പാകിസ്ഥാൻ സൈന്യത്തിന്റെ 'അട്ടിമറി' ബ്രിഗേഡെന്നാണ് 111 ബ്രിഗേഡ് അറിയപ്പെടുന്നത്. പാകിസ്ഥാനിൽ ഇന്നുവരെ നടന്ന സൈനിക കലാപങ്ങൾ എല്ലാം തന്നെ പ്രാവർത്തികമാക്കിയത് ഈ  ബ്രിഗേഡിന്റെ സൈനികരെ ഉപയോഗിച്ചാണ്. അതിന് 1958-ൽ ഇസ്കന്തർ മിർസയ്‌ക്കെതിരെ ജനറൽ അയൂബ് ഖാൻ നടത്തിയതായാലും, 1977-ൽ സുൾഫിക്കർ അലി ഭൂട്ടോയ്‌ക്കെതിരെ ജനറൽ സിയാ ഉൾ ഹഖ് നടത്തിയതായാലും, അല്ല, 1999-ൽ നവാസ് ഷെരീഫിനെതിരെ  ജനറൽ പർവേസ് മുഷാറഫ് നടത്തിയതായാലും, എല്ലാറ്റിന്റെയും മുൻനിരയിൽ 111 ബ്രിഗേഡിന്റെ സൈനികരായിരുന്നു. പാകിസ്ഥാനിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി നടക്കുന്ന രാഷ്ട്രീയ സൈനിക സംഭവവികാസങ്ങൾ ആസന്നമായ ഒരു സൈനിക അട്ടിമറിക്കുനേരെയാണ് വിരൽചൂണ്ടുന്നത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

അവയിൽ പ്രധാനം, ആർമി ചീഫ് ജനറൽ കമർ ജാവേദ് ബാജ്‌വ നടത്തിയ ഒരു രഹസ്യയോഗമാണ്. ഇമ്രാൻ ഖാന്റെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ആ യോഗത്തിൽ രാജ്യത്തെ പ്രധാനപ്പെട്ട ബിസിനസ് സ്ഥാപനങ്ങളുടെ എല്ലാം തന്നെ തലവന്മാർ പങ്കെടുത്തിരുന്നു.  ഈ യോഗത്തെക്കുറിച്ചുള്ള വാർത്തകളും, അതോടൊപ്പം തന്നെ 111 ബ്രിഗേഡിലെ സകല സൈനികരോടും അവധികൾ റദ്ദാക്കി തിരികെ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിടിക്കുകയാണ് എന്ന വാർത്തകളുമാണ് ഇത്തരത്തിൽ ഒരു പട്ടാള അട്ടിമറിയെപ്പറ്റിയുള്ള അഭ്യൂഹങ്ങൾക്ക്  തിരികൊളുത്തിയിരിക്കുന്നത്. 

ജനറൽ സിയാ ഉൽ ഹഖ് 

പാകിസ്ഥാന്റെ തന്നെ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് പറയുന്നത് ജനറൽ ബാജ്‌വ, ' സുരക്ഷയും, സമ്പദ്‌വ്യവസ്ഥയും' എന്ന വിഷയത്തെ മുൻ നിർത്തിയാണ് പ്രമുഖ ബിസിനസുകാരുമൊത്ത് ഒക്ടോബർ 2-ന് നടത്തിയ സമ്മേളനത്തിൽ സംസാരിച്ചത് എന്നാണ്.  രാജ്യത്തെ ആഭ്യന്തര സുരക്ഷയിലുണ്ടായ മുന്നേറ്റം വിപണിക്ക് നൽകിയിട്ടുള്ള ഉണർവിനെപ്പറ്റിയാണ് ബാജ്‌വ പ്രധാനമായും സംസാരിച്ചത്. അതിനു ശേഷമാണ് 111  ബ്രിഗേഡിന്റെ ലീവ് കാൻസൽ ചെയ്തുകൊണ്ടുള്ള ഉത്തരവുണ്ടാകുന്നത്. നിലവിൽ പ്രധാനമന്ത്രിയുടെ സുരക്ഷയും, ഇസ്ലാമാബാദ് പ്രവിശ്യയുടെ പരിപാലനവുമാണ് 111 ബ്രിഗേഡിന്റെ ചുമതലകൾ. 

വ്യാഴാഴ്ച പാക് പട്ടാളത്തിലെ കോർപ് കമ്മാണ്ടർമാരെ അഭിസംബോധന ചെയ്തുകൊണ്ട് ജനറൽ ബാജ്‌വ പറഞ്ഞത്, ഇന്ത്യൻ പട്ടാളത്തിന്റെ പ്രകോപനങ്ങൾക്ക് ഉചിതമായ മറുപടി തന്നെ നൽകും എന്നാണ്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രൂപീകരിച്ച ദേശീയ വികസന സമിതിയിലും പട്ടാള മേധാവിയായ ജനറൽ ബജ്‌വയുടെ സാന്നിധ്യമുണ്ട്. പാകിസ്ഥാനിൽ വർധിച്ചു വരുന്ന വിലക്കയറ്റവും, വിപണിയെ മുമ്പെന്നത്തേക്കാളും അധികം ബാധിച്ചിരിക്കുന്ന സാമ്പത്തിക മാന്ദ്യവും രാജ്യത്തെ ബിസിനസ് കേന്ദ്രങ്ങളെ ഉത്കണ്ഠയിൽ ആഴ്ത്തിയിരിക്കുന്ന ഒന്നാണ്. ജിഡിപിയിലെ വളർച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തേതിന്റെ പകുതിയോളമായി ഇടിഞ്ഞിട്ടുണ്ട്. സാമ്പത്തിക നയങ്ങളിൽ വന്ന പാളിച്ചയാണ് ഇതിന് കാരണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസ്, റിസർച്ച് ആൻഡ് മാനേജ്‌മെന്റിൽ അടുത്തിടെ നടത്തിയ ഒരു പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ട ബാജ്‌വ, സൈന്യം ആവശ്യമായ ഇടപെടലുകൾ നടത്തി അത് പരിഹരിക്കാൻ ശ്രമിക്കുമെന്നും അന്ന് പറഞ്ഞിരുന്നു. 

2019  മെയ് മാസത്തോടെ തന്നെ ബാജ്‌വയും ഇമ്രാൻ ഖാനും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുകൾ വന്നിട്ടുണ്ട് എന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ  ഓഗസ്റ്റിൽ ഇമ്രാൻ ഖാൻ തന്നെ ബാജ്‌വയുടെ കാലാവധി മൂന്നുവർഷത്തേക്കു കൂടി നീട്ടിക്കൊടുക്കുകയുമുണ്ടായി. രാജ്യത്തെ വലതു തീവ്ര സംഘടനയായ ജംഇയ്യത്ത് ഉലമ - ഇ - ഇസ്‌ലാം ഫസൽ  ഇമ്രാൻ ഖാനെ സ്ഥാനഭ്രഷ്ടനാക്കാൻ വേണ്ടി തലസ്ഥാനത്തേക്ക് 'ആസാദി മാർച്ച്' നടത്തും എന്ന ഭീഷണി മുഴക്കിയിരിക്കുന്ന ഈ സാഹചര്യത്തിൽ, പട്ടാളവുമായി ബന്ധപ്പെടുത്തിയുള്ള അട്ടിമറി സാധ്യതകളെപ്പറ്റിയുള്ള അഭ്യൂഹങ്ങൾ ഏറെ പ്രസക്തമാവുകയാണ്.