അന്ത്യയാത്രയ്‌ക്കൊരുങ്ങി പട്ടടയിലേക്കെടുക്കാൻ കാത്തിരിക്കുകയാണ് ഈ മൃതദേഹം. മുപ്പതുവയസ്സുകാരനായ സന്ദീപ് എന്ന ശുചീകരണത്തൊഴിലാളിയുടേതാണ് ഈ ജീവസറ്റ ജഡം. ഉത്തർ പ്രദേശിലെ ഫത്തേപ്പൂർ ജില്ലയിലെ അലിമാവുവിലാലായിരുന്നു സന്ദീപ് തൊഴിലെടുത്തിരുന്നത്. രണ്ടു കുഞ്ഞുങ്ങളും ഭാര്യയുമടങ്ങുന്ന തന്റെ കൊച്ചു കുടുംബത്തിലെ നാല് വയർ നിറയ്ക്കാനുള്ള ഓട്ടപ്പാച്ചിലിൽ ആയിരുന്നു എന്നും സന്ദീപ്. അതിനു വേണ്ടിയാണയാൾ കൊശാംബിയിലെ സിറാതുനഗർ പഞ്ചായത്തിൽ ശുചീകരണത്തൊഴിലാളിയുടെ വേഷമെടുത്തണിഞ്ഞത്. താത്കാലികമായിരുന്നു തൊഴിൽ എങ്കിലും അതുകൊണ്ട് അല്ലലില്ലാതെ കഴിഞ്ഞുപോകാൻ അയാൾ സ്വയം ശീലിച്ചിരുന്നു. 

മാർച്ച് 23 -ന്, കൊറോണാ വൈറസിന്റെ ആക്രമണത്തിൽ നിന്ന് തന്റെ നാടിനെയും നാട്ടുകാരെയും രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗ്രാമത്തിലെ പൊതുസ്ഥലങ്ങളിൽ കീടനാശിനി തളിക്കുക എന്ന ഉദ്യമത്തിൽ  ഏർപ്പെട്ടിരിക്കുകയായിരുന്നു സന്ദീപ്. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ സന്ദീപിന് നല്കപ്പെട്ടിരുന്നില്ല എന്നുവേണം കരുതാൻ, താൻ ഏത് കീടനാശിനിയാണോ തളിച്ചിരുന്നത് അതിന്റെ തന്നെ ഉയർന്ന സാന്ദ്രതയിലുള്ള ഗ്യാസ് ശ്വാസനാളത്തിലൂടെ അയാളുടെ ശ്വാസകോശത്തിലേക്ക് കടന്നു. ആ വിഷവാതകം ശ്വസിച്ച് അയാൾ മരുന്ന് തളിച്ചുകൊണ്ടിരുന്ന ഇടതുതന്നെ ബോധരഹിതനായി നിലംപതിച്ചു. സഹപ്രവർത്തകർ അദ്ദേഹത്തെ അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും വിഷവാതകം അപ്പോഴേക്കും അദ്ദേഹത്തിന്റെ ജീവൻ അപഹരിച്ചു കഴിഞ്ഞിരുന്നു. 

മരിച്ചത് അതിർത്തി കാക്കുന്ന ഒരു സൈനികനായിരുന്നു എങ്കിൽ ശവസംസ്കാരത്തിൽ ആചാരവെടികൾ മുഴങ്ങിയേനെ. ചിതയടങ്ങും മുമ്പുതന്നെ അദ്ദേഹത്തിന്റെ കുടുംബത്തിന് നല്ലൊരു തുക ആശ്വാസധനമായി ലഭിച്ചിരുന്നേനെ. അധികം വൈകാതെ തന്നെ, കുടുംബത്തിൽ നിന്ന് ആശ്രിതർക്കാർക്കെങ്കിലും സർക്കാർ ജോലി പോലും കിട്ടിയേനെ. എന്നാൽ, കൊറോണാ വൈറസിനെതിരെയുള്ള പോരാട്ടത്തിനിടെ മരിച്ചു വീണ സന്ദീപ് ഒരു പാവം താത്കാലിക ശുചീകരണത്തൊഴിലാളി ആയിപ്പോയി. അതുകൊണ്ടുതന്നെ മേല്പറഞ്ഞതൊന്നും അയാൾക്കോ അയാളെ ആശ്രയിച്ചു കഴിഞ്ഞുകൂടിയിരുന്ന ഭാര്യക്കോ പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങൾക്കോ ബാധകമല്ല. തലമുറകളായി നാട്ടുകാരുടെ മലമൂത്രവിസർജ്യങ്ങൾ കോരുന്ന തൊഴിലെടുക്കാൻ വിധിക്കപ്പെട്ട അയാൾക്ക് തന്റെ പൂർവികരെപ്പോലെ തന്നെ അതിന്റെയൊക്കെ ഇടയിൽ മോഹാലസ്യപ്പെട്ടുവീണു മരിക്കാനായിരുന്നു വിധി.

കൊവിഡ് പ്രതിരോധത്തിനായുള്ള പോരാട്ടത്തിനിടെ രക്തസാക്ഷിയായ സന്ദീപിന്റെ കുടുംബത്തിന് അർഹമായുള്ള നഷ്ടപരിഹാരങ്ങൾ നൽകണമെന്നും, ആശ്രിതരിലാർക്കെങ്കിലും സർക്കാർ ജോലി നൽകണം എന്നുമൊക്കെയുള്ള ആവശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇപ്പോൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്.