Asianet News MalayalamAsianet News Malayalam

ചന്ദ്രോപരിതലത്തിൽ രണ്ടാമതായി കാലുകുത്തിയ മനുഷ്യൻ, ആൽഡ്രിന് 93 -ാം ജന്മദിനത്തിൽ വിവാഹം

അപ്പോളോ 11 ദൗത്യത്തിൽ പങ്കെടുത്ത മൂന്ന് പേരിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ബഹിരാകാശ യാത്രികനാണ് ആൽഡ്രിൻ. 1971 -ല്‍ അദ്ദേഹം നാസയില്‍ നിന്ന് വിരമിച്ചു.

Second man to walk on moon Buzz Aldrin  married 93th birthday
Author
First Published Jan 22, 2023, 3:19 PM IST

ചന്ദ്രോപരിതലത്തിൽ രണ്ടാമതായി കാലുകുത്തിയ വ്യക്തിയാണ് ഡോക്ടർ എഡ്വിൻ ബസ് ആൽഡ്രിൻ എന്ന എഡ്വിൻ യൂജിൻ ആൽഡ്രിൻ. ഇപ്പോൾ, തന്റെ 93 -ാം വയസിൽ വിവാഹിതനായിരിക്കുകയാണ് ആൽഡ്രിൻ. അങ്ക ഫൗറിനെയാണ് ആൽഡ്രിൻ വിവാഹം കഴിച്ചിരിക്കുന്നത്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹ ചിത്രം അദ്ദേഹം തന്നെയാണ് ട്വിറ്ററിൽ പങ്ക് വച്ചത്. 1969 -ലെ അപ്പോളോ 11 ദൗത്യത്തിലൂടെയാണ് ആൽഡ്രിൻ ചന്ദ്രനിൽ കാൽ കുത്തിയത്. നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ ആദ്യമായി കാലുകുത്തി പത്തൊമ്പത് മിനിറ്റിന് ശേഷമായിരുന്നു ആല്‍ഡ്രിന്‍ ചന്ദ്രനിലിറങ്ങിയത്. 

'വ്യോമമേഖലയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളുടെ സാന്നിധ്യത്തിൽ, തന്റെ 93 -ാം ജന്മദിനത്തിൽ,  ദീർഘകാലമായി പ്രണയത്തിലായിരുന്ന തന്റെ പ്രണയിനിയുമായി താൻ വിവാഹിതനായി' എന്ന് ആൽഡ്രിൻ ട്വിറ്ററിൽ കുറിച്ചു. ഒപ്പം ഒളിച്ചോടിയ രണ്ട് രണ്ട് കൗമാര പ്രണയിതാക്കളെ പോലെ തങ്ങളിരുവരും ആവേശത്തിലാണ് എന്നും അദ്ദേഹം കുറിച്ചു. ലോസ് ഏഞ്ചലസിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ആൽഡ്രിന്റെയും അങ്ക ഫൗറിന്റെയും വിവാഹം.

അപ്പോളോ 11 ദൗത്യത്തിൽ പങ്കെടുത്ത മൂന്ന് പേരിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ബഹിരാകാശ യാത്രികനാണ് ആൽഡ്രിൻ. 1971 -ല്‍ അദ്ദേഹം നാസയില്‍ നിന്ന് വിരമിച്ചു. അതിന് ശേഷം 1998 -ല്‍ ബഹിരാകാശ പര്യവേക്ഷണത്തിനു വേണ്ടി ഷെയര്‍ സ്‌പേസ് ഫൗണ്ടേഷന്‍ സ്ഥാപിച്ചു. ആദ്യമായി ചന്ദ്രോപരിതലത്തിൽ കാൽ കുത്തിയപ്പോൾ ആൽഡ്രിൻ പറഞ്ഞ വാക്കുകൾ 'എത്ര മനോഹരമായ കാഴ്ച' എന്നായിരുന്നു എന്നാണ് പറയുന്നത്. 

നേരത്തെ മൂന്ന് തവണ വിവാഹിതനായിരുന്നു ആൽഡ്രിൻ. ആൽഡ്രിന്റെ ട്വിറ്റർ പോസ്റ്റിന് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. മിക്കവരും അദ്ദേഹത്തിന് ജന്മദിനാശംസയും വിവാഹത്തിന് ഭാവുകങ്ങളും നേർന്നു. 

Follow Us:
Download App:
  • android
  • ios