പിടിക്കപ്പെട്ട ദിവസം യുവതി വീട്ടിലുണ്ടായിരുന്നില്ല. ആ സമയത്ത് ഇയാൾ വീട്ടിൽ കയറി. എന്നാൽ, ടിവി വച്ചശേഷം ഇയാൾ രണ്ടരമണിക്കൂറോളം അതിൽ മുഴുകിയിരുന്നു പോയി.
രഹസ്യമായി ഡ്യൂപ്ലിക്കേറ്റ് താക്കോലുണ്ടാക്കിച്ച് പത്തിലധികം തവണ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ അറസ്റ്റിൽ. ജപ്പാനിലാണ് വിചിത്രമായ സംഭവം നടന്നത്. ടോക്കിയോയിൽ നിന്നുള്ള റയോട്ട മിയാഹാര എന്നയാളെയാണ് മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ ടോട്‌സുക പൊലീസ് സ്റ്റേഷൻ പരിധിയിൽ അറസ്റ്റ് ചെയ്തത്. അതിക്രമിച്ചു കടക്കൽ, മോഷണശ്രമം എന്നീ കുറ്റങ്ങളാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.
മിയാഹാര ആദ്യമായി യുവതിയെ കണ്ടുമുട്ടിയത് അവർ വെയിട്രസ്സായി ജോലി ചെയ്യുന്ന കഫേയിൽ വെച്ചാണത്രെ. കഫേയിലെ ജീവനക്കാരന്റെ ഓഫീസ് കോഡ് സൂക്ഷ്മമായി നിരീക്ഷിച്ച് കണ്ടെത്തിയ ശേഷം അയാൾ അത് വച്ച് അകത്ത് കയറി. ആരും ശ്രദ്ധിക്കാത്തപ്പോൾ യുവതിയുടെ ബാഗ് തുറന്ന് ലൈസൻസിൽ നോക്കി വീടിന്റെ വിലാസം കാണാതെ പഠിച്ചു. വീടിന്റെ താക്കോൽ നോക്കി അതിന്റെ വിശദാംശങ്ങൾ മനസിലാക്കി.
ജപ്പാനിൽ പലപ്പോഴും കീ നമ്പറുണ്ടെങ്കിൽ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉണ്ടാക്കുക എളുപ്പമാണ്. അങ്ങനെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉണ്ടാക്കിയ ശേഷം അതുപയോഗിച്ച് ഇയാൾ സ്ഥിരമായി യുവതിയുടെ വീട്ടിൽ കയറാൻ തുടങ്ങി. വൈകൃതമുള്ള മനസിന് ഉടമയായിട്ടാണ് ഇയാളെ പൊലീസ് വിശേഷിപ്പിക്കുന്നത്.
ഇയാൾ യുവതിയുടെ ബെഡ്റൂമിലും ബാത്ത്റൂമിലും കയറുക പതിവായിരുന്നു. യുവതിയുടെ വീട് മനോഹരമായിട്ടാണ് സൂക്ഷിച്ചിരുന്നത് എന്നും അവിടുത്തെ മണവും മറ്റും തനിക്ക് ഇഷ്ടമാണ് അത് ആസ്വദിക്കാനാണ് അവിടെ കയറിയിരുന്നത് എന്നുമായിരുന്നു ഇയാൾ പറഞ്ഞത്.
പിടിക്കപ്പെട്ട ദിവസം യുവതി വീട്ടിലുണ്ടായിരുന്നില്ല. ആ സമയത്ത് ഇയാൾ വീട്ടിൽ കയറി. എന്നാൽ, ടിവി വച്ചശേഷം ഇയാൾ രണ്ടരമണിക്കൂറോളം അതിൽ മുഴുകിയിരുന്നു പോയി. അങ്ങനെയാണ് പൊലീസ് എത്തുന്നതും ഇയാളെ അറസ്റ്റ് ചെയ്യുന്നതും.
പല സ്ത്രീകളുടെയും വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോലുകൾ ഇയാളുടെ അടുത്ത് നിന്നും കണ്ടെത്തി. കഫേയിലും റെസ്റ്റോറൻറിലും ജോലി ചെയ്യുന്ന സ്ത്രീകളെയാണ് ഇയാള്‍ പ്രധാനമായും ലക്ഷ്യം വച്ചിരുന്നത്. എന്തായാലും, സംഭവം ആളുകളെ വല്ലാതെ ഞെട്ടിച്ചിട്ടുണ്ട്.
