Asianet News MalayalamAsianet News Malayalam

എസ്‍പിബി എന്ന വികാരം; പ്രിയപ്പെട്ട ​ഗായകൻ നമ്മുടെ ഓർമ്മകളിലേക്ക് കുടിയേറിയിട്ട് രണ്ട് വർഷം...

ഗായകരുടേ ലോകത്തെ വേറിട്ട ജന്മമായിരുന്നു എസ്പിബി. ഒരു പാട്ടുകാരന്റെ ചിട്ടവട്ടങ്ങളോ അച്ചടക്കമോ പിന്തുടരാതെ  ജീവിതത്തെ സ്നേഹിച്ചു. രണ്ട് പദ്മ പുരസ്കാരങ്ങളും ആറ് ദേശീയ പുരസ്കാരങ്ങളും  നിരവധി സംസ്ഥാന അവാർഡുകളും നിറഞ്ഞ പുരസ്കാര പട്ടിക അദ്ദേഹത്തെ അഹങ്കാരിയാക്കിയില്ല.

S. P. Balasubrahmanyam death anniversary pr vandana writes
Author
First Published Sep 25, 2022, 10:26 AM IST

'കർമ' എന്ന ചിത്രത്തിലെ 'മലരേ മൗനമാ...' ഒരു പാതിരാത്രിയിൽ മികവിനായി പല വട്ടം പാടി എസ് പി ബി തന്നെ ഊതിക്കാച്ചിയ പൊന്ന്, മനസ്സിൽ പ്രണയത്തിന്റെ മധുരം തരാത്ത ഒരാളുമുണ്ടാവില്ല.

'മൗനരാഗ'ത്തിലെ 'നിലാവേ വാ...' ആകാശത്തെ ചന്ദ്രികയെ നോക്കി പ്രിയപ്പെട്ടവളുടെ സ്നേഹത്തിനായി പാടിയ നായകനൊപ്പം വിങ്ങാത്ത ഒരാളുമുണ്ടാവില്ല

'ദളപതി'യിലെ 'കാട്രുക്കുള്ളിൽ...' വിജയവേള ആഘോഷമാക്കിയ കൂട്ടുകാർക്കൊപ്പം  താളം പിടിക്കാത്ത ഒരാളുമുണ്ടാവില്ല. 

'എക് ദുജേ കേലിയ'യിൽ 'തേരെ മേരെ ബീച്ച് മേം...' വിരഹത്താൽ വിഷമിച്ച കാമുകമനസ്സിനൊപ്പം കണ്ണീരണിയാത്ത ഒരാളുമുണ്ടാവില്ല.

'കിലുക്ക'ത്തിലെ ഊട്ടിപ്പട്ടണം...' ചുമ്മാ വട്ടുകളിച്ച് തുള്ളിക്കളിച്ച് നടന്ന ചങ്ങാതിമാർക്കൊപ്പം ചിരിക്കാത്ത ഒരാളുമുണ്ടാവില്ല.

പതിറ്റാണ്ടുകളായി പല തലമുറ നായകൻമാർ പലവിധ ഭാഷകളിൽ പ്രണയിച്ചതും നൊമ്പരപ്പെട്ടതും ആഘോഷിച്ചതും എല്ലാം ആ ശബ്ദത്തിലാണ്. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദത്തിൽ. ചില ഇടർച്ചകളും ചെറുചിരിയും കുഞ്ഞുമൂളലും എല്ലാമുള്ള കുണുക്കുവിദ്യകളുമായി ഏതുതരം പാട്ടും ആരുടെ പാട്ടും എസ്പിബി വേറൊന്നാക്കി.  ഗമകങ്ങളാൽ സമ്പന്നമായ ശങ്കരാഭാരണം പാടി തകർത്ത എസ്പി‍ബി സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ല എന്നത് ഇപ്പോഴും എപ്പോഴും സംഗീതപ്രേമികളെ ആശ്ചര്യപ്പെടുത്തുന്ന കാര്യം. അതുപോലെ  അത്ഭുതപ്പെടുത്തിയ മറ്റൊരു സംഭവമാണ് കന്നട സിനിമയായ 'ഗാനയോഗി പഞ്ചാക്ഷരി ഗവായി' എന്ന ചിത്രത്തിലെ ഹിന്ദുസ്ഥാനി ഗാനം. 
 
പാട്ടറിവിന് അധികഭാരമില്ല എന്നത് കൂടുതൽ നന്നാകാൻ തുണയാക്കുകയാണ് എസ്പിബി ചെയ്തത്. പാട്ടുകൾ അതിവേഗം പഠിച്ച് പാടി സംഗീതസംവിധായകരേയും ഒപ്പം പാടുന്നവരേയും അദ്ദേഹം അതിശയിപ്പിച്ചു. ഒരു ദിവസം 21 ഗാനങ്ങൾ വരെ പാടി. പല ഭാഷകളിലായി നാൽപതിനായിരത്തിലധികം പാട്ടുകൾ. ദക്ഷിണേന്ത്യൻ ഭാഷകളിലെ എല്ലാ പ്രമുഖ നടൻമാർക്കും എസ്പിബിയുടെ ശബ്ദം ഇണങ്ങി. സാക്ഷാൽ ഗാനഗന്ധർവന് പോലും അദൃശ്യവിലക്ക് നേരിടേണ്ടി വന്ന ഹിന്ദി സിനിമാലോകത്തിൽ വെന്നിക്കൊടി പാറിച്ച ഏക ദക്ഷിണേന്ത്യൻ ഗായകമായി എസ്പി‍ബി. 'ഏക് ദുജേ കേലിയേ' തൊട്ട് 'സാജനും ഹം ആപ്കെ ഹെ കോനും' തുടങ്ങി 'ചെന്നൈ എക്സ്പ്രസ്' വരെ നീളുന്ന ഹിറ്റുകളുടെ പട്ടിക.

S. P. Balasubrahmanyam death anniversary pr vandana writes
 
ആന്ധ്ര നെല്ലൂരിലെ ഹരികഥാപ്രാസംഗികനായിരുന്ന സാമ്പമൂർത്തിയുടെ മകനായ ശ്രീപതി പണ്ഠിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ് പി ബാലസുബ്രഹ്മണ്യത്തിന് ചെറുപ്പത്തിലേയുണ്ട് സംഗീതവാസന. എഞ്ചിനീയറിങ് പഠനത്തിനിടയിലും ഗാനമേളകളിലും പാട്ടുമത്സരവേദികളിലും സജീവം. ഒപ്പമുണ്ടായിരുന്നവരിൽ ഇളയരാജ, ഗംഗൈ അമരൻ, ഭാസ്കർ, അനിരുട്ട തുടങ്ങിയ പേരുകളുമുണ്ട്. ബാലുവിന്റെ പാട്ടുകേട്ട് ഇഷ്ടമായ തെലുങ്ക് സംഗീതസംവിധായകൻ എസ് പി കോദണ്ഡപാണിയാണ് സിനിമയിലേക്ക് ക്ഷണിച്ചത്. 1966 -ൽ 'ശ്രീ ശ്രീ മര്യാദ രാമണ്ണ' എന്ന ചിത്രത്തിൽ. കൃത്യം എട്ടുദിവസം കഴി‍ഞ്ഞപ്പോൾ കന്നഡയിൽ ആദ്യപാട്ട്. ഹാസ്യസമ്രാട്ട് ടി. ആർ. നരസിംഹരാജുവിന്റെ 'നക്കരെ അഡ സ്വർഗ'യായിരുന്നു സിനിമ. പിന്നാലെ എം.എസ് വിശ്വനാഥനൊപ്പം തമിഴിലേക്കും. ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം എസ്പിബി എന്ന മൂന്നക്ഷരം പുതിയ വാക്കായി. ഇളയരാജയും എസ്പിബിയും, ഉപേന്ദ്രകുമാറും എസ്പിപിയും, ഹംസലേഖയും എസ്പിബിയും, സുശീലയും എസ്പിബിയും, ജാനകിയും എസ്പിബിയും, എംസ്‍വി യും എസ്പിബിയും, വിദ്യാസാഗറും എസ്പിബിയും, എആറും എസ്പിബിയും, ചിത്രയും എസ്പിബിയും അങ്ങനെ ചലച്ചിത്രഗാനശാഖയിലെ എല്ലാ വിജയചേരുവകളിലും ഒന്നായി എസ്പിബി. അയൽവാസിയെ സ്വന്തമായി തന്നെ മലയാളിയും സ്നേഹിച്ചു. 

S. P. Balasubrahmanyam death anniversary pr vandana writes
 
എംജിആറിന്റെ 'അടിമൈപ്പെണ്ണി'ലെ പാട്ട് എസ്പിബിയെ തമിഴകത്തിന്റെ പ്രിയങ്കരനാക്കി. പാട്ട് റെക്കോഡ് ചെയ്യാൻ പനിബാധിതനായിരുന്ന ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം റെക്കോ‍ർഡ് ചെയ്യാൻ എംജിആർ ഒരു മാസം കാത്തിരുന്നതൊക്കെ കോളിവുഡിൽ ഇപ്പോഴും പറയുന്ന അണിയറക്കഥ. പിന്നീട് വന്ന നിരവധി നായകർക്കൊപ്പവും എസ്പിബി ഉണ്ടായിരുന്നു. ഉലകനായകന്റെ സിനിമായാത്രയിൽ ശബ്ദമായി കൂടെ നടന്നു എസ് പിബി. സ്റ്റൈൽ മന്നനായും സൂപ്പർ സ്റ്റാർ ആയും പടയപ്പയായും ദളപതിയായുമൊക്കെ രജനീകാന്ത് വരവറിയിച്ച സൂപ്പർ ഹിറ്റ് പാട്ടുകളെല്ലാം എസ്പിബിയുടെ ശബ്ദത്തിൽ ഒടുവിലിറങ്ങിയ ദർബാറിൽ വരെ. അനശ്വരത്തിൽ മമ്മൂട്ടിയുടെയും ഗാന്ധർവത്തിൽ മോഹൻലാലിന്റെയും ശബ്ദമായി. സൽമാൻ ഖാൻ ഇടക്ക് കുറേക്കാലം പ്രണയിനിയെ വിളിച്ചതും കരഞ്ഞതും ആടിപ്പാടിയതും എസ്പിബിയുടെ ശബ്ദത്തിലായിരുന്നു. 
 
കേളടി കൺമണി, തിരുടാ തിരുടാ, കാതലൻ, തുടങ്ങി നിരവധി സിനിമകളിൽ എസ്പിബി അഭിനയിച്ചു. ഡബ്ബിംഗ് കലാകാരനായും എസ്പി‍ബി തിളങ്ങി. മൻമഥലീല മുതൽ കമലഹാസന്റെ സിനിമകൾ തെലുങ്കിലേക്ക് ഡബ്ബ് ചെയ്യുമ്പോൾ ശബ്ദം നൽകിയത് എസ്പിബിയായിരുന്നു. ദശാവതരത്തിൽ ഏഴ് കഥാപാത്രങ്ങളുടേയും ശബ്ദമായിരുന്നു അദ്ദേഹം. ചെയ്യുന്ന ജോലി അത് പാട്ട് പാടൽ ആയാലും ശബ്ദം കൊടുക്കലായും സംഗീതസംവിധായകനായാലും അഭിനയമായാലും അതിൽ മനസ്സുകൊടുത്തു എസ്പിബി. 

S. P. Balasubrahmanyam death anniversary pr vandana writes
 
ഗായകരുടേ ലോകത്തെ വേറിട്ട ജന്മമായിരുന്നു എസ്പിബി. ഒരു പാട്ടുകാരന്റെ ചിട്ടവട്ടങ്ങളോ അച്ചടക്കമോ പിന്തുടരാതെ  ജീവിതത്തെ സ്നേഹിച്ചു. രണ്ട് പദ്മ പുരസ്കാരങ്ങളും ആറ് ദേശീയ പുരസ്കാരങ്ങളും  നിരവധി സംസ്ഥാന അവാർഡുകളും നിറഞ്ഞ പുരസ്കാര പട്ടിക അദ്ദേഹത്തെ അഹങ്കാരിയാക്കിയില്ല.   സാവിത്രിയുമൊത്തുള്ള ജീവിതയാത്രയുടെ വാർഷികം ആശുപത്രിക്കിടക്കയിൽ പോലും മറക്കാതെ ആഘോഷിച്ച നല്ല പാതിയായി. ചരണിനും പല്ലവിക്കും നല്ല അച്ഛനായി. എല്ലാ പാട്ടുകാർക്കും സുഹൃത്തും വഴികാട്ടിയുമായി. വിനയത്തോടെ മാത്രം ജീവിച്ചു. 

ആരാധനക്കും ഭക്തിക്കുമപ്പുറം ആരാധകർ സ്നേഹം കൊണ്ടു മനസ്സിൽ പ്രതിഷ്ഠിച്ച ഒരു നല്ല ആൾ, ഒരു നല്ല കലാരസികൻ, പാടിത്തീർക്കാത്ത പാട്ടുകളുടെ താരാപഥത്തിലേറി മഹാഗായകൻ ആയിരക്കണക്കിന് ഈണങ്ങളിലൂടെ  നമുടെ ഓർമകളിൽ കുടിയേറിയിട്ട് രണ്ടു കൊല്ലം. 

Follow Us:
Download App:
  • android
  • ios