ആരാണ് ഇന്ത്യയില്‍ വിമാനം പറത്തിയ ആദ്യത്തെ വനിത? അത് സരള ഠക്രാല്‍ ആണ്. 1936 -ല്‍ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ അവര്‍ ഏവിയേഷന്‍ പൈലറ്റ് ലൈസന്‍സ് നേടി. അന്ന്, ജിപ്സി മോത്ത് വിമാനം പറപ്പിക്കാന്‍ സരള ഠാക്രല്‍ ഇറങ്ങിയപ്പോള്‍ അത് ചരിത്രമായി. സാരിയുടുത്ത് ഒരു സാധാരണ ഇന്ത്യന്‍ സ്ത്രീയായി അവര്‍ കോക്പിറ്റിലെത്തി. വിമാനം പറത്തി. അന്നവര്‍ക്ക് നാല് വയസ്സുള്ള ഒരു മകളുണ്ട്. ലൈസൻസ് നേടിയ സേഷം ലാഹോർ ഫ്ലൈയിംഗ് ക്ലബ്ബിന്റെ വിമാനത്തിൽ ആകാശത്ത് 1000 മണിക്കൂർ തികച്ചു സരള ഠക്രാല്‍. 

1914 -ല്‍ ദില്ലിയിലാണ് സരള ഠക്രാലിന്‍റെ ജനനം. പറക്കുക എന്നത് തന്നെ അദ്ഭുതമായ കാലത്താണ് തന്‍റെ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ അവര്‍ പൈലറ്റാകുന്നത്. പി ഡി ശര്‍മ്മയായിരുന്നു സരള ഠക്രാലിന്‍റെ ഭര്‍ത്താവ്. ശര്‍മ്മയും അച്ഛനുമാണ് സരളയെ പൈലറ്റാകാന്‍ പ്രേരിപ്പിക്കുന്നത്. അതവര്‍ക്ക് നീലാകാശം നോക്കിപ്പറക്കാന്‍ കൂടുതല്‍ ധൈര്യം നല്‍കി. ശര്‍മ്മയുടെ കുടുംബത്തില്‍ ഒമ്പത് പൈലറ്റുമാരുണ്ടായിരുന്നു. ശര്‍മ്മയും പൈലറ്റായിരുന്നു. പക്ഷെ, 1939 -ല്‍ നടന്നൊരു വിമാനാപകടത്തില്‍ ശര്‍മ്മ കൊല്ലപ്പെട്ടു. ഇതോടെ സരള ഇരുപത്തിനാലാമത്തെ വയസ്സില്‍ വിധവയായി. 

പക്ഷെ, 1000 മണിക്കൂര്‍ തനിച്ച് പറന്നതോടെ കൊമേഷ്യല്‍ വിമാനം കൂടി പറത്താനുള്ള ലൈസന്‍സ് ലഭിച്ചു സരള ഠക്രാലിന്. പക്ഷെ, ആ സമയത്താണ് രണ്ടാം ലോക മഹായുദ്ധം നടക്കുന്നത്. അതോടെ പരിശീലനം അവസാനിപ്പിക്കേണ്ടി വന്നു. അങ്ങനെ ലാഹോറിലേക്ക് തിരികെ വന്ന സരള അവിടെ മായോ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ചേര്‍ന്നു. വിഭജനത്തിനു ശേഷം തന്‍റെ രണ്ട് മക്കളുമായി അവര്‍ ദില്ലിയിലേക്ക് തന്നെ തിരികെ വന്നു. 

അവര്‍ ആര്യ സമാജിനെ പിന്തുണക്കുന്ന ആളായിരുന്നു. അതിനിടെ പുനര്‍വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പി പി ഠക്രാലുമായി സരളയുടെ വിവാഹം നടന്നു. പിന്നീട്, കോസ്റ്റ്യൂം ജ്വല്ലറി നിര്‍മ്മാണം, സാരീ ഡിസൈനിങ്, പെയിന്‍റിങ്ങ്, നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമക്ക് വേണ്ടി പെയിന്‍റിങ്, ഡിസൈനിങ് ഇവയെല്ലാം ചെയ്ത് തുടങ്ങി സരള. 

2008 മാര്‍ച്ച് 15 -നാണ് അവര്‍ മരിക്കുന്നത്.