അമേരിക്കയിലെ കാലിഫോർണിയയിൽ, കിംബർലി-ക്ലാർക്ക് വിതരണ കേന്ദ്രത്തിന് തീയിട്ട് ജീവനക്കാരന്‍. 1,300 കോടി രൂപയുടെ നാശനഷ്ടമുണ്ടാക്കിയ സംഭവത്തിൽ ഷമീൽ അബ്ദുൽ കരീം എന്ന 29 -കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
അമേരിക്കയിലെ കാലിഫോർണിയയിൽ പ്രമുഖ ബ്രാൻഡായ കിംബർലി-ക്ലാർക്കിന്റെ കൂറ്റൻ വിതരണ കേന്ദ്രത്തിന് തീയിട്ട സംഭവത്തിൽ ഗോഡൗൺ ജീവനക്കാരനായ ഷമീൽ അബ്ദുൽ കരീമെന്ന 29 -കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ 12:30-ഓടെയാണ് ഒന്റാറിയോയിലെ ഗോഡൗണിൽ തീപിടുത്തമുണ്ടായത്. ഏകദേശം 156 ദശലക്ഷം ഡോളർ (ഏകദേശം 1,300 കോടി രൂപ) മൂല്യമുള്ളതാണ് ഈ വിതരണ കേന്ദ്രം. തീ പടരുമ്പോൾ ഇരുപതോളം ജീവനക്കാർ ഉള്ളിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുപറ്റിയിട്ടില്ല. 140 -ലധികം അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തനിക്ക് ലഭിക്കുന്ന കുറഞ്ഞ ശമ്പളത്തിലും ജോലിസ്ഥലത്തെ മോശം സാഹചര്യത്തിലും പ്രതിഷേധിച്ചാണ് ഷമീൽ ഈ കൃത്യം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ഇയാൾ സ്വയം ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോയിൽ, "ഞങ്ങൾക്ക് ജീവിക്കാൻ ആവശ്യമായ ശമ്പളം തന്നാൽ മതിയായിരുന്നു" എന്ന് രോഷത്തോടെ പറയുന്നത് കേൾക്കാം. ഉൽപ്പന്നങ്ങൾക്ക് തീയിടുന്നതും ടിഷ്യൂ പേപ്പറുകൾ വേഗത്തിൽ കത്തിയമരുന്നതും വീഡിയോയിലുണ്ട്. ഇൻസ്റ്റഗ്രാമിൽ പ്രചരിച്ച ഈ വീഡിയോ പരിശോധിക്കുകയാണ് എന്ന് പൊലീസ് പറയുന്നു.
ഈ തീപിടുത്തം അമേരിക്കയുടെ പടിഞ്ഞാറൻ തീരങ്ങളിൽ ടിഷ്യു പേപ്പർ ഉൽപ്പന്നങ്ങളുടെ ക്ഷാമത്തിന് കാരണമായേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കമ്പനിയുടെ വിൽപനയിൽ 3 ശതമാനത്തിലധികം ഇടിവുണ്ടാകാൻ ഇത് കാരണമാകും. വാർത്ത പുറത്തുവന്നതിന് പിന്നാലെ കിംബർലി-ക്ലാർക്കിന്റെ ഓഹരി മൂല്യം 4.1 ശതമാനം ഇടിഞ്ഞു. സംഭവത്തിൽ, രണ്ട് അതീവ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ റഞ്ചോ കുക്കാമോംഗയിലെ വെസ്റ്റ് വാലി ഡിറ്റൻഷൻ സെന്ററിൽ ജാമ്യമില്ലാ കസ്റ്റഡിയിലാണ് ഷമീൽ.
