1915 -ൽ മുങ്ങിപ്പോയ എൻഡ്യൂറൻസ് എന്ന കപ്പൽ ഇംപീരിയൽ ട്രാൻസ്-അന്റാർട്ടിക്ക് പര്യവേഷണത്തിന് ഉപയോഗിച്ച രണ്ട് കപ്പലുകളിൽ ഒന്നായിരുന്നു. 144 അടി നീളമുള്ള കപ്പലിൽ അന്നുണ്ടായിരുന്നത് 28 പേരാണ്.
ഒരു നൂറ്റാണ്ട് മുമ്പ് കാണാതായ 'എൻഡുറൻസ് 22'(Endurance 22) എന്ന കപ്പലിനെ തിരഞ്ഞിറങ്ങിയ കപ്പൽ അത് കാണാതായ അതേ സ്ഥലത്ത് തന്നെ മഞ്ഞുപാളിയിൽ കുടുങ്ങി. 1915 -ൽ ഏണസ്റ്റ് ഷാക്കിൾട്ടണിന്റെ(Ernest Shackleton) എൻഡുറൻസ് എന്ന കപ്പൽ അവസാനമായി കണ്ട വെഡൽ കടലിലെ അതേ സ്ഥലത്ത് തന്നെയാണ് അതിനെ തിരഞ്ഞിറങ്ങിയ 'എസ്എ അഗുൽഹാസ് II' (SA Agulhas II) എന്ന ഈ കപ്പലും കുടുങ്ങിയത്.
എന്നിരുന്നാലും, സാങ്കേതിക പുരോഗതി പര്യവേക്ഷണത്തിനിറങ്ങിയ ഈ കപ്പലിനെ തുണച്ചിട്ടുണ്ട്. ഈ കപ്പലിന്റെ വിധി ഏതായാലും എൻഡ്യൂറൻസിന്റെ വിധിയായിരുന്നില്ല. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കപ്പലിനെ അവിടെ നിന്നും രക്ഷപ്പെടുത്തിയെടുക്കാൻ ക്രൂ അംഗങ്ങൾക്ക് കഴിഞ്ഞു.
കാണാതായ ഷാക്കൽട്ടണിന്റെ കപ്പൽ അന്വേഷിക്കാൻ എത്തിയ എസ്‌എ അഗുൽഹാസ് II കപ്പലിലുണ്ടായിരുന്ന ഡാൻ സ്നോ എന്ന ചരിത്രകാരൻ ടൈംസിനോട് പറഞ്ഞു: "വഴിയിൽ വെച്ച് മിടുക്കരായ പല ആളുകളും എന്നോട് ചോദിച്ചിരുന്നു, നിങ്ങളുടെ കപ്പലും മഞ്ഞുപാളിയിൽ മുങ്ങിപ്പോകില്ല എന്ന് എങ്ങനെ ഉറപ്പ് പറയും എന്ന്. അതിനെ കുറിച്ച് വിഷമിക്കണ്ട. എല്ലാ സാങ്കേതികവിദ്യകളും നമുക്കുണ്ട് എന്നാണ് ഞാനവരോട് പറഞ്ഞത്. എന്നാൽ, അത് മഞ്ഞിൽ തണുത്തുറഞ്ഞു പോയി."
സ്നോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിരവധി വീഡിയോകൾ പങ്കിട്ടു. അതിൽ വിവിധ സംഘങ്ങൾ എങ്ങനെയാണ് കപ്പലിനെ അവിടെനിന്നും മോചിപ്പിക്കാൻ ശ്രമിക്കുന്നത് എന്നത് വ്യക്തമാണ്. മണിക്കൂറുകൾ നീണ്ട കഠിന പ്രയത്നത്തിനൊടുവിൽ അഗുൽഹാസ് മോചിപ്പിക്കപ്പെട്ടു. റിപ്പോർട്ടുകൾ പ്രകാരം, ഇപ്പോൾ എൻഡ്യൂറൻസിന്റെ തിരച്ചിൽ അത് പുനരാരംഭിച്ചിട്ടുണ്ട്.
പര്യവേഷണത്തിന്റെ ഡയറക്ടർ മെൻസൺ ബൗണ്ട് പറഞ്ഞു: "പര്യവേക്ഷണം ഒരിക്കലും ഇതുപോലെയാകാൻ ഉദ്ദേശിച്ചിരുന്നില്ല. ഞങ്ങൾ കുടുങ്ങി, കൊടും തണുപ്പാണ്, എനിക്ക് വീട്ടിലെത്താൻ ആഗ്രഹമുണ്ട്. ഇത് നല്ല കാര്യമല്ല." ഈ ഗവേഷണ കപ്പൽ ഒരു പര്യവേഷണത്തിന്റെ ഭാഗമാകുന്നത് ഇതാദ്യമല്ല. ഇതിനുമുമ്പ്, 2019 -ലെ 'വെഡൽ സീ എക്സ്പെഡിഷനിൽ' ഇത് പങ്കെടുത്തു. അവിടെ വിജയകരമായി എത്തിച്ചേർന്നുവെങ്കിലും എന്തെങ്കിലും കണ്ടെത്താൻ അന്നും കഴിഞ്ഞിരുന്നില്ല.
1915 -ൽ മുങ്ങിപ്പോയ എൻഡ്യൂറൻസ് എന്ന കപ്പൽ ഇംപീരിയൽ ട്രാൻസ്-അന്റാർട്ടിക്ക് പര്യവേഷണത്തിന് ഉപയോഗിച്ച രണ്ട് കപ്പലുകളിൽ ഒന്നായിരുന്നു. 144 അടി നീളമുള്ള കപ്പലിൽ അന്നുണ്ടായിരുന്നത് 28 പേരാണ്. 1915 ജനുവരി 18 -ന് വെഹ്‌സൽ ബേയിലേക്കുള്ള യാത്രാമധ്യേയാണ് വെഡൽ കടലിൽ കപ്പൽ മുങ്ങിപ്പോവുന്നത്. മാസങ്ങളോളം അത് കുടുങ്ങിക്കിടന്നു. ഒക്‌ടോബർ അവസാനത്തോടെ താപനില 42°F -ൽ നിന്ന് -14°F -ലേക്ക് താഴ്ന്നപ്പോൾ, മഞ്ഞുപാളി കൂടുതൽ കഠിനമാകാൻ തുടങ്ങി. എൻഡ്യൂറൻസിനെ ഇത് തകർക്കാൻ തുടങ്ങി, അത് ഒടുവിൽ 1915 നവംബർ 21-ന് മുങ്ങി.
