ഇംഗ്ലീഷ് പ്രയോഗിച്ചും, വിറ്റി കമന്‍റുകള്‍ പറഞ്ഞും എപ്പോഴും ലൈംലൈറ്റില്‍ നില്‍ക്കുന്നയാളാണ് ശശി തരൂര്‍ എംപി. ഇപ്പോഴിതാ തനിക്ക് വേറെയും ചില കഴിവുകളൊക്കെയുണ്ടെന്നും താനൊരു കലാകാരന്‍ കൂടിയാണെന്നുകൂടി തെളിയിക്കുകയാണ് ട്വിറ്ററില്‍ പങ്കുവെച്ച ഒരു ഫോട്ടോയിലൂടെ അദ്ദേഹം. 

ആന്‍റണി ആന്‍ഡ് ക്ലിയോപാട്ര എന്ന ഷേക്സ്പിയര്‍ നാടകത്തില്‍ അഭിനയിച്ചതിന്‍റെ ചിത്രമാണ് ശശി തരൂര്‍ എം പി പങ്കുവെച്ചിരിക്കുന്നത്. ആന്‍റണിയായിട്ടാണ് ശശി തരൂര്‍ നാടകത്തില്‍. ആരാണ് ശശി തരൂര്‍ എന്ന ആന്‍റണിക്കൊപ്പം ചിത്രത്തിലുള്ള ക്ലിയോപാട്ര എന്നല്ലേ? പ്രശസ്‍ത ചലച്ചിത്ര സംവിധായിക മീരാ നായരാണ് ക്ലിയോപാട്ര. സെന്‍റ് സ്റ്റീഫന്‍സ് കോളേജ് കാലത്ത് അവതരിപ്പിച്ച ഷേക്സ്പിയറിന്‍റെ പ്രശസ്‍തമായ ആന്‍റണി ആന്‍ഡ് ക്ലിയോപാട്രയില്‍ നിന്നുള്ള രംഗമാണ് ചിത്രത്തില്‍. 

2015 -ല്‍ GQ -വിന് നല്‍കിയ അഭിമുഖത്തില്‍ ശശി തരൂര്‍ സഹപാഠികള്‍ക്കൊപ്പം ഈ നാടകമവതരിപ്പിച്ചതിനെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. വിവിധ രംഗങ്ങളില്‍ നിന്നുള്ള ഒരുപാട് പ്രഗത്ഭ വ്യക്തികള്‍ പഠിച്ച കോളേജാണ് സെന്‍റ് സ്റ്റീഫന്‍സ്. ഒരുപാട് കഥകളും അനുഭവങ്ങളുമുള്ള കലാലയമാണ് ദില്ലിയിലെ സെന്‍റ് സ്റ്റീഫന്‍സ് കോളേജ്. എന്നാല്‍, ഷേക്സ്പിയര്‍ സൊസൈറ്റിയുടെ നാടകത്തിനായി സമീപത്തുള്ള മിറാന്‍ഡ കോളേജില്‍നിന്ന് വിദ്യാര്‍ത്ഥിനികളെത്തിയിരുന്നു.

1974 -ല്‍ സെന്‍റ്  സ്റ്റീഫനിലെ ഷേക്സ്‍പിയര്‍ സൊസൈറ്റി, ആന്‍റണി ആന്‍ഡ് ക്ലിയോപാട്ര നാടകം നിര്‍മ്മിക്കുന്നു. അതിലേക്ക് പ്രധാനവേഷം ചെയ്യാന്‍ തെരഞ്ഞെടുക്കപ്പെട്ടതാകട്ടെ ശശി തരൂരും മീരാ നായരും. ആ നാടകത്തിൽ പോംപേയ് ആയി അഭിനയിച്ചത്, പിൽക്കാലത്ത് പ്രസിദ്ധ നാടകപ്രവർത്തകനായ ആമിർ റാസാ ഹുസ്സൈൻ ആയിരുന്നു. എനോബാർബസ് ആയി വേഷമിട്ടത് പിന്നീട് നരസിംഹറാവുവിന്റെ പ്രൈവറ്റ് സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചിട്ടുള്ള  രാമു ദാമോദരനായിരുന്നു. റോമൻ ഭടന്മാരായി അരുൺ സിങ്ങും, അശോക് മുഖർജിയും പാരീസിലെ ഇന്ത്യൻ അംബാസഡറായിരുന്ന ഗൗതം മുഖോപാധ്യായ് എന്നിവരും അരങ്ങിലെത്തി. അടിമയുടെ വേഷത്തിൽ ഇന്നത്തെ വിശ്രുതനോവലിസ്റ്റ്  അമിതാവ് ഘോഷും, കുന്തം പിടിച്ചുകൊണ്ട് പിയൂഷ് പാണ്ഡേയും തകർത്തഭിനയിച്ചു

2012 -ല്‍ എന്‍റര്‍ടെയിന്‍മെന്‍റ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മീരാ നായരും നാടകത്തെ കുറിച്ച് ഓര്‍മ്മിച്ചിരുന്നു. ശശി തരൂരുമായുള്ള പ്രണയരംഗം അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് ഉള്ളി കഴിക്കുമായിരുന്നു താനെന്ന് തമാശരൂപേണ മീര അന്ന് പറഞ്ഞിരുന്നു.  

അടുത്തിടെയാണ് ആമസോണ്‍ പ്രൈമില്‍ ശശി തരൂരിന്‍റെ സ്റ്റാന്‍ഡ് അപ് കോമഡി സംപ്രേഷണം ചെയ്‍തത്. ആമസോണിന്‍റെ പുതിയ സീരിസായ വണ്‍ മൈക് സ്റ്റാന്‍ഡിലാണ് തരൂര്‍ സ്റ്റാന്‍റ് അപ് കൊമേഡിയനായി എത്തുന്നത്.