ഒരു ബേക്കറിയിൽ നടന്ന റെയ്ഡിൽ കണ്ടെത്തിയത് ചീഞ്ഞ മുട്ടകളും ആരോ​ഗ്യത്തെ മോശമായി ബാധിക്കുന്ന രാസവസ്തുക്കളും. പിന്നാലെ, അധികൃതർ ബേക്കറി പൂട്ടിച്ചു. അനധികൃതമായിട്ടാണത്രെ ഈ ബേക്കറി പ്രവർത്തിക്കുന്നത്. റെയ്ഡിൽ, ചീഞ്ഞ മുട്ടകളും മാരകമായ രാസവസ്തുക്കളും ഉപയോഗിച്ചാണ് ഇവിടെ കേക്കുകളും ബണ്ണുകളും നിർമ്മിച്ചിരുന്നത് എന്നാണ് കണ്ടെത്തിയത്. പിന്നാലെ, സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ മൈലാർദേവ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. 'മധുര മീനാക്ഷി ഫുഡ് കമ്പനി' എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. സൂപ്പർവൈസർ അഫ്രീദി അൻസാരി (22), മാനേജർ യാസീൻ (32), ഖത്രേഷൻ എന്നിവരാണ് പിടിയിലായത്.

അങ്ങേയറ്റം വൃത്തിഹീനമായ സാഹചര്യത്തിലാണ് ബേക്കറിയിൽ പലഹാരങ്ങൾ നിർമ്മിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. പരിശോധനയിൽ കേക്ക് നിർമ്മാണത്തിന് വ്യാപകമായി ചീഞ്ഞ മുട്ടകളാണ് ഉപയോഗിച്ചിരുന്നത് എന്ന് കണ്ടെത്തി. ഉൽപ്പന്നങ്ങൾ കേടാകാതിരിക്കാനും നിറം നൽകാനും സോഡിയം ബെൻസോയേറ്റ്, സോർബിക് ആസിഡ്, പി.ജി.പി.ആർ ലിക്വിഡ് തുടങ്ങിയ രാസവസ്തുക്കളും സിന്തറ്റിക് നിറങ്ങളും ഉപയോഗിച്ചിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി. അത് മാത്രമല്ല, ഈ ഉൽപ്പന്നങ്ങൾ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ എന്ന വ്യാജേനയാണ് വിപണിയിൽ വിറ്റിരുന്നത് എന്നും കണ്ടെത്തി. പ്രത്യേകിച്ച് കുട്ടികളെയാണ് ഇത്തരം മായം കലർന്ന ആഹാരങ്ങൾ കൂടുതൽ ദോഷകരമായി ബാധിക്കുകയെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Scroll to load tweet…

സംഭവം പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്നത്. ഇത്തരം വ്യാജ യൂണിറ്റുകൾ നടത്തുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും ഉടമയുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തണമെന്നുമാണ് ആളുകൾ ആവശ്യപ്പെടുന്നത്. നഗരത്തിലെ മറ്റ് ഭക്ഷ്യ സംസ്കരണ യൂണിറ്റുകളിലും സമാനമായ പരിശോധനകൾ നടത്തണമെന്നും പലരും ഹൈദരാബാദ് പൊലീസിനോട് അഭ്യർത്ഥിച്ചു.