തേങ്ങകളില്‍ ചെറിയ തുളയിട്ട് അതിലെ വെള്ളം ഊറ്റിയെടുത്ത് പകരമായി ദ്രാവകരൂപത്തിലുള്ള കൊക്കെയിന്‍ സിറിഞ്ചു വഴി തേങ്ങയില്‍ നിറയ്ക്കുകയാണ് ചെയ്തതെന്നാണ് കരുതുന്നത്.  മയക്കുമരുന്ന് നിറച്ചശേഷം തേങ്ങയിലെ തുള ബ്രൗണ്‍ റെസിന്‍ കൊണ്ട് അടക്കുകയാണ് ചെയ്തത്. 

മയക്കുമരുന്നു കടത്തിന് തേങ്ങകളും. അമേരിക്കയിലേക്കും യൂറോപ്പിലേക്കും മയക്കുമരുന്നുകള്‍ എത്തിക്കുന്ന പ്രധാന ഇടമായ കൊളംബിയയിലാണ് മയക്കുമരുന്ന് നിറച്ച ആയിരക്കണക്കിന് തേങ്ങകള്‍ പിടികൂടിയത്.

കൊളംബിയയിലെ ഒരു തുറമുഖത്തിലാണ് ദ്രാവക രൂപത്തിലുള്ള കൊക്കെയിന്‍ നിറച്ച 20,000 തേങ്ങകള്‍ അടങ്ങിയ കണ്ടെയിനര്‍ പിടികൂടിയത്. 500 കാന്‍വാസ് സഞ്ചികളിലായി ഒരു കണ്ടെയിനറില്‍ സൂക്ഷിച്ചിരുന്ന തേങ്ങകള്‍ കൊളംബിയയിലെ മയക്കുമരുന്ന് വിരുദ്ധ സേനയും പൊലീസും നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. ഇവ പരിശോധനയ്ക്കായി സര്‍ക്കാര്‍ ലാബിലേക്ക് അയച്ചു. എത്ര അളവില്‍ കൊക്കെയിന്‍ ഇതിലുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തും. 

കരീബിയന്‍ തുറമുഖമായ കാര്‍ത്തജീന വഴി ഇറ്റാലിയന്‍ നഗരമായ ജെനോവയിലേക്ക് കൊണ്ടുപോവാന്‍ എത്തിയതായിരുന്നു ഈ തേങ്ങകള്‍. തേങ്ങയിലെ വെള്ളം എടുത്തു കളഞ്ഞ് പകരം ദ്രാവകരൂപത്തിലുള്ള കൊക്കെയിന്‍ നിറയ്ക്കുകയായിരുന്നുവെന്ന് കൊളംബിയന്‍ നാഷനല്‍ പ്രോസിക്യൂട്ടറുടെ ഓഫീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

തേങ്ങകളില്‍ ചെറിയ തുളയിട്ട് അതിലെ വെള്ളം ഊറ്റിയെടുത്ത് പകരമായി ദ്രാവകരൂപത്തിലുള്ള കൊക്കെയിന്‍ സിറിഞ്ചു വഴി തേങ്ങയില്‍ നിറയ്ക്കുകയാണ് ചെയ്തതെന്നാണ് കരുതുന്നത്. മയക്കുമരുന്ന് നിറച്ചശേഷം തേങ്ങയിലെ തുള ബ്രൗണ്‍ റെസിന്‍ കൊണ്ട് അടക്കുകയാണ് ചെയ്തത്.

കൊക്കെയിന്‍ വെള്ളത്തില്‍ കലര്‍ത്തി കള്ളക്കടത്ത് നടത്തുന്നത് സാധാരണമല്ലെങ്കിലും തേങ്ങാ വെള്ളം മാറ്റി കൊക്കെയിന്‍ നിറച്ചുള്ള കള്ളക്കടത്ത് അപൂര്‍വ്വമാണ്. സ്‌പെയിനില്‍ 2017-ല്‍ സമാനമായ രീതിയില്‍ തേങ്ങയ്ക്കകത്ത് കൊക്കെയിന്‍ നിറച്ചു കടത്താനുളള ശ്രമം പിടികൂടിയിരുന്നു. വിമാനത്തിലെ പരിശോധനകളിലാണ് തേങ്ങയ്ക്കകത്ത് കൊക്കെയിന്‍ കണ്ടെത്തിയത്. ഇഞ്ചക്ഷന്‍ സിറിഞ്ചുപയോഗിച്ച് തേങ്ങയ്ക്കുള്ളില്‍ കൊക്കെയിന്‍ നിറയ്ക്കുകയായിരുന്നു അന്ന് ചെയ്തിരുന്നത്. 

2016-ല്‍ ഡ്രാഗണ്‍ ഫ്രൂട്ടില്‍ മയക്കുമരുന്ന് കുത്തിവെച്ച് കള്ളക്കടത്ത് നടത്താനുള്ള ശ്രമവും പൊളിഞ്ഞിരുന്നു. സിറിഞ്ചുപയോഗിച്ച് കൊക്കെയിന്‍ കുത്തിവെക്കാനായിരുന്നു അന്ന് ശ്രമം നടന്നത്.