മുംബയിലെ ബാന്ദ്രയിലുള്ള പ്രസിദ്ധമായ ഒരു സ്വീറ്റ് ഷോപ്പാണ് കറാച്ചി സ്വീറ്റ്‌സ്. കഴിഞ്ഞ ദിവസം ഈ ഷോപ്പിലേക്ക് അപ്രതീക്ഷിതമായി ഒരു രാഷ്ട്രീയ നേതാവിന്റെ സന്ദർശനം ഉണ്ടായി. ശിവസേനാ നേതാവായ നിതിൻ നന്ദ്ഗാവ്ക്കർ ആണ് ഷോപ്പ് സന്ദർശിച്ച് അതിന്റെ ഉടമസ്ഥനോട് ചർച്ച നടത്തിയത്. നന്ദ്ഗാവ്ക്കർ തന്നെ മാധ്യമങ്ങൾക്ക് പങ്കുവെച്ച ഈ ചർച്ചയുടെ വീഡിയോ ദൃശ്യങ്ങൾ ന്യൂസ് ഏജൻസിയായ എഎൻഐ ആണ് പിന്നീട് പ്രസിദ്ധപ്പെടുത്തിയത്. 

 

ഈ ചർച്ചയിൽ നിതിൻ നന്ദ്ഗാവ്ക്കർ വളരെ സൗമ്യമായി ഈ സ്ഥാപനത്തിന്റെ ഉടമയോട് ഒരു കാര്യം ആവശ്യപ്പെടുന്നതാണ് കാണാം. അത് ഈ സ്വീറ്റ് ഷോപ്പിന്റെ പേരിനോട് ഈ ശിവസേനാ nethavinu വ്യക്തിപരമായും, ഒരു പാർട്ടി എന്ന നിലയ്ക്ക് ശിവസേനയ്ക്ക് തന്നെയും ഉള്ള ഒരു എതിർപ്പിന്റെ പ്രകടനമായിരുന്നു. കറാച്ചി എന്നത് തീവ്രവാദികളെ പോറ്റുന്ന, അവർക്ക് അഭയം കൊടുക്കുന്ന നമ്മുടെ ശത്രുരാജ്യമായ പാകിസ്ഥാനെ സൂചിപ്പിക്കുന്നതാണ് എന്നും, പാകിസ്താനെ ഓർമിപ്പിക്കുന്ന, അതിന്റെ പാരമ്പര്യം പ്രഘോഷണം ചെയ്യുന്ന ഒന്നിനും മുംബൈയിലോ മഹാരാഷ്ട്രയിലോ സ്ഥാനമില്ല എന്നും, അങ്ങനെ ഒന്നിനെയും തുടരാൻ ശിവസേന അനുവദിക്കില്ല എന്നുമാണ് നിതിൻ നന്ദ്ഗാവ്ക്കർ ഷോപ്പുടമയോട് പറയുന്നത്. 

എന്നാൽ, തന്റെ പൂർവികർ കറാച്ചിയിൽ നിന്നുള്ളവരായിരുന്നു എന്നും, സ്വാതന്ത്ര്യാനന്തരമാണ് അവർ ഇന്ത്യയിൽ ജീവിക്കാം എന്ന് തെരെയുമാണിച്ച് മുംബൈയിൽ എത്തിയത് എന്നും ഈ ഷോപ്പുടമ നിതിനോട് വിശദീകരിക്കാൻ ശ്രമിക്കുന്നത്  ദൃശ്യങ്ങളിൽ കാണാം. പല തലമുറകൾ തന്റെ പൂർവികർ കറാച്ചിയിൽ ജീവിച്ചിരുന്നതിന്റെ ഓർമ്മയ്ക്കാണ് തന്റെ മുൻ തലമുറക്കാർ ഉപജീവനാർത്ഥം അവർ  ബാന്ദ്രയിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയ ബേക്കറിക്ക് കറാച്ചി സ്വീറ്റ്‌സ് എന്ന് പേരിട്ടത് എന്നും അദ്ദേഹം പറയുന്നുണ്ട്. പതിറ്റാണ്ടുകൾ കൊണ്ട് തന്റെ കുടുംബം ഉണ്ടാക്കിയ ആ സ്വീറ്റ് ഷോപ്പിന്റെ പാരമ്പര്യം, ആ ബ്രാൻഡ് അതുപോലെ താനും നിലനിർത്തുന്നു എന്നേയുള്ളൂ എന്നും, തന്റെ സ്ഥാപനത്തിന് അല്ലാതെ പാകിസ്ഥാനുമായി യാതൊരു വിധ ബന്ധവുമില്ല എന്നും ഷോപ്പുടമ ഈ ശിവസേന നേതാവിനോട് വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ട്. 

എന്നാൽ, അതൊന്നും ചെവിക്കൊള്ളാനോ അംഗീകരിക്കാനോ  നിതിൻ നന്ദ്ഗാവ്ക്കർ തയാറല്ല. സ്വീറ്റ് ഷിപ്പിന്റെ പേര് മാറ്റാൻ വേണ്ടി താൻ 15 ദിവസത്തെ സമയം ഉടമയ്ക്ക് അനുവദിക്കുന്നു എന്നും, പേര് മാറ്റിയാൽ താനും മറ്റു ശിവസേനാ പ്രവർത്തകരും ഇവിടെ നിന്നുതന്നെ മധുരപലഹാരങ്ങൾ വാങ്ങും എന്നും നേതാവ്ക ഉടമയ്ക്ക് വാക്കുനല്കുന്നുണ്ട്. 'കറാച്ചി സ്വീറ്റ്‌സ്' എന്നല്ലാതെ മറാഠി അല്ലെങ്കിൽ ഇന്ത്യൻ ആയ എന്ത് പേരും ഇടാനുള്ള സ്വാതന്ത്ര്യം ഉടമക്കുണ്ട് എന്നും, പതിനഞ്ചു ദിവസത്തിനുള്ളിൽ താൻ വീണ്ടും മടങ്ങി വരും എന്നും നേരിയ ഒരു താക്കീതിന്റെ സ്വരത്തിൽ പറഞ്ഞുകൊണ്ടാണ് ഈ ശിവസേനായ നേതാവ് മടങ്ങിപ്പോയിരിക്കുന്നത്. 

നേതാവിന്റെ സന്ദർശനവും സംസാരവും ഒക്കെ വളരെ സൗമ്യഭാവത്തോടെ ആയിരുന്നു എങ്കിലും, പറഞ്ഞ കാര്യങ്ങൾ ഷോപ്പുടമയെ ഭയപ്പെടുത്തിയ മട്ടുണ്ട്. കാരണം, ഇത്രയും കാര്യങ്ങൾ പറഞ്ഞ് ശിവസേനാ നേതാവ് മടങ്ങിയ പാടെ തന്നെ ഷോപ്പുടമ തന്റെ ജീവനക്കാരെകൊണ്ട് പത്രക്കടലാസുകൾ ഒട്ടിച്ച് കടയുടെ ബോർഡിൽ 'കറാച്ചി' എന്ന് വരുന്ന ഭാഗം മറച്ചിട്ടുണ്ട്.