രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗര്‍ഭിണിയായിരിക്കെ ഈജിപ്തില്‍ മരിച്ച യുവതിയുടെ മമ്മിയില്‍നിന്നും അവളുടെ മുഖം ശാസ്ത്രജ്ഞര്‍ പുന:സൃഷ്ടിച്ചപ്പോള്‍...ആ മുഖം കാണാം.. 

ഏറെ പഠനങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും ഒടുവില്‍ 2000 വര്‍ഷങ്ങള്‍ക്ക് ശേഷം, ഫോറന്‍സിക് ശാസ്ത്രജ്ഞര്‍ ഗര്‍ഭിണിയായ അവസ്ഥയിലുള്ള ഈജിപ്ഷ്യന്‍ മമ്മിയുടെ മുഖം പുനര്‍ നിര്‍മ്മിച്ചു. 2D,3D സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് ഫോറന്‍സിക് ശാസ്ത്രജ്ഞര്‍ ഈ നിര്‍ണായക നേട്ടം കൈവരിച്ചത്.

ദി മിസ്റ്ററി ലേഡി എന്നറിയപ്പെടുന്ന മമ്മി ഗര്‍ഭാവസ്ഥയില്‍ 28 ആഴ്ചയില്‍ മരിച്ചുവെന്നാണ് കരുതപ്പെടുന്നത്. അതായത് ഏഴുമാസം ഗര്‍ഭിണിയായിരിക്കെ. ഇരുപതിനും 30നും ഇടയിലാണ് ഇവരുടെ പ്രായം എന്നും കണക്കാക്കപ്പെടുന്നു. ഗര്‍ഭാവസ്ഥയില്‍ എംബാം ചെയ്ത ലോകത്തെ ആദ്യ മനുഷ്യ മാതൃകയാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ബിസി ഒന്നാം നൂറ്റാണ്ടിലാണ് ഇവള്‍ ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നത്. അതായത് 2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് . എന്നാല്‍ ഇപ്പോള്‍ ഫോറന്‍സിക് ശാസ്ത്രജ്ഞര്‍ അവളുടെ തലയോട്ടിയും മറ്റ് ശരീരഭാഗങ്ങളും ഉപയോഗിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരിക്കുമ്പോള്‍ എങ്ങനെയായിരുന്നിരിക്കണം അവളുടെ മുഖം എന്നറിയാന്‍ ആ മുഖം പുനര്‍ നിര്‍മ്മിച്ചിരിക്കുകയാണ്.

വിരലടയാളം ഉപയോഗിച്ചുള്ള തിരിച്ചറിയല്‍ അല്ലെങ്കില്‍ ഡിഎന്‍എ വിശകലനം തുടങ്ങിയ സാധാരണ തിരിച്ചറിയല്‍ മാര്‍ഗ്ഗങ്ങള്‍ സാധ്യമാകാതെ വരുമ്പോള്‍ ആണ് ശരീരത്തിന്റെ ഐഡന്റിറ്റി കണ്ടെത്താന്‍ സഹായിക്കുന്നതിന് ഫോറന്‍സിക് ശാസ്ത്രജ്ഞര്‍ മുഖ പുനര്‍നിര്‍മ്മാണം പ്രധാനമായും ഉപയോഗിക്കുന്നത്. എല്ലുകളും തലയോട്ടിയും, ഒരു വ്യക്തിയുടെ മുഖത്തെക്കുറിച്ച് ധാരാളം വിവരങ്ങള്‍ നല്‍കുമെന്നും ആ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയവരുടെ മുഖം പുനര്‍ നിര്‍മ്മിക്കുന്നതെന്നും ഇറ്റാലിയന്‍ ഫോറന്‍സിക് നരവംശശാസ്ത്രജ്ഞനും വാര്‍സോ മമ്മി പ്രോജക്റ്റിലെ അംഗവുമായ ചന്തല്‍ മിലാനി പറഞ്ഞു. കൃത്യമായ ഛായാചിത്രമായി കണക്കാക്കാനാവില്ലെങ്കിലും ഒരു ഏകദേശം രൂപമായി ഇതിനെ കണക്കാക്കാന്‍ ആകും എന്നാണ് ഗവേഷകര്‍ പറയുന്നത്.

1826 -ലാണ് വാഴ്സ സര്‍വകലാശാലയ്ക്ക് ഈ മമ്മിയെ ഈജിപ്ത് സംഭാവന ചെയ്തത്. 2015 മുതല്‍ ഒരു സംഘം ഗവേഷകര്‍ ഈ മമ്മിയെ കുറിച്ച് പഠനം നടത്തി വരികയാണ്. കഴിഞ്ഞവര്‍ഷമാണ് മരണസമയത്ത് ഇവര്‍ ഏഴുമാസം ഗര്‍ഭിണിയായിരുന്നെന്നും തീബന്‍ സമൂഹത്തിലെ അംഗം ആയിരുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തിയത്. മരണാനന്തര ജീവിതത്തിനായി ഒരു വ്യക്തിയെ സംരക്ഷിക്കാന്‍ നല്‍കുന്ന കരുതലിന്റെ പ്രകടനമാണ് മമ്മിഫിക്കേഷന്‍.