16 വയസുള്ളപ്പോഴാണ് കാത്തി പീറ്ററിനെ കണ്ടുമുട്ടുന്നത്. എല്ലാവരെയും നിയന്ത്രിക്കുക, അവരുടെ മേൽ അധികാരം കാണിക്കുക ഇതായിരുന്നു അയാൾക്ക് ചെയ്യാൻ ഏറ്റവും ഇഷ്ടമുണ്ടായിരുന്ന കാര്യം എന്നാണ് കാത്തി പറയുന്നത്.

ഒരു സീരിയൽ കില്ലറിന്റെ ഭാര്യ ആയിരിക്കുക എന്നത് എന്തൊരു അവസ്ഥയാണ് അല്ലേ? കാത്തി വിൽസൺ എന്ന 52 -കാരിയുടെ മുൻ ഭർത്താവ് പീറ്റർ ടോബിൻ ഒരു സീരിയൽ കില്ലറായിരുന്നു. 'അയാൾ ഒരു ചെകുത്താനായിരുന്നു. മരിച്ചു എന്നറിഞ്ഞതിൽ ആശ്വാസം മാത്രമേ ഉള്ളൂ' എന്നാണ് അയാളുടെ മരണവാർത്തയോടുള്ള കാത്തിയുടെ പ്രതികരണം. 'ഇയാൾ കൊലപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്ന യുവതികളുടെ വീട്ടുകാരെ കുറിച്ചോർക്കുമ്പോൾ ദുഖമുണ്ട്. ഇപ്പോഴും അവർക്ക് പൂർണമായും ആ തിരോധാനങ്ങളെ കുറിച്ചുള്ള ഉത്തരങ്ങൾ കിട്ടിയിട്ടില്ല' എന്ന് സൺഡേ മിററിനോട് സംസാരിക്കവെ കാത്തി പറഞ്ഞു. 

76 വയസുള്ള ഇയാൾ താൻ 48 സ്ത്രീകളെ കൊന്നു എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, എഡിൻബർ​ഗ് ജയിലിൽ നിന്നുള്ള ചോദ്യം ചെയ്യലിൽ ഇയാൾ ഈ കുറ്റങ്ങളെല്ലാം നിഷേധിച്ചു. അടുത്തിടെയുണ്ടായ വീഴ്ചയിൽ ഇടുപ്പ് പൊട്ടിയതുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ 6 മണിക്ക് ഇയാൾ ന​ഗരത്തിലെ റോയൽ ഇൻഫർമറിയിൽ വച്ച് മരിക്കുകയായിരുന്നു. 

2006 -ൽ പോളിഷ് വിദ്യാർ‌ത്ഥിനി ആയിരുന്ന ആഞ്ചലിക്ക ക്ലക്ക് എന്ന 23 -കാരിയെ പീഡിപ്പിച്ചതിനും കൊലപ്പെടുത്തി മൃതദേഹം ​ഗ്ലാസ്‍​ഗോ ചർച്ചിലെ നിലത്തിനടിയിൽ ഒളിപ്പിച്ചതിനും ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുകയായിരുന്നു. അതുപോലെ തന്നെ വിക്കി ഹാമിൽടൺ എന്ന 15 -കാരിയെ കൊന്ന കുറ്റവും ഇയാളുടെ മേലുണ്ട്. 17 വർഷത്തിന് ശേഷമാണ് വിക്കിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അയാൾ വേറെയും നിരവധി കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടാകാം എന്നാണ് വിശ്വസിക്കപ്പെടുന്നത്. 40 അപരനാമങ്ങളും 150 -ലേറെ കാറുകളും ഇയാൾക്കുണ്ടായിരുന്നു. 

16 വയസുള്ളപ്പോഴാണ് കാത്തി പീറ്ററിനെ കണ്ടുമുട്ടുന്നത്. എല്ലാവരെയും നിയന്ത്രിക്കുക, അവരുടെ മേൽ അധികാരം കാണിക്കുക ഇതായിരുന്നു അയാൾക്ക് ചെയ്യാൻ ഏറ്റവും ഇഷ്ടമുണ്ടായിരുന്ന കാര്യം എന്നാണ് കാത്തി പറയുന്നത്. ആ സമയത്ത് അയാൾക്ക് 40 വയസുണ്ടായിരുന്നു, രണ്ട് തവണ വിവാഹം ചെയ്തിട്ടുണ്ടായിരുന്നു. മൂന്ന് മാസത്തിനുള്ളിൽ അവർ ഒരുമിച്ച് താമസമാരംഭിക്കുകയും മൂന്ന് മാസം ആയപ്പോഴേക്കും കാത്തി മകൻ ഡാനിയേലിനെ ​ഗർഭം ധരിക്കുകയും ചെയ്തു. അപ്പോഴേക്കും അയാൾ വളരെ അധികം ഉപദ്രവകാരി ആയിക്കഴിഞ്ഞിരുന്നു. ഭക്ഷണം മുഖത്തേക്ക് വലിച്ചെറിയുക, കഴുത്തിന് കുത്തിപ്പിടിക്കുക ഇതൊക്കെ സ്ഥിരം ആയിരുന്നു എന്ന് കാത്തി ഓർക്കുന്നു. 

ഡാനിയേൽ ജനിച്ച ശേഷം അവർ സ്കോട്ട്‍ലൻഡിലേക്ക് താമസം മാറി. അവിടെ വച്ചാണ് വിക്കി കൊല്ലപ്പെടുന്നത്. പീറ്റർ ലൈം​ഗികത്തൊഴിലാളികളുമായി ക്രൂരമായ ലൈം​ഗികബന്ധത്തിലേർപ്പെടാറുണ്ടായിരുന്നു എന്നും കാത്തി പറയുന്നു.

1993 -ൽ രണ്ടുപേരെ ബലാത്സം​ഗം ചെയ്തതിന് പീറ്റർ ജയിലിലായി. ആ സമയത്താണ് കാത്തിയും ഡാനിയലും ഒടുവിൽ അയാളിൽ നിന്നും മോചിപ്പിക്കപ്പെടുന്നത്. അയാൾ മരിച്ചതിൽ സന്തോഷം മാത്രമേ ഉള്ളൂ. അയാളാൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ഓർക്കുമ്പോൾ ഇപ്പോഴും വേദനിക്കുന്നു എന്നും കാത്തി പറഞ്ഞു.