Asianet News MalayalamAsianet News Malayalam

ജാതി, മതം, വംശം: വേർതിരിവുകൾക്ക് ആക്കം കൂട്ടുന്നതാരാണ്? മനുഷ്യരിലെ സമാധാനം നശിപ്പിക്കാനാ​ഗ്രഹിക്കുന്നതാരാണ്?

രാഷ്ട്രീയ നേതൃത്വവും സമുദായ നേതാക്കളും തമ്മിൽ അന്തർധാരയും രഹസ്യ ഇടപാടുകളുമുണ്ട്. അവരുടെയൊക്കെ വർ​ഗതാത്പര്യങ്ങളും കച്ചവട ഇടപാടുകളും സാധാരണക്കാർക്കില്ലല്ലോ. സമുദായ നേതൃത്വവും രാഷ്ട്രീക്കാരുമായുള്ള ഈ അവിശുദ്ധ കൂട്ടുകെട്ട് കേരളത്തിലെ മാത്രം കാര്യമല്ല.

S biju column opinion on Communal conflicts and other related issues
Author
Thiruvananthapuram, First Published Apr 21, 2022, 1:22 PM IST

ജനഹിതം കേൾക്കാത്ത, ഏകാധിപതികളായ ഭരണാധികാരികൾ നടത്തുന്ന ദുർഭരണവും അതിനൊപ്പം കാലാവസ്ഥാ വ്യതിയാനവും കൂടി ചേരുമ്പോൾ ലോകത്ത് പല ഭാഗത്തും സാധാരണക്കാർക്ക് ജീവിക്കാൻ സാധിക്കാതെ വരുന്നു. തങ്ങളുടെ സ്വേഛാധിപത്യം  നിലനിർത്താൻ മതത്തേയും, രാഷ്ട്രീയ തത്വസംഹിതകളെയും തീവ്രവാദത്തേയും ആയുധമാക്കുകയാണ് ഭരണാധികാരികൾ. ആയുധക്കച്ചവടക്കാരായ രാജ്യങ്ങൾ ലോകമാകെ സംഘർഷങ്ങൾക്ക് തിരികൊളുത്തുന്നതും ഇത്തരം ശക്തികളുടെ മറപിടിച്ചാണ്. നിസ്സഹായരായ ജനങ്ങൾ അവരുടെ ജന്മദേശങ്ങൾ വിട്ട് പലായനം ചെയ്യാൻ നിർബന്ധിതരാകുന്നു.

S biju column opinion on Communal conflicts and other related issues

കഴിഞ്ഞ ദിവസം ഉഷ്ണം പെരുത്ത ഒരു ത്രിസന്ധ്യാനേരത്ത് ആശ്വാസം കാത്താണ് ഒരു ബന്ധു‌വീട്ടിൽ ചെന്നു കയറിയത്. അസത്യം ഫണം വിടർത്തി, അസഹിഷ്ണത പരത്തുന്ന വിധം കുടുംബ വാട്സാപ്പ് ഗ്രൂപ്പുകളെല്ലാം തന്നെ രാഷ്ട്രീയ തിമിരം ബാധിച്ചവർ കയ്യടക്കിയിരിക്കുകയാണ്. അതിനാൽ അത്തരം ​ഗ്രൂപ്പുകളിൽ നിന്നും പുറത്ത് കടന്നിരുന്നു. അതുകൊണ്ട്, ഇത്തരം ഗൃഹസന്ദർശനങ്ങളിൽ നിന്നാണ് ബന്ധുവിവരങ്ങൾ അറിയുന്നത്. 

എന്നാൽ, പൂമുഖവാതിലിൽ വച്ച് തന്നെ ചോദ്യശരം തുടങ്ങി. മാധ്യമ പ്രവർത്തകനായതിനാൽ എല്ലാ പ്രപഞ്ചകാര്യങ്ങൾക്കും നമുക്ക് മറുപടിയുണ്ടാകുമെന്ന തെറ്റിദ്ധാരണയാണ്. ''അപ്പോൾ, മലബാറിൽ മാംസത്തിൽ 'നമ്മൾ'ക്ക്  പൊടി കലർത്തിയാണ് തരുന്നത് എന്നത് ശരിതന്നയാണല്ലേ?'' എനിക്ക് ഒന്നും പിടികിട്ടിയില്ല. അമ്മായിഅമ്മയുടെ ചോദ്യത്തിന് വ്യക്തത വരുത്തി ഉന്നത ഉദ്യോഗസ്ഥയായ മരുമകൾ പറഞ്ഞു. മാംസക്കടകളിൽ അവിശ്വാസികൾക്ക് (പച്ചയ്ക്ക് പറയുന്നില്ല) ഒരു പ്രത്യേക പൊടി കലർത്തിയാണ് ഇപ്പോൾ വിൽപ്പന നടത്തുന്നത് എന്നത് ശരി തന്നെയല്ലേ? കാര്യം പിടികിട്ടാത്ത എന്റെ മുഖഭാവം കണ്ട് അവൾ വ്യക്തമാക്കി. 'നമുക്ക് കുട്ടികൾ ഉണ്ടാകാതിരിക്കാനായിട്ടല്ലേ ഈ പൊടി കലർത്തുന്നത്. അങ്ങനെ നമ്മുടെ ജനസംഖ്യ കുറയ്ക്കാനും അവരുടേത് കൂട്ടാനും…'

എനിക്ക് കാര്യം പിടികിട്ടി. ഞാൻ ചോദ്യത്തിന് മറുപടി നൽകാതെ മറുചോദ്യമുയർത്തി.  'എന്നാപ്പിന്നെ മാംസം കഴിക്കാതിരുന്നൂടെ? അതിനല്ലേ ഞാനൊക്കെ സസ്യാഹാരികളായത്' കുസൃതി ചോദ്യമിട്ടു. 'അതങ്ങനെ പറ്റുമോ' എന്നായി മറുചോദ്യം. 'കോഴിയെങ്കിലും കഴിക്കാതിരിക്കാൻ പറ്റുമോ?' വനിതാ കമ്മീഷൻ അദ്ധ്യക്ഷയായിരിക്കെ ജോസഫൈൻ സഖാവ് പറഞ്ഞതു പോലെ 'എന്നാ അനുഭവിച്ചോ' എന്നു പറഞ്ഞു ഞാൻ തുല്ലിട്ടു. 'ഇതൊക്കെ വാട്ട്സാപ്പ് യൂണിവേഴിസിറ്റിയുടെ കള്ളപ്രചരണമാണ്' എന്ന എന്റെ വാദത്തിന് അവർ ഒട്ടും ചെവി തരുന്നില്ലെന്ന് മനസിലായതോടെ അന്തരീക്ഷം ലഘൂകരിക്കാൻ ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച്, കാനഡയിൽ ബിരുദപഠനത്തിന് പോയ അവിടത്തെ കുഞ്ഞിന്റെ വിശേഷങ്ങൾ ഞാനാരാഞ്ഞു.

മലബാറിലെ മലയോര ദേശമായ കോടഞ്ചേരിയിൽ ഇരുമതസ്ഥരായ രണ്ടുപേർ പ്രണയിച്ചു വിവാഹം കഴിച്ചതോടെ അത് ലൗജിഹാദാണന്ന് പരസ്യമായി പ്രഖ്യാപിച്ചത് സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുൻ എം.എൽ.എയുമായ ജോർജ് എം. തോമസാണ്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകൾ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥിനികളെ ലൗ ജിഹാദിൽ കുടുക്കുന്നുണ്ടെന്ന് അദ്ദേഹം പാർട്ടിരേഖകളെയും ചർച്ചകളെയും ഉദ്ധരിച്ചാണ് അഭിപ്രായപ്പെട്ടത്. 

S biju column opinion on Communal conflicts and other related issues

ഡിവൈഎഫ്ഐ നേതാവ് ഷെജിനും ജോയ്‌സ്നയും തമ്മിലുള്ള വിവാഹം വിവാദമായ സാഹചര്യത്തിലായിരുന്നു ജോർജ് എം. തോമസ് ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് ആവർത്തിച്ച് വ്യക്തമാക്കിയത്. തനിക്ക് അത് പറയുന്നതിൽ ഒരു വ്യക്തക്കുറവുമില്ലെന്നും ഇതൊക്കെ പാർട്ടി പ്രസിദ്ധീകരിച്ച രേഖകളിലുണ്ടെന്നും അതിൻമേൽ വ്യക്തമായ ചർച്ചകളിലൂടെ പാർട്ടി അതംഗീകരിച്ചതാണെന്നും അദ്ദേഹം സംശയലേശമന്യേ പറഞ്ഞു. അങ്ങനെ പറഞ്ഞത് സഖാവിന്റെ വെറും വാക്പിഴയാണെന്ന് പറഞ്ഞ് പാർട്ടി ജില്ലാ  നേതൃത്വം എല്ലാം പൊടുന്നനെ അവസാനിപ്പിക്കാനാണ് ഒരുങ്ങിയത്. 

കുറച്ചു വർഷങ്ങൾക്കു മുമ്പ് ഇ.എം.എസ്സിന്റെ സൈദ്ധാന്തിക വീക്ഷണങ്ങളെ ചോദ്യം ചെയ്തതിന് മുതി‍ർന്ന നേതാവായ പി. ഗോവിന്ദപിള്ളയെ കീഴ്ഘടകത്തിലേക്ക് തരംതാഴ്ത്തിയ പാർട്ടിയായിരുന്നു സിപിഎമ്മെന്ന് അറിയണം. അതും ഇതുപോലെ 2003 -ല്‍ ഭാഷാപോഷിണിക്ക് നല്‍കിയ അഭിമുഖത്തിൽ ഇ.എം.എസ്സിന്റെ രാഷ്ട്രീയം നിര്‍വചിച്ചത് വന്‍വിവാദത്തിന് തിരികൊളുത്തിയിരുന്നു. അത് ഇപ്രകാരമായിരുന്നു, 'സ്റ്റാലിന്‍ മരിച്ചശേഷം ആ കഴിവും പ്രാപ്തിയും ഉള്ളവര്‍ പിന്നീട് ഇല്ലായിരുന്നു. കാരണം സ്റ്റാലിന്‍ അവരെയൊക്കെ കൊന്നു. ഇ.എം.എസ്സിന് പക്ഷേ അവരെ  കൊല്ലാന്‍ കഴിഞ്ഞില്ല.'

അന്ന് സംസ്ഥാന സമിതി അംഗമായിരുന്ന പി.ജിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത് പോലെ ഇപ്പോൾ ജോർജ് എം. തോമസിനെതിരെ നടപടി എളുപ്പമല്ല. കാരണം ലളിതം 2003 -ൽ നിന്ന് 2022 -ലേക്കുള്ള 19 വർഷത്തിൽ കേരള രാഷ്ട്രീയം ഒരുപാട് മാറിയിരിക്കുന്നു. ഇനി നടപടി എടുത്താലും പി. ശശിയുടെ കാര്യം പോലെ കൂടുതൽ കരുത്തോടെ തിരികെ വരാനായിട്ടായിരിക്കും.

15 കൊല്ലം മുമ്പുള്ള  ഒരു തെരഞ്ഞടുപ്പുകാലം. ഞങ്ങൾ തെരഞ്ഞെടുപ്പ് എങ്ങനെ കവർ ചെയ്യണമെന്ന കാര്യം ആലോചിക്കാൻ ഒരു യോഗം ചേ‍‍ർന്നു. എല്ലാവരും തയ്യാറായി വരാൻ എഡിറ്ററുടെ നിർദ്ദേശം. ഞാൻ പോയത് കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളിലെ ജാതി അഥവാ സമുദായം തിരിച്ചുള്ള വോട്ടിങ്ങ് കണക്കുമായിട്ടായിരുന്നു. പച്ചയ്ക്ക് പറഞ്ഞാൽ ഇന്ന മണ്ഡലത്തിൽ ഈഴവരിത്ര, നായരിത്ര, മുസ്ലീംകളിത്ര, ക്രിസ്ത്യാനികളിത്ര, അതിൽ തന്നെ അവാന്തര വിഭാഗങ്ങൾ എത്രത്തോളം എന്ന രീതീയിലെ കണക്ക്. ഞാൻ സ്വയം ഗവേഷണം നടത്തിയ കണക്കല്ലായിരുന്നു അത്. ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടി സർക്കാർ സെൻസസിനെ ആധാരമാക്കിയും പാർട്ടിഘടകങ്ങളിൽ പുന:പരിശോധിച്ചും തയ്യാറാക്കിയ ആധികാരിക കണക്ക്. എന്റെ പഴയ ഒരു വിദ്യാർത്ഥി വഴി കിട്ടിയത്. 

ഞങ്ങളന്ന് തെരഞ്ഞെടുപ്പ് സർവേയൊക്കെ നടത്താൻ തീരുമാനിച്ച സമയം. എന്തായാലും ഇത്തരം ഒരു കണക്കുമായി പോയതിനു തന്നെ എനിക്ക് വേണ്ട ശകാരം കിട്ടി. കേരളീയ സമൂഹത്തെ ഇങ്ങനെ വിഭാഗീയമായി കാണുന്നത് ശരിയല്ല എന്ന യുക്തിസഹമായ വാദമാണുയ‍ർന്നത്. എനിക്കും ബോധ്യമായി. പരസ്യ‌ശാസന ഏറ്റു‌വാങ്ങി ഞാൻ തൃപ്തനായി. ഭാഗ്യത്തിന് പി. ഗോവിന്ദപിള്ളയ്ക്ക് സംഭവിച്ചതു പോലെ കീഴ്ഘടകമായ ബ്രാഞ്ചിലേക്ക്  തരംതാഴ്ത്തിയില്ല. എന്നാൽ, എന്നെ പരസ്യമായി ശാസിച്ചവർ തന്നെ യോഗം കഴിഞ്ഞ് അത് നോക്കട്ടെ എന്ന് പറഞ്ഞ് എന്നിൽ നിന്ന് ജാതി സമുദായം തിരിച്ചുള്ള കണക്ക് വാങ്ങി. കാരണം ലളിതം. കഴിഞ്ഞ എത്രയോ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥി നിർണയം മുതൽ വിജയം വരെ നല്ലൊരു ശതമാനം മണ്ഡലങ്ങളിലും നിർണായകമാകുന്നത് ജാതി-സമുദായ സമവാക്യങ്ങൾ തന്നെയാണ്. ഇതിൽ കമ്യൂണിസ്റ്റ് കോൺഗ്രസ്, സോഷ്യലിസ്റ്റ്, വർ​ഗീയ പാർട്ടികൾ, തുടങ്ങിയ വേർതിരിവുകൾ ഒന്നുമില്ല.

കോടഞ്ചേരിയിലെ ഇരുമതസ്ഥർ തമ്മിലുള്ള വിവാഹം ഉയർത്തിയ വിവാദം സിപിഎം അവസാനിപ്പിക്കാൻ ആദ്യം ശ്രമിച്ചെങ്കിലും അതിന്റെ പ്രകമ്പനങ്ങൾ പടരുകയാണ്. ക്രൈസ്തവ സഭയുടെ ജിഹ്വയായ ദീപിക ദിനപത്രം എഡിറ്റോറിയലിലൂടെ തന്നെ നയം വ്യക്തമാക്കിയിരിക്കുകയാണ്. ഇത് കേവലം പ്രണയവിവാഹമല്ലെന്നും അതിനു പിന്നിൽ തങ്ങളുടെ പെൺകുട്ടികളെ ആഗോള ഭീകര പ്രസ്ഥാനങ്ങളിലേക്ക് അടുപ്പിക്കാനുള്ള വലിയ അജണ്ടയുടെ ഭാഗമാണ് ഈ നടക്കുന്നതെന്നുമുള്ള ധ്വനിയാണ് ദീപികയുടേത്. സൗദിയിൽ നഴ്സായ ജോയ്സ്ന അഞ്ച് വർഷമായി പ്രണയത്തിലായിരുന്ന യുവാവുമായി വിവാഹത്തിന് ഒരുങ്ങവേയാണ്, അവളെ എങ്ങനെയോ സമ്മർദ്ദത്തിലാക്കിയാണ് 'ഡി.വൈ.എഫ്.ഐക്കാരനായ മുസ്ലീം' യുവാവ് ഇപ്പോൾ വിവാഹം കഴിച്ചതെന്നാണ് മുഖപ്രസംഗം പറയുന്നത്. 'ഇവർ എന്നെ പിടിച്ചു വച്ചിരിക്കുകയാണ്, വിടുന്നില്ല' എന്നാണ് ജോയ്സ്ന അനുജത്തിയോട് ഫോണിൽ പറഞ്ഞതെന്നും സഭാപത്രം അവകാശപ്പെടുന്നു. 

അവർ അവിടെ നിർത്തുന്നില്ല. ഇത് ലൗജിഹാദാണോ അല്ലയോ എന്ന വിഷയം തത്കാലം അവിടെ നിൽക്കട്ടെയെന്ന് പറയുമ്പോഴും മറ്റ് സമുദായങ്ങളിൽ നിന്ന് മുസ്ലീം യുവാക്കളെ വിവാഹം കഴിച്ച് ഐ.എസിൽ ചേ‍ർത്ത്, വിവാ​ഹം ചെയ്‍തവൻ കൊല്ലപ്പെട്ട് ഇപ്പോൾ അഫ്ഗാനിസ്ഥാൻ ജയിലിൽ കഴിയുന്നവരിലേക്ക് ഇതിനെ ബന്ധിപ്പിക്കുന്നു. അതിൽ  നാട്ടിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നവരെന്ന് പറയപ്പെടുന്ന സോണിയ സെബാസ്റ്റ്യന്റെയും, നിമിഷ ഫാത്തിമയുടെയും രക്ഷിതാക്കളുടെ ശ്രമങ്ങൾക്ക് നാട്ടിലെ മതേതര രാഷ്ട്രീയ പാർട്ടികളുടെയോ പുരോഗമനവാദികളുടെയോ പിന്തുണ കിട്ടാത്തതിനെയും ദീപിക ചോദ്യം ചെയ്യുന്നു. 

അവസാനം ദീപിക പറഞ്ഞ കാര്യത്തിലെങ്കിലും സഭാനേതൃത്തിന് തങ്ങളെ സന്ദർശിക്കാൻ വരുന്ന പുതിയ ചങ്ങാതിമാരോട് സഹായം തേടാവുന്നതാണ്. ശത്രുവിന്റെ ശത്രു മിത്രമെന്നാണല്ലോ പ്രമാണം. അഫ്ഗാൻ ജയിലിൽ നിന്ന് ഇവരെ ഇന്ത്യയിലെത്തിച്ച് വിചാരണ ചെയ്യണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തിന് തടസം പിടിച്ച് കണ്ടിട്ടുള്ളത് ചില സംഘപരിവാറുകാരാണ്. താമരശ്ശേരി ബിഷപ്പിനെ സന്ദർശിക്കാനെത്തുന്ന സംഘ് നേതാക്കളോട് അവർക്ക് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്താവുന്നതാണ്. എന്തായാലും മതേതര പാർട്ടിയെന്ന ദുഷ്പേരും അവർക്കില്ലല്ലോ. നാട്ടിലെ പ്രമുഖ മതേതര പാർട്ടിയായ കോൺഗ്രസ് ഈ വിഷയത്തിൽ കമാന്നൊരക്ഷരം മിണ്ടാത്തതിനാൽ അവരുടെ പിന്തുണ പ്രതീക്ഷിക്കേണ്ടതില്ല.  

ഇത് കോടഞ്ചേരിയിലെ മാത്രം പ്രശ്നമല്ല. കേരളത്തിലെ മറ്റ് പല ഭാഗത്തും കാര്യമായി തന്നെ സമുദായ വേർത്തിരിവ് പ്രകടമാണ്. കഴിഞ്ഞ തെരഞ്ഞടുപ്പ് വേളയിൽ ഈരാറ്റുപേട്ടയിൽ പി.സി ജോർജ്ജും നാട്ടുകാരിലൊരു വിഭാഗവുമായി ഉണ്ടായ പരസ്യ ഉരസലും വെല്ലുവിളിയും അതിന്റെ ബഹിർസ്ഫുരണങ്ങളാണ്. ഉള്ളിലെ വിടവ് ഇതിലും എത്രയോ അധികമാണ്. കാലങ്ങളായി വിവിധ സമുദായ നേതാക്കളെയും അണികളെയുമെല്ലാം സൗകര്യത്തിന് അനുസരിച്ച് ഉപയോഗിച്ച നേതാവാണ് പി.സി. ജോർജ്. അദ്ദേഹം ഇക്കാര്യത്തിൽ കുറച്ചുകൂടി സുതാര്യമായാണ് പ്രവർത്തിക്കുന്നതെന്ന്  പറയാം. 

സി.പി.എം, കോൺഗ്രസ് അടക്കമുള്ളവയുടെ നേതാക്കളും മന്ത്രിമാരും കാലങ്ങളായി ഇത് തന്നെയല്ലേ ഗോപ്യമായി ചെയ്യുന്നത്. കോടഞ്ചേരി ഉൾപ്പെടുന്ന താമരശ്ശേരി ബിഷപ്പിനെ   'നികൃഷ്ട ജീവി' എന്ന് വിളിച്ചയാളാണ് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് തെരഞ്ഞെടുപ്പിൽ പണി വരുന്നതറിഞ്ഞ് സമസ്താപരാധം പറഞ്ഞ് അദ്ദേഹവുമായി സന്ധിയുണ്ടാക്കി. അവിടെയൊതുങ്ങിയില്ല കാര്യങ്ങൾ. ഒരു കാലത്ത് അഴിമതി രാജാവും വർ​ഗശത്രുവുമായി കണക്കാക്കിയിരുന്ന കെ.എം. മാണിയുടെ പാർട്ടിയുമായും അതുവഴി അവരുടെ സമുദായവുമായും കൃത്യമായ ധാരണയും സഖ്യവും ഉണ്ടാക്കിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് ജയിച്ചു കയറിയത്. ഇതേ നയം മറ്റ് ജാതി-മത സമുദായങ്ങളുമായി ഉണ്ടാക്കി. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ക്രിസ്ത്യൻ നാടാർ സമുദായത്തിനും സംവരണം വാഗ്ദ്ധാനം ചെയ്തു പിന്തുണ ഉറപ്പാക്കി. അതേസമയം വർഷങ്ങളായി മുസ്ലീം സമുദായങ്ങളിലെ വിവിധ വിഭാഗങ്ങളിലെ അഭിമതരും അനഭിമതരുമായും ധാരണയും ഒത്തുത്തീർപ്പും ഉണ്ടാക്കുകയും ചെയ്താണ് ഭരണം ഉറപ്പിച്ചത്. ഇപ്പോഴടക്കം കാലങ്ങളായി മുസ്ലീം ലീഗിനെയും ക്ഷണിച്ചു കൊണ്ടേയിരിക്കുന്നു സി.പി.എം. കോൺഗ്രസും, ബി ജെ.പിയും സമാനനീക്കങ്ങൾ നടത്തിയെങ്കിലും സി.പിഎമ്മിന് ഒപ്പം എത്താനായില്ലെന്ന് മാത്രം.

ഫലമോ കേരള സമൂഹത്തിൽ കനത്ത ജാതി-മത വേർതിരിവാണ് ഇവരെല്ലാം കൂടി ഉണ്ടാക്കിയിട്ടുള്ളത്. മദ്ധ്യതിരുവിതാംകൂറിലെ ചില സ്ഥലത്തെങ്കിലും സമുദായം നോക്കി കടകളിൽ കയറുന്നവരും ഒഴിവാക്കുന്നവരും ധാരാളം. തൊടുപുഴയിൽ അദ്ധ്യാപകനായ പ്രൊഫസർ ജോസഫിന്റെ കൈ തീവ്രവാദികൾ വെട്ടിമാറ്റിയത് പരീക്ഷയ്ക്ക് ഒരു ചോദ്യമുന്നയിച്ചതിൽ പ്രവാചകനിന്ദ ആരോപിച്ചാണ്. അറ്റ കൈ പിന്നീട് തുന്നിച്ചേർക്കാനായത് വൈദ്യശാസ്ത്രത്തിന്റെ മിടുക്ക്. എന്നാൽ, അതുണ്ടാക്കിയ സമൂഹത്തിലെ മുറിവും വിടവും നി‍ർഭാഗ്യവശാൽ കൂടുതൽ സങ്കീർണമായിരിക്കുകയാണ്. 

രാഷ്ട്രീയ നേതൃത്വവും സമുദായ നേതാക്കളും തമ്മിൽ അന്തർധാരയും രഹസ്യ ഇടപാടുകളുമുണ്ട്. അവരുടെയൊക്കെ വർ​ഗതാത്പര്യങ്ങളും കച്ചവട ഇടപാടുകളും സാധാരണക്കാർക്കില്ലല്ലോ. സമുദായ നേതൃത്വവും രാഷ്ട്രീക്കാരുമായുള്ള ഈ അവിശുദ്ധ കൂട്ടുകെട്ട് കേരളത്തിലെ മാത്രം കാര്യമല്ല. കോടഞ്ചേരി പ്രശ്നത്തിൽ മുഖപ്രസംഗം വന്ന ദീപീകയുടെ അതേ താളിൽ തന്നെ ഇക്കാര്യം പറയുന്നുണ്ട്. സിറിയ ക്രൈസ്തവ മുക്ത രാജ്യമാകുമോ എന്ന് ആശങ്കപ്പെടുന്ന ഡോ. ജോർജുകുട്ടി ഫിലിപ്പിന്റെ എഡിറ്റ് പേജിലെ ലേഖനത്തിൽ, സിറിയയിലെ സഭാനേതാക്കളിൽ പലരും രാഷ്ട്രീയ നേതൃത്വത്തെ പിന്തുണച്ചിരുന്നത് കൊണ്ട് സാധാരണ വിശ്വാസികൾ സഭാനേതൃത്വത്തെ അവിശ്വസിക്കാൻ തുടങ്ങി എന്നതൊരു വാസ്തവമാണെന്ന് പറയുന്നു. കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കിടയിലെ ഇപ്പോഴത്തെ അവിശ്വാസത്തിന്റെ മൂലഹേതുവും ഈ ലേഖനം പ്രകടിപ്പിക്കുന്നു.

ജനഹിതം കേൾക്കാത്ത, ഏകാധിപതികളായ ഭരണാധികാരികൾ നടത്തുന്ന ദുർഭരണവും അതിനൊപ്പം കാലാവസ്ഥാ വ്യതിയാനവും കൂടി ചേരുമ്പോൾ ലോകത്ത് പല ഭാഗത്തും സാധാരണക്കാർക്ക് ജീവിക്കാൻ സാധിക്കാതെ വരുന്നു. തങ്ങളുടെ സ്വേച്ഛാധിപത്യം  നിലനിർത്താൻ മതത്തേയും, രാഷ്ട്രീയ തത്വസംഹിതകളെയും തീവ്രവാദത്തേയും ആയുധമാക്കുകയാണ് ഭരണാധികാരികൾ. ആയുധക്കച്ചവടക്കാരായ രാജ്യങ്ങൾ ലോകമാകെ സംഘർഷങ്ങൾക്ക് തിരികൊളുത്തുന്നതും ഇത്തരം ശക്തികളുടെ മറപിടിച്ചാണ്. നിസ്സഹായരായ ജനങ്ങൾ അവരുടെ ജന്മദേശങ്ങൾ വിട്ട് പലായനം ചെയ്യാൻ നിർബന്ധിതരാകുന്നു. സർവ്വവും നഷ്ടപ്പെട്ട് ഓടിപ്പോകുന്ന ജനത വീണ്ടും ചൂഷണം ചെയ്യപ്പെടുന്നു. പെൺകുട്ടികളടക്കം ബലാത്സംഗം ചെയ്യപ്പെടുന്നു, ലൈംഗിക അടിമകളാക്കപ്പെടുന്നു, ആൺകുട്ടികളെ ബലമായി ആയുധമണിച്ച് ചാവേർ പോരാളികളാക്കുന്നു, പലപ്പോഴും നി‍ബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കുന്നു, കുടുംബങ്ങൾ എന്നെന്നേക്കുമായി ഛിന്നഭിന്നമാക്കപ്പടുന്നു. 

ഇത് സിറിയയിലും, ഇറാഖിലും, അഫ്ഗാനിസ്ഥാനിലും മാത്രമല്ല, ആഫ്രിക്കയിലും, യൂറോപ്പിലും, അമേരിക്കയിലുമൊക്കെ എന്തിന് നമ്മുടെ തൊട്ടടുത്ത ശ്രീലങ്കയിലുമൊക്കെ സംഭവിക്കുന്നു. ഒരു കാലത്ത് ഉദാരമായി അഭയാർത്ഥികളെ സ്വീകരിച്ചിരുന്ന യൂറോപ്യൻ രാജ്യങ്ങൾ പോലും ഇപ്പോൾ അവ തടയുകയാണ്. യുറോപ്യൻ യൂണിയനും തുർക്കിയുമായി 2016 -ൽ ഇതിനായി കരാറുണ്ടാക്കിയതോടെ വലിയൊരു അഭയാർത്ഥി വാതിലടഞ്ഞു. വന്നുപെട്ട അഭയാർത്ഥികളെ തന്നെ അതാത് രാജ്യങ്ങളിലേക്കോ മറ്റെവിടേക്കെങ്കിലുമോ പുറംതള്ളുകയാണ് പല രാജ്യക്കാരും. ഏറ്റവും ഒടുവിൽ അഭയാർത്ഥികളെ പുറംതള്ളാനായി റുവാൻഡയുമായി കരാ‌ർ ഉണ്ടാക്കിയിരിക്കുന്നു ബ്രിട്ടൻ.

അഭയാർത്ഥികളായി എത്തുന്നവർക്ക് പലപ്പോഴും പുതിയ രാജ്യത്തെ അവസ്ഥയുമായി ഒത്തുപോകാനാകുന്നില്ല. ആകാരം മുതൽ ജീവിതരീതികളും, വിശ്വാസപ്രമാണങ്ങൾ വരെ  പലവിധ കാരണങ്ങളാൽ ആതിഥേയരാജ്യങ്ങളുമായി അലിഞ്ഞുചേരാൻ വിഷമിച്ചു നിൽക്കുന്ന അഭയാ‍ർത്ഥികളും നാട്ടുകാരുമായി കലഹം വർദ്ധിക്കുന്നു. ഈ അവസ്ഥയെ ചൂഷണം ചെയ്യുന്ന ശക്തികൾ അവരെ പലപ്പോഴും മതകാരണങ്ങൾ പറഞ്ഞ് പരസ്പരം പോരടിപ്പിക്കുന്നു. പലപ്പോഴും അജ്ഞാതരായ ശക്തികളുടെ കുത്സിതശ്രമങ്ങളിൽ വശംവദരാക്കപ്പെടുന്നവർ മതത്തിന്റെ പേരിൽ അക്രമങ്ങളിലും തീവ്രവാദങ്ങളിലും ഏർപ്പെടുന്നു. അതോടെ ചെറിയ ഒരു ന്യൂനപക്ഷത്തിന്റെ ദുഷ്ചെയ്തികൾക്ക് നിസ്സഹായരായ മഹാഭൂരിപക്ഷം വലിയ വില നൽകേണ്ടി വരുന്നു. ജന്മനാട്ടിലേതിനേക്കാൾ വൻവിവേചനത്തിലാകുന്നു അവർ പുതിയ ദേശങ്ങളിൽ. എരിതീയിൽ നിന്ന് വറചട്ടിയിലെത്തുന്ന അവസ്ഥയാണ് അവരിൽ പലർക്കും.  

S biju column opinion on Communal conflicts and other related issues

വംശീയവിദ്വേഷത്തിന് ഇരയായി സർവ്വവും നഷ്ടപ്പെട്ട് യങ്കൂണിൽ നിന്ന് പലായനം ചെയ്ത്  എങ്ങനയൊക്കയോ നമ്മുടെ നാട്ടിലെത്തി പരിതാപകരമായ ജീവിതം നയിക്കുന്നവരാണ് റോഹിങ്ക്യൻ അഭയാർത്ഥികൾ. നാട്ടിൽ ആരൊക്കെയോ നടത്തുന്ന അക്രമങ്ങൾക്ക് പലപ്പോഴും പാത്രമാകേണ്ടി വരുന്നതും പഴികേൾക്കേണ്ടി വരുന്നതും അവരാണ്. പലപ്പോഴും സാമൂഹികമാധ്യമങ്ങൾ വഴി അജ്ഞാതകരങ്ങൾ സൃഷ്ടിക്കുന്ന കപടസന്ദേശങ്ങളുടെ ബലിയാടുകളാണിവ‍ർ. ആസന്നമായ ദില്ലി മുനിസിപ്പൽ തെരഞ്ഞടുപ്പിന് കളമൊരുക്കാനായി ദില്ലിയിലെ ജഹാംഗീർപുരിയിൽ സൃഷ്ടിക്കപ്പെട്ട കലാപത്തിനും പഴി ഈ അഭയാർത്ഥികൾക്കാണ്. ഇപ്പോൾ അനഭിമതർ താമസിക്കുന്ന ഇടങ്ങൾ പൊളിച്ചു നീക്കലാണ് പുതിയ പ്രവണത. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ തുടങ്ങി ജഹാംഗീർപുരിയിൽ എത്തിനിൽക്കുന്നു ഈ ബുൾഡോസർ പ്രവണത. സുപ്രീം കോടതി ഇടപെട്ടിട്ടും ഇതൊക്കെ തടയാൻ പ്രയാസമായിരിക്കുന്നു. 

അഭയാർത്ഥികളായി എത്തുന്നവരും ലോകമൊട്ടാകെ ജാതി മത വംശീയ ദേശീയ വിവേചനം നേരിടുന്നു. യൂറോപ്പിലും, അമേരിക്കയിലും ഓസ്ട്രേലിയയിലും പൊതുവേ ക്രിസ്ത്യാനികൾക്ക് കിട്ടുന്ന പരിഗണന തങ്ങൾക്ക് കിട്ടുന്നില്ലെന്ന് മുസ്ലീംകൾ പരാതിപ്പെടുന്നു, മദ്ധ്യ ഏഷ്യയിലും ‌ആഫ്രിക്കയിലും മറിച്ചാണ് സ്ഥിതി. സിറിയയിലും, ഇറാക്കിലും, മൊസാമ്പിക്കിലും, നൈജീരിയയിലും, പാകിസ്ഥാനിലും തങ്ങൾ നിർബന്ധിത മതപരിവർത്തനത്തിനും അടിച്ചേൽപ്പിക്കപ്പെട്ട വിവാഹത്തിനും വരെ വിധേയമാകുന്ന‌തായി ക്രിസ്ത്യാനികളും പറയുന്നു. ഇനി മതത്തിനുള്ളിൽ തന്നെ വംശീയ-ജാതീയ വിവേചനവും പ്രബലമാണ്. മുസ്ലീംകളാണെങ്കിലും ഇറാഖിലെ കുർദുകൾ നേരിടേണ്ടി വന്ന പീഡനം നമുക്ക് അറിയാമല്ലോ. 

നമ്മുടെ നാട്ടിലാണെങ്കിലും അയൽപക്കത്തെ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിലേക്ക് അഭയാ‍ർത്ഥികളായി വരാനുള്ള നിയമം ഇപ്പോൾ നടപ്പാക്കി തുടങ്ങിയിരിക്കുകയാണല്ലോ. താലിബാൻ പിടിമുറുക്കിയ അഫ്ഗാനിൽ നിന്ന് ഇന്ത്യയിലേക്ക് വരാൻ അവിടത്തെ ഹിന്ദു, സിഖ്, ക്രിസ്ത്യൻ പൗരൻമാർക്കുള്ള അവകാശം അവിടെ പീഡനം നേരിടുന്ന മുസ്ലീം സമുദായാംഗങ്ങൾക്കില്ല. അതുപോട്ടെ ഈ നിയമം ഉത്തരദേശത്തുള്ളവർക്കും ദക്ഷിണദേശത്തുള്ളവർക്കുമിടയിലും വിവേചനം കാട്ടുന്നു. പലായനം ചെയ്യേണ്ടി വരുന്ന ശ്രീലങ്കയിലെ ഹിന്ദുക്കൾക്ക് ഈ  നിയമം പരിരക്ഷ നൽകുന്നില്ല.    

നൊബേൽ സമ്മാനം ഒക്കെ നൽകുന്ന ശ്രേഷ്ഠമായ രാജ്യമാണ് സ്വീഡൻ. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ അവിടെ തെരുവുകളിൽ അരാജകത്വമായിരുന്നു. റാസ്മുസ് പലുഡാൻ എന്ന തീവ്ര വലതുപക്ഷക്കാരൻ നയിക്കുന്ന സ്ട്രാം കൂസ് (Hard Line) എന്ന രാഷ്ട്രീയ പാർട്ടി അവിടെ ഖുറാൻ കത്തിക്കാൻ നടത്തിയ തെരുവ് പ്രക്ഷോഭങ്ങളാണ് ഇതിലേക്ക് നയിച്ചത്. പ്രക്ഷോഭകരും അതിനെ ചെറുക്കുന്നവരും നടത്തിയ ഏറ്റുമുട്ടലിൽ നിരവധി പൊലീസ് വാഹനങ്ങൾ കത്തിച്ചു. പൊലീസുകാർക്കടക്കം കാര്യമായി പരിക്കേറ്റു. സെപ്റ്റംബറിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഇനിയും വേണ്ട പിന്തുണ കിട്ടാത്ത റാസ്മുസ് പലുഡാൻ അതിനായി തെരഞ്ഞടുത്തത് അവിടത്തെ ന്യൂനപക്ഷ കുടിയേറ്റക്കാർ (മുസ്ലീംകൾ) താമസിക്കുന്ന ചെറുപട്ടണങ്ങളിൽ ചെന്ന് പ്രകോപനവും അക്രമവും കാട്ടുകയെന്നതാണ്. 

S biju column opinion on Communal conflicts and other related issues

അയൽരാജ്യമായ ഡെൻമാർക്കുകാരനായ പലുഡാന്റെ രക്ഷിതാക്കളിലൊരാൾ സ്വീഡിഷ് വംശജനാണ്. ഇപ്പോൾ ഈ വാർത്തയുടെ അലയൊലികൾ സ്വീഡനും ഡെൻമാർക്കും വിട്ട് ലോകമൊട്ടാകെ പടരുകയാണ്. യൂറോപ്പിലും, ഗൾഫിലും ആഫ്രിക്കയിലുമൊക്കെ ഇത് ക്രിസ്ത്യാനികളും മുസ്ലീംകളും തമ്മിലുള്ള ചേരിതിരിവിലേക്കും നയിച്ചിരിക്കുന്നു. സ്വീഡീഷ് സ്ഥാനപതിയെ വിളിച്ചു വരുത്തി ഇറാഖ്  മുന്നറിയിപ്പ് നൽകുന്നതിൽ വരെ എത്തിയിരിക്കുന്നു കാര്യങ്ങൾ. യുറോപ്പിലും, ആഫ്രിക്കയിലും, ഗൾഫ് രാജ്യങ്ങളിലും ഇതൊക്കെ കാണുന്ന നമ്മുടെ ആൾക്കാർ ആ ഭയം നാട്ടിലേക്ക് പടർ‍ത്തുന്നു. 

അതാണ് കേരളത്തിലെ ഇപ്പോഴത്തെ സമുദായിക ചേരിതിരിവിനുള്ള അടിസ്ഥാന കാരണം. അതില്ല എന്ന് പറഞ്ഞൊഴിയാൻ എളുപ്പമാണ്. എന്നാൽ, അതിന്റെ മൂലകാരണം കണ്ടെത്തി അതിനാധാരമായ പ്രശ്നങ്ങളെ വേരോടെ പിഴുതെറിയാൻ തയ്യാറായില്ലെങ്കിൽ കേരളം എന്ന വികാരം നമുക്ക് നഷ്ടമാകും. ഇതിനൊപ്പം ദില്ലി ജഹാംഗിർപുരി പോലുള്ളിടങ്ങളിൽ നടക്കുന്ന കലാപങ്ങളും അതുണ്ടാക്കുന്ന സമുദായിക ചേരിതിരിവും ഇനി കേരളത്തിലും കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കും.

നിർഭാഗ്യവശാൽ സ്വീഡനിലെ അക്രമിയായ രാഷ്ടീയക്കാരൻ റാസ്മുസ് പലുഡാന്റെ നിരവധി കൈയാളുകൾ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളിലും സമുദായ  സംഘടനകളിലുമുണ്ട്. ആട്ടിൻപറ്റങ്ങൾ കൂട്ടിമുട്ടി പൊഴിയുന്ന ചോര കുടിക്കാൻ ആട്ടും തോലണിഞ്ഞ് ആ ചെന്നായ്ക്കൾ കാത്തിരിക്കുകയാണ്. കാര്യങ്ങൾ ഇങ്ങനെ പോയാൽ അത് ഇപ്പോൾ തന്നെ ദുർബലമായിരിക്കുന്ന കേരളത്തെയും ഇന്ത്യയെയും കൂടുതൽ തളർത്തും. നമ്മുടെ അയൽക്കാരായ ശ്രീലങ്ക തന്നെ ഉദാഹരണം. അവിടത്തെ പ്രബല‍ർ, സമാധാനത്തിന്റെ ബിംബമായ ബുദ്ധന്റെ അനുയായികളാണ്. എന്നാൽ അവിടത്തെ ബുദ്ധ സന്യാസിമാർ തന്നെ സിംഹള ദേശീയത പറഞ്ഞ് മറ്റുള്ളവരെ ഒറ്റപ്പെടുത്തിയതാണ് ലോകത്തെ തന്നെ ഏറ്റവും കടുത്ത തീവ്രവാദി പ്രസ്ഥാനങ്ങളൊന്നായ എൽടിടിഇ -യെ അവിടെ വളർത്തിയത്. 

അതിനെ നീണ്ട വർഷങ്ങളുടെ പോരാട്ടത്തിൽ ഒതുക്കിയെങ്കിലും ഇത് ശ്രീലങ്കയെ എല്ലാ തരത്തിലും തളർത്തി. അതിനിടയിൽ 2019 -ലെ ഈസ്റ്റർ ബോംബിങ്ങിലൂടെ മറ്റ് സമുദായങ്ങളും തങ്ങളുടെ പങ്ക് നിർവഹിച്ചു. ഈ ബഹളത്തിനിടയിൽ അവിടത്തെ മികച്ച സാങ്കേതിക വിദഗദ്ധരും പ്രൊഫഷണലുകളും, പ്രത്യേകിച്ച് തമിഴ് വംശജ‌ർ വിദേശത്തേക്ക് കുടിയേറുകയും പലായനം ചെയ്യുകയുമുണ്ടായി. അന്ന് ഇതൊക്കെ മുതലെടുത്ത സിംഹള നേതാക്കൻമാരും രാഷ്ട്രീയ പാർട്ടികളും ഇപ്പോൾ തമ്മിൽ പോരാടുന്ന അവസ്ഥയിലെത്തി. 

മണിക്കൂറൂകളുടെ അകലമേയുള്ളു നമ്മളും ശ്രീലങ്കയും തമ്മിൽ. നമ്മുടെ ചെറുപ്പക്കാർ  എങ്ങനെയെങ്കിലും സ്കൂൾ പഠനം കയിച്ചിലാക്കി ഇപ്പോൾ ഏഴാം കടലിനക്കരെ പോകുന്നത് ഇവിടത്തെ തിമിരം കേറിയ രാഷ്ട്രീയ സമുദായ നേതാക്കൻമാരുടെ കുടിലത കൂടി കൊണ്ടാണ്. പണ്ടൊക്കെ വിദേശത്ത് പോകുന്നവർ എല്ലുമുറിയെ പണിയെടുത്ത് ആ പണം നാട്ടിലേക്കയച്ചാണ് നമ്മുടെ സമ്പദ് വ്യവസ്ഥയെ വളർത്തിയത്. ഇന്ന് പോകുന്ന ചെറുപ്പക്കാരിൽ പലരും പണമയക്കുന്നത് പോയിട്ട്  ഇനി ഇങ്ങോട്ട് അവരുടെ അച്ഛനമ്മമാരെ കാണാൻ വരാൻ പോലും ആഗ്രഹിക്കാത്തവരാണ്. കേരളത്തെ കൂട്ടിച്ചോറാക്കാൻ കൂട്ടുനിൽക്കുന്ന നമ്മോട് അവർക്ക് അത്രയ്ക്ക് വെറുപ്പാണ്. 

അസത്യ നി‍ർമ്മിതികളാണ് നമ്മുടെ ഇപ്പോഴത്തെ വ്യവസായവും തൊഴിലും. യാതൊരു യുക്തിയും അടിസ്ഥാനവും ഇല്ലെന്നറിഞ്ഞിട്ടും ഏത് കള്ളത്തരത്തെയും സ്വാദോടെ രുചിച്ച് ഇറക്കുകയാണ് നമ്മൾ. എന്ത് വിഷമാണിനിയും നമുക്ക് പങ്കിട്ട് നൽകാൻ അവശേഷിപ്പിച്ചിരിക്കുന്നത്? തൊലിപ്പുറ മരുന്നുകൾക്ക് ശമിപ്പിപ്പിക്കാനാകാത്ത വിധം നമ്മുടെ പുണ്ണ് വീർത്തിരിക്കുന്നു. ചില അംഗങ്ങളെ തന്നെ ഛേദിച്ചാലെ ശസ്ത്രക്രിയ കൊണ്ടും കാര്യമുള്ളൂ. അതിനായി പുതിയൊരു അവതാരത്തിന് കാത്തിരിക്കണോ?  

Follow Us:
Download App:
  • android
  • ios