ചില കോളേജുകാല ​ഗുണ്ടായിസവും തല്ലുമൊക്കെ നിറഞ്ഞ കഥകളിങ്ങനെ കേൾക്കുമ്പോൾ മറ്റൊരു കഥ ഓർമ്മ വന്നു. ഒരു സ്കൂൾ കാല തല്ലുകഥ. കുട്ടമത്ത് ​ഗവൺമെന്റ് ഹൈസ്കൂളിലെ ഓലമേഞ്ഞ ഒമ്പതാം ക്ലാസാണ് ആ കഥ നടക്കുന്ന വേദി. തല്ലുകൊണ്ടത് ക്ലാസിലെ ​ഗുണ്ടയായി വിലസുന്ന പ്രകാശനും. ആ കഥ ഇങ്ങനെ.

കുട്ടമത്ത് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍  ഞാനന്ന് ഒമ്പത് എ യില്‍. സ്‌കൂളിലെ പ്രധാന കെട്ടിടത്തിന് താഴെ ഓലപ്പുരയിലാണ് ഞങ്ങളുടെ ക്ലാസ്.
ഒരുദിവസം ഉച്ചഭക്ഷണത്തിന് വിടുന്നതിന് തൊട്ടുമുമ്പുള്ള പീരീഡ് നടക്കുകയാണ്. ടീച്ചറില്ലാത്തതിനാല്‍ ഒഴിഞ്ഞ പിരീഡ്. സിനിമാക്കഥ പറയുക, കള്ളനും പൊലീസും കളിക്കുക, മറ്റ് ബഡായിവര്‍ത്തമാനങ്ങളിലേര്‍പ്പെടുക എന്നതൊക്കെയാണ് വിനോദം. പഠിപ്പിസ്റ്റുകളായ കുട്ടികള്‍ നോട്ടെഴുത്ത്, വായന, മറ്റുള്ളവരെ പഠിപ്പിക്കുക തുടങ്ങിയ അവരുടെ വിനോദങ്ങളിലും ഏര്‍പ്പെടും. 

ഞാനന്ന് നാലാമത്തെ ബെഞ്ചിലാണിരിക്കുന്നത്. മൂന്നാമത്തെ ബെഞ്ചുകാരുമായി പരസ്പര സംവാദത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. അന്ന് ഞങ്ങളുടെ ക്ലാസിലെയും സ്‌കൂളിലെയും അത്യാവശ്യം ബഹുമാനം നേടിയ വില്ലന്‍-ഹീറോ ഇമേജുള്ള ആളായിരുന്നു പ്രകാശന്‍. അവന്‍ എന്റെ മുന്‍ ബെഞ്ചിലായിരുന്നു. പ്രകാശന്‍ കെഎംകെ ടാക്കീസിനടുത്താണ് താമസിക്കുന്നത്. അവിടെ തമിഴന്മാര്‍, ചുമട്ടുതൊഴിലാളികള്‍ തുടങ്ങി ശാരീരികമായി ശക്തരായ  വിഭാഗക്കാരുമായി സമ്പര്‍ക്കമുള്ള ഒരാള്‍. എന്റെ ക്ലാസിലെ പ്രകാശന്‍ ചെറിയൊരു ഗുണ്ടയാണ് എന്നൊക്കെ ഞങ്ങള്‍ മറ്റു പലരോടും വീരവാദം മുഴക്കിയിട്ടുണ്ട്. ചുരുക്കത്തില്‍ ഞങ്ങളുടെ ഇടയില്‍ പ്രകാശന് ഒരു താരപരിവേഷമുണ്ട്.

അങ്ങനെ ആ പീരീഡില്‍ ഞങ്ങള്‍ അതുമിതും പറഞ്ഞ് കലമ്പായി. (എന്താണ് കാരണം എന്നിപ്പോള്‍ ഓര്‍മയില്ല, വളരെ ചെറിയ ഒരു വിഷയം പറഞ്ഞ് വാശികൂടി കലമ്പാകുക എന്നത് അന്നത്തെ ഒരു ശീലമാണല്ലോ). പ്രകാശന്‍ ഒരുഘട്ടത്തില്‍ 'നിന്റെ അച്ഛന്‍' എന്ന പ്രയോഗം എന്നോട് നടത്തി. അന്നത്തെ കാലത്ത് പരസ്പരമുള്ള വഴക്കില്‍ അവസാനത്തെ ആയുധമാണ് 'നിന്റെ അച്ഛന്‍' പ്രയോഗം. അങ്ങനെ വിളിച്ചാല്‍ വിളിക്കുന്നവന്‍ വന്‍വിജയത്തിലും കേള്‍ക്കുന്നവന്‍ സര്‍വ്വാംഗപരാജയത്തിലും എത്തി എന്നാണര്‍ത്ഥം. വിളിക്കപ്പെട്ടവന്‍ ആത്മാഭിമാനം തകര്‍ന്ന് സ്വയം ഇല്ലാതാകും. ഞാന്‍ എല്ലാം തകര്‍ന്നവനായി.

ഞാന്‍ പറഞ്ഞു
'അച്ഛനെ പറയാന്‍ പാടില്ല'
അപ്പോ പ്രകാശന്‍,
'ഇനീം പറയും'
'എന്നാ നീ പറഞ്ഞുനോക്ക്'
'പറഞ്ഞാ നീയെന്തുചെയ്യും'
'പറഞ്ഞുനോക്ക്'
'ഞാന്‍ പറയും'
'ആ പറ'

ഈ ഘട്ടത്തില്‍ ക്ലാസിലെ പാവത്താനും പേടിത്തൊണ്ടനുമൊക്കെയായ എന്റെ ദേഷ്യമിങ്ങനെ കൂടിക്കൂടി വരുന്നുണ്ട് ഒടുവില്‍ ഞാന്‍ പ്രകോപിപ്പിച്ചുകൊണ്ടിരുന്നതിന്റെ ക്ലൈമാക്സില്‍ പ്രകാശന്‍ അത് പറഞ്ഞു. 'നിന്റെ അച്ഛന്‍!'

പിന്നെ ഞാനൊന്നും നോക്കിയില്ല, മുഷ്ടി ചുരുട്ടി പ്രകാശന്റെ മൂക്കിനൊരൊറ്റ ഇടി. ഇടികഴിഞ്ഞതും പ്രകാശന്റെ മൂക്കില്‍ നിന്ന് ചോര വരാന്‍ തുടങ്ങി. കൂട്ടുകാരില്‍ ചിലര്‍ പ്രകാശനെ കൂട്ടി പൈപ്പിന്‍ ചുവട്ടിലേക്ക് പോയി. ഇതിനിടയില്‍ പ്രകാശന്റെ ചോര കണ്ടതോടെ ഞാന്‍ പേടിച്ചു തകര്‍ന്നുതരിപ്പണമായി. ഏതേലും മാഷമ്മാര് കണ്ടാല്‍ എന്റെ കാര്യം പോക്കാണ്. സുരേശന്റെ അടുത്തിരിക്കുന്ന അനീഷ് പറഞ്ഞു, 'മൂക്കില്‍ നിന്ന് ചോര വന്നാല്‍ ചെലപ്പോ ഓപ്പറേഷനൊക്കെ വേണ്ടി വരും നേരെയാകാന്‍' എന്ന്. അതോടെ എനിക്കാകെ പിടിത്തം വിട്ടു. എന്തു ചെയ്യണമെന്നറിയില്ല.

അപ്പോ അതുവഴി പപ്പന്മാഷ് നടന്നുപോയ കാഴ്ച ഇടവപ്പാതിയിലെ ഇടിമിന്നല്‍ പോലെ ഇന്നും എന്റെ മനസ്സിലുണ്ട്. എന്റെ കാര്യം തീര്‍ന്നു എന്ന് ഞാനുറപ്പിച്ചു. മാത്രമല്ല മൂക്കിലെ ചോര കഴുകിക്കളഞ്ഞ് തിരിച്ചുവന്നാല്‍ പ്രകാശന്‍ എന്നെ ചവുട്ടിക്കൂട്ടും എന്നുറപ്പാണ്. ആ പേടിയും കൂടിയായതോടെ ഞാന്‍ കൊടുങ്കാറ്റിലെ വാഴപോലെ ഉലയാന്‍ തുടങ്ങി. പെണ്‍കുട്ടികളില്‍ ചിലരൊക്കെ എന്തോ അപാകം സംഭവിച്ചതുപോലെ നോക്കുന്നുണ്ട്. അവര്‍ക്ക് പക്ഷേ കാര്യമെന്താണെന്ന് മനസ്സിലായിട്ടില്ലെന്നു തോന്നി.

അനീഷും സുരേശനുമെല്ലാം എന്നെ തന്നെ നോക്കിയിരിക്കുകയാണ്. 'നീയെന്ത് പണിയാ കാണിച്ചത് വീട്ടില്‍ പോയാലിനി എന്തുപറയും' എന്ന ചോദ്യത്തോടെ സുരേശന്‍ എന്നെ നിസ്സഹായനാക്കി. വീട്ടിലെങ്ങാനും അറിഞ്ഞാ പിന്നെ ജീവിച്ചിരിക്കണ്ട, അച്ഛനറിഞ്ഞാല്‍ എല്ലാം അവസാനിക്കും. അച്ഛനെ പറഞ്ഞതിനാണ് അടിച്ചത് എന്നൊന്നും പറഞ്ഞാല്‍ അവിടെ നിലനില്‍ക്കില്ലല്ലോ. പേടിച്ചരണ്ട് ഞാനില്ലാതായിക്കൊണ്ടിരിക്കെ പ്രകാശനും സംഘവും കഴുകിയ മൂക്കുമായി കയറി വന്നു. പ്രകാശന്‍ ഒരക്ഷരം മിണ്ടുന്നില്ല. അപ്പോഴേക്കും ഉച്ചഭക്ഷണത്തിന് ബെല്ലടിച്ചു. എല്ലാവരും കഴിക്കാന്‍ പോയി. ഞാനും സുരേശനും ആരെയും നോക്കാതെ, സ്‌കൂളിലെ ഗ്രൗണ്ടിനടത്തുള്ള പാറക്കൂട്ടത്തിലേക്ക് നടന്നു. അവിടെ ഭക്ഷണം കഴിക്കാനിരുന്നു. എനിക്കൊന്നും വയറ്റിലേക്കിറങ്ങിയില്ല. ഉണ്ടൂന്ന് വരുത്തി ഞാനെണീറ്റു. കഴിച്ചുതിരിച്ചെത്തി നേരെ എന്റെ സീറ്റില്‍ വന്നിരുന്നു.

ചിലരൊക്കെ എന്റെ അടുത്തേക്ക് വന്നു. ബിജു പറഞ്ഞു 'നിനക്ക് പ്രകാശനെ അറിയില്ല. അവന്‍ വലിയ ഗുണ്ടയാണ്. അടിച്ചു റെഡിയാക്കും. നിന്റെ കാര്യം പോക്കാ മോനെ' തുടങ്ങി എന്നെ പേടിപ്പിക്കാന്‍ സകല ആയുധങ്ങളും എടുത്തു പ്രയോഗിക്കാന്‍ തുടങ്ങി. പ്രകാശന്റെ നാടെനിക്കറിയാം. കുട്ടമത്ത് നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നിടത്താണ്. ഒരിക്കല്‍ ഞങ്ങള്‍ ശരത് കുമാറിന്റെ സൂര്യന്‍ സിനിമ കാണാന്‍ കുറച്ചുപേര്‍ ചേര്‍ന്ന് കെഎംകെ ടാക്കീസില്‍ പോയിരുന്നു. അന്ന് പ്രകാശന്റെ ബന്ധങ്ങളൊക്കെ മനസ്സിലാക്കിയിരുന്നു. ഇതൊക്കെ ആലോചിച്ച് ഞാനാകെ ഭീതിയുടെ എവറസ്റ്റ് കയറിക്കഴിഞ്ഞിരുന്നു. ഇനി പേടിച്ചു മൂത്രൊഴിക്കാനേ ബാക്കിയുള്ളൂ.

പിന്നാലെ മറ്റുചിലര്‍ വന്നു. പ്രകാശന്‍ പറഞ്ഞേല്‍പ്പിച്ച ഒരുകാര്യം പറഞ്ഞു. 'ക്ലാസിലായതുകൊണ്ട് പ്രകാശന്‍ നിന്നെ ഇവിടെ വച്ചടിക്കുന്നില്ല, സ്‌കൂളുവിട്ടുകഴിയുമ്പോള്‍ ഗ്രൗണ്ടില്‍ വരണം, അവിടെ വച്ച് അടിച്ചുതീര്‍ക്കാം എന്നുപറഞ്ഞു'. എന്റെ പേടി നെല്ലിപ്പലകയിലെത്തി. അങ്ങനെ രണ്ടുമണിയായി ബെല്ലടിച്ചു. മാഷമ്മാര് വന്നുപോയി.

കുട്ടമത്ത് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍

ഓരോ പിരീഡ് കഴിയുമ്പോഴും ഓരോരുത്തര്‍ വന്ന് ഓര്‍മിപ്പിക്കുന്നുണ്ട്, 'വൈകുന്നേരം ഗ്രൗണ്ടില്‍ വരണം. നിനക്കെത്ര ശക്തിയുണ്ട് എന്ന് കാണിക്കണം. പ്രകാശന്‍ അവിടെ കാണും'. എന്റെ തൊട്ടുമുമ്പിലെ ബെഞ്ചില്‍ പിന്നിലോട്ടൊന്ന് തിരിഞ്ഞുനോക്കുക പോലും ചെയ്യാതെ പ്രകാശന്‍. എന്നെക്കാളും ഉയരം കുറവാണെങ്കിലും ആ നിമിഷങ്ങളില്‍ പ്രകാശന്‍ ഒരു മഹാമേരുവായി എനിക്കനുഭവപ്പെട്ടു.
ഒടുവില്‍ ലാസ്റ്റ് പീരിഡായി. സുരേശന്‍ ചോദിച്ചു,

'നീ ഗ്രൗണ്ടില്‍ പോന്ന്ണ്ടാ, അടിക്ക്?'
എന്റെ അടുത്തിരിക്കുന്ന രഞ്ജിത്തും ചോദിച്ചു
'എന്താ ചെയ്യുന്നത്.?'
ഞാന്‍ പേടിച്ചരണ്ടിരിപ്പായിരുന്നു, ഒന്നും മിണ്ടിയില്ല.

ഒടുവില്‍ ദേശീയഗാനമായി. 'ജനഗണ മന...' ആരംഭിച്ചു. ബെല്ലടിച്ചുകഴിഞ്ഞാല്‍ പിന്നെ എല്ലാരും പോകും. പ്രകാശന്‍ ഗ്രൗണ്ടില്‍ പോയാലും ഇല്ലെങ്കിലും എന്നെ ചവുട്ടിക്കൂട്ടും. അതുറപ്പാണ്. 'ജയ ഹേ'യ്ക്ക് മുമ്പ് മെല്ലെ ഞാന്‍ പിന്നിലോട്ട് മാറി നിന്നു. അവസാനബെല്ലിന് മുമ്പ് ഇറങ്ങിയോടി. അരക്കിലോമീറ്ററോളം ഓടി. അവിടെ ഞങ്ങള്‍ പോകുന്ന വഴിക്ക് ശിവന്റെ അമ്പലത്തിന് മുമ്പില്‍ സുരേശനെ കാത്തുനിന്നു. പ്രകാശന്‍ വേറെ വഴിക്കാണ് പോകുക. ഞങ്ങളുടെ ഭാഗത്തേക്കല്ല, ഇനി അവനെങ്ങാനും വരുമോ എന്ന പേടിയില്‍ ശിവന്റെ അമ്പലത്തിന്റെടുത്ത് ആരും കാണാത്ത മറവില്‍ ഞാന്‍ നിന്നു.

കാത്തുകാത്തുകാലും മനസ്സും കഴച്ചപ്പോള്‍ സുരേശന്‍ വന്നു. അവന്‍ പറഞ്ഞു, 
'ഞാന്‍ നിന്നെ കുറേ നോക്കി'
ഞാന്‍ പറഞ്ഞു, 'വേം പൂാം. ഓന്‍ വന്ന് തച്ചാലോ?'
'ഇല്ലടാ ഓന്‍ ഗ്രൗണ്ടിന്റങ്ങോട്ട് പോന്നത് ഞാന്‍ കണ്ടിനി.'

എന്നാലും എന്റെ പേടി മാറിയില്ല. പ്രകാശനെയും പ്രകാശന്റെ ചോര പൊടിഞ്ഞ മൂക്കിനെയും പേടിച്ച് വീട്ടിലേക്ക് പോയി. ഉറക്കമില്ലാത്ത രാത്രി, കണ്ണടക്കുമ്പോള്‍ ഗ്രൗണ്ടിലിട്ട് എന്നെ അടിക്കുന്ന പ്രകാശന്റെ മുഖവും മസിലും എന്നെ ഭീതിപ്പെടുത്തി. ഒടുവില്‍ നേരം വെളുത്തു. സ്‌കൂളില്‍ പേകാതിരിക്കാന്‍ പറ്റില്ലല്ലോ. പിറ്റേന്നാള്‍ രണ്ടുംകല്‍പ്പിച്ച് സുരേശനൊപ്പം ഞാന്‍ സ്‌കൂളില്‍ പോയി.
'ഓന്‍ അടിക്ക്വോ'- എന്റെ പേടി ഇടയ്ക്കിടയ്ക്ക് സുരേശനോട് പറഞ്ഞു.
'നീ അതൊന്നും നോക്കണ്ട, വെറുതെയല്ലല്ലോ നീ അടിച്ചത്' എന്നായി സുരേശന്‍.
'എന്നാലും ഓന്‍ തല്ലാന്‍ വന്നാല് എന്താക്കും'
'അതോന്നുണ്ടാവൂല'

പിന്നെ പിന്നെ എന്നില്‍ നിന്ന് പേടി മാറിത്തുടങ്ങി. ക്ലാസിലെത്തിയപ്പോള്‍ എല്ലാവരും എന്നോട് ചിരിക്കുന്നു. പെണ്‍കുട്ടികള്‍ പോലും സംഭവം അറിഞ്ഞിരിക്കുന്നു. എന്റെ സ്‌കൂള്‍ ജീവിതത്തിലിതുവരെ കാണാത്തൊരു ഭാവത്തില്‍ എല്ലാവരും എന്നോട് ലോഹ്യം പറയുന്നു. ഓരോരുത്തരും എന്നെ പരിഗണിക്കുന്നതായി അറിയിക്കാന്‍ ശ്രമിക്കുന്നതുപോലെ. ചുരുക്കത്തില്‍ 'മധു നീ ഉശാറന്നെപ്പാ' എന്ന് പറയാതെ പറയുമ്പോലെ.

അപ്പോ ഞാന്‍ പ്രകാശന്റെ സീറ്റിലേക്ക് നോക്കി. അവനെത്തിയിട്ടില്ല. അതോടെ പ്രകാശന്റെ മൂക്കിനെന്തെങ്കിലും പറ്റിക്കാണുമോ എന്നായി എന്റെ പേടി. ക്ലാസ് തുടങ്ങി, ഏറ്റവും ഒടുവില്‍ വരുന്ന ഏറ്റുകുടുക്കക്കാരന്‍ പ്രസാദ് സൈക്കിളും ചവിട്ടിയെത്തി. പ്രകാശന്‍ വന്നില്ല. എന്റെ അസ്വസ്ഥത കൂടുന്നതിനിടെ അതാ വരുന്നു പ്രകാശന്‍. അപ്പോ എനിക്ക് വല്ലാത്ത സമാധാനമായി.

പതിനൊന്നേ കാലിന് ഇന്റര്‍വെല്ലായി. ഇതുവരെ എന്നെ മൈന്റ് ചെയ്യാത്ത ബിജുവും അനീഷുമെല്ലാം എന്റെ കൂടെ നടക്കുന്നു. ചിലര്‍ എനിക്ക് മിട്ടായി വാങ്ങിത്തരുന്നു. അവരില്‍ ചിലര്‍ ഞാനും ഒരുചെറിയ ഗുണ്ടയാണ് തുടങ്ങിയ കഥകള്‍ ചിലര്‍ ബിജുവിന്റടുത്ത് പറഞ്ഞുവത്രെ. ഞാനും ചിലരെയൊക്കെ നേരത്തെയും അടിച്ചിട്ടുണ്ട്, നാട്ടില്‍ ഞാനത്ര മോശമല്ല തുടങ്ങിയ ബഡായികള്‍ പറഞ്ഞ് സുരേശനും സൈക്കോളജിക്കലായി പ്രകാശന്റെയടുത്ത് ചില നീക്കങ്ങള്‍ നടത്തി. ഇതെല്ലാം കേട്ടപ്പോള്‍ ഞാനാകെ ചൂളിപ്പോയി. ഇതില്‍ നിന്നൊന്ന് രക്ഷപ്പെട്ടാല്‍ മതിയായിരുന്നു എന്നായി. സുരേശന്റെയൊക്കെ മനശ്ശാസ്ത്രപരമായ നീക്കങ്ങളുടെ ഫലമായോ എന്തോ, പ്രകാശന്‍ എന്റെ അടുത്തേക്ക് പ്രതികാരത്തിന് വന്നില്ല. ഞാനുള്ളയിടത്തേക്കേ വന്നില്ല. അതുകൊണ്ട് അവന്റെ തീരുമാനം എന്താണ് എന്ന് മനസ്സിലാക്കാന്‍ കഴിയാത്തതിന്റെ അസ്വസ്ഥത എനിക്കുണ്ടായിരുന്നു.

കുട്ടമത്ത് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍

ഇന്റര്‍വെല്‍ കഴിഞ്ഞ് ക്ലാസില്‍ തിരിച്ചെത്തിയപ്പോള്‍ പ്രകാശന്‍ മിണ്ടാതിരിക്കുന്നു. ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു. മുഖത്തുനോക്കുന്നില്ല. ഒടുവില്‍ എന്നോടൊരൊറ്റ ചോദ്യം. 'നീയെന്താ ഇന്നലെ ഗ്രൗണ്ടില്‍ വരാതിരുന്നത്?' തല്ലിത്തീര്‍ക്കാന്‍ ഗ്രൗണ്ടില്‍ പോകാതിരുന്നതിനെ കുറിച്ചുള്ള ചോദ്യം. ഞാന്‍ പറഞ്ഞു, 'നീ അച്ഛനെ പറഞ്ഞിട്ടല്ലേ ഞാന്‍ കൈയോണ്ട് കുത്തീനി. അയിന് എനി തല്ലൊന്നും വേണ്ട.' 'ഊം...' അവന്‍ മൂളി. എനിക്ക് സമാധാനമായി. ഒരര്‍ത്ഥത്തില്‍ അവന്‍ തന്നെ വിജയിച്ചു. ഞാന്‍ തോറ്റു. ആ  തോല്‍വിയിലും മനസ്സുവല്ലാതെ ആശ്വാസത്തിലായി. 

ഒന്നുരണ്ടുദിവസം കൂടി പ്രകാശന്റെ കൂട്ടുവിട്ട ചിലരൊക്കെ എന്റൊപ്പം നടന്നു. ഞാന്‍ ഒരു എടുപ്പുള്ള ഗുണ്ടയാണെന്ന തെറ്റിദ്ധാരണയില്‍. എന്നാല്‍, ഞാന്‍ ഒരു ചുക്കുമല്ല എന്ന് ദിവസം കഴിയുന്തോറും മനസ്സിലായതോടെ അവരെല്ലാം മെല്ലെ മെല്ലെ പിന്തിരിഞ്ഞു. ഞാന്‍ പഴയതുപോലെ ഒരാളായി. വെല്യ കാര്യൊന്നും ഇല്ലാത്ത ഒരുത്തനായി. അങ്ങനെ എന്റെ ഗുണ്ടാജീവിതം അവസാനിച്ചു.