വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ് പ്രഗ്യാസിംഗ്താക്കൂർ എന്ന ഭോപ്പാലിൽ നിന്നുള്ള ബിജെപി എംപി. സാധ്വി എന്നുകൂടി പേരിനുമുമ്പ് ചേർത്തിട്ടുണ്ടെങ്കിലും, ജീവിതത്തിൽ പലപ്പോഴായി സിവിലും ക്രിമിനലുമായ പല വിവാദങ്ങളുടെയും കേന്ദ്രബിന്ദുവാകേണ്ടി വന്നിട്ടുണ്ട് പ്രഗ്യക്ക്. ഇത്തവണ, നഥുറാം വിനായക് ഗോഡ്‌സെ എന്ന ഗാന്ധിഘാതകനെ 'ദേശഭക്തൻ' എന്ന് വിളിച്ചതിന്റെ പേരിലാണ്. എ രാജ എന്ന ഡിഎംകെ എംപി, എസ്‌പിജി അമെൻഡ്മെന്റ് ബില്ലിൽ നടത്തിയ പ്രസംഗത്തിന് ഇടയിലായിരുന്നു പ്രഗ്യയുടെ ഇടപെടലും, ഗോഡ്സെയ്ക്ക് ദേശഭക്തൻ എന്ന പദവി നൽകലും ഉണ്ടായത്. പറഞ്ഞ പാടെ തന്നെ പാർലമെന്റിൽ നിന്ന് കടുത്ത പ്രതിഷേധം ഉണ്ടാവുകയും, ആ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുകയുമുണ്ടായി. 

ബിജെപി വർക്കിങ് പ്രസിഡന്റ് ജെ പി നഡ്ഡ പ്രഗ്യയുടെ ഈ പരാമർശത്തെ കടുത്ത ഭാഷയിൽ  അപലപിച്ചു. താമസിയാതെ രാജ്‌നാഥ് സിങ്ങിനും ഈ വിഷയത്തിൽ പ്രഗ്യയുടെ കൂടെയല്ല ബിജെപി എന്ന് വ്യക്തമാക്കേണ്ടി വന്നു. പാർലമെന്റിന്റെ പ്രതിരോധസമിതിയിൽ നിന്ന് പ്രഗ്യയുടെ പേര് ഒഴിവാക്കപ്പെടുകയും ചെയ്തു. പാർലമെന്ററി പാർട്ടി കമ്മിറ്റി മീറ്റിംഗിൽ പങ്കെടുക്കുന്നതിൽ നിന്ന് അവരെ വിലക്കുകയും ചെയ്തു. 

ഇതാദ്യമായല്ല പ്രഗ്യാസിങ് താക്കൂർ നഥുറാം വിനായക് ഗോഡ്‌സെയെ ദേശഭക്തനാക്കുന്നത്. ഭോപ്പാലിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ ഇതേവിഷയത്തിൽ തന്റെ നയം വളരെ വ്യക്തമായിത്തന്നെ മാധ്യമങ്ങൾക്കുമുന്നിൽ അവർ പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ, താൻ കേട്ടത് ഉദ്ധം സിങ്ങ് എന്നായിരുന്നു എന്നും, ദേശഭക്തൻ എന്ന് വിളിച്ചത് ഉദ്ധം സിങിനെ ആയിരുന്നു എന്നുമുള്ള പ്രഗ്യയുടെ ന്യായീകരണത്തിന് സാധുതയില്ല. ഭോപ്പാലിൽ വെച്ച് ഗോഡ്‌സെയെ ദേശഭക്തനെന്നു വിളിച്ച പ്രഗ്യയുടെ നടപടി അക്ഷന്തവ്യമാണ് എന്നൊക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് പറഞ്ഞുവെച്ചെങ്കിലും, അതിന്റെ പേരിൽ യാതൊരു വിധത്തിലുള്ള നടപടിയും അവർക്കെതിരെ ഉണ്ടായില്ല. 

 

2008-ൽ നടന്ന മലേഗാവ് സ്‌ഫോടനങ്ങളിൽ വിചാരണ നേരിടുന്നയാളാണ് സാധ്വി പ്രഗ്യാ സിംഗ്. വടക്കൻ മഹാരാഷ്ട്രയിലെ മാലെഗാവിൽ 2008 സെപ്റ്റംബർ 29ന് നടന്ന സ്ഫോടനത്തില്‍ ആറുപേർ കൊല്ലപ്പെട്ട സംഭവമാണ് പ്രസ്തുതകേസിന് ആധാരം. മുസ്ലീം പള്ളിക്കു സമീപം മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ നൂറോളം പേർക്കാണ് അന്ന് പരിക്കേറ്റത്. ലഫ്റ്റ്നന്‍റ് കേണൽ പ്രസാദ് പുരോഹിത് സന്യാസിനി പ്രഗ്യാ സിങ് ഠാക്കൂർ എന്നിവർക്കെതിരെ കൊലക്കുറ്റവും  റിട്ട. മേജർ രമേഷ് ഉപാധ്യായ, സമീർ കുൽക്കർണി, അജയ് രഹിർക്കര്‍, സുധാകർ ദ്വിവേദി, സുധാകര്‍ ചതുർവേദി എന്നിവരാണ് ഗൂഢാലോചനാക്കുറ്റവും അന്ന് ചുമത്തപ്പെട്ടിരുന്നു. ഒമ്പതു വർഷത്തോളം ഈ കേസിൽ വിചാരണ നേരിട്ട് ജയിലിൽ ചെലവിട്ട പ്രഗ്യാ സിംഗിന് ജാമ്യത്തിലിറങ്ങിയപ്പോൾ എൻഡിഎ ടിക്കറ്റ് നൽകുകയായിരുന്നു. ഈ കേസിൽ ഇനിയും കുറ്റവിമുക്തയാക്കപ്പെടാത്ത സാധ്വി  പ്രഗ്യാ സിംഗിന് ഭോപ്പാലിന് നിന്ന് ടിക്കറ്റ് കൊടുത്ത് മത്സരിപ്പിച്ച നടപടി അന്ന് തന്നെ ഏറെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. 

തെരഞ്ഞെടുക്കപ്പെട്ട് അധികം കഴിയാതെ തന്നെ, ഭോപ്പാൽ മണ്ഡലത്തിലെ സെഹോറില് വെച്ച്  തന്നെ പരാതിയുമായി സമീപിച്ച ബിജെപി പ്രവർത്തകരോട്, " നിങ്ങളുടെ കക്കൂസ് കഴുകാനല്ല ഞാൻ എംപിയായത്" എന്ന് കോപത്തോടെ പറയുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് താൻ ഉദ്ദേശിച്ചത് തന്റെ പണി അത് നടപ്പിലാക്കാൻ വേണ്ട മേൽനോട്ടം വഹിക്കലാണ് എന്നാണുദ്ദേശിച്ചത് എന്ന് പറഞ്ഞുകൊണ്ട് സാധ്വി തടിതപ്പി. 

 

അതിനും മുമ്പ്, 2008  മുംബൈ ഭീകരാക്രമണത്തിൽ രക്തസാക്ഷിയായ ഹേമന്ത് കർക്കരെ എന്ന മുംബൈ എടിഎസ് ചീഫിനെപ്പറ്റി പ്രഗ്യാസിംഗ് പറഞ്ഞതും വിവാദമായിരുന്നു. തന്നെ കർക്കരെ ഏറെ പീഡിപ്പിച്ചിരുന്നു എന്നും, " നിങ്ങളുടെ വംശം തന്നെ കുറ്റിയറ്റു പോകു"മെന്ന് അന്ന് തന്നെ താൻ ശപിച്ചിരുന്നു എന്നും, കർമ്മഫലമാണ് അദ്ദേഹത്തിന്റെ അപമൃത്യു എന്നും പ്രഗ്യ അന്ന് പറഞ്ഞിരുന്നു.  അതും ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. 

ബാബറി മസ്ജിദ് തകർത്തതിൽ തനിക്ക് അഭിമാനമേയുള്ളൂ എന്നൊരു വിവാദപരാമർശവും പ്രചാരണകാലത്ത് സാധ്വി പ്രഗ്യാസിംഗ് നടത്തിയിരുന്നു. അന്നും ബിജെപി നേതൃത്വം പ്രഗ്യയെ പരസ്യമായി ശാസിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് തന്റെ അവസാനത്തെ വിവാദപരാമർശം നടത്തിയത് ദിഗ്‌വിജയ് സിംഗ് എന്ന കോൺഗ്രസ് നേതാവിനെപ്പറ്റിയായിരുന്നു. ദിഗ്‌വിജയ് ഒരു തീവ്രവാദി ആണെന്നായിരുന്നു അന്ന് പ്രഗ്യ പറഞ്ഞുവെച്ചത്. തീവ്രവാദിക്കെതിരെ സന്യാസി, ആരെ ജയിപ്പിക്കണമെന്ന് വോട്ടർമാർക്കറിയാം എന്നായിരുന്നു അന്ന് പ്രസംഗത്തിൽ പ്രഗ്യാസിംഗ് താക്കൂർ ദിഗ്‌വിജയിനെതിരെ ആഞ്ഞടിച്ചത്. അതും പ്രഗ്യക്ക് പിന്നീട് വിനയായി. 

 പ്രഗ്യാ സിങ് ഠാക്കൂറിന്‍റെ സത്യപ്രതിജ്ഞക്കിടെയും ലോക്സഭയിൽ ബഹളങ്ങളുണ്ടായി. പേരിനൊപ്പം ആത്മീയനാമവും ഗുരുവിന്‍റെ പേരും പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതോടെയാണ് സഭയിൽ ബഹളമായത്. ശരിയായ പേര് പറഞ്ഞ് മാത്രമെ സത്യപ്രതിജ്ഞ ചെയ്യാനാകൂ എന്ന് പറഞ്ഞാണ് പ്രതിപക്ഷ എംപിമാര്‍ ലോക്സഭയിൽ ബഹളം വച്ചത്. തെരഞ്ഞെടുപ്പ് രേഖയിൽ പ്രഗ്യാ സിങ് പറഞ്ഞ പേര് ഇതല്ലെന്നും ആ പേരിൽ മാത്രമെ സത്യപ്രതിജ്ഞ അനുവദിക്കാനാകൂ എന്നും പറഞ്ഞാണ് കേരള എംപിമാര്‍ അടക്കമുള്ള പ്രതിപക്ഷ നിര അന്ന് സഭയിൽ ബഹളം വച്ചത്. 

ഇങ്ങനെ ഒന്നിന് പിന്നാലെ ഒന്നായി പലപ്പോഴും വിവാദാസ്പദമായ പല പ്രസ്താവനകളും പ്രഗ്യാസിംഗ്‌ താക്കൂർ വക ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും, ഇതാദ്യമായിട്ടാണ് പേരിനെങ്കിലും എന്തെങ്കിലും നടപടി പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.