അത് കോഴിക്കോട് മുക്കം സ്വദേശി നസ്മിനയുടെയും കൂട്ടുകാരുടെയും കഥയായിരുന്നു. സിഷാന്‍ എന്ന സുഹൃത്തുമായി ചേര്‍ന്ന് നസ്മിന 2016-ല്‍ തുടങ്ങിയതാണ് ഐ ലാബ് എന്ന കൂട്ടായ്മ. പഠിക്കാനും വളരാനുമുള്ള സാമൂഹ്യ സാദ്ധ്യതകള്‍ അടഞ്ഞുകിടക്കുന്ന കടലോരത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ അര്‍ത്ഥവും ആഴവും മനസ്സിലാക്കിക്കൊടുക്കാനുള്ളതായിരുന്നു ആ സംരംഭം. സ്വന്തം സാദ്ധ്യതകള്‍ കണ്ടെത്താനും അവയെ മുന്നോട്ടുനയിക്കാനും കുട്ടികള്‍ക്ക് കരുത്തേകുന്ന ഒരിടമാണ് ഇന്നത്.  

 

 

ഒമ്പതാം ക്ലാസ്സ് മുതല്‍ ഞാന്‍ പഠിച്ചത് കോഴിക്കോട് ചാലിയം കടപ്പുറത്തെ ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആണ്. ഇപ്പോഴും കേരളത്തില്‍ ഏറ്റവും അധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ ഒന്നാണത്. മറ്റേതൊരു കടലോരവും പോലെ ചാലിയത്തിനും സ്വന്തമായി ഒരു മലയാളമുണ്ട്. കൂടെ പഠിച്ചവരില്‍ മിക്കവാറും കേട്ട് പഠിച്ചതും വളര്‍ന്നതും ആ മലയാളത്തിന് ഒപ്പമാണ്. പക്ഷെ സ്‌കൂളില്‍ പഠിപ്പിക്കുന്ന അച്ചടി മലയാളത്തില്‍ നിന്ന് അവരുടെ മലയാളത്തിലേക്കുള്ള ദൂരം വളരെ വലുതായിരുന്നു. അവരുടെ ഭാഷയില്‍ അവരെഴുതിയ ഉത്തരങ്ങള്‍ക്കെല്ലാം ഉത്തര കടലാസുകളില്‍ ചുവന്ന മഷി പടര്‍ന്നുകൊണ്ടേ ഇരുന്നു.

 

ടീം ഐലാബ്
 

പിന്നീട ജോലിക്കായും അല്ലാതെയും കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ യാത്രകളില്‍ അച്ചടിമലയാളം കൊണ്ട് വലയുന്ന നിരവധി കുരുന്നുകളെ കണ്ടിട്ടുണ്ട്. വയനാട്ടിലെയും ഇടുക്കിയിലെയും ആദിവാസി ഊരുകളില്‍, ഫോര്‍ട്ട് കൊച്ചിയില്‍, മറ്റ്  കടലോരങ്ങളില്‍. പ്രാദേശിക ഭാഷാഭേദങ്ങള്‍ക്കും, ഇത് മാത്രമാണ് മലയാളം എന്ന് സ്‌കൂളില്‍ പഠിപ്പിച്ചു വിടുന്ന മാനകഭാഷയ്ക്കും ഇടയില്‍ കുരുങ്ങി ഇവ തമ്മിലുള്ള അന്തരം അറിയാതെ പഠനം വെറുക്കുന്ന കുട്ടികള്‍. പഠനം നിര്‍ത്തിപ്പോവുകയോ ഉന്നത പഠന സാദ്ധ്യതകള്‍ അടയുകയോ ചെയ്യുന്ന കുട്ടികള്‍. ഈ ധാരണകളും അനുഭവങ്ങളുമാണ് മികച്ച വിദ്യാഭ്യാസ പരിപാടിക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിത്തന്ന 'പഞ്ഞിമുട്ടായി' എന്ന പ്രോഗ്രാമിലേക്ക് എത്തിച്ചത്. ഏഷ്യാനെറ്റ് ന്യൂസില്‍ ടെലികാസ്റ്റ് ചെയ്യുന്ന 'ഞങ്ങള്‍ ഇങ്ങനാണ് ഭായ്' എന്ന സീരീസിലെ രണ്ടാമത്തെ എപ്പിസോഡ് ആയിരുന്നു അത്. കോഴിക്കോട് പയ്യാനക്കല്‍ കടപ്പുറത്ത് 'ഐ ലാബ്' എന്ന സന്നദ്ധ കൂട്ടായ്മ നടത്തിപ്പോന്ന അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ അസാധാരണമായ കഥയായിരുന്നു അത്. 

 

നസ്മിന

 

അത് കോഴിക്കോട് മുക്കം സ്വദേശി നസ്മിനയുടെയും കൂട്ടുകാരുടെയും കഥയായിരുന്നു. സിഷാന്‍ എന്ന സുഹൃത്തുമായി ചേര്‍ന്ന് നസ്മിന 2016-ല്‍ തുടങ്ങിയതാണ് ഐ ലാബ് എന്ന കൂട്ടായ്മ. പഠിക്കാനും വളരാനുമുള്ള സാമൂഹ്യ സാദ്ധ്യതകള്‍ അടഞ്ഞുകിടക്കുന്ന കടലോരത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ അര്‍ത്ഥവും ആഴവും മനസ്സിലാക്കിക്കൊടുക്കാനുള്ളതായിരുന്നു ആ സംരംഭം. സ്വന്തം സാദ്ധ്യതകള്‍ കണ്ടെത്താനും അവയെ മുന്നോട്ടുനയിക്കാനും കുട്ടികള്‍ക്ക് കരുത്തേകുന്ന ഒരിടമാണ് ഇന്നത്.  

നസ്മിനയെയും ഐ ലാബിനെയും കുറിച്ച് കേട്ടപ്പോഴേ താല്‍പ്പര്യം തോന്നിയിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങളിലെ നന്മയും രാഷ്ട്രീയവും പെട്ടെന്ന് മനസ്സിലാക്കാനായി. അങ്ങനെയാണ് ആയി ഐ ലാബിന്റെ കഥ പറയാന്‍ തീരുമാനിക്കുന്നതും ഞാനും ക്യാമറാമാന്‍ ചന്ദു  പ്രവതും കോഴിക്കോട്ടെ പയ്യാനക്കല്‍ കടലോരത്ത് എത്തുന്നതും.

 

ഐലാബ് ലേണിംഗ് ഹബില്‍നിന്നുള്ള കാഴ്ച 

 

നന്മ വല്ലാത്ത ഒരത്ഭുതമാണ്. അര്‍ഹിക്കുന്ന ഇടങ്ങളിലേക്ക് അത് പരന്നൊഴുകും. സമാനമനസ്സുകള്‍ ഒന്നിച്ചു ചേരും. അങ്ങനെ കൂടിയൊരു കുട്ടിക്കൂട്ടമാണ് ഐ ലാബ്. ആ കുട്ടിക്കൂട്ടത്തെ ഒന്നിച്ചു ചേര്‍ക്കുന്ന 'എനര്‍ജി ബോംബ്' ആണ്  നസ്മിന. നസ്മിനയും കൂട്ടുകാരും പയ്യാനക്കല്‍ കടപ്പുറത്ത് കുട്ടികള്‍ക്കു പകര്‍ന്ന് കൊടുക്കുന്നത് സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമല്ല, വിദ്യയെ സ്‌നേഹിക്കാനും നല്ല മനുഷ്യരായി വളരാനുമുള്ള പാഠങ്ങള്‍ കൂടിയാണ്. ഒരു ലേണിംഗ് ഹബ് ആണത്. കുട്ടികള്‍ക്ക് അവിടെ വരാം, പഠിക്കാം, കളിക്കാം, കൂട്ടുകൂടാം. അവധി ദിനങ്ങളില്‍ ഐ ലാബിന്റെ വളണ്ടിയര്‍മാര്‍ അവിടെയെത്തും. കുട്ടുകളുമായി സംസാരിക്കും. പഠിപ്പിക്കും. അതിനുള്ള സഹായങ്ങള്‍ നല്‍കും. വിശാലമായ ലോകത്തെ അനന്ത സാദ്ധ്യതകളെ കുറിച്ച് ബോധ്യപ്പെടുത്തും. അക്ഷരത്തിന്റെ കരുത്ത് തിരിച്ചറിയാന്‍ ആ കുട്ടികള്‍ക്ക് കാഴ്ച നല്‍കും. പല മേഖലകളില്‍ പ്രശസ്തരായ പലരും അവിടെയെത്തി കുട്ടികളുമായി സംവദിക്കും. 

 

പേപ്പര്‍ പേന നിര്‍മാണം

 

അവിടെ തീരുന്നില്ല, ഐ ലാബിന്റെ പ്രവര്‍ത്തനം. വീട്ടിലെ സാഹചര്യങ്ങള്‍ മോശമായതിനാല്‍ പഠനം നിര്‍ത്താന്‍ നിര്‍ബന്ധിതരാവുന്ന കുട്ടികളെ പഠനത്തില്‍ നിലനിര്‍ത്താനും അവര്‍ ശ്രമിക്കുന്നു. അമ്മമാര്‍ക്ക് സ്വയം തൊഴിലിലൂടെ സഹായം നല്‍കുകയാണ് ഈ രീതി. പേപ്പര്‍ പേന നിര്‍മാണം കുട്ടികളുടെ വീടുകളിലെ ദുരിതം അല്‍പ്പമെങ്കിലും മാറ്റാനുള്ള ശ്രമമാണ്. ഇതോടൊപ്പം ഈയടുത്ത് അവരാരംഭിച്ച സ്മാര്‍ട്ട്  ലേര്‍ണിങ് ഹബ്ബുകളെ കുറിച്ചു കൂടി പറയണം. സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്ന, പഠനം ഓണ്‍ലൈനിലായ കാലത്തെ കടലോരത്തെ കുട്ടികള്‍ക്ക് കൂടി വരുതിയിലാക്കാനാണ് ഐലാബ്  സ്മാര്‍ട്ട്  ലേര്‍ണിങ് ഹബ്ബുകള്‍ ആരംഭിച്ചത്. ഓണ്‍ലൈന്‍ പഠനസംവിധാനങ്ങളുമായി എട്ട് സ്മാര്‍ട്ട്  ലേര്‍ണിങ് ഹബ്ബുകളാണ് അവര്‍ ആരംഭിച്ചത്. 

 

പഞ്ഞിമുട്ടായി വീഡിയോ 

 

ഐ ലാബിന്റെയും നസ്മിനയുടെയും കഥ പറഞ്ഞ, 'പഞ്ഞിമുട്ടായി' എപ്പിസോഡിന് ലഭിച്ച സംസ്ഥാന പുരസ്‌കാരം സത്യത്തില്‍ പയ്യാനക്കലിലെ അമ്മമാര്‍ക്കും കുട്ടികള്‍ക്കും നസ്മിനയ്ക്കും ഐ ലാബിനും കൂടി അര്‍ഹതപ്പെട്ടതാണ്. പഞ്ഞിമുട്ടായി പോലെയാണ് ഐ ലാബും. നാവില്‍ അറിവിന്റെ മധുരമായി അത് അലിഞ്ഞ ഇറങ്ങും. പ്രാദേശിക ഭാഷാഭേദങ്ങളെ പുച്ഛിച്ചു തള്ളുന്ന വിദ്യാഭ്യാസ വ്യവസ്ഥിതിയോട് നിരന്തരം കലഹിക്കും. 

ഐ ലാബിന്റെ ഫേസ്ബുക്ക് പേജ്: