നാല് വർഷമായി ഒറ്റയ്ക്ക്, ഒരു ആൺസ്രാവുമായും സമ്പർക്കമില്ല, എന്നിട്ടും കുഞ്ഞിന് ജന്മം നൽകി സ്രാവ്..!
ഇണചേരാതെ തന്നെ ഇങ്ങനെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ സാധിക്കുന്ന ഈ പ്രതിഭാസം 'പാർത്തെനൊജെനസിസ്' എന്നാണ് അറിയപ്പെടുന്നത്.

കഴിഞ്ഞ നാല് വർഷമായി ഒരു ആണുമായും സമ്പർക്കം പുലർത്താത്ത സ്രാവ് കുഞ്ഞിന് ജന്മം നൽകി. അപൂർവ്വമായ സംഭവം നടന്നത് യുഎസ്സിലെ മൃഗശാലയിലാണ്. 'വെർജിൻ ബർത്ത്' എന്നാണ് സ്വതവേ ഇത്തരം സംഭവങ്ങളെ വിളിക്കുന്നത്. രണ്ടാമത്തെ തവണയാണ് ഇങ്ങനെ അടച്ചിട്ടിരിക്കുന്ന, ആൺ സമ്പർക്കമില്ലാത്ത ഒരു സ്രാവ് കുഞ്ഞിന് ജന്മം നൽകുന്നത്.
ഈ ഭ്രൂണം പുരുഷ ബീജസങ്കലനത്തിന്റെ ആവശ്യമില്ലാതെ തന്നെ വികസിച്ചതാണ് എന്ന് സംഭവത്തെ കുറിച്ച് ഇല്ലിനോയിസിലെ ബ്രൂക്ക്ഫീൽഡ് മൃഗശാല ഫേസ്ബുക്കിൽ കുറിച്ചു. 2019 -ലാണ് ഈ സ്രാവ് ബ്രൂക്ക്ഫീൽഡ് മൃഗശാലയിൽ എത്തിയത്. അതിനു ശേഷം അവളെ ഒരു ആൺസ്രാവിനൊപ്പവും പാർപ്പിച്ചിരുന്നില്ല എന്ന് മൃഗശാല അധികൃതർ പറയുന്നു. സ്രാവ് ഓരോ മാസവും രണ്ടോ നാലോ മുട്ടകൾ ഇടാൻ തുടങ്ങി. അതിൽ ഒന്നിൽ നിന്നും അഞ്ച് മാസത്തെ ഇൻകുബേഷന് ശേഷം ഒരു കുഞ്ഞ് പിറക്കുകയും ചെയ്യുകയായിരുന്നു എന്നും മൃഗശാല പറയുന്നു.
ഇണചേരാതെ തന്നെ ഇങ്ങനെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ സാധിക്കുന്ന ഈ പ്രതിഭാസം 'പാർത്തെനൊജെനസിസ്' എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ശാസ്ത്രഞ്ജരെ ഏറെ കൗതുകം കൊള്ളിക്കുന്നതാണ് പാർത്തെനൊജെനസിസ് എന്ന പ്രതിഭാസം.
ആണും പെണ്ണും ഇണചേർന്നാണല്ലോ സാധാരണ കുഞ്ഞുങ്ങളുണ്ടാകുന്നത്. ഈ പൊതുവായ പ്രത്യുദ്പാദന രീതി നിലനിൽക്കെ തന്നെ ചില പ്രത്യേക സാഹചര്യങ്ങളിൽ പെണ്‍ജീവികൾക്ക് വേണ്ടി വന്നാൽ സ്വയം പ്രത്യുത്പാദനം നടത്താൻ കഴിയുന്നതിനെയാണ് പാർത്തെനൊജെനസിസ് എന്ന് പറയുന്നത്. കാട്ടിലും മൃഗശാലകളിലും അടക്കം കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാർത്തെനൊജെനസിസിലൂടെ കടന്നു പോകുന്ന ജീവികളെ ഗവേഷകർ പഠനത്തിന് വിധേയമാക്കിയിട്ടുണ്ട്. അതിൽ പക്ഷികൾ, പാമ്പുകൾ, പല്ലികൾ എന്നിവയൊക്കെ പെടുന്നു.
വായിക്കാം: വിമാനങ്ങൾക്ക് വെള്ളനിറം നൽകാനൊരു കാരണമുണ്ട്; എന്താണെന്നറിയാമോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: