തിരുവനന്തപുരം: സച്ചിനേയും ഭവ്യയേയും ഓര്‍മ്മയില്ലേ? പ്രണയം കൊണ്ട് കാന്‍സറിനെ തോല്‍പ്പിച്ച സച്ചിനും ഭവ്യയും... അന്നവര്‍ പ്രണയത്തിന്‍റെയും കരുതലിന്‍റെയും പ്രതീകമായി നമുക്ക് മുന്നിലേക്ക് വന്നുവെങ്കില്‍ ഇന്നത് മനുഷ്യത്വത്തെ കുറിച്ച് കൂടിയുള്ള ഓര്‍മ്മപ്പെടുത്തലുമായിട്ടാണ്. വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും തകര്‍ന്നുപോയ സഹജീവികള്‍ക്ക് സഹായമാകാനായി കുടുംബത്തിലുള്ളവര്‍ ഭവ്യയുടെ യാത്ര സുരക്ഷിതമാക്കാന്‍ നല്‍കിയ ബുള്ളറ്റ് വില്‍ക്കാനൊരുങ്ങുകയാണ് സച്ചിന്‍. ആ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും സച്ചിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.  

സച്ചിന്‍റെ പോസ്റ്റ് വായിക്കാം:

ഈ അടുത്താണ് എനിക്ക് എന്‍റെ കുടുംബത്തിൽ പെട്ട കുറച്ചു ആളുകൾ യാത്രകളെ സ്നേഹിക്കുന്ന ഭവ്യക്ക്, ഭവ്യയുടെ യാത്ര സുരക്ഷിതമാക്കാൻ ബുള്ളറ്റ് 350 ബൈക്ക് എനിക്ക് സമ്മാനിച്ചത്... ഇപ്പോൾ ഞങ്ങളെ നാടും നഗരവും എല്ലാം തകർന്നടിഞ്ഞു, ഒരുപാട് ജീവനുകൾ നഷ്ട്ടപ്പെട്ടു, ഒരുപാട് ആളുകളെ ഇനിയും മണ്ണിനടിയിൽ നിന്നും കിട്ടാനുമുണ്ട്... എന്റെ നാട് പഴയതുപോലെയാവാൻ ഈ ബൈക്ക് കൊടുത്തുകിട്ടുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കാൻ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു... നമ്മൾ അതിജീവിക്കും

നിലമ്പൂരിന് സമീപമുള്ള പോത്തുകല്ലിലാണ് ഇവരുടെ വീട്. നിലമ്പൂരിലെ അക്കൗണ്ടിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍വെച്ചാണ് സച്ചിനും ഭവ്യയും കണ്ടുമുട്ടുന്നത്. അത് പ്രണയമായി. പ്രണയത്തിന്‍റെ രണ്ടാമത്തെ മാസമാണ് ഭവ്യക്ക് സഹിക്കാനാകാത്ത പുറംവേദന വരുന്നതും അസ്ഥികളില്‍ ക്യാന്‍സറാണെന്ന് തിരിച്ചറിയുന്നതും. പക്ഷേ, പ്രണയിച്ചവളെ വിട്ടുകൊടുക്കാനാവുമായിരുന്നില്ല സച്ചിന്. ചികിത്സ തുടങ്ങി സച്ചിന്‍ പ്രണയത്തോടെ കരുതലോടെ കൂടെനിന്നു. ഇരുവരും വിവാഹിതരായി. 

ഏഷ്യാനെറ്റ് ന്യൂസ് മലബാര്‍ മാന്വല്‍ ഷൂട്ട് ചെയ്യുന്ന സമയത്ത്, എന്തിനാണ് തിരക്കിട്ട് ഇരുവരുടേയും വിവാഹം നടത്തിയതെന്ന ചോദ്യത്തിന് സച്ചിന്‍റെ അമ്മ നല്‍കിയ മറുപടി ഇതായിരുന്നു. 'ഭവ്യയെ ആശുപത്രിയില്‍ കൊണ്ടുപോകാനൊക്കെ ഭവ്യയുടെ അച്ഛന്‍ മാത്രമാണുള്ളത്. ഇടക്ക് ആ ചുമതല സച്ചിനേറ്റെടുത്തു. ഇടക്കിടെ ഭവ്യയുടെ വീട്ടില്‍ വന്നുപോകുമ്പോള്‍ നാട്ടുകാര്‍ സംശയിക്കരുതല്ലോ. അങ്ങനെ മോതിരം മാറ്റം നടന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ സച്ചിന്‍ പറഞ്ഞു, ഭവ്യയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവരണമെന്ന്. അവള്‍ക്കൊരു സന്തോഷമാകുമെങ്കില്‍ അതല്ലേ അമ്മേ നല്ലതെന്നായിരുന്നു സച്ചിന്‍ ചോദിച്ചത്.' 

ആ വാര്‍ത്തക്ക് പിന്നിലെ പൊള്ളുന്ന ജീവിതം

ഒരുപാട് പേരാണ് അന്ന് ആശംസകളും സഹായവുമായി സച്ചിന്‍റേയും ഭവ്യയുടേയും കൂടെനിന്നത്. പിന്നീട്, ഭവ്യ സുഖപ്പെട്ടു വരുന്നുവെന്നും കീമോ നിര്‍ത്തിയതായും സച്ചിന്‍ തന്നെ ഫേസ്ബുക്കില്‍ എഴുതിയിരുന്നു. സച്ചിന്‍റെ പുതിയ തീരുമാനത്തിനുമൊപ്പം സ്നേഹവും ബഹുമാനവുമായി കൂടെ നില്‍ക്കുകയാണ് ഉറ്റവരും സുഹൃത്തുക്കളും സാമൂഹ്യമാധ്യമങ്ങളും.

"