ജീവിതം ആകെ മെസ്സായി ഇരിക്കുമ്പോൾ മനസ്സിന് ആശ്വാസം നൽകാൻ ഒരു ചീസ് ബർഗറോ ചോക്ലേറ്റോ കഴിക്കുന്നവരാണോ നിങ്ങൾ? എന്നാൽ അതിനേക്കാൾ ഉഗ്രൻ ഒരു ട്രിക്കുണ്ട്. നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ടിന്റെ മുഖം ഒന്ന് കാണുക..അത്രതന്നെ..
ജീവിതം മൊത്തത്തിൽ 'സീൻ' ആയി, സ്ട്രെസ്സ് അടിച്ച് പണ്ടാരമടങ്ങി ഇരിക്കുമ്പോൾ നിങ്ങൾ എന്ത് ചെയ്യും? നല്ലൊരു ബിരിയാണി ഓർഡർ ചെയ്യുമോ അതോ ഫോൺ ഓഫ് ചെയ്ത് ബ്ലാങ്കറ്റിനുള്ളിൽ ചുരുണ്ടുകൂടുമോ? പലർക്കും പല അഭിപ്രായങ്ങളാണ്. എന്നാൽ, ശാസ്ത്രം പറയുന്നത് ഇതൊന്നുമല്ല, നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ടിന്റെ മുഖത്ത് ഒന്ന് നോക്കിയാൽ തീരാവുന്ന പ്രശ്നമേ നിങ്ങൾക്കുള്ളൂ എന്നാണ്!
ഇന്ത്യ ടിവി ന്യൂസ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, നമ്മുടെ പ്രിയപ്പെട്ട സുഹൃത്തിന്റെ മുഖം കാണുന്നത് തലച്ചോറിന് ലഭിക്കുന്ന ഏറ്റവും വലിയ ആശ്വാസമാണ്. ഇത് കേവലം സന്തോഷം മാത്രമല്ല, മെന്റൽ ഹെൽത്ത് ബൂസ്റ്ററാണ്, ഇതിന് പിന്നിൽ കൃത്യമായ സയൻസ് ഉണ്ടെന്നാണ് സൈക്യാട്രിസ്റ്റുകൾ പറയുന്നത്.
നമ്മുടെ നേർവസ് സിസ്റ്റത്തിന് ഏറ്റവും കൂടുതൽ വേണ്ടത് രണ്ട് കാര്യങ്ങളാണ്: സുരക്ഷിതത്വവും നമ്മളെ ആരെങ്കിലും അംഗീകരിക്കുന്നു എന്ന തോന്നലും. ഒരു ബെസ്റ്റ് ഫ്രണ്ടിന് മുന്നിൽ നമുക്ക് ഒന്നിനും ഫിൽട്ടർ വെക്കേണ്ട കാര്യമില്ല. നമ്മുടെ ഏറ്റവും മോശമായ അവസ്ഥയിലും നമ്മളെ ജഡ്ജ് ചെയ്യാതെ കൂടെ നിൽക്കുന്നവരാണല്ലോ അവർ. മുംബൈ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഡോ. കേദാർ തിൽവെ പറയുന്നത് അനുസരിച്ച്, ഒരു വിശ്വസ്തനായ സുഹൃത്തിനെ കാണുമ്പോൾ നമ്മുടെ തലച്ചോറിൽ ഡോപമൈന്‍, ഓക്സിടോസിൻ എന്നീ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഇത് ഉടൻ തന്നെ നമ്മുടെ സ്ട്രെസ്സ് കുറയ്ക്കുകയും മൂഡ് അങ്ങ് ടോപ്പിൽ എത്തിക്കുകയും ചെയ്യും. ചുരുക്കത്തിൽ, സുഹൃത്തിന്റെ മുഖം കാണുന്നത് തലച്ചോറിന് കിട്ടുന്ന ഒരു 'റിവാർഡ്' പോലെയാണ്.
ഫുഡും ഫ്രണ്ട്ഷിപ്പും തമ്മിലെന്ത്?
ചില ആളുകൾ മൂഡ് ഓഫ് ആയിരിക്കുമ്പോൾ അവരുടെ കംഫർട്ട് ഫുഡ് കഴിക്കാറില്ലേ? അത് കഴിക്കുമ്പോൾ കിട്ടുന്ന അതേ റിലാക്സേഷൻ ഒരു ബെസ്റ്റ് ഫ്രണ്ടിനെ കാണുമ്പോഴും ലഭിക്കുമത്രേ. കലോറി കൂടാതെ കിട്ടുന്ന ഒരു തരം 'മെന്റൽ ബിരിയാണി' എന്ന് വേണമെങ്കിൽ ഇതിനെ വിളിക്കാം. വിദഗ്ധരുടെ അഭിപ്രായത്തിൽ, സന്തോഷമായിരുന്ന നിമിഷങ്ങളെ തലച്ചോർ സുഹൃത്തുക്കളുമായി ബന്ധിപ്പിച്ചു വെച്ചിട്ടുണ്ടാകും. അതുകൊണ്ട് അവരെ കാണുമ്പോൾ തന്നെ സ്ട്രെസ്സ് മോഡിൽ ഇരിക്കുന്ന ശരീരം പതുക്കെ ശാന്തമാകും.
സയൻസ് ഓഫ് റിലാക്സേഷൻ
നമ്മൾ സ്ട്രെസ്സിൽ ആയിരിക്കുമ്പോൾ ശരീരം എപ്പോഴും പൊരുതാനുള്ള തയ്യാറെടുപ്പിലായിരിക്കും (Fight-or-flight mode). എന്നാൽ സുഹൃത്തിനെ കാണുന്ന നിമിഷം നമ്മുടെ 'Parasympathetic Nervous System' ഉണരുകയും ശരീരം റിലാക്സ് ആകുകയും ചെയ്യുന്നു. ഒരു മോട്ടിവേഷണൽ വീഡിയോ കാണുന്നതിനേക്കാൾ ഗുണം നിങ്ങളുടെ ചങ്ങാതിയുടെ ഒരു 'ഹായ്' അല്ലെങ്കിൽ ആ മുഖത്തുള്ള ഒരു ചിരിക്ക് നൽകാൻ കഴിയും.
ജെൻ സി ഇതിനെ എങ്ങനെ കാണണം?
രാത്രി പകലാക്കിയുള്ള വർക്ക്, ഡെഡ്‌ലൈനുകൾ, സോഷ്യൽ മീഡിയയിലെ മത്സരങ്ങൾ... ഇതിനിടയിൽ ബേൺഔട്ട് സംഭവിക്കുന്നത് സ്വാഭാവികമാണ്. ഈ തിരക്കുകൾക്കിടയിൽ സൗഹൃദം എന്നത് കേവലം ഒരു ഗെറ്റ്-ടുഗതർ മാത്രമല്ല, അതൊരു 'മെന്റൽ ഹെൽത്ത് ടൂൾ' കൂടിയാണ്.
നേരിട്ട് കാണാൻ പറ്റിയില്ലെങ്കിൽ ഒരു വീഡിയോ കോൾ ചെയ്താലും ഈ മാറ്റം സംഭവിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. 'നീ സുരക്ഷിതനാണ്, പേടിക്കേണ്ടതായി ഒന്നുമില്ല' എന്ന് പ്രിയപ്പെട്ട ആ മുഖം കാണുമ്പോൾ തലച്ചോറിന് മേസേജ് ലഭിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ചുരുക്കത്തിൽ, നിങ്ങളുടെ തലച്ചോറിന് വേണ്ടത് വല്ലപ്പോഴും ഒരു 'റീബൂട്ട്' ആണ്. അതിന് ഏറ്റവും നല്ല ആന്റി-വൈറസ് നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ടാണ്!


