കടലില്‍ വച്ച് സ്രാവിനൊപ്പം ഫോട്ടോയ്ക്ക് ശ്രമം; യുവതിയുടെ ഇരുകൈകളും കടിച്ചെടുത്ത് സ്രാവ്
കുടുംബാംഗങ്ങളോടൊപ്പം കടലില്‍ കുളിക്കുന്നതിനിടെ സമീപത്തെത്തിയ സ്രാവിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനുള്ള ശ്രമത്തിനിടെയായിരുന്നു സ്രാവിന്‍റെ ആക്രമണം.

നോർത്ത് അറ്റ്ലാന്‍റിക് കടലില്‍ ക്യൂബയ്ക്കും ഹെയ്ത്തി ഡൊമനിക്കന്‍ റിപ്പബ്ലിക്കുകൾക്കും സമീപത്തായുള്ള ബ്രിട്ടീഷ് അധീനതയിലുള്ള ചെറു ദ്വീപായ ടർക്കസ് ആന്‍റ് കൈക്കോസിലെ കടൽത്തീരത്ത് വിശ്രമിക്കാൻ എത്തിയ കനേഡിയൻ വിനോദ സഞ്ചാരിക്ക് സ്രാവിന്‍റെ ആക്രമണത്തിൽ ഗുരുതര പരിക്ക്. കടലിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ സ്രാവ് അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. തീരത്ത് നിന്ന് ഏതാനും മീറ്റർ അകലെ സെൻട്രൽ പ്രൊവിഡൻസിയേൽസിലെ തോംസൺസ് കോവ് ബീച്ചിന് സമീപം വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് ദി സൺ റിപ്പോർട്ട് ചെയ്യുന്നു.
55 വയസ്സുള്ള സ്ത്രീ സ്രാവുമായി അടുത്തിടപഴകാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു. സ്രാവിനോടൊപ്പം ഫോട്ടോയെടുക്കാനുള്ള സ്ത്രീയുടെ ശ്രമമാണ് ആക്രമണത്തില്‍ അവസാനിച്ചത്. സ്രാവ് ഇവരുടെ ഇരു കൈകളും കടിച്ചെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സംഭവ സമയത്ത് കടൽത്തീരത്ത് ഇവരുടെ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആർക്കും ഇവരെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. കൈകൾ മുറിഞ്ഞതിനെ തുടർന്നുണ്ടായ അമിത രക്തസ്രാവം തടയാൻ ബീച്ചിലുണ്ടായിരുന്ന മറ്റ് വിനോദ സഞ്ചാരികൾ ഇവരെ സഹായിച്ചു. ആക്രമണത്തിന് ശേഷവും സ്രാവ് ആഴക്കടലിലേക്ക് പോകാതെ അവിടെത്തന്നെ ഉണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
Read More: വിശ്വസ്തത കാണിച്ച 140 ജീവനക്കാർക്ക് 14.5 കോടി രൂപ ബോണസ് നൽകി കോയമ്പത്തൂരിലെ കമ്പനി
Watch Video: അവൾ കുട്ടിക്കാലം അർഹിക്കുന്നു; ഹോംവർക്ക് ബുക്ക് ഓടയിലേക്കിട്ട് തുള്ളിച്ചാടി പോകുന്ന കുട്ടിയുടെ വീഡിയോ വൈറൽ
സ്രാവിന്‍റെ ഇനം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സ്രാവിന് ആറടിയോളം നീളമുണ്ടെന്ന് അധികൃതർ കണക്കാക്കുന്നു. ഓൺലൈൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ പ്രദേശത്ത് സാധാരണയായി കാണപ്പെടുന്ന ബുൾ സ്രാവ് ആയിരിക്കാം ഇതെന്നാണ്. സംഭവം നടന്ന അവിടെ വച്ച് തന്നെ പോലീസും മെഡിക്കൽ ഉദ്യോഗസ്ഥരും പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ചെഷയർ ഹാൾ മെഡിക്കൽ സെന്‍ററിലേക്ക് മാറ്റി. കൂടുതൽ പരിചരണത്തിനായി കാനഡയിലേക്ക് തിരികെ പോകാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്.
സ്ത്രീയുടെ ഇരു കൈതണ്ടകളും പൂർണമായും നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവരുടെ തുടയിലും സ്രാവിന്‍റെ കടി ഏറ്റിട്ടുണ്ട്. ആക്രമണ സമയത്ത് സ്ത്രീയുടെ ഭർത്താവ് സ്രാവിനെ വിരട്ടിയോടിക്കാൻ ശ്രമം നടത്തിയപ്പോഴാണ് അത് പിൻവാങ്ങിയത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഫെബ്രുവരി 7 -ന് ഏകദേശം 10:30 ന് നടന്ന ആക്രമണം റോയൽ ടർക്‌സ്, കെയ്‌കോസ് പോലീസിലെ ഉദ്യോഗസ്ഥരും പരിസ്ഥിതി അധികാരികളും സ്ഥിരീകരിച്ചിട്ടുണ്ട്.
