അധികം വൈകാതെ തന്നെ ബസിന്റെ ഡ്രൈവർക്കെതിരെ രക്ഷിതാക്കൾ പരാതി നൽകി. കുട്ടികളെ ഒരു പാഠം പഠിപ്പിക്കാനാണ് അങ്ങനെ ചെയ്തത് എന്നും അങ്ങനെ ചെയ്യരുതായിരുന്നു എന്നുമായിരുന്നു ഇയാളുടെ വിശദീകരണം.

കുട്ടികളുമായി പോകുന്ന ബസിന്റെ ഡ്രൈവർമാർക്ക് മറ്റാരേക്കാളും ശ്രദ്ധ വേണം. പ്രത്യേകിച്ച് തീരെ ചെറിയ കുട്ടികളാണ് എങ്കിൽ. എന്നാൽ, യുഎസ്എയിലെ കൊളറാഡോയിൽ ഒരു സ്കൂൾ ബസിന്റെ ഡ്രൈവർ കുട്ടികളെ ഒരു പാഠം പഠിപ്പിക്കാൻ എന്നും പറഞ്ഞ് മനപ്പൂർവം ബസിന്റെ ബ്രേക്ക് ചവട്ടി. നിരവധി കുട്ടികൾക്ക് കൂട്ടിയിടിച്ചും മറ്റും പരിക്ക് പറ്റി. 

കാസിൽ റോക്ക് എലിമെന്ററി സ്കൂളിലെ കിൻഡർ​ഗാർഡൻ മുതൽ ആറാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. ബസിൽ അന്ന് എന്നുമുണ്ടാകുന്ന ഡ്രൈവർക്ക് പകരക്കാരനായി 61 വയസുള്ള ബ്രയാൻ ഫിറ്റ്സ്ജെറാൾഡ് എന്നയാളായിരുന്നു ഉണ്ടായിരുന്നത്. 

എല്ലാവരും അവരവരുടെ സീറ്റിൽ ഇരിക്കണം. ഇല്ലെങ്കിൽ അത് എത്രമാത്രം അപകടമാണ് എന്ന് നിങ്ങൾക്ക് കാണണോ എന്ന് മൈക്രോഫോണിലൂടെ ചോദിച്ചു കൊണ്ടായിരുന്നു ഇയാൾ ബസിന്റെ ബ്രേക്ക് മനപ്പൂർവം പിടിച്ചത്. ഇതോടെ കുട്ടികൾ തെറിച്ചു വീണു. ബസിലുണ്ടായിരുന്ന ഒരു കുട്ടി തന്നെയാണ് ഫോണിലൂടെ രക്ഷിതാവിനോട് കാര്യം പറഞ്ഞത്. രക്ഷിതാവ് ഡ്രൈവറോട് സൂക്ഷിച്ച് വണ്ടിയോടിക്കാൻ ആവശ്യപ്പെട്ടു എങ്കിലും താൻ വേണമെന്ന് കരുതി ഒന്നും ചെയ്തില്ല എന്നായിരുന്നു ഡ്രൈവറുടെ വിശദീകരണം. 

ലോറൻ തോംസൺ എന്ന് പേരുള്ള രക്ഷിതാവ് പറയുന്നത്, തന്റെ മകൻ കരഞ്ഞു കൊണ്ടാണ് വീട്ടിലെത്തിയത് എന്നാണ്. എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ തന്റെ തല കൂട്ടുകാരന്റെ തലയുമായി കൂട്ടിയിടിച്ചു എന്നും അവന്റെ തലയിൽ നിന്നും ചോരയൊഴുകുന്നുണ്ടായിരുന്നു എന്നുമായിരുന്നു മറുപടി. 

അധികം വൈകാതെ തന്നെ ബസിന്റെ ഡ്രൈവർക്കെതിരെ രക്ഷിതാക്കൾ പരാതി നൽകി. കുട്ടികളെ ഒരു പാഠം പഠിപ്പിക്കാനാണ് അങ്ങനെ ചെയ്തത് എന്നും അങ്ങനെ ചെയ്യരുതായിരുന്നു എന്നുമായിരുന്നു ഇയാളുടെ വിശദീകരണം. സംഭവത്തിൽ ഇയാൾ ക്ഷമയും പറഞ്ഞു. ഏതായാലും ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.