Russia Ukraine War: യുക്രൈന്‍ യുദ്ധം ഇനി എന്താവും എന്ന അന്വേഷണമാണിത്. റഷ്യ ഇനി എന്താണ് ചെയ്യാന്‍ പോവുന്നത്? രാജ്യാന്തര രാഷ്ട്രീയത്തില്‍ ഈ യുദ്ധം ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാവും?
പ്രവചനാതീതമാണ് എപ്പോഴും യുദ്ധത്തിന്റെ വഴി. ഏതു സമയവും എന്തും സംഭവിക്കാം. ചെറിയ സംഭവങ്ങള്‍ പോലും വലിയ മാറ്റങ്ങള്‍ക്ക് കാരണമാവാം. യുക്രൈനില്‍ (Ukraine) ഇപ്പോള്‍ നടക്കുന്ന യുദ്ധവുമതെ. രണ്ട് മൂന്ന് ദിവസം കൊണ്ട് തീരുമെന്ന് കരുതി റഷ്യ (Russia) ആരംഭിച്ച യുദ്ധം നീണ്ടുപോയിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിനകത്ത് പോറ്റിവളര്‍ത്തുന്ന റഷ്യന്‍ അനുകൂലികളെ ഉപയോഗിച്ച്, താരതമ്യേന ദുര്‍ബലരായ യുക്രൈനിനെ എളുപ്പം തീര്‍ത്തുകളയാമെന്ന് കരുതിയാണ് യുദ്ധം ആരംഭിച്ചതെങ്കിലും അതിശക്തമായ ചെറുത്തുനില്‍പ്പ് (Resistance) റഷ്യയെ ഞെട്ടിച്ചിട്ടുണ്ട്. അതാണ റഷ്യന്‍ ആക്രമണം കൂടുതല്‍ കടുത്തുവരുന്നത്. ഈ സാഹചര്യത്തില്‍ യുക്രൈന്‍ യുദ്ധം ഇനി എന്താവും എന്ന അന്വേഷണമാണിത്. റഷ്യ ഇനി എന്താണ് ചെയ്യാന്‍ പോവുന്നത്? രാജ്യാന്തര രാഷ്ട്രീയത്തില്‍ ഈ യുദ്ധം ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാവും?
ബിബിസിയുടെ ഡിപ്ലോമാറ്റിക് കറസ്‌പോണ്ടന്റ് ജെയിംസ് ലാന്‍ഡെയില്‍ മുന്നോട്ടുവെക്കുന്ന ചില വ്യത്യസ്തമായ സാദ്ധ്യതകള്‍ നമുക്ക് പരിശോധിക്കാം.

സാദ്ധ്യത ഒന്ന്: ഹ്രസ്വയുദ്ധം
കരയിലും ആകാശത്തിലും നിന്ന്് റഷ്യന്‍ സൈന്യം ആക്രമണം ശക്തമാക്കും. വ്യോമാക്രമണത്തില്‍ യുക്രൈനില്‍ വന്‍നാശനഷ്ടങ്ങളുണ്ടാകും. സൈബറാക്രമണം രാജ്യത്തെ പ്രധാനസ്ഥാപനങ്ങളെ സാരമായി ബാധിക്കും. ഊര്‍ജ, കമ്യൂണിക്കേഷന്‍ ശൃംഖലകള്‍ മുറിയും. ആയിരക്കണക്കിന് സിവിലിയന്‍മാര്‍ കൊല്ലപ്പെടും. ധീരമായ പ്രതിരോധത്തിന് ഒടുവില്‍ യുക്രൈന്‍ പരാജയപ്പെടും. നിലവിലെ സര്‍ക്കാറിനെ മാറ്റി റഷ്യ ഒരു പാവഭരണകൂടത്തെ അവിടെ പ്രതിഷ്ഠിക്കും. പ്രസിഡന്റ് സെലന്‍സ്‌കി കൊല്ലപ്പെടുകയോ വടക്കന്‍ പ്രദേശങ്ങളിലേക്കോ വിദേശരാജ്യങ്ങളിലേക്കോ രക്ഷപ്പെട്ട് അവിടെ ഒരു പ്രവാസഭരണകൂടം ഉണ്ടാക്കും. പുടിന്‍ വിജയം പ്രഖ്യാപിക്കുകയും കുറച്ച് സൈന്യത്തെ അവിടെ നിര്‍ത്തി ബാക്കി സൈന്യത്തെ പിന്‍വലിക്കുകയും ചെയ്യും. ലക്ഷക്കണക്കിന് മനുഷ്യര്‍ അഭയാര്‍ത്ഥികളായി പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ തുടരും. യുക്രൈന്‍ ബൊലുറസിനെപ്പോലെ റഷ്യയുടെ സാമന്തരാജ്യമായി മാറും.
എന്നാല്‍, റഷ്യ യുക്രൈനില്‍ സ്ഥാപിക്കാന്‍ പോവുന്ന പാവസര്‍ക്കാറിന് ലോകരാഷ്ട്രങ്ങളുടെ അംഗീകാരമുണ്ടാവില്ല. തോക്ക് കൊണ്ട് ഭരണം തുടര്‍ന്നാലും അതിനെതിരെ വമ്പന്‍ എതിര്‍പ്പുകളുണ്ടാവും മേഖല നിരന്തര സംഘര്‍ഷമേഖലയാവും.

സാധ്യത രണ്ട്: ദീര്‍ഘയുദ്ധം
യുക്രൈനിനെ പൂര്‍ണ്ണമായി കീഴടക്കാന്‍ ഉടന്‍ റഷ്യയ്ക്ക് പറ്റാതായാല്‍ അതൊരു നീളന്‍ യുദ്ധമായി മാറും.
വ്യത്യസ്തമായ കാരണങ്ങളാല്‍ ഇത് സംഭവിക്കാം. ഒന്ന്, യുക്രൈന്‍ പോരാട്ടം ഗറില്ലാ സമരരീതിയിലേക്ക് മാറുക. അതു നേരിടാന്‍ റഷ്യന്‍ സൈന്യം ബുദ്ധിമുട്ടുക, യുക്രൈന്‍ നഗരങ്ങള്‍ മുഴുവന്‍ നിയന്ത്രിക്കാന്‍ കഴിയാതിരിക്കുക, എന്നിങ്ങനെ പല കാരണങ്ങള്‍. അങ്ങനെ വന്നാല്‍, യുക്രൈന്‍ നഗരങ്ങള്‍ക്ക് എതിരായ ദീര്‍ഘ ഉപരോധത്തിലേക്ക് അത് വഴിമാറും. 1990-കളില്‍ ചെച്‌നിയയുടെ തലസ്ഥാനമായ ഗ്രോസ്‌നി പിടിച്ചടക്കാന്‍ റഷ്യന്‍ സൈന്യം നടത്തിയ ദീര്‍ഘയുദ്ധത്തെ ഓര്‍മ്മിപ്പിക്കുന്ന അവസ്ഥയുണ്ടാവും.
യുക്രൈനിലെ കുറച്ച് നഗരങ്ങളുടെ നിയന്ത്രണം റഷ്യയ്ക്ക് കിട്ടിയാലും അത് നിലനിര്‍ത്തുക എളുപ്പമാവില്ല. യുക്രൈന്‍ പ്രതിരോധ സേന ജനപിന്തുണയോടെ ഗറില്ലാ സമരരീതിയിലേക്ക് മാറും. അതോടെ നിരന്തര സംഘര്‍ഷങ്ങളുണ്ടാവും. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആയുധങ്ങളും സഹായവും വിതരണം ചെയ്യും. ചെറുത്തുനില്‍പ്പുകളെ ഒരു പാട് കാലം പിടിച്ചുനില്‍ക്കാനാവാതെ റഷ്യന്‍ സൈന്യത്തിന് യുക്രൈന്‍ വിടേണ്ടിവരും. 1989-ല്‍ അഫ്ഗാനിസ്താനില്‍ റഷ്യന്‍ സൈന്യം മുജാഹിദുകളുടെ പോരാട്ടത്തിനു മുന്നില്‍ മുട്ടുകുത്തിയത് യുക്രൈനിലും ആവര്‍ത്തിക്കും. പതിറ്റാണ്ടുകളുടെ അധിനിവേശം അവസാനിപ്പിച്ചാണ് അന്ന് ശക്തരായ റഷ്യ അഫ്ഗാന്‍ വിട്ടോടിയത്.

സാധ്യത മൂന്ന്: യൂറോപ്യന്‍ യുദ്ധം
റഷ്യന്‍ അധിനിവേശം യുക്രൈനിനു പുറത്തേക്കു വ്യാപിച്ചാല്‍ അതൊരു യൂറോപ്യന്‍ യുദ്ധത്തിലേക്കാവും വഴി തെളിയിക്കുക. പല സാദ്ധ്യതകളാണ് അതിനുള്ളത്.
ഒന്ന്, സ്വാതന്ത്ര്യം നേടി പരമാധികാര റിപ്പബ്ലിക്കുകളായി മാറിയ മുന്‍ സോവിയറ്റ് പ്രദേശങ്ങളെല്ലാം പിടിച്ചടക്കുകയാണ് പുടിന്റെ പ്രധാന ലക്ഷ്യം. ആ നിലയ്ക്ക്, യുക്രൈന്‍ കഴിഞ്ഞാല്‍, സമീപത്തുള്ള നാറ്റോ അംഗങ്ങളല്ലാത്ത മോള്‍ഡാവ, ജോര്‍ജിയ എന്നിവിടങ്ങളിലേക്ക് കൂടി അധിനിവേശ ശ്രമം വ്യാപിപ്പിക്കാന്‍ റഷ്യന്‍ സൈന്യം ശ്രമം തുടരും. അത് സംഘര്‍ഷത്തിന് വഴി തെളിയിക്കും.
രണ്ട്, യുക്രൈനിലേക്ക് നാറ്റോ രാജ്യങ്ങള്‍ ആയുധം എത്തിക്കുന്നത് തടയുമെന്ന പുടിന്റെ ഭീഷണി യാഥാര്‍ത്ഥ്യമായാല്‍, യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങും.
മൂന്ന്, നാറ്റോ അംഗങ്ങളായ മുന്‍ സോവിയറ്റ് പ്രദേശമായ ലിത്വാനിയ അടക്കമുള്ള നാറ്റോ അംഗങ്ങളായ ബാള്‍ട്ടിക് രാഷ്ട്രങ്ങളെ അക്രമിക്കുമെന്നും പുടിന്‍ നിലവില്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. അങ്ങനെ വന്നാല്‍, അത് നാറ്റോ ശക്തികളുമായുള്ള ഒരു യുദ്ധത്തിലേക്കാണ് വഴി തെളിയിക്കുക. നാറ്റോ സഖ്യ ചാര്‍ട്ടറിലെ സൈനിക ആര്‍ട്ടിക്കിള്‍ അഞ്ച് പ്രകാരം നാറ്റോ രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിനെ ആക്രമിച്ചാല്‍ അതെല്ലാ രാജ്യങ്ങളെയും ആക്രമിച്ചതു പോലെയാവും കണക്കാക്കുക.

സാദ്ധ്യത നാല്: നയതന്ത്ര പരിഹാരം
നിലവില്‍ സംസാരിക്കുന്നത് തോക്കുകളാണെങ്കിലും ചര്‍ച്ചകളുടെ വഴി അടഞ്ഞിട്ടില്ല എന്നാണ് പുതിയ സാഹചര്യങ്ങളെക്കുറിച്ച് യു എന്‍ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗുറ്ററസ് പറയുന്നത്. യുദ്ധത്തിനിടയിലും അദ്ദേഹം സൂചിപ്പിക്കുന്ന നയതന്ത്ര സാധ്യതകള്‍ അതേപടി നിലനില്‍ക്കുന്നുണ്ട് എന്നതാണ് വാസ്തവം. ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ അടക്കമുള്ള നേതാക്കള്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് പുടിനോട് ഫോണ്‍ സംസഭാഷണങ്ങളില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, ഇതിനകം തന്നെ റഷ്യന്‍ യുക്രൈന്‍ ഭരണാധികാരികള്‍ ബെലാറൂസില്‍ സമാധാന ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. കാര്യമായ പുരോഗതി ഒന്നുമുണ്ടായില്ലെങ്കിലും നയതന്ത്ര മാര്‍ഗമാണ് നിലവില്‍ പ്രയോഗികം എന്ന സാദ്ധ്യത റഷ്യ അംഗീകരിക്കുന്നു എന്ന സൂചനയാണ് അത് നല്‍കുന്നത്.
റഷ്യയ്‌ക്കെതിരെ പടിഞ്ഞാറന്‍ രാജ്യങ്ങളും അമേരിക്കയും അടക്കം പ്രഖ്യാപിച്ച ഉപരോധ ശ്രമങ്ങള്‍ നയതന്ത്ര പരിഹാര സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഉപരോധം നിലവില്‍ റഷ്യയെ മോശമായി ബാധിച്ചിട്ടുണ്ട്. റഷ്യയിലെ വാണിജ്യ, വ്യവസായ രംഗങ്ങളിലുള്ള വന്‍ തോക്കുകള്‍ പ്രശനപരിഹാരത്തിനായി ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്. വെടിനിര്‍ത്തലിലൂടെ ഉപരോധം പിന്‍വലിക്കുക എന്നൊരു പോംവഴിയാണ് നിലവില്‍ ഉരുത്തിരിയുന്നത്.
മറ്റൊരു ഘടകം, റഷ്യയ്ക്ക് ഏല്‍ക്കുന്ന നഷ്ടങ്ങളാണ്. യുക്രൈന്റെ ചെറുത്തുനില്‍പ്പ് കരുത്താര്‍ജിച്ചാല്‍ അത് റഷ്യയെ മോശമായി ബാധിക്കും. റഷ്യന്‍ സൈനികര്‍ കൂടുതലായി കൊല്ലപ്പെടും. അവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് വന്നുകൊണ്ടിരിക്കും. അതോടെ സൈനികരുടെ ജീവനെച്ചൊല്ലിയുള്ള മുറവിളി റഷ്യയില്‍നിന്നുതന്നെ ഉയരുമ. അത് തന്റെ കസേരയ്ക്ക് നല്ലതല്ല എന്ന് നന്നായറിയുന്ന ആളാണ് പുടിന്‍. നയതന്ത്ര പരിഹാരങ്ങളിലൂടെ ഈ നഷ്ടം കുറയ്ക്കുന്നതായിരിക്കും പുടിനും ഗുണകരം.
അതേ സമയം യുക്രൈനിനും സമാധാന ശ്രമങ്ങളായിരിക്കും കൂടുതല്‍ സ്വീകാര്യമാവുക. റഷ്യന്‍ യുദ്ധം യുക്രൈനില്‍ അതിഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. യുദ്ധം നീണ്ടുപോയാല്‍, അവസ്ഥ കൂടുതല്‍ വഷളാവും. അതിനാല്‍, യുദ്ധത്തിനു മുമ്പുള്ള നിലപാടാവില്ല ഇനി യുക്രൈന്‍ കൈക്കൊള്ളുക. സമാധാന ശ്രമങ്ങളുണ്ടായാല്‍, മുമ്പത്തേതിലും വിട്ടുവീഴ്ച ചെയ്യാന്‍ യുക്രൈന്‍ നേതൃത്വം സമ്മതിച്ചേക്കും എന്നാണ് കരുതുന്നത്.

സാദ്ധ്യത അഞ്ച്: പുടിന്റെ പുറത്തുപോക്ക്
എന്തു പ്രത്യാഘാതവും നേരിടാന്‍ തയ്യാറാണെന്ന് ഉറച്ചുപ്രഖ്യാപിച്ചാണ് യുദ്ധത്തിന് ഇറങ്ങിയതെങ്കിലും, പുടിന്റെ കസേര ഇളക്കുന്ന വിധമാണ് ഇത് പുരോഗമിക്കുന്നത്. യുദ്ധം റഷ്യയ്ക്കുണ്ടാക്കുന്ന പ്രത്യാഘാതം ഒട്ടും ചെറുതല്ല. യുദ്ധം നീണ്ടുപോയാല്‍, ആയിരക്കണക്കിന് സൈനികര്‍ കൊല്ലപ്പെടും. അന്താരാഷ്ട്ര ഉപരോധം റഷ്യന്‍ വാണിജ്യ വ്യവസായ രംഗത്തെ തകര്‍ക്കും. അങ്ങനെ വന്നാല്‍, പുടിന് ജനപിന്തുണ കുറയും.
ജനകീയ ചെറുത്തുനില്‍പ്പുകള്‍ ശക്തമായാല്‍ സൈന്യത്തെ ഉപയോഗിച്ച് പുടിന്‍ അതിനെ നേരിടുമെങ്കിലും, റഷ്യയിലെ വമ്പന്‍മാരുടെ പിന്തുണയോടെ ഒരു കൊട്ടാരവിപ്ലവ സാദ്ധ്യത തള്ളിക്കളയാനാവില്ല. വിദേശശക്തികളുടെ സഹായം കൂടി ആയാല്‍ അത് എളുപ്പമാവും.
പുടിന്‍ മാറുകയും താരതമ്യേന മിതവാദിയായ ഒരു നേതാവ് പകരം വരികയും ചെയ്താല്‍ ഉപരോധം അയയാനും നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടാനും ഇടയുണ്ട് എന്ന സന്ദേശം കിട്ടിയാല്‍ അതിശക്തരായ റഷ്യന്‍ ഉപരിവര്‍ഗം അതിന് അനുകൂലമാവാനാണ് സാദ്ധ്യത എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
