ഡിസംബർ രണ്ടാണ് ടിക്കറ്റ് കൊടുത്ത് വിജയിക്ക് അത് താനാണ് എന്ന് പറയാനുള്ള അവസാനത്തെ ദിവസം. അതിനാൽ തന്നെ വളരെ ആകാംക്ഷയോടെയാണ് ഓരോ ദിവസവും ഈ മഹാഭാ​ഗ്യവാൻ ആരാണ് എന്ന് കണ്ടെത്താനായി ആളുകൾ കാത്തിരിക്കുന്നത്.

ലോട്ടറി അടിക്കണേ എന്ന് ആ​ഗ്രഹിക്കാത്ത മനുഷ്യരുണ്ടാകില്ല. ലോട്ടറിയടിക്കുന്നത് ഭാ​ഗ്യവും മഹാഭാ​ഗ്യവും ആയിട്ടാണ് ആളുകൾ കാണുന്നത്. എന്നാൽ, കോടികളുടെ ലോട്ടറിയടിച്ചിട്ട് ആ വിജയി ആരാണ് എന്ന് അറിയാതെയിരുന്നാൽ എന്ത് ചെയ്യും? നാഷണൽ ലോട്ടറി ഓഫ് ദ യുണൈറ്റഡ് കിങ്ഡം അങ്ങനെ ഒരു വിജയിക്ക് വേണ്ടി വൻ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. ചെറിയ തുകയൊന്നുമല്ല ഈ വിജയിക്ക് കിട്ടാൻ പോകുന്നത് ഏകദേശം 37 കോടി രൂപ സമ്മാനമായി ലഭിച്ച ആൾക്കായിട്ടാണ് തെരച്ചിൽ നടക്കുന്നത്. 

എന്നാൽ, ഈ 37 കോടി രൂപ ഒറ്റയടിക്ക് കിട്ടുന്നതല്ല കേട്ടോ. ഒരോ മാസവും 10 ലക്ഷം രൂപ വച്ച് വിജയിക്ക് കിട്ടും. ഇങ്ങനെ 30 വർഷമാണ് ഈ തുക കയ്യിൽ കിട്ടുന്നത്. ലിങ്കൺഷെയറിലെ സൗത്ത് ഹോളണ്ട് ഡിസ്ട്രിക്റ്റിൽ നിന്നാണ് പ്രസ്തുത ടിക്കറ്റ് വാങ്ങിയിരിക്കുന്നത്. എന്നാൽ, ജീവിതം മൊത്തം ആസ്വദിച്ച് കഴിയാനുള്ള തുക സമ്മാനമായി നേടിയ ആളെ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഡിസംബർ രണ്ടാണ് ടിക്കറ്റ് കൊടുത്ത് വിജയിക്ക് അത് താനാണ് എന്ന് പറയാനുള്ള അവസാനത്തെ ദിവസം. അതിനാൽ തന്നെ വളരെ ആകാംക്ഷയോടെയാണ് ഓരോ ദിവസവും ഈ മഹാഭാ​ഗ്യവാൻ ആരാണ് എന്ന് കണ്ടെത്താനായി ആളുകൾ കാത്തിരിക്കുന്നത്. ജൂൺ 5 -നാണ് പ്രസ്തുത നറുക്കെടുപ്പ് നടന്നത്. 

ആലോചിച്ച് നോക്കൂ, വർഷങ്ങളോളം കയ്യിൽ ഒരു വലിയ തുക കിട്ടുക. ഒരാശങ്കയും കൂടാതെ ജീവിതം ആസ്വദിക്കാൻ ഇതിൽ കൂടുതൽ എന്താണ് വേണ്ടത് അല്ലേ? ഏതായാലും, ആരാണ് ഈ ഭാ​ഗ്യവാൻ, ആരായാലും അയാൾ എത്രയും പെട്ടെന്ന് പുറത്ത് വരും എന്ന പ്രതീക്ഷയിലാണ് എല്ലാവരും.