ശവംതീനികഴുകന്മാർ വംശനാശഭീഷണി നേരിടുന്ന ഒരു പക്ഷിവർഗ്ഗമാണ്. ഇന്ത്യയിൽ ഒരു സംസ്ഥാനത്തുമാത്രമായി ശവംതീനിക്കഴുകന്മാരുടെ എണ്ണത്തിൽ കാര്യമായ ഇടിവുണ്ടായി എന്നാണ് 2018 -ലെ വന്യജീവി സെൻസസ് വെളിപ്പെടുത്തുന്നത്.  2005-ലാണ് ഇതിനുമുമ്പ് കഴുകന്മാരുടെ എണ്ണമെടുത്തത്. അന്നത്തെ സെൻസസ് കണക്കുകൾ ഇന്നത്തേതുമായി താരതമ്യപ്പെടുത്തി നോക്കിയാൽ, കഴിഞ്ഞ പതിമൂന്നു വർഷത്തിനുള്ളിൽ ഗുജറാത്ത് സംസ്ഥാനത്ത്  സ്ഥിരവാസമുള്ള ശവംതീനിക്കഴുകന്മാരുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങിയിരിക്കുകയാണ്. 

2005-ൽ സംസ്ഥാനത്ത് 2642 കഴുകന്മാർ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ ആകെ അവശേഷിക്കുന്നത് വെറും 820  എണ്ണം മാത്രമാണ്. കഴുകന്മാർ വളരെയധികം ഉണ്ടായിരുന്ന റാൻ ഓഫ് കച്ചിൽ മാത്രം ചത്തൊടുങ്ങിയത് 800 കഴുകന്മാരാണ്. മുന്നൂറിലധികം കഴുകന്മാരുണ്ടായിരുന്ന സൂറത്തിൽ ഇന്ന് ഒരെണ്ണം പോലും അവശേഷിക്കുന്നില്ല.  കഴിഞ്ഞ രണ്ടു വർഷംകൊണ്ട് മാത്രം കുറഞ്ഞത് 18 ശതമാനമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ഗുജറാത്ത് സംസ്ഥാനത്തെ മിക്ക പ്രധാന ജില്ലകളിലും ഇതേ അവസ്ഥ തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2005 മുതൽ അഹമ്മദാബാദ് പ്രദേശത്ത് കഴുകൻമാരുടെ ജനസംഖ്യയിൽ 80 ശതമാനം കുറവുണ്ടായി. 2018 -ൽ അവയുടെ എണ്ണം 254 -ൽ നിന്ന് 50 ആയി കുറഞ്ഞു. വെള്ളനിറത്തിലുള്ള കഴുകന്മാരുടെ എണ്ണം 254 -ൽ നിന്ന് ഇപ്പോൾ അഞ്ചായി കുറഞ്ഞിരിക്കയാണ്. ഒരുകാലത്ത് സംസ്ഥാനത്തെ കഴുകന്മാരുടെ ഏറ്റവും വലിയ താമസമേഖലയായിരുന്നു ഐ‌ഐ‌എം അഹമ്മദാബാദ്. എന്നാൽ ഇപ്പൊ ഒരു കഴുകൻ പോലും അവിടെ അവശേഷിക്കുന്നില്ല. കാമ്പസിലെ വികസന പ്രവർത്തനങ്ങളാകാം കാരണം. 

വനനശീകരണം, നിർമ്മാണങ്ങൾ തുടങ്ങിയ മനുഷ്യന്‍റെ പ്രവർത്തനങ്ങൾ മൃഗങ്ങളുടെ ആവാസവ്യവസ്ഥക്ക് കാര്യമായ ഭീഷണിയായി എന്നാണ് ഈ അപകടകരമായ സംഖ്യകൾ ചൂണ്ടികാണിക്കുന്നത്.  1970 -കള്‍ക്കുശേഷം, ലോകമെമ്പാടുമുള്ള മൃഗങ്ങളുടെ എണ്ണം 60 ശതമാനത്തോളമാണ് കുറഞ്ഞത്. വീടുവെക്കുന്നതിനും വ്യവസായത്തിനും വേണ്ടി വന്യമായ ആവാസവ്യവസ്ഥകൾ വൻതോതിൽ നശിപ്പിക്കുന്നതാണ് ഇതിനു കാരണമായിത്തീർന്നത്.

1980 -കൾക്കുശേഷം ഇന്ത്യയിലെ കഴുകന്മാരുടെ എണ്ണത്തിൽ 99.95 ശതമാനമാണ് കുറവുണ്ടായത്. കേന്ദ്ര പരിസ്ഥിതി, വനം മന്ത്രി പ്രകാശ് ജാവഡേക്കർ പാർലമെന്റിൽ ഈ വർഷം ആദ്യത്തിൽ ഇത് വെളിപ്പെടുത്തുകയുണ്ടായി. 1980 -കളിൽ ഇന്ത്യയിൽ 40 ദശലക്ഷത്തോളം കഴുകന്മാർ ഉണ്ടായിരുന്നു. അവ പ്രധാനമായും മൂന്ന് ഇനങ്ങളായിരുന്നു - വൈറ്റ്-ബാക്കഡ് കഴുകൻ, ലോംഗ് ബിൽഡ് കഴുകൻ, സ്ലെൻഡർ ബിൽഡ് കഴുകൻ. 2017 -ലെ കണക്കനുസരിച്ച്, ഈ സംഖ്യ വെറും 19,000 ആയി കുറഞ്ഞു.

ഏറ്റവും കൂടുതൽ കഴുകന്മാരുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കഴുകന്മാരുടെ എണ്ണം പരിശോധിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ഈ വർഷം ഫെബ്രുവരിയിൽ, മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും വിദഗ്ധരും കേരളത്തിലെ ഒരു കഴുകൻ സംരക്ഷണ പരിപാടിക്കായി വയനാട്ടിൽ എത്തുകയുണ്ടായി. അവിടെ കടുവ സംരക്ഷണ പദ്ധതി പോലെ ഒരു ദേശീയ കഴുകൻ സംരക്ഷണ പദ്ധതിക്ക് ആഹ്വാനം ചെയ്യുകയും സംസ്ഥാനങ്ങളിലെ കഴുകന്മാരുടെ എണ്ണം തിട്ടപ്പെടുത്താൻ ഔദ്യോഗിക നിർദ്ദേശം നൽകുകയും ചെയ്തു.