'സംഘപരിവാർ' എന്ന പേര്  ഇന്ത്യൻ മണ്ണിൽ പ്രവർത്തിക്കുന്ന ഹൈന്ദവാഭിമുഖ്യമുള്ള സംഘടനകളെ ഒന്നിച്ചു പരാമർശിക്കാൻ ഉപയോഗിക്കുന്ന ഒരു പൊതു സംജ്ഞയാണ്. രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന ആർഎസ്എസ്, ഭാരതീയ ജനതാ പാർട്ടി എന്ന ബിജെപി, വിശ്വ ഹിന്ദു പരിഷത്ത് എന്ന വിഎച്ച്പി, അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത് എന്ന എബിവിപി, താരതമ്യേന തീവ്രസ്വഭാവം കൂടുതലുള്ള ബജ്‌റംഗ് ദൾ, വലതുപക്ഷ തൊഴിലാളിയൂണിയനായ ഭാരതീയ കിസാൻ സംഘ്, ശിവസേന തുടങ്ങി പല  മൃദു, മിത, തീവ്ര ഹിന്ദുത്വ നിലപാടുകൾ പ്രകടിപ്പിക്കുന്ന സംഘടനകളും സംഘപരിവാർ എന്ന വിശാലമായ കുടക്കീഴിൽ വർഷങ്ങളായിഅണിനിരക്കുന്നുണ്ട്. 

 

 

ഇന്നേക്ക് ഏതാണ്ട് 70 വർഷങ്ങൾക്കു മുമ്പ്, കൃത്യമായിപ്പറഞ്ഞാൽ, 1951 ഒക്ടോബർ 21 -ന്, ഡോ. ശ്യാമപ്രസാദ് മുഖർജി എന്ന മുൻ-കോൺഗ്രസുകാരൻ തുടങ്ങിയ ഭാരതീയ ജനസംഘം തൊട്ടാണ് സംഘപരിവാറിന്റെ വ്യവസ്ഥാപിത ചരിത്രം തുടങ്ങുന്നത്. 1951 -നു മുമ്പും ഇന്ത്യയിൽ ഹിന്ദു മഹാസഭ എന്നൊരു സംഘടന നിലവിലുണ്ട് എങ്കിലും, അതിന് ഇന്ന് കാണുന്നത്ര വ്യക്തമായ ഒരു രൂപമുണ്ടായിരുന്നില്ല.

1929 മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമായിരുന്ന മുഖർജി, 1930 -ൽ അവിടെ നിന്ന് രാജിവെച്ചിറങ്ങിപ്പോവുന്നു. പിന്നീട് ഹിന്ദു മഹാസഭയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മുഖർജി,1948 - ൽ നടന്ന മഹാത്മാഗാന്ധി വധത്തെ തുടർന്ന് ആ ബന്ധം പരിപൂർണമായും വിച്ഛേദിക്കുന്നു. അക്കൊല്ലം തന്നെ നെഹ്‌റു മുഖർജിയെ തന്റെ മന്ത്രിസഭയിലെ വ്യവസായ വിതരണ വകുപ്പുകളുടെ ചുമതല ഏൽപ്പിക്കുന്നുമുണ്ട്. എന്നാൽ, 1950 -ൽ പാക് പ്രധാനമന്ത്രി ലിയാക്കത് അലി ഖാനുമായി നെഹ്‌റു ഉണ്ടാക്കിയ ഉടമ്പടിയോടുള്ള വിയോജിപ്പ് കാരണം മുഖർജി ആ മന്ത്രിസ്ഥാനം രാജിവെച്ച് പുറത്തുപോകുന്നു. അതിതീവ്ര ദേശീയതാ വാദത്തിന്റെ പ്രയോക്താവായി തുടക്കം മുതലേ അറിയപ്പെട്ടു തുടങ്ങിയിരുന്ന ഡോ. ശ്യാമപ്രസാദ് മുഖർജി, 'പാകിസ്ഥാനെ പ്രീണിപ്പിക്കുന്ന നിലപാടാണ് നെഹ്‌റുവിന്റേത്' എന്നാക്ഷേപിച്ചുകൊണ്ടായിരുന്നു മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയത്.

1925 -ൽ തന്നെ രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന ആർഎസ്എസ് സ്ഥാപിക്കപ്പെട്ടിരുന്നു എങ്കിലും, അതിനൊരു രാഷ്ട്രീയ മുഖം വേണമെന്ന എം എസ് ഗോൾവാൾക്കറുടെ നിർദേശപ്രകാരമാണ് ഡോ. ശ്യാമപ്രസാദ് മുഖർജി, 1951 -ൽ ഭാരതീയ ജനസംഘം എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിക്കുന്നത്. ഹിന്ദു ദേശീയത  തന്നെയായിരുന്നു ഇരു കൂട്ടരുടെയും പ്രഖ്യാപിത ലക്‌ഷ്യം. കോൺഗ്രസിന് ഒരു ദേശീയ ബദൽ എന്ന നിലക്കാണ് ഡോ. മുഖർജി തന്റെ പാർട്ടിയായ ജനസംഘത്തെ മുന്നോട്ട് വെക്കുന്നത്.

1952-ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ജനസംഘത്തിന്റെ ടിക്കറ്റിൽ ജയിച്ചു കയറിയ 3 പാർലമെന്റേറിയന്മാരിൽ ഒരാൾ ഡോ. മുഖർജി ആയിരുന്നു. അന്നുതന്നെ, ജമ്മു കശ്മീരിന് സവിശേഷ പദവി നൽകിക്കൊണ്ടുള്ള ആർട്ടിക്കിൾ 370 -നെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച ആളാണ് ഡോ. മുഖർജി. 1953 മെയ് 11 -ന് പ്രതിഷേധിക്കാൻ വേണ്ടി പെർമിറ്റില്ലാതെ കാശ്മീരിൽ പ്രവേശിച്ച ഡോ. മുഖർജിയെ ഫാറൂഖ് അബ്ദുല്ലയുടെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാൽപതു ദിവസം കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം  ഡോ. മുഖർജി മരണപ്പെടുന്നു.

പിന്നീട്, അറുപതുകളിൽ ദീൻ ദയാൽ ഉപാധ്യായയും, എഴുപതുകളിൽ അടൽ ബിഹാരി വാജ്‌പേയി, ലാൽ കൃഷ്ണ അദ്വാനി എന്നിവരും ജനസംഘത്തിന്റെ ദേശീയ പ്രസിഡന്റുമാർ ആയിരുന്നു. പിന്നീട് എഴുപതുകളുടെ അവസാനത്തോടെ ഭാരതീയ ജനസംഘം, ഭാരതീയ ലോക് ദൾ, കോൺഗ്രസ് ഓ, സോഷ്യലിസ്റ്റ് പാർട്ടി എന്നിവയ്‌ക്കൊപ്പം ജനത പാർട്ടി എന്ന പുതിയ പാർട്ടിയിൽ ലയിക്കുകയും. ജനതാ പാർട്ടി പിന്നീട് ക്ഷയിച്ച് നാമാവശേഷമായതിനു പിന്നാലെ, 1980 -ൽ ബിജെപി എന്ന പേരിൽ ജനസംഘം മുഖ്യധാരാ രാഷ്ട്രീയ ഗോദയിലേക്ക് പുനർജനിക്കുകയുമാണ് ഉണ്ടായത്.

 

 

1984 -ലെ തെരഞ്ഞെടുപ്പിലൂടെയുള്ള ബിജെപിയുടെ ദേശീയ രാഷ്ട്രീയ രംഗപ്രവേശം വളരെ നിറം മങ്ങിയതായിരുന്നു. രണ്ടേ രണ്ടു സീറ്റ് മാത്രമാണ് ആ തെരഞ്ഞെടുപ്പിൽ അവർക്ക് കിട്ടിയത്. പിന്നീടങ്ങോട്ടുള്ള ബിജെപിയുടെ രാഷ്ട്രീയ വളർച്ചയ്ക്ക് പ്രധാന ഉത്തേജകമായി വർത്തിച്ചത് അയോദ്ധ്യ കേന്ദ്രീകരിച്ച് അദ്വാനിയും മറ്റും ചേർന്ന് സംഘടിപ്പിച്ച  രാം ജന്മഭൂമി മൂവ്മെന്റ് ആണ്. അതിന്റെ പേരിൽ, തൊണ്ണൂറുകളിൽ  ഇന്ത്യയിൽ ഉണ്ടായ ബാബ്‌റി മസ്ജിദ് തകർന്നതടക്കമുള്ള പ്രതിസന്ധികൾ ബിജെപിക്ക് രാഷ്ട്രീയമായി ഗുണം ചെയ്തു. തൊണ്ണൂറുകളുടെ തുടക്കം തൊട്ടുതന്നെ നിയമ സഭാ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ പ്രകടനം മെച്ചപ്പെട്ടുവന്നു. 

ഒടുവിൽ,1996 -ൽ ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിൽ ആദ്യമായി ബിജെപിക്ക് പാർലമെന്റിൽ ഭൂരിപക്ഷം കിട്ടുന്നു. എന്നാൽ ലോക്സഭയിൽ കേവല ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതിരുന്ന വാജ്‌പേയി ഗവണ്മെന്റ് 13 ദിവസത്തിനുള്ളിൽ നിലം പൊത്തുന്നു. 1998 -ൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നപ്പോൾ വാജ്‌പേയിയുടെ എൻഡിഎ സർക്കാർ അധികാരത്തിലേറുന്നു. ഇത്തവണ എൻഡിഎ മന്ത്രിസഭയ്ക്ക് ഒരു വർഷത്തേക്ക് ആയുസ്സ് നീട്ടിക്കിട്ടുന്നു. 1999 -ൽ വീണ്ടും തെരഞ്ഞെടുപ്പ്. കാർഗിൽ യുദ്ധാനന്തരം അധികാരത്തിലേറിയ മൂന്നാം വാജ്‌പേയി സർക്കാർ അഞ്ചുകൊല്ലം തികച്ചും ഭരിക്കുന്നു. പിന്നീട് 2014 -ൽ വീണ്ടും നരേന്ദ്ര മോദിയുടെ ആദ്യ മന്ത്രിസഭ. 2019 -ൽ രണ്ടാമൂഴവും. 

 

 

1951 -ൽ ജനസംഘം രൂപീകരിക്കപ്പെട്ടപ്പോൾ ഉണ്ടായിരുന്ന രാഷ്ട്രീയ കാലാവസ്ഥയല്ല, എഴുപതിറ്റാണ്ടുകൾക്കു ശേഷം, ഇന്ന് രാജ്യത്ത് നിലവിലുള്ളത്. ഭാരതീയ ജനസംഘം എന്ന ആദ്യ സംഘടന ഇന്നില്ലെങ്കിലും അതിന്റെ അതേ പ്രത്യയശാസ്ത്രം നൂറുമടങ്ങു ശക്തിയോടെ ഉയർത്തിപ്പിടിക്കുന്ന പരശ്ശതം സംഘപരിവാർ സംഘടനകൾ രാജ്യത്ത് ഏറെ സജീവമായി പ്രവർത്തിച്ചു പോരുന്നുണ്ട്. സംഘപരിവാർ രാഷ്ട്രീയം ഇന്ത്യൻ സമൂഹത്തിൽ ഏറെ ആഴത്തിൽ വേരോടിക്കഴിഞ്ഞിരിക്കുന്നു. എന്നുമാത്രമല്ല, അത് നമ്മുടെ ദൈനംദിന ജീവിതങ്ങളിൽ  ചെലുത്തുന്ന സ്വാധീനം ഇന്ന് ഏറെ നിർണായകവുമാണ്.