Asianet News MalayalamAsianet News Malayalam

ഇടനെഞ്ചു തുളച്ച് കയറിയ കൂരമ്പുമായി ജീവിക്കാൻ വിധിക്കപ്പെട്ട് ഒരു കടൽക്കാക്ക

ഈ കാക്കയുടെ പ്രധാനപ്പെട്ട ആന്തരികാവയവങ്ങൾ ഒന്നും സ്പർശിക്കാതെയാണ് ഈ അമ്പ് നെഞ്ചുതുളച്ച് വാലറ്റം വരെ ചെന്നിട്ടുള്ളത് എന്നാണ് തോന്നുന്നത്. 

sea gull living with an arrow piercing the chest
Author
Lancashire, First Published Jul 29, 2020, 1:55 PM IST

ഇത് ഒരു കടൽക്കാക്കയാണ്. ഒരു സാധാരണ കടൽക്കാക്കയെക്കുറിച്ച് എന്തെഴുതാൻ എന്ന് കരുതാൻ വരട്ടെ. ഈ ചിത്രത്തിലേക്ക് ഒരിക്കൽ കൂടി സൂക്ഷിച്ചു നോക്കൂ..! ഇത് അത്ര സാധാരണമായ ഒരു കടൽക്കാക്കയല്ല. കഴിഞ്ഞ രണ്ടു മാസമായി ഇവൾ ജീവിക്കുന്നത് ഇടനെഞ്ചിലൂടെ തുളഞ്ഞു കയറിയ ഒരു കൂരമ്പുമായാണ്. 

ലങ്കാ ഷെയറിലെ കെഎഫ്‌സി ഡ്രൈവ് ത്രൂവിലൂടെ വണ്ടിയുമായി വന്ന ജെയിംസ് സ്‌ക്വയർ ഈ രംഗം കണ്ടപ്പോൾ ആദ്യം ഒന്ന് നടുങ്ങി. ഏകദേശം ഇരുപത്തഞ്ചിഞ്ചോളം നീളമുണ്ട്‌ ഈ കടൽക്കാക്കയുടെ നെഞ്ചിലൂടെ തുളച്ചു കയറിയിരിക്കുന്ന ഈ അമ്പിന്. നെഞ്ചിൻകൂടുതുളച്ച് അകത്തുകയറിയ ആ അമ്പിന്റെ കൂർത്തമുന കാക്കയുടെ വാലിന്റെ അടുത്തായി പുറത്തേക്ക് കടന്നിരിപ്പുണ്ട്. ആരോ ഈ പാവം പക്ഷിയെ തന്റെ ക്രോസ് ബോ കൊണ്ട് അമ്പെയ്തതാകാനാണ് സാധ്യത എന്ന് ജെയിംസ് പറഞ്ഞു. 

എന്നാൽ, വളരെ കൃത്യമായി ഈ കാക്കയുടെ പ്രധാനപ്പെട്ട ആന്തരികാവയവങ്ങൾ ഒന്നും സ്പർശിക്കാതെയാണ് ഈ അമ്പ് നെഞ്ചുതുളച്ച് വാലറ്റം വരെ ചെന്നിട്ടുള്ളത് എന്നാണ് തോന്നുന്നത്. കാരണം,  ഇങ്ങനെ ഒരു പരിക്കേറ്റതിനെ ലക്ഷണങ്ങൾ ഒന്നും തന്നെ ഈ പക്ഷി കാണിക്കുന്നില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്ന വസ്തുത. വീഡിയോയിൽ കാണാനാവുന്നത് ഒരു കൂസലുമില്ലാതെ ചാടിക്കളിക്കുന്ന, ഭക്ഷണം തേടുന്ന, വേലിമേൽ ഇരിക്കുന്ന, പറന്നു പൊങ്ങുന്ന കടൽക്കാക്കയുടെ  ദൃശ്യങ്ങളാണ്. 

 

 

കാക്കയുടെ ദേഹത്ത് ചോരയും ദൃശ്യമല്ല. രക്തസ്രാവം നിലച്ചിട്ടുണ്ട് എന്നുവേണം കരുതാൻ. ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ ഈ പക്ഷിയെ എങ്ങനെയെങ്കിലും പിടികൂടി എത്രയും പെട്ടെന്ന് ഒരു വെറ്ററിനറി സർജന്റെ അരികിൽ എത്തിക്കാനും  അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനും ആവശ്യപ്പെട്ടുകൊണ്ട് പലരും കമന്റ് ചെയ്തിട്ടുണ്ട്. പലരും ചിപ്സും മറ്റും നൽകി ആ പക്ഷിയെ പ്രലോഭിപ്പിച്ച് അടുത്തെത്തിക്കാൻ ശ്രമിച്ചു എങ്കിലും പത്തിരുപത്തടിക്കിപ്പുറത്തേക്ക് വരാൻ അമ്പേറ്റ ആ കിളിക്ക് എന്തോ ധൈര്യം വരുന്നില്ല. ആരെങ്കിലും അടുത്തേക്ക് ചെന്നാൽ, ഉടൻ പറന്നകലുകളുമാണ് ഈ കടൽക്കാക്ക. എന്തായാലും ഈ സംഭവം പ്രദേശത്തെ മൃഗസംരക്ഷണ വകുപ്പിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 
 

Follow Us:
Download App:
  • android
  • ios