മൂന്ന് സുഹൃത്തുക്കളെ കൊന്ന് അവരുടെ ശരീരഭാഗങ്ങൾ കഴിച്ച റഷ്യൻ നരഭോജിയെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. റഷ്യയുടെ വടക്ക്-പടിഞ്ഞാറൻ മേഖലയായ അർഖാൻഗെൽസ്കിൽ നിന്നുള്ള എഡ്വേർഡ് സെലസ്നെവിനെയാണ് വർഷങ്ങൾക്ക് ശേഷം കോടതി ശിക്ഷിച്ചത്. 2016 മാർച്ചിനും 2017 മാർച്ചിനും ഇടയിൽ മൂന്ന് സുഹൃത്തുക്കളെയാണ് ആ 51 -കാരൻ കൊന്ന് തിന്നത്. 'അർഖാൻഗെൽസ്ക് നരഭോജി' എന്നറിയപ്പെടുന്ന സെലെസ്നെവ്, 59, 43, 34 എന്നിങ്ങനെ പ്രായമുള്ള മൂന്ന് പുരുഷന്മാരെയാണ് കൊലപ്പെടുത്തിയത്. 

അമിതമായി മദ്യപിച്ച് സുഹൃത്തുകളുടെ ബോധം പോകുന്ന അവസരത്തിലാണ് അയാൾ അവരെ കുത്തി കൊലപ്പെടുത്തുന്നത്. തുടർന്ന് അവരുടെ ശരീരം വേവിച്ച് കഴിക്കുമായിരുന്നു. കോഴിയേയും മറ്റും അരിയുന്ന ലാഘവത്തോടെ അയാൾ ഇരകളെ വെട്ടി അരിഞ്ഞ് കഴിക്കാൻ ആഗ്രഹിക്കുന്ന മാംസഭാഗം സൂക്ഷിച്ചു വയ്ക്കുകയും, ബാക്കിയാകുന്ന ഭാഗങ്ങൾ ഒരു പ്ലാസ്റ്റിക് ബാഗിലാക്കി അടുത്തുള്ള തടാകത്തിലേയ്ക്ക് വലിച്ചെറിയുകയും ചെയ്യുമായിരുന്നു.

1969 -ൽ റഷ്യയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്താണ് സെലെസ്നെവ് ജനിച്ചത്. ചെറുപ്പകാലം മുതലേ ഉഴപ്പനായ ഒരു വിദ്യാർത്ഥിയായിരുന്നു അയാൾ. പുകവലിക്കാരനായ അയാൾ ചെറുപ്പത്തിൽ തന്നെ മോഷണത്തിൽ ഏർപ്പെട്ടതായി റിപ്പോർട്ടുണ്ട്. പലതവണ, തട്ടിപ്പ് നടത്തിയതിന് ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. 2000 -ത്തിൽ മോചിതനായ ശേഷം അയാൾ ബേസ്മെന്റുകളിൽ താമസിക്കാൻ തുടങ്ങി. അവിടെ പൂച്ചകളെയും നായ്ക്കളെയും പക്ഷികളെയും കൊന്ന് തിന്ന് അതിജീവിച്ചു. വിചാരണയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, 2016 -ലാണ് സെലസ്നെവ് തന്റെ ആദ്യ ഇരയെ കൊന്നത്. ഒരു അഭയകേന്ദ്രത്തിൽ അയാൾക്കൊപ്പം മുറി പങ്കിട്ട ഒരു ഭവനരഹിതനായ വ്യക്തിയാണ് ഇരയെന്നാണ് പറയപ്പെടുന്നത്. ഭവനരഹിതനെ കത്തികൊണ്ട് കൊന്ന് മൃതദേഹം കോടാലി ഉപയോഗിച്ച് വെട്ടി. കട്ടിയുള്ള ശരീരഭാഗം കഴിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ അവശിഷ്ടങ്ങളിൽ ചിലത് അയാൾ വേവിച്ചു. ബാക്കി ഭാഗങ്ങൾ പ്ലാസ്റ്റിക് ബാഗുകളിലാക്കി അടുത്തുള്ള നദിയിലേക്ക് എറിഞ്ഞു. സെലസ്നെവിന്റെ കുറ്റകൃത്യം രണ്ടുവർഷത്തോളം ശ്രദ്ധിക്കപ്പെടാതെ പോയി.  

പിന്നീട് ഇരകളിൽ ഒരാളുടെ ഫ്ലാറ്റിലേയ്ക്ക് അയാൾ താമസം മാറി. ഇരയുടെ മാതാപിതാക്കളോട് അവരുടെ മകൻ മറ്റൊരു നഗരത്തിൽ ജോലിക്ക് പോയതായി പറഞ്ഞ് ധരിപ്പിക്കുകയും ചെയ്‌തു. എന്നാൽ, മാതാപിതാക്കൾ പായ്ക്ക് ചെയ്യാത്ത ഇറച്ചി തറയിൽ കിടക്കുന്നത് കാണുകയും, സെലസ്നെവിന്റെ പാസ്‌പോർട്ടിനൊപ്പം മകന്റെ ഒരു ജാക്കറ്റും ബാങ്ക് കാർഡും കണ്ടെത്തുകയുമുണ്ടായി. ഇത് പ്രതിയിൽ സംശയം ജനിക്കാൻ കാരണമായി. അവർ പൊലീസിൽ പരാതിപ്പെട്ടു. കാണാതായ വ്യക്തിയെ കുറിച്ച് അന്വേഷിക്കാൻ എത്തിയ പൊലീസിനോടും അയാൾ പഴയ കഥ തന്നെ ആവർത്തിച്ചു. ചോദ്യം ചെയ്യലിൽ തനിക്കൊന്നും അറിയില്ലെന്നും ഇര തൊഴിൽ തേടി നഗരത്തിലേക്ക് പോയെന്നും അയാൾ പൊലീസിനോട് പറഞ്ഞു. ഇരകളായ മറ്റ് രണ്ട് പേർക്ക് കുടുംബമില്ലായിരുന്നു. അതുകൊണ്ട് അവരെ ആരും അന്വേഷിച്ച് വന്നില്ല. അന്വേഷണം തുടരുന്നതിനിടെ തടാകത്തിൽ നിന്നും ഒരാളുടെ മൃതദേഹം കണ്ടെത്തി. മൃതശരീരത്തിൽ നിന്ന് ചില ഭാഗങ്ങൾ മുറിച്ചു മാറ്റിയതായി കണ്ടെത്തിയതോടെയാണ് എഡ്വേർഡിലേക്ക് അന്വേഷണം എത്തിയത്. മനുഷ്യരെ കൂടാതെ തെരുവുകളിൽ നിന്ന് പൂച്ചകൾ, നായ്ക്കൾ, പക്ഷികൾ, മറ്റ് ചെറിയ മൃഗങ്ങൾ എന്നിവയെയും സെലസ്നെവ് പിടിച്ചു കൊണ്ടുവന്ന് പാചകം ചെയ്യുമായിരുന്നു. ഇരകളുടെ മൃതദേഹങ്ങൾ ഒടുവിൽ കണ്ടെത്തിയപ്പോൾ, അഴുകിയ, ഭാഗികമായി വെട്ടിക്കളഞ്ഞ, തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  

മറ്റൊരു ഇരട്ട കൊലപാതകത്തിൽ സെലസ്നെവ് ഇതിനകം 13 വർഷം തടവ് അനുഭവിച്ചിട്ടുണ്ട്. അയാളെ പരിശോധിച്ച സൈക്യാട്രിസ്റ്റുകൾ അയാൾ വിവേകശൂന്യനും കൊലപാതകത്തിന്റെ പൂർണ ഉത്തരവാദിയുമാണെന്ന് പ്രഖ്യാപിച്ചു. സെലെസ്നെവിന്റെ ഏറ്റവും പുതിയ കുറ്റങ്ങൾക്ക് വീണ്ടും വിചാരണ നടത്താൻ ഉത്തരവിട്ടു. റഷ്യൻ ക്രിമിനൽ കോഡിൽ നരഭോജനം ഉൾപ്പെടുന്നില്ല, അതിനാൽ കൊലപാതകത്തിനും ഇരകളുടെ ശരീരഭാഗങ്ങൾ ദുരുപയോഗം ചെയ്തതിനും പ്രതി വിചാരണ നേരിട്ടു. റഷ്യൻ സുപ്രീം കോടതി എല്ലാ തെളിവുകളും വീണ്ടും വിലയിരുത്തിയ ശേഷം സെലസ്നെവിനെ പരോൾ ഇല്ലാത്ത ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇതിന് പുറമെ, ഒരു ദശലക്ഷം റൂബിൾ പിഴയായി നൽകണമെന്നും കോടതി നിർദേശിച്ചു. ഈ തുക ഇരകളുടെ കുടുംബത്തിന് കൈമാറണമെന്നാണ് കോടതി വിധിച്ചത്.