രാത്രി മുഴുവന്‍ അന്വേഷിച്ചു നടന്നിട്ടും മറീനയെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് അവരുടെ അഭിഭാഷകരില്‍ ഒരാള്‍ പറഞ്ഞു. അഭിഭാഷകര്‍ക്ക് പോലും ഒരു വിവരവും നല്‍കുന്നില്ലെന്ന് മറ്റൊരു അഭിഭാഷകന്‍ ട്വീറ്റ് ചെയ്തു. സംഭവത്തിനുശേഷം ഇവരെ പിടികൂടി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി എന്നാണ് കരുതുന്നതെന്ന് ബിബിസി റഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. .  

സര്‍ക്കാര്‍ നിയന്ത്രിത ടിവി ചാനലില്‍ തല്‍സമയ വാര്‍ത്താ വായനയ്്ക്കിടെ സ്റ്റുഡിയോയിലേക്ക് ഇരച്ചുകയറി യുദ്ധവിരുദ്ധ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക അര്‍ദ്ധരാത്രിയില്‍ അപ്രത്യക്ഷമായി. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന ബാനര്‍ പ്രേക്ഷകര്‍ക്കായി ഉയര്‍ത്തിക്കാണിച്ച ന്യൂസ് എഡിറ്റര്‍ മറീന ഓവ്‌സ്യാനിക്കോവയെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് അവരുടെ അഭിഭാഷകരാണ് അറിയിച്ചത്. ലോകമെങ്ങും വലിയ ചര്‍ച്ചയായ സംഭവത്തിനു പിന്നാലെ, ഇവരെ അറസ്റ്റ് ചെയ്‌തെന്ന വിവരമുണ്ടെങ്കിലും പൊലീസ് ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രാത്രി മുഴുവന്‍ അന്വേഷിച്ചു നടന്നിട്ടും മറീനയെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് അവരുടെ അഭിഭാഷകരില്‍ ഒരാള്‍ പറഞ്ഞു. അഭിഭാഷകര്‍ക്ക് പോലും ഒരു വിവരവും നല്‍കുന്നില്ലെന്ന് മറ്റൊരു അഭിഭാഷകന്‍ ട്വീറ്റ് ചെയ്തു. സംഭവത്തിനുശേഷം ഇവരെ പിടികൂടി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി എന്നാണ് കരുതുന്നതെന്ന് ബിബിസി റഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. . 

Scroll to load tweet…

റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാനല്‍ വണ്‍ വാര്‍ത്താ ചാനലിലാണ് സംഭവം. തിങ്കളാഴ്ചത്തെ ജനപ്രിയ രാത്രിചര്‍ച്ചയ്ക്കിടെയാണ് മറീന യുദ്ധ വിരുദ്ധ പോസ്റ്ററുമായി സ്റ്റുഡിയോയില്‍ കടന്നത്. വാര്‍ത്ത വായിച്ചുകൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകയ്ക്കു പുറകിലായി, യുദ്ധ വിരുദ്ധ ബാനര്‍ ഉയര്‍ത്തി നില്‍ക്കുകയായിരുന്നു ഇവര്‍. അല്‍പ്പസമയം ഈ ദൃശ്യങ്ങള്‍ ചാനലില്‍ തുടര്‍ന്നു, പിന്നെ അപ്രത്യക്ഷമായി. ഈ ദൃശ്യങ്ങള്‍ മുറിച്ചുകളഞ്ഞുള്ള വീഡിയോയാണ് പിന്നീട് ചാനല്‍ ഓണ്‍ലൈനില്‍ പുറത്തുവിട്ടത്. 'യുദ്ധം വേണ്ട, യുദ്ധം നിര്‍ത്തുക, നുണപ്രചാരണങ്ങള്‍ വിശ്വസിക്കാതിരിക്കുക, അവര്‍ നിങ്ങളോട് നുണപറയുകയാണ്' എന്നിങ്ങനെ എഴുതിവെച്ച പോസ്റ്ററാണ് ഇവര്‍ ഉയര്‍ത്തിക്കാട്ടിയത്. ഈ സമയം വാര്‍ത്ത വായിച്ചുകൊണ്ടിരിക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് നിസ്സഹായയായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. 

ഈ സംഭവം ലോകമെങ്ങും വാര്‍ത്തയായതോടെ മറീനയെ അറസ്റ്റ് ചെയ്തതായി വാര്‍ത്ത പുറത്തുവന്നു. റഷ്യന്‍ മാധ്യമങ്ങളാണ് ഇവരുടെ അറസ്റ്റ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍, അതിനുപിന്നാലെ മറീനയെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് അഭിഭാഷകര്‍ മാധ്യമങ്ങളോട് അറിയിച്ചു. 

രാത്രി മുഴുവന്‍ മറീനയെ തിരഞ്ഞിട്ടും അവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ലെന്ന് അഭിഭാഷകയായ അനാസ്താസിയ കൊസ്താനോവ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഫോണ്‍ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. സുരക്ഷാ ഏജന്‍സികളുമായി ബന്ധപ്പെട്ടുവെങ്കിലും തന്റെ ക്ലയന്റിനെക്കുറിച്ച് ഒരു വിവരവും അവര്‍ പുറത്തുവിട്ടില്ലെന്നും അവര്‍ പറഞ്ഞു. കാണാതായ മാധ്യമപ്രവര്‍ത്തകയ്ക്കായി രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയിട്ടും ഒരു ഫലവുമുണ്ടായില്ലെന്നും അഭിഭാഷക പറഞ്ഞു. അഭിഭാഷകരെ പോലും കാണാന്‍ അനുവദിക്കാതെ മറീനയെ തടഞ്ഞുവെച്ചിരിക്കുകയാണ് എന്നാണ് മനസ്സിലാക്കുന്നതെന്നും അവര്‍ക്ക് നിയമ സഹായം പോലും തടയുകയാണെന്നും അഭിഭാഷക പറഞ്ഞു. 

മറീനയെക്കുറിച്ച് ഒരു വിവരവും ഇതുവരെ ഇല്ലെന്ന് മറ്റൊരു അഭിഭാഷകനായ പാവേല്‍ ചികോവ് ട്വീറ്റ് ചെയ്തു. 12 മണിക്കൂറിലേറെയായി അവരെ തടവിലാക്കി എന്നാണ് കരുതുന്നതെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. 

യുക്രൈനിനു നേര്‍ക്കുള്ള റഷ്യന്‍ ആക്രമണത്തെ അധിനിവേശം എന്ന് വിളിക്കുന്നതും അങ്ങനെയാണെന്ന വിധത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതും റഷ്യ കുറ്റകരമാക്കിയിട്ടുണ്ട്. ഈ നിയമം ഉപയോഗിച്ചാണ് നിരവധി പേരെ റഷ്യ അറസ്റ്റ് ചെയ്ത് ്തടവിലിട്ടത്. 15 വര്‍ഷം വരെ തടവിലിടാവുന്ന കുറ്റമാണ് ഇത്. ഈ നിയപ്രകാരം മറീനയെ അറസ്റ്റ് ചെയ്ത് രഹസ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിട്ടുണ്ടാവുമെന്ന് അഭിഭാഷക അറിയിച്ചു. 

ഈ സംഭവത്തിനു തൊട്ടുമുമ്പായി അവര്‍ ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുക്രൈനില്‍ നടക്കുന്നത് കുറ്റകൃത്യമാണെന്നും റഷ്യന്‍ നുണപ്രചാരണങ്ങള്‍ക്കു വേണ്ടി പണിയെടുക്കാന്‍ ലജ്ജയുണ്ടെന്നും അവര്‍ ആ വീഡിയോയില്‍ പറയുന്നുണ്ട്. ടെലിവിഷന്‍ സ്‌ക്രീനിലൂടെ നുണ പറയേണ്ടി വരുന്നതില്‍ നാണക്കേട് ഉണ്ട്. റഷ്യയ്ക്കാരെ സോംബികളാക്കി മാറ്റുന്നതിനെ പിന്തുണക്കേണ്ടി വരുന്നത് ലജ്ജാകരമാണ്. ക്രൂരമായ ഈ നടപടികളെ നിശ്ശബ്ദമായി കാണേണ്ടി വരികയാണെന്നും ആ വീഡിയോയില്‍ അവര്‍ പറയുന്നു. 

തന്റെ പിതാവ് യുക്രൈനിയനും മാതാവ് റഷ്യക്കാരിയുമാണെന്ന് ഈ വീഡിയോയില്‍ മറീന പറഞ്ഞു. യുദ്ധത്തിന് എതിരെ പ്രതിഷേധിക്കണമെന്ന് അവര്‍ വീഡിയോയില്‍ റഷ്യന്‍ ജനതയോട് ആവശ്യപ്പെട്ടു. ഈ ഭ്രാന്ത് അവസാനിപ്പിക്കാന്‍ അവര്‍ക്കു മാത്രമേ കഴിയുകയുള്ളൂ എന്നും മറീന പറഞ്ഞു. ''ആരും ഭയക്കേണ്ടതില്ല, നമ്മളെല്ലാവെരയും ഒന്നിച്ച് ജയിലിലിടാനൊന്നും അവര്‍ക്ക് കഴിയില്ല. ''വീഡിയോയില്‍ അവര്‍ പറയുന്നു. 

അതിനിടെ, മറീനയുടെ സോഷ്യല്‍ മീഡിയാ പേജുകളില്‍ ആയിരക്കണക്കിനാളുകളാണ് പിന്തുണയുമായി എത്തിയത്. മറീന ചെയ്തത് ഒരു മാധ്യമപ്രവര്‍ത്തകയുടെ അടിസ്ഥാന ധര്‍മ്മമാണെന്ന് ചിലര്‍ കമന്റിട്ടു. സത്യം തുറന്നുപറയാനുള്ള ധീരതയാണ് മറീന കാണിച്ചതെന്നാണ് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പ്രതികരിച്ചത്.