മഹാരാഷ്ട്രയിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഒരു വാഗ്ദാനമുണ്ട്, "ഞങ്ങൾ അധികാരത്തിൽ വന്നാൽ വിഡി സവർക്കറിന് ഭാരത് രത്ന നൽകും." ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു വോട്ടുബാങ്കിനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഈ വാഗ്ദാനത്തിന് പുറമെ അമിത് ഷായും സവർക്കറെ വാനോളം പുകഴ്ത്തിക്കൊണ്ട് പ്രസംഗിക്കുകയുണ്ടായി. വാരാണസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ സംഘടിപ്പിക്കപ്പെട്ട 'ഗുപ്തവംശക് വീർ-സ്കന്ദഗുപ്ത വിക്രമാദിത്യ' എന്ന ദ്വിദിന അന്താരാഷ്ട്ര സെമിനാർ ഉദ്‌ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് അമിത് ഷാ വിഡി സവർക്കറെ പുകഴ്ത്തിയത്. "വീർ സവർക്കറാണ് 1857 -ലെ ശിപായി ലഹളയെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് ആദ്യമായി വിശേഷിപ്പിച്ചത്.''

''അദ്ദേഹം ഇല്ലായിരുന്നു എങ്കിൽ ആ കലാപം ഒരിക്കലും നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തിലേറെ അവിഭാജ്യമായ ഒരേടായി എണ്ണപ്പെടില്ലായിരുന്നു. അത് എന്നും ബ്രിട്ടീഷ് പരിപ്രേക്ഷ്യത്തിൽ മാത്രം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടേനെ, ഒരു ശിപായി ലഹള മാത്രമായി അത് ഒടുങ്ങിയേനെ." എന്ന് അമിത് ഷാ പറഞ്ഞു എന്നാണ് വാർത്താ ഏജൻസിയായ ANI റിപ്പോർട്ട് ചെയ്തത്. ആരെയും കുറ്റപ്പെടുത്താതെ തന്നെ, ഇന്ത്യൻ പരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ട് ചരിത്രത്തെ പുനരാവിഷ്കരിക്കേണ്ടതുണ്ട് എന്നും തന്റെ പ്രസംഗത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു.


അമിത് ഷായുടെ ഈ പരാമർശം മാധ്യമങ്ങൾ വാർത്തയാക്കിയതോടെ, അതേപ്പറ്റിയുള്ള വാദവിവാദങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. അവയില്‍ ഏറ്റവും പ്രസക്തമായ ഒന്ന് താഴെക്കൊടുത്തിരിക്കുന്നതാണ്. @Advaidism എന്ന ട്വിറ്റർ ഹാൻഡിലിൽ എഴുതുന്ന വ്യക്തി ഷായുടെ പരാമർശങ്ങളെ 'ചരിത്രപരമായ നുണ' (Historical lie) എന്നാണ് വിശേഷിപ്പിച്ചത്.
 

ഈ ത്രെഡിൽ പറയുന്നത്, അമിത് ഷാ പറഞ്ഞത് വാസ്തവവിരുദ്ധവും ചരിത്രത്തിന് നിരക്കാത്തതുമാണ് എന്നാണ്.  1909 -ലാണ്  ശിപായി ലഹളയെ 'സ്വാതന്ത്ര്യ സമര'മെന്നു വിളിച്ചുകൊണ്ടുള്ള സവർക്കറുടെ ലേഖനം വരുന്നത്. എന്നാൽ, അതിനും 51 വർഷങ്ങൾക്ക് മുമ്പ് കാൾ മാർക്സ് 'ന്യൂയോർക്ക് ഡെയ്‌ലി ട്രിബ്യൂൺ' പത്രത്തിൽ അങ്ങനെ എഴുതിയിട്ടുണ്ട്. അക്കാലയളവിൽ മാർക്‌സ് എഴുതിയ 31 ലേഖനങ്ങളുടെ സമാഹാരമായ ഒരു പുസ്തകത്തിന്റെ കവർ ചിത്രം ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്. ആ പുസ്തകത്തിന്റെ ശീർഷകം ഇങ്ങനെയാണ്, 'The First War of Independence'. അമ്പത്തൊന്നു വർഷത്തിനുശേഷം സവർക്കർ ലേഖനമെഴുതിയപ്പോൾ ഈ പുസ്തകത്തിന്റെ തലക്കെട്ട് അതുപോലെ മോഷ്ടിച്ച് തന്റെ പേരിൽ ആക്കുകയായിരുന്നു എന്ന് ലേഖകൻ സമർത്ഥിക്കുന്നു. എന്നുമാത്രമല്ല, സവർക്കറുടെ പുസ്തകത്തിന്റെ ശീർഷകം, 'India's War of Independence' എന്നായിരുന്നു എന്നും തലക്കെട്ടിൽ 'first' എന്നു പറയുന്നതേയില്ല എന്നും അദ്ദേഹം തന്റെ ട്വീറ്റിൽ പറയുന്നു.

 സവർക്കർക്കും പതിറ്റാണ്ടുകൾ മുമ്പ് കാൾ മാർക്സാണ് ശിപായി ലഹളയെ  'ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം' എന്ന പേരിൽ ആദ്യം പരാമർശിച്ചതെന്ന്, ചരിത്രത്തിൽ അധ്യയനം ചെയ്തിട്ടുള്ള ആർക്കുമറിയാം എന്നും അദ്ദേഹം തന്റെ ട്വീറ്റിൽ കുറിച്ചു.