2022 -ലാണ് വെറോണിക്കയും ലിസും ഈ ജോലി ആരംഭിച്ചത്. തുടക്കത്തിൽ ഇരുവരും ഒരു ഹോബി ആയിട്ടാണ് ഇത് ചെയ്ത് തുടങ്ങിയത്. എന്നാൽ, 2023 ഫെബ്രുവരി ആയപ്പോഴേക്കും വെറോണിക്കയെ സംബന്ധിച്ച് ഇതൊരു മുഴുവൻ സമയ ജോലി ആയി മാറിയിരുന്നു.
നമ്മളെല്ലാം ആവശ്യം കഴിഞ്ഞാൽ വസ്തുക്കൾ ഉപേക്ഷിക്കുന്നവരാണ്. അതുപോലെ പേഴ്സ്, വസ്ത്രം, ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം കുറേക്കാലം ഉപയോഗിച്ച ശേഷം ചിലപ്പോൾ നാം ഉപേക്ഷിക്കാറുണ്ട്. എന്നാൽ, അവ പിന്നീട് വരുമാനമാർഗമായി മാറുന്ന എത്ര പേരുണ്ടാകും? വളരെ കുറവായിരിക്കും അല്ലേ? പക്ഷേ, ഈ സ്ത്രീ അത്തരം മാലിന്യങ്ങളിൽ നിന്നും സമ്പാദിക്കുന്നത് വലിയ തുകയാണ്.
പെൻസിൽവാനിയയിലെ ക്വാക്കർടൗണിൽ താമസിക്കുന്ന 32 -കാരിയായ വെറോണിക്ക ടെയ്‌ലറിനെ സംബന്ധിച്ച് ഇത്തരം മാലിന്യങ്ങൾ ശേഖരിക്കുക എന്നത് ലാഭകരമായ ബിസിനസാണ്. ഇങ്ങനെ ആളുകൾ ഉപേക്ഷിക്കുന്ന വസ്തുക്കളടങ്ങിയ മാലിന്യക്കൂമ്പാരങ്ങളിൽ നിന്നും ശേഖരിക്കുന്നവയിൽ പല പ്രശസ്ത ഡിസൈനർമാരുടെയും ബ്രാൻഡുകളുടെയും ഒക്കെ വസ്തുക്കൾ ഉണ്ടാവാറുണ്ട്. അത് വൃത്തിയാക്കി വിൽക്കുക എന്നതാണ് വെറോണിക്ക ചെയ്യുന്നത്.
ലിസ് വിൽസൺ എന്ന സുഹൃത്തിന്റെ കൂടി സഹകരണത്തോടെ ഇങ്ങനെ കിട്ടുന്ന വസ്തുക്കൾ WhatNot എന്ന ആപ്പ് വഴിയാണ് വിൽക്കുന്നത്. ഈ ബിസിനസിലൂടെ ലാഭം നേടുന്നതോടൊപ്പം തന്നെ അനാവശ്യമായി മാലിന്യം ഉണ്ടാകുന്നത് ഇല്ലാതാക്കുക കൂടി ചെയ്യുകയാണ് താൻ എന്നാണ് വെറോണിക്ക പറയുന്നത്. ഇത് ശരിക്കും ഒരു നിധി വേട്ട പോലെ തന്നെയാണ്. ഈ ജോലി വളരെ രസകരമാണ് എന്നും വെറോണിക്ക പറയുന്നു.
2022 -ലാണ് വെറോണിക്കയും ലിസും ഈ ജോലി ആരംഭിച്ചത്. തുടക്കത്തിൽ ഇരുവരും ഒരു ഹോബി ആയിട്ടാണ് ഇത് ചെയ്ത് തുടങ്ങിയത്. എന്നാൽ, 2023 ഫെബ്രുവരി ആയപ്പോഴേക്കും വെറോണിക്കയെ സംബന്ധിച്ച് ഇതൊരു മുഴുവൻ സമയ ജോലി ആയി മാറിയിരുന്നു. താനും ലിസും എല്ലാം പകുതിപ്പകുതിയായിട്ടാണ് ഭാഗിച്ചെടുക്കുന്നത് എന്ന് വെറോണിക്ക പറയുന്നു. സിറ്റി തോറും സഞ്ചരിച്ച് ധനികരായ ആളുകൾ താമസിക്കുന്നതിന് സമീപമുള്ള മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളാണ് ഇരുവരും ചേർന്ന് തിരയുന്നത്. മാസം മൂന്ന് മുതൽ നാല് ലക്ഷം രൂപ വരെ തങ്ങൾ ഈ ബിസിനസിൽ നിന്നും നേടുന്നു എന്നാണ് വെറോണിക്ക പറയുന്നത്.
