നിരവധിപ്പേരാണ് കുഞ്ഞുങ്ങളുണ്ടായതിന് പിന്നാലെ ദമ്പതികളെ അഭിനന്ദിച്ചുകൊണ്ടും ആശംസകളറിയിച്ചുകൊണ്ടും മുന്നോട്ട് വന്നത്. എന്നാൽ, വിമർശനവുമായി വന്നവരും ഉണ്ടായിരുന്നു.
മെക്സിക്കോയിൽ വച്ച് വാടക ഗർഭധാരണത്തിലൂടെ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതായി വെളിപ്പെടുത്തിയതിന് പിന്നാലെ തായ്‌വാനിൽ നിന്നുള്ള സ്വവർഗ ദമ്പതികളാണ് അവിടുത്തെ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി മാറുന്നത്. ലിയു എന്ന സ്പേസ് ഡിസൈനറും ഭർത്താവ് ലിന്നും 2022 -ലാണ് വിവാഹിതരായത്. വിവാഹിതരായതുമുതൽ കുട്ടികൾ വേണമെന്ന് സ്വപ്നം കണ്ടിരുന്നുവെന്ന് ലിൻ വിശദീകരിക്കുന്നു. അനുയോജ്യമായ ഒരു മാർഗം തേടി അവർ ഉക്രെയ്ൻ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം സഞ്ചരിച്ചു. ഒടുവിൽ മെക്സിക്കോയിൽ വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ തീരുമാനിക്കുകയായിരുന്നു.
മെക്സിക്കോയിൽ വാടക ഗർഭധാരണം സംബന്ധിച്ച് പ്രത്യേക ഫെഡറൽ നിയന്ത്രണങ്ങളൊന്നും തന്നെയില്ല, എന്നാൽ, ടബാസ്കോ, സിനലോവ തുടങ്ങിയ ചില പ്രദേശങ്ങളിൽ ഇത് നിയമവിധേയമാക്കിയിട്ടുണ്ട്. എന്തായാലും ലിൻ പറയുന്നത്, ആദ്യമായിട്ടാണ് തങ്ങൾക്ക് കുഞ്ഞുങ്ങളുണ്ടാകുന്നത്, കുഞ്ഞുങ്ങളെ കിട്ടിയതിൽ വളരെ സന്തോഷം, നാല് കുഞ്ഞുങ്ങളായതിനാൽ നാലിരട്ടി സന്തോഷം എന്നാണ്.
നിരവധിപ്പേരാണ് കുഞ്ഞുങ്ങളുണ്ടായതിന് പിന്നാലെ ദമ്പതികളെ അഭിനന്ദിച്ചുകൊണ്ടും ആശംസകളറിയിച്ചുകൊണ്ടും മുന്നോട്ട് വന്നത്. എന്നാൽ, വിമർശനവുമായി വന്നവരും ഉണ്ടായിരുന്നു. ഇത് സ്വാർത്ഥതയാണ്, സ്ത്രീകളുടെ ഗർഭപാത്രത്തെ ചൂഷണം ചെയ്യലാണ് എന്നൊക്കെയാണ് പലരും ആരോപിച്ചത്. എന്നാൽ, അതിനും ദമ്പതികൾ മറുപടി നൽകി. ഒരു അണ്ഡദാതാവും രണ്ട് വാടക അമ്മമാരുമാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനുണ്ടായിരുന്നത് എന്ന് ദമ്പതികൾ വ്യക്തമാക്കി. നിയമപരമായി തന്നെയാണ് കാര്യങ്ങൾ ചെയ്തത്. നാല് കുഞ്ഞുങ്ങളുടെ ജനനസർട്ടിഫിക്കറ്റിലും തങ്ങളെ രണ്ടുപേരെയും രക്ഷിതാക്കളായി ചേർത്തിട്ടുണ്ട് എന്നും ലിന്നും ലിയുവും വിശദീകരിച്ചു.
2019 -ൽ തന്നെ തായ്‌വാൻ സ്വവർഗ വിവാഹം നിയമവിധേയമാക്കി ഏഷ്യയിൽ അത്തരത്തിൽ ഒരു ചുവടുവയ്പ്പ് നടത്തുന്ന ആദ്യ രാജ്യമായി മാറിയിരുന്നു.


