Asianet News MalayalamAsianet News Malayalam

ഒന്നാംക്ലാസ് കഴിഞ്ഞതോടെ പഠനമവസാനിപ്പിക്കേണ്ടിവന്നു, ഇദ്ദേഹമിന്ന് രണ്ട് വിദ്യാലയങ്ങളും ഒരനാഥാലായവും നടത്തുന്നു

ഓരോ വര്‍ഷവും തന്‍റെ യാത്രക്കാര്‍ നല്‍കുന്ന സംഭാവനയും തന്‍റെ വരുമാനവും ചേര്‍ത്ത് അദ്ദേഹം സ്‍കൂളില്‍ ഓരോ മുറി കൂട്ടിയെടുത്തു തുടങ്ങി. 2012 ആകുമ്പോഴേക്കും 12 ക്ലാസ് മുറികളും രണ്ട് വാഷ്‍റൂമുകളും ഉച്ചഭക്ഷണവും അദ്ദേഹം സ്‍കൂളില്‍ ഒരുക്കിയിരുന്നു. 

school drop out taxi driver now running two schools and one orphanage
Author
Sundarban, First Published Mar 11, 2020, 4:37 PM IST

ക്ലാസില്‍ ഒന്നാമതായിരുന്നു ആ ഏഴാം ക്ലാസുകാരന്‍... ഗ്രാമത്തിലെ  സ്‍കൂളില്‍ പഠിക്കുന്ന ഗാസി ജലാലുദ്ദീന്‍ അന്ന് പതിവിലും വേഗത്തിലാണ് ക്ലാസ് കഴിഞ്ഞപ്പോള്‍ വീട്ടിലേക്ക് ഓടിയത്. താന്‍ ക്ലാസില്‍ ഒന്നാമനായ കാര്യം പിതാവിനെ അറിയിക്കാനായിരുന്നു ആ മിടുക്കന്‍റെ ഓട്ടം. പക്ഷേ, ആ പിതാവിനാവട്ടെ വളരെ വേദനാജനകമായ ഒരു കാര്യം തന്‍റെ മകനെയും അറിയിക്കാനുണ്ടായിരുന്നു. രണ്ടാം ക്ലാസിലേക്കുള്ള പുസ്‍തകങ്ങള്‍ മകന് വാങ്ങി നല്‍കണമെങ്കില്‍ ആ പാവപ്പെട്ട മനുഷ്യന്‍റെ കയ്യില്‍ പണമില്ല. അതുകൊണ്ട് മകന്‍ പഠനം നിര്‍ത്തണം. 

ഗാസിയുടെ പിതാവ് പശ്ചിമ ബംഗാളിലെ സുന്ദര്‍ബനിലെ ഠാകൂര്‍ചക് ഗ്രാമത്തിലെ ഒരു സാധാരണ കര്‍ഷകനായിരുന്നു. വളരെ കുറച്ച് സ്ഥലം മാത്രമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അതില്‍നിന്നും ഒന്നും കിട്ടിയിരുന്നില്ലെന്നതുകൊണ്ടുതന്നെ മിക്കവാറും വീട്ടിലെല്ലാവരും പട്ടിണിയായിരുന്നു. അതിനിടെ ഗാസിയുടെ അച്ഛന് സുഖമില്ലാത്തതുകാരണം കൃഷിപ്പണിയെടുക്കാന്‍ പറ്റാതായി. അങ്ങനെ അവര്‍ കല്‍ക്കത്തയിലേക്ക് പോയി. എന്തെങ്കിലും ജോലി കിട്ടുമോ എന്നന്വേഷിച്ച് അദ്ദേഹം അവിടമാകെ അലഞ്ഞു. പക്ഷേ, വയ്യാത്ത ഒരാള്‍ക്ക് ജോലി നല്‍കാന്‍ ആരും തയ്യാറായില്ല. അതോടെ, ഗാസി തെരുവിലാകെ യാചിച്ചു നടന്നുതുടങ്ങി. 

പന്ത്രണ്ടോ പതിമൂന്നോ വയസായപ്പോഴാണ് ഗാസി നഗരത്തിലെ മാര്‍ക്കറ്റിനു സമീപം റിക്ഷ വലിക്കുന്ന തൊഴില്‍ ചെയ്‍തു തുടങ്ങിയത്. കുറച്ചു വര്‍ഷങ്ങള്‍ അങ്ങനെ കടന്നുപോയി. പതിനെട്ടാമത്തെ വയസ്സില്‍ ഗാസി ടാക്സിയോടിക്കാന്‍ പഠിച്ചു. 1977 -ലാണ് അവനൊരു ടാക്സി ഡ്രൈവറാകുന്നത്. അപ്പോഴും തന്‍റെ സ്വന്തം ഗ്രാമത്തില്‍ ഒരുപാട് യുവാക്കള്‍ തനിക്കും കുടുംബത്തിനും അന്നന്നത്തെ അന്നം കണ്ടെത്താനാവാതെ വിഷമിക്കുന്നുണ്ടാവും എന്ന് ഗാസിക്കറിയാമായിരുന്നു. അങ്ങനെ അദ്ദേഹം 'സുന്ദര്‍ബന്‍ ഡ്രൈവിംഗ് സമിതി' രൂപീകരിച്ചു. നാട്ടിലെ യുവാക്കളെ ഡ്രൈവിംഗ് പഠിപ്പിച്ചു. ഡ്രൈവറായി ജോലി ചെയ്‍ത് കുടുംബം പോറ്റാന്‍ ആ യുവാക്കളെ അദ്ദേഹം പ്രാപ്‍തരാക്കി. 

ആദ്യത്തെ ക്ലാസില്‍ പത്തുപേരെയാണ് സൗജന്യമായി ഗാസി ഡ്രൈവിംഗ് പഠിപ്പിച്ചത്. അന്ന് പഠിപ്പിക്കുമ്പോള്‍ അവരോട് ഗാസി ഇത്രയേ പറഞ്ഞുള്ളൂ, ഫീസൊന്നും തരണ്ട. പകരം, വരുമാനം നേടിത്തുടങ്ങുമ്പോള്‍ എല്ലാ മാസവും അഞ്ച് രൂപ സംഭാവന നല്‍കണം ഗാസിക്ക്. മാത്രവുമല്ല, ഗ്രാമത്തിലെ ജോലിയില്ലാതെ വിഷമിക്കുന്ന യുവാക്കളില്‍ ഒരു രണ്ടുപേരെയെങ്കിലും സൗജന്യമായി ഡ്രൈവിംഗ് പഠിപ്പിക്കണം. ഇന്നുമത് തുടരുന്നു. ഇന്ന് സുന്ദര്‍ബനില്‍ നിന്നുള്ള 300 യുവാക്കള്‍ ഇങ്ങനെ ടാക്സിയോടിച്ച് വരുമാനം കണ്ടെത്തുന്നുണ്ട്. 

തീര്‍ന്നില്ല, തന്‍റെ വണ്ടിയില്‍ കയറുന്നവരോട് ഗാസി ചോദിക്കും, തന്‍റെ ഗ്രാമത്തിലെ പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് വേണ്ടി കുറച്ചു പുസ്‍തകങ്ങളോ, വസ്ത്രങ്ങളോ, മരുന്നോ ഒക്കെ നല്‍കാന്‍ താല്‍പര്യമുണ്ടോയെന്ന്. പലരും നല്‍കും. ഗാസി അതുനേരെ ആ കുഞ്ഞുങ്ങളിലെത്തിക്കും. നന്നായി പഠിക്കുമായിരുന്നിട്ടും പഠിക്കാനാവാതിരുന്ന തന്‍റെ ഗതി ആ കുഞ്ഞുങ്ങള്‍ക്കുണ്ടാവരുതെന്നേയുണ്ടായിരുന്നുള്ളൂ ഗാസിക്ക്. 

ഇത് 1997 വരെ തുടര്‍ന്നു അദ്ദേഹം. പക്ഷേ, എന്നിട്ടും സമാധാനമായില്ല. ഇതില്‍ക്കൂടുതല്‍ താന്‍ ചെയ്യേണ്ടതുണ്ട് എന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങി. പഠനമുപേക്ഷിച്ചതിനെ കുറിച്ചോര്‍ക്കുമ്പോഴൊക്കെ ഒന്നിനും പണം നല്‍കേണ്ടതില്ലാത്ത ഒരു സ്‍കൂള്‍ തുടങ്ങുന്നതിനെ കുറിച്ച് അദ്ദേഹം സ്വപ്‍നം കണ്ടിരുന്നു. അതിനായി ഗ്രാമത്തിലെ പലരോടും ഒരു സ്‍കൂള്‍ കെട്ടിടം സ്ഥാപിക്കാനുള്ള സ്ഥലത്തിനായി അദ്ദേഹം അപേക്ഷിച്ചു. പക്ഷേ, ഒരാളും ആ അപേക്ഷ കേട്ടില്ല. അദ്ദേഹത്തെ സഹായിച്ചില്ല. മാത്രമല്ല, പലരും അദ്ദേഹത്തെ പരിഹസിച്ച് ചിരിക്കാനും തുടങ്ങി. 

പക്ഷേ, അതൊന്നും ഗാസിയെ തളര്‍ത്തിയില്ല. അങ്ങനെ, തന്‍റെ രണ്ടുമുറി വീട്ടിലെ ഒരു മുറി അദ്ദേഹം സ്‍കൂളാക്കി മാറ്റി. ഒരു മൈക്കുമായി ഗ്രാമത്തിലൂടെയാകെ സഞ്ചരിച്ചു, എന്നിട്ട് വിളിച്ചു പറഞ്ഞു. പഠിക്കാനാവാത്ത കുഞ്ഞുങ്ങളെ തന്‍റെ സ്‍കൂളിലേക്കയക്കാം. താനവരെ സൗജന്യമായി പഠിപ്പിക്കും എന്ന്. തുടക്കത്തില്‍ ആരും അദ്ദേഹത്തിന്‍റെ വാക്കുകള്‍ കാര്യമായിട്ടെടുക്കാന്‍ സമ്മതിച്ചില്ല. ആരും മക്കളെ അങ്ങോട്ടയച്ചുമില്ല. തുടര്‍ന്ന് പഠിപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കിലോ എന്ന ആശങ്കയും ചില രക്ഷിതാക്കളൊക്കെ പങ്കുവെച്ചു. അങ്ങനെ അവരാരും മക്കളെ അങ്ങോട്ടയച്ചില്ല. പ്രത്യേകിച്ച് പെണ്‍കുട്ടികളെ. അക്ഷരങ്ങളറിയേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും വായിക്കാനെങ്കിലും അറിയാതെ ജീവിക്കുക പ്രയാസമാണെന്നതിനെ കുറിച്ചും അദ്ദേഹം ആ മാതാപിതാക്കളെ ബോധവല്‍ക്കരിക്കുന്നുണ്ടായിരുന്നു. 

school drop out taxi driver now running two schools and one orphanage

 

ഏതായാലും ഗാസി തന്‍റെ സ്‍കൂളെന്ന ആഗ്രഹത്തിനുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടേയിരുന്നു. സുന്ദര്‍ബനില്‍ ഉത്തര്‍ ഠാകൂര്‍ചകില്‍ 1998 -ല്‍ അദ്ദേഹം തന്‍റെ സ്‍കൂള്‍ തുടങ്ങി. തന്‍റെ ആണ്‍മക്കളുടെ പേര് ചേര്‍ത്ത് 'ഇസ്‍മായില്‍ ഇസ്രാഫില്‍ ഫ്രീ പ്രൈമറി സ്‍കൂള്‍' എന്ന് അതിന് പേരുമിട്ടു. അവിടെ അന്ന് 22 കുട്ടികളും രണ്ട് അധ്യാപകരുമാണുണ്ടായിരുന്നത്. 

ഓരോ വര്‍ഷവും തന്‍റെ യാത്രക്കാര്‍ നല്‍കുന്ന സംഭാവനയും തന്‍റെ വരുമാനവും ചേര്‍ത്ത് അദ്ദേഹം സ്‍കൂളില്‍ ഓരോ മുറി കൂട്ടിയെടുത്തു തുടങ്ങി. 2012 ആകുമ്പോഴേക്കും 12 ക്ലാസ് മുറികളും രണ്ട് വാഷ്‍റൂമുകളും ഉച്ചഭക്ഷണവും അദ്ദേഹം സ്‍കൂളില്‍ ഒരുക്കിയിരുന്നു. സര്‍ക്കാരില്‍നിന്നും യാതൊരു തരത്തിലുള്ള സഹായവുമില്ലാതെയാണ് അദ്ദേഹം ഇത്രയും ചെയ്‍തത്. 

തുടക്കത്തില്‍ താനൊരുപാട് കഷ്‍ടപ്പെട്ടിട്ടുണ്ട് എന്ന് ഗാസി പറയുന്നു. പക്ഷേ, എന്തുകൊണ്ടോ പിന്നീട് ഓരോന്നായി ശരിയായി വന്നു. തന്‍റെ നല്ലവരായ യാത്രക്കാരാണ് തന്നെയതിന് സഹായിച്ചതെന്ന് ഗാസി പറയും. അവര്‍ റോഡ് സൈഡിലൊരു സ്‍കൂള്‍ തുടങ്ങാന്‍ അദ്ദേഹത്തെ സഹായിച്ചു, ചിലര്‍ അധ്യാപകരുടെ ശമ്പളം നല്‍കാമെന്ന് പറഞ്ഞു, ചിലര്‍ ഉച്ചഭക്ഷണം നല്‍കാന്‍ സഹായിച്ചു. അങ്ങനെ രണ്ടാമത്തെ സ്കൂളും അദ്ദേഹം ആരംഭിച്ചു, സുന്ദര്‍ബന്‍ ശിഖായതാന്‍ മിഷന്‍. ആദ്യത്തെ സ്‍കൂളില്‍നിന്നും രണ്ട് കിലോമീറ്റര്‍ അകലെയായിരുന്നു ഇത്. ഇന്ന് രണ്ട് സ്‍കൂളിലുമായി 21 അധ്യാപകരും നാല് അധ്യാപകേതര സ്റ്റാഫും 425 വിദ്യാര്‍ത്ഥികളുമുണ്ട്. 

ഇവിടം കൊണ്ട് നിര്‍ത്തിയിട്ടില്ല ഗാസി. ആ സ്‍കൂളിലെ പല കുട്ടികളും അനാഥരാണ്. ഒരിക്കല്‍ ഗാസിക്ക് ചെയ്യേണ്ടി വന്നതുപോലെ അവര്‍ക്കും യാചിക്കേണ്ടി വന്നേക്കാം. അതില്ലാതെയാക്കാന്‍ അവര്‍ക്കായി ഒരു അഭയകേന്ദ്രമൊരുക്കാനുള്ള ശ്രമങ്ങളും ഗാസി ആരംഭിച്ചു. ഒരുപാടുപേര്‍ സഹായത്തിനെത്തി, അങ്ങനെ 2016 -ല്‍ 'സുന്ദര്‍ബന്‍ ഓര്‍ഫനേജ് മിഷന്‍' പിറവിയെടുത്തു. അതിനും തന്‍റെ വരുമാനവും തനിക്ക് കിട്ടുന്ന സംഭാവനകളുമാണ് അദ്ദേഹം ഉപയോഗിച്ചത്. 

ചിലപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള വകയുണ്ടാകില്ല. ചിലപ്പോള്‍ അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമുണ്ടാകില്ല. പക്ഷേ, അവര്‍ അത് മനസിലാക്കി പെരുമാറും ഗാസി പറയുന്നു. തന്‍റെ യാത്രക്കാര്‍ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പണമില്ലാത്തതിന്‍റെ പേരില്‍ പഠിത്തം അവസാനിക്കേണ്ടി വരുന്ന ഒരു ഗാസിപോലും ഇല്ലാത്ത ലോകമാണ് താന്‍ സ്വപ്‍നം കാണുന്നതെന്ന് ഗാസി പറയുന്നു. 

തന്‍റെ വിദ്യാലയത്തിനായി ഭൂമി നല്‍കിയ അരുണ്‍ കുമാര്‍ ദുബേ, ദീപാംഗര്‍ ഘോഷ്, അജീത് കുമാര്‍ സാഹ, ദീപാ ദത്ത, ബര്‍ണാലി പൈ തുടങ്ങി ഒരുപാട് പേരോട് അദ്ദേഹം നന്ദി പറയുന്നു. 


 

Follow Us:
Download App:
  • android
  • ios