നമ്മുടെ ആധുനിക കാര്‍ഷിക സമ്പ്രദായങ്ങള്‍ കാലാവസ്ഥയിലുണ്ടാകുന്ന പ്രതികൂലമായ മാറ്റങ്ങളുമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിയാത്തതും രോഗ-കീട ആക്രമണങ്ങളെ അതിജീവിക്കാന്‍ പ്രയാസപ്പെടുന്നതുമാണെന്ന് പഠനങ്ങള്‍ കണ്ടെത്തുന്നു. പരമ്പരാഗത ഇനങ്ങളായ സസ്യങ്ങളെയും മൃഗങ്ങളെയും പരിപാലിക്കുന്ന ചെറുകിട കര്‍ഷകരെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇവിടെയാണ്. നിങ്ങള്‍ എന്താണ് ഭക്ഷിക്കാനായി വാങ്ങുന്നതെന്നതും ആരില്‍ നിന്നാണ് വാങ്ങുന്നതെന്നതും വളരെ പ്രധാനമാണ്.


ആപ്പിളുകള്‍ മരങ്ങളില്‍ നിന്ന് അവ എങ്ങനെയാണ് നിങ്ങളുടെ കൈകളില്‍ എത്തിച്ചേരുന്നതെന്ന് അറിയുമോ? വലുപ്പത്തിലും ആകൃതിയിലും വ്യത്യാസമുള്ള ആപ്പിളുകളും പ്രാണികളുടെ ശല്യമുള്ളവയും കളറില്‍ വ്യത്യാസമുള്ളവയുമെല്ലാം ആപ്പിളുകളിലുണ്ട്. എന്നാല്‍ ഏകദേശം ഒരേ രീതിയിലുള്ള ഭംഗിയുള്ള ആപ്പിളുകള്‍ മാത്രമേ വില്‍പ്പനയ്ക്ക് വെക്കാറുള്ളു. കാലാവസ്ഥാ മാറ്റങ്ങള്‍ കാരണം വ്യത്യസ്ത നിറത്തിലുള്ള ആപ്പിളുകള്‍ ഉണ്ടാകും. ജനിതക വൈവിദ്ധ്യം നിലനിര്‍ത്തുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ചില ഇനങ്ങള്‍ക്ക് പെട്ടെന്നുള്ള തണുപ്പിനെ അതിജീവിക്കാന്‍ കഴിയും. ചിലത് വെള്ളപ്പൊക്കത്തെയും വരള്‍ച്ചയെയും അതിജീവിച്ച് കരുത്തോടെ വളരുന്നവയായിരിക്കും. ഇന്ന് നമ്മള്‍ ഭക്ഷണത്തിനായി വളര്‍ത്തുന്ന സസ്യങ്ങളിലും മൃഗങ്ങളിലും പലതിനും പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാനുള്ള കഴിവുണ്ട്.

ചെറുകിട കര്‍ഷകരുടെ ഫാമുകള്‍

കാര്‍ഷിക രംഗത്ത് വ്യവസായ വത്കരണം കടന്നുവന്നപ്പോള്‍ ജനിതകവൈവിധ്യം വേരറ്റ് പോകുന്നതായി കണ്ടെത്തുന്നു. ഒരേ തരത്തില്‍പ്പെട്ട വിളകള്‍ മാത്രം എത്രയോ മില്യണ്‍ ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുമ്പോള്‍ മറ്റുള്ള ജനിതക വൈവിധ്യമുള്ള വിളകള്‍ക്ക് ലഭിക്കുന്നത് വളരെ കുറച്ച് സ്ഥലം മാത്രമാണ്. അതുകൊണ്ടുതന്നെ ഉത്പാദനവും വിപണന സാധ്യതകളും കുറയുന്നു. അങ്ങനെ കര്‍ഷകര്‍ ഇത്തരം വിളകള്‍ കൃഷി ചെയ്യുന്നത് പൂര്‍ണമായും ഒഴിവാക്കുന്നു. ഇങ്ങനെ പോയാല്‍ സമീപഭാവിയില്‍ ഒരേ ഇനത്തില്‍പ്പെട്ട വിളകള്‍ മാത്രം കാണപ്പെടുന്ന അവസ്ഥ വരാം.

ഇങ്ങനെ കൃഷി ചെയ്യുന്ന ഒരേ ഇനത്തില്‍പ്പെട്ട കോണ്‍ഫ്ളവറും ഗോതമ്പുമൊന്നും പുതിയ കാലാവസ്ഥയ്ക്കനുസരിച്ച് പിടിച്ചുനില്‍ക്കാന്‍ കരുത്തുള്ളവയാകണമെന്നില്ല. അവിടെയാണ് ചെറുകിട കര്‍ഷകര്‍ നട്ടുനനച്ചുവളര്‍ത്തിക്കൊണ്ടിരുന്ന മറ്റുള്ള ഇനങ്ങളുടെയും പ്രാധാന്യം നാം മനസിലാക്കുന്നത്. ഇത്തരം വിളകളുമായി സംയോജിപ്പിച്ചുണ്ടാക്കുന്ന വിളകള്‍ പ്രതികൂല കാലാവസ്ഥയുമായി യോജിച്ചു പോകാന്‍ കെല്പുള്ളവയായിരിക്കും.

കാലാവസ്ഥാ മാറ്റത്തിന് പ്രതിവിധി

ആഗോള വ്യാപകമായ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ ചെറുകിട കര്‍ഷകര്‍ വിളയിക്കുന്ന ഭക്ഷ്യവിളകള്‍ അത്യാവശ്യമാണ്. 'ഹെയര്‍ ലൂം പ്‌ളാന്റ്‌സ്' എന്നവിഭാഗത്തിലുള്ള ചെടികളെ പരിപാലിക്കുന്നവരാണ് ചെറുകിട കര്‍ഷകര്‍. പക്ഷികള്‍, മൃഗങ്ങള്‍, മനുഷ്യര്‍ എന്നിവരിലൂടെ പരാഗണം നടന്ന് വംശം നിലനില്‍ത്തുന്നവയാണ് ഇത്തരം ചെടികള്‍.

കീടനാശിനികളും ഹാനികരമായ രാസവസ്തുക്കളും ഉപയോഗിക്കാത്ത കൃഷിസ്ഥലങ്ങളിലാണ് ഇത്തരം ചെടികള്‍ വളരുന്നത്. ഇത്തരം ചെടികളില്‍ പരാഗണം നടക്കുമ്പോള്‍ ഒരേ തരത്തിലുള്ള ഗുണങ്ങള്‍ മാതൃസസ്യത്തില്‍ നിന്നും പുതിയ സസ്യത്തിലേക്ക് മാറ്റപ്പെടുന്നു.

ചെറുകിട കര്‍ഷകരുടെ കൈകളിലാണ് പരമ്പരാഗതമായ കന്നുകാലിയിനങ്ങളുമുള്ളത്. പ്രാദേശികമായ കാലാവസ്ഥയുമായി ഇണങ്ങിച്ചേരുന്ന ഇത്തരം ഇനങ്ങളാണ് ഇന്ന് നമുക്ക് ആവശ്യം. ഇത്തരം ഇനങ്ങള്‍ക്ക് പ്രത്യുത്പാദനശേഷിയും രോഗപ്രതിരോധ ശേഷിയും കൂടുതലാണ്.

അവര്‍ നിരന്തരം ജോലി തുടരുകയും ഇത്തരം വളര്‍ത്തുമൃഗങ്ങളെ വിവിധ സ്ഥലങ്ങളുമായി ഇണങ്ങിച്ചേരാന്‍ പ്രാപ്തരാക്കുകയും ചെയ്തിരുന്നു. ആവശ്യമുള്ള ഇനങ്ങളെ തമ്മില്‍ ബീജസങ്കലനം നടത്താനും ജനിതക വൈവിധ്യം കാത്തുസൂക്ഷിക്കാനും കഴിഞ്ഞിരുന്നു.

സെലക്ടീവ് ബ്രീഡിങ്ങ്

അനുഗുണമായ ഗുണഗണങ്ങളുള്ള മാതൃസസ്യത്തെയോ മൃഗങ്ങളെയോ തമ്മില്‍ ബീജസങ്കലനം/പരാഗണം നടത്തി കൂടുതല്‍ നല്ല ഗുണങ്ങളും പ്രതിരോധശേഷിയുമുള്ള ഇനങ്ങളെ ഉത്പാദിപ്പിക്കുന്ന രീതിയാണ് സെലക്ടീവ് ബ്രീഡിങ്. ഇതില്‍ നിന്നും ഏറ്റവും നല്ല കുഞ്ഞുങ്ങളെയാണ് പിന്നീട് അടുത്ത തലമുറ ഉത്പാദിപ്പിക്കാന്‍ തെരഞ്ഞെടുക്കുന്നത്.

മാതൃസസ്യം തെരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഉത്പാദനക്ഷമതയുള്ളതും കൂടുതല്‍ മധുരമുള്ളതും പ്രാണികളെയും രോഗങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കുന്നവയുമായ ഇനങ്ങളെ കണ്ടെത്തണം. ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്ന ചെടികളുടെ വിത്താണ് പിന്നീട് അടുത്ത വിളവെടുപ്പിനായി ഉപയോഗിക്കുന്നത്.

നേരെ മറിച്ച് മൃഗങ്ങളിലാണ് സെലക്ടീവ് ബ്രീഡിങ്ങ് നടത്തുന്നതെങ്കില്‍ കൂടുതല്‍ ഇറച്ചിയും മുട്ടയും ഉത്പാദിപ്പിക്കുന്ന ഇനം കണ്ടെത്തണം. അതുപോലെ തന്നെ കുറഞ്ഞ തീറ്റ ആവശ്യമുള്ള ഇനങ്ങളും വേണം. നല്ല രോഗപ്രതിരോധ ശേഷിയും ഗുണനിലവാരവുമുള്ള കന്നുകാലിയിനങ്ങളെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നവയും ആയിരിക്കണം.

ഇങ്ങനെ സെലക്ടീവ് ബ്രീഡിങ്ങ് നടത്തി ഉത്പാദിപ്പിക്കുന്ന മൃഗങ്ങളും സസ്യങ്ങളും പ്രാദേശികമായ കാലാവസ്ഥയുമായി യോജിച്ചുപോകാന്‍ കഴിവുള്ളവയായിരിക്കും. ഇങ്ങനെ ഒരു പ്രത്യേക മേഖലയിലെ പുതിയ പുതിയ ഇനങ്ങളെ കണ്ടെത്താനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും ആരെങ്കിലും മുന്നിട്ടിറങ്ങണം.

പരീക്ഷണശാലകള്‍ ബോട്ടിലില്‍ വികസിപ്പിക്കുന്ന ഇനങ്ങളല്ല മെച്ചപ്പെട്ട അനുകൂലനങ്ങള്‍ ഉള്ളവയെന്ന് മനസിലാക്കണം. പുതിയ ജനിതക വൈവിധ്യമുള്ള ഇനങ്ങളായാലും പഴയ കരുത്തുള്ള ഇനങ്ങള്‍ തമ്മില്‍ സെലക്ടീവ് ബ്രീഡിങ്ങ് നടത്തിയവ ആയാലും പരീക്ഷണശാലയില്‍ നിന്ന് പുറംലോകത്തേക്കാണ് വിടേണ്ടത്. മാറുന്ന കാലാവസ്ഥയുമായി സഹകരിക്കാന്‍ കഴിവുണ്ടോ എന്നറിയണമെങ്കില്‍ യഥാര്‍ഥ ലോകത്ത് വളരണം. ഇക്കാരണങ്ങള്‍ കൊണ്ടാണ് ചെറുകിട കര്‍ഷകരെ പിന്തുണയ്ക്കണമെന്ന് പറയുന്നത്. അത്തരം കര്‍ഷകര്‍ നിരന്തരമായി തങ്ങളുടെ കാലാവസ്ഥയ്ക്ക് യോജിച്ച ജനിതക വൈവിധ്യമുള്ള ഇനങ്ങളെ കണ്ടെത്തുന്നു.