എൻഡിഎയിലെ തങ്ങളുടെ ദീർഘകാലപങ്കാളികളായ ബിജെപിയുമായുള്ള സമസ്തബന്ധങ്ങളും വിച്ഛേദിക്കുന്നതായി പ്രഖ്യാപിച്ച ശിവസേന, പാർട്ടി മുഖപത്രമായ സാമ്‌നയിലൂടെ ബിജെപിക്കെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. സാമ്‌നയിൽ ഇന്നലെ "എൻഡിഎയിൽ നിന്ന് ഞങ്ങളെപ്പുറത്താക്കാൻ നിങ്ങളാര്?" എന്ന തലക്കെട്ടിൽ വന്നിരിക്കുന്ന എഡിറ്റോറിയൽ ലേഖനത്തിൽ ശിവസേന ബിജെപിയെ ഉപമിച്ചിരിക്കുന്നത് മറാത്താ രാജാവായ പൃഥ്വിരാജ് ചൗഹാനെ വധിച്ച, മുഗൾ രാജാവായ മുഹമ്മദ് ഘോറിയുമായാണ്.  ഇഷ്ടമില്ലാത്തവരോട് പാകിസ്താനിലേക്ക് പോകാൻ പറയുകയും, ഒന്ന് പറഞ്ഞ് രണ്ടിന് എതിര്‍കക്ഷികളുടെ രാഷ്ട്രത്തോടുള്ള കൂറിനെ സംശയിക്കുകയും അവരെ വൈദേശിക ശക്തികളോടുപമിക്കുകയും ഒക്കെ ചെയ്യുന്ന ബിജെപിക്ക് ഇപ്പോൾ അതേ നാണയത്തിലുള്ള തിരിച്ചടിയാണ് മുഹമ്മദ് ഘോറിയോട് ഉപമിക്കപ്പെടുകവഴികെട്ടിയിരിക്കുന്നത്.

പലതവണ, പലയുദ്ധങ്ങളിൽ ഘോറിയെ മുട്ടുകുത്തിച്ചിട്ടും അന്നൊക്കെ ആ മുഗൾ രാജാവിന്റെ ജീവനെടുക്കാതെ വെറുതെ വിട്ടതാണ് ചൗഹാൻ. എന്നാൽ, ഒരേയൊരു വട്ടം ചൗഹാന്റെ സൈന്യത്തെ തോല്പിച്ചപ്പോഴേക്കും, ഘോറി കിട്ടിയ അവസരം മുതലെടുത്തുകൊണ്ട്, മുൻകാലങ്ങളിൽ തന്റെ ജീവനെടുക്കാതെ വെറുതെവിട്ടതിന്റെ യാതൊരുപകാരസ്മരണയുമില്ലാതെ, പൃഥ്വിരാജ് ചൗഹാനെ വധിക്കുകയായിരുന്നു. പല മഹാരാഷ്ട്രക്കാരും ആരാധനയോടെ മാത്രം സ്മരിക്കുന്ന നാമമാണ് പൃഥ്വിരാജ് ചൗഹാൻ എന്ന അവരുടെ പ്രിയപ്പെട്ട മറാത്താ രാജാവിന്റേത്. അദ്ദേഹത്തെ ചതിയിലൂടെ  വധിച്ച ഘോറി എന്ന മുഗൾ രാജാവിന് മറാഠികള്‍ക്കിടയിൽ ഒരു ദുഷ്ടന്റെ പരിവേഷമാണുള്ളത്.

"ഇന്ത്യയിൽ നുഴഞ്ഞുകയറി ആക്രമണങ്ങൾ നടത്തിയ ഘോറിയെ ഹിന്ദുരാജാവായ പൃഥ്വിരാജ് ചൗഹാൻ പലവട്ടം യുദ്ധങ്ങളിൽ തോല്പിച്ചിട്ടുള്ളതാണ്. അപ്പോഴൊക്കെ കൊല്ലാതെ വിട്ട ചൗഹാനോട്, ഒരിക്കൽ തോൽപിക്കാൻ കിട്ടിയ അവസരത്തിൽത്തന്നെ കൊന്നു കളഞ്ഞുകൊണ്ടാണ് ആ നുഴഞ്ഞുകയറ്റക്കാരനായ ചതിയൻ  നന്ദി പ്രകടിപ്പിച്ചത്. മഹാരാഷ്ട്രയിലുമുണ്ട് അതുപോലെ ചില നന്ദികെട്ട ചില ജന്മങ്ങൾ. അവരെ പലതവണ ശിവസേന തീർക്കാതെ വിട്ടിട്ടുള്ളതാണ്. ഇപ്പോൾ പിന്നിൽ നിന്ന് കുത്തിക്കൊണ്ടാണ് അവരും ഞങ്ങളോടുളള നന്ദി പ്രകടിപ്പിക്കുന്നത്" എന്നാണ് സാമ്‌നയിലെ ലേഖനത്തിൽ എഴുതിയിരിക്കുന്നത്. 

ലോക്‌സഭയിൽ പ്രതിപക്ഷ ബെഞ്ചിൽ ഇരുത്തി എന്നതായിരുന്നു ഒരു പ്രധാന ആരോപണം. അതിനു പുറമെ ഇപ്പോൾ മഹാരാഷ്ട്രയിൽ മന്ത്രിസഭാരൂപീകരണത്തെ ചുറ്റിപ്പറ്റിയുണ്ടായ ആശയക്കുഴപ്പങ്ങളും അതിനോടുള്ള പ്രതികരണമെന്നോണം കേന്ദ്രത്തിലെ ഒരേയൊരു മന്ത്രിയായ അരവിന്ദ് സാവന്തിന്റെ പിൻവലിച്ചുകൊണ്ടുള്ള സേനയുടെ നടപടിയും ഒക്കെ ചെന്നവസാനിച്ചത് എൻഡിഎയിൽ നിന്ന് പിന്‍വാങ്ങുന്നതായുള്ള അറിയിപ്പിലാണ്. 

"ബിജെപി എന്ന പാർട്ടി രൂപീകരിക്കപ്പെട്ട കാലത്ത് ഒരാളും അതിനെ പിന്തുണയ്ക്കാൻ ഉണ്ടായിരുന്നില്ല. ഇന്ന് വലിയ പോസ്റ്റുകളിൽ ഞെളിഞ്ഞിരിക്കുന്ന പല ബിജെപിക്കാരും, അന്ന് എൻഡിഎ രൂപീകരിക്കപ്പെട്ട കാലത്ത്, ഈച്ചയടിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇന്നത്തെ മന്ത്രിമാരിൽ പലരും അന്ന് ജനിച്ചിട്ടുകൂടിയില്ല. അന്നുമുതൽക്കെ എൻഡിഎയോടുമാത്രം കൂറുപുലർത്തുന്നവരാണ് ഞങ്ങൾ ശിവസേനക്കാർ. അന്ന് 'ഹിന്ദുത്വ' എന്ന വാക്കിന് ഇന്നുള്ളത്ര സ്വീകാര്യത ഇല്ലാതിരുന്ന കാലത്താണ് ഞങ്ങൾ പിന്തുണ അറിയിച്ചതെന്നോർക്കണം. അഹങ്കാരത്തിന്റെ രാഷ്ട്രീയം, അതിന്റെ പതനത്തിന്റെ ആരംഭമാണിത്. ഒരു കാര്യം എഴുതിവെച്ചോളൂ, ഞങ്ങളെ വെല്ലുവിളിച്ചിരിക്കുന്ന സ്ഥിതിക്ക്, ഞങ്ങൾ നിങ്ങളെ ഒരിക്കൽ ഇന്ത്യൻ മണ്ണിൽ നിന്ന് പറിച്ചെറിഞ്ഞിരിക്കും" എന്ന സാമ്‌ന ലേഖനം പറയുന്നു. 

"മുമ്പൊക്കെ ഓരോ സുപ്രധാന തീരുമാനവും മുന്നണിയിലെ അംഗങ്ങളായ പാർട്ടികളുടെ സമവായതോടെ മാത്രമാണ് എടുത്തിരുന്നത്. ഇന്നത് ഏകപക്ഷീയമായി ബിജെപി എടുക്കുന്ന സാഹചര്യമാണുള്ളത്. എൻഡിഎ നേതൃത്വം അന്നൊക്കെ ജോർജ് ഫെർണാണ്ടസ്, ലാൽ കൃഷ്ണ അദ്വാനി എന്നിവരെപ്പോലുള്ള വിശിഷ്ടരായ വ്യക്തിത്വങ്ങളാൽ നിറഞ്ഞതായിരുന്നു. ഇന്ന് ആരാണ് എൻഡിഎയുടെ തലപ്പത്തെന്ന് അംഗങ്ങളിൽ പലർക്കും അറിയില്ല. മോദിയെ നിരന്തരം അവമതിച്ചു നടന്നിരുന്ന നിതീഷ് കുമാർ ഇന്ന് എൻഡിഎയുടെ ഭാഗമാണ്. ആരോട് ചോദിച്ചിട്ട്? പിന്തുണയ്ക്കാൻ ഒരാളും തയ്യാറല്ലാതിരുന്ന കാലത്ത് അടിയുറച്ച പിന്തുണയുമായി കൂടെനിന്ന ഞങ്ങളെയാണ് ഇപ്പോൾ പുറംകാലുകൊണ്ട് ബിജെപി തൊഴിക്കുന്നത് എന്നോർക്കണം. ബാലാസാഹിബ് താക്കറെയുടെ ചരമവാര്‍ഷികത്തിലാണ് ഇത് നടക്കുന്നത് എന്നോർക്കണം. ഈ അവിവേകം അവർക്ക് കടുത്ത ആപത്തുകളാണ് സമ്മാനിക്കാൻ പോകുന്നത്, ഉറപ്പാണ്..."  എഡിറ്റോറിയൽ തുടർന്നു.